Image

കൊറോണ എന്ന പേരുള്ള ദൈവം (ജോസ് കാടാപുറം)

Published on 26 April, 2020
കൊറോണ എന്ന പേരുള്ള ദൈവം (ജോസ് കാടാപുറം)
ഇതിന്റെ തലക്കെട്ടു വായിക്കുമ്പോ ചിലർക്കെങ്കിലും അമ്പരപ്പ് ഉണ്ടാകാം.

ലോകത്തിലെ ഏതൊരു മനുഷ്യനും , മതവും ,മതനേതാക്കളും, ആരും പഠിപ്പിക്കാതെ പടങ്ങൾ ആണ് കൊറോണ മനുഷ്യരെ പഠിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി മനുഷ്യൻറെ ജീവിതരീതികളിൽ വന്നിട്ടുള്ള മാറ്റങ്ങൾ അതിശയകരമാണ് . ഭകഷണരീതികൾ , ഭക്ഷണസ്വഭാവങ്ങൾ , ആരോഗ്യപരിരക്ഷാ അവഗണകൾ , അനാവശ്യമായ ചെലവുരീതികൾ , അങ്ങനെ കഴിഞ്ഞ 10 വര്ഷം എടുത്താൽ മനസിലാകും നമ്മൾ ഒരുപാട് മാറിപ്പോയിരിക്കുന്നു .

നഗരങ്ങളിൽ കൂണുപോലെ പൊന്തിവരുന്ന ഭക്ഷണശാലകൾ അവയുടെ പ്രവർത്തന സമയങ്ങൾ അത് നമ്മളെ ഓർമ്മിപ്പിക്കുന്നു . ഒരു 10 വര്ഷം മുൻപുവരെ വൈകീട്ട് ൮ മണിക്ക് ശേഷം പുറത്തു ഭക്ഷണശാലകൾ ഉണ്ടാകാറില്ല . ഒട്ടുമിക്കവരും എല്ലാ ഭക്ഷണശാലകളും 7 -8 മണിക്ക് അടച്ചിരിക്കും . അത് നമ്മളെ പഠിപ്പിച്ചിരുന്ന ഒരു ഭക്ഷണ സംസ്കാരമുണ്ടായിരുന്നു . രാത്രി വൈകി ഭകഷണം കഴിക്കുന്നത് ഒഴിവാക്കുക എന്നത്. ഇന്ന് ഭക്ഷണശാലകൾ ഒട്ടുമിക്കവാറും 12 -1 മണിവരെ തുറന്നിരിക്കുന്നുണ്ട് , അവിടെയെല്ലാം നിറയെ ആളുകളും വന്നു കഴിക്കാനുണ്ട് . വയറു നിറച്ചു അവിടെനിന്നു ഇറങ്ങുമ്പോൾ മനുഷ്യനെ ബാധിക്കുന്ന അസുഖങ്ങൾ നിരവധിയാണ് . അതിന്റെ ദഹനസ്വഭാവം , ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് ഞാൻ പറയാതെതന്നെ നമുക്കെല്ലാം അറിയാമല്ലോ . എന്നാലിപ്പോ കൊറോണ മനുഷ്യനെ വീട്ടിൽനിന്നു ആഹാരം കഴിക്കാൻ പഠിപ്പിച്ചു . എന്തും നമുക്ക് വീട്ടിലുണ്ടാക്കാം ഒന്ന് മനസുവച്ചാൽ, അതും നമ്മൾ പഠിച്ചു.

ഒരുവിധ പച്ചക്കറി എല്ലാം നമ്മൾ വീട്ടിൽ നട്ടുവളർത്താൻ പഠിച്ചു .മൈക്രോഗ്രീൻ ഫാർമിംഗ്, ചെറിയ രീതിയിൽ ഒരു വീട്ടിലേക്കാവശ്യമുള്ള പച്ചക്കറി നമ്മൾ വീട്ടിൽ ഉണ്ടാക്കാൻ പഠിച്ചു. അതും സാധ്യമാകാൻ കൊറോണ വേണ്ടിവന്നു .

ബാങ്കുകളിൽ പണം അടിഞ്ഞു കൂട്ടി ഇട്ടിട്ടും ഒരു കാര്യവും ഇല്ലാന്ന് മനുഷ്യനെ പഠിപ്പിച്ചു .അവനവന്റെ അത്യാവശ്യവും , ആവശ്യവും ഒക്കെ കഴിഞ്ഞു കെട്ടികിടക്കുന്ന പണം വെറും കടലാസുമാത്രമാണ് . പുറത്തു കൊറോണ പോലത്തെ ഭീകരനുണ്ട് എന്ന ഭയം , നമ്മെയെല്ലാം വീട്ടിലിരുത്തുകയാണ്‌ . വിനോദ യാത്രകൾ ഇല്ല , ബിസിനസ് യാത്രകൾ ഇല്ല , ആർഭാടങ്ങൾ ഇല്ല , കാട്ടിക്കൂട്ടലുകൾ ഇല്ല . അത്യാവശ്യം , ആവശ്യവും , അനാവശ്യവും ഒക്കെ തമ്മിലുള്ള വ്യത്യാസം കൊറോണ നമ്മെ പഠിപ്പിച്ചു. ഇല്ലാത്തവന് കൊടുക്കാൻ സാധിക്കാതെ കൂട്ടിവച്ചിരിക്കുന്ന പണം വെറും കടലാസ് തന്നെയാണ് സഹോദരരെ . എത്ര പണമുള്ളവനും ഇല്ലാത്തവനും ഒരേപോലെ ഭയപ്പെടുന്നത് ഇപ്പൊ ഒരൊറ്റ ശത്രുവിനെ മാത്രം . കൂടുതൽ ഉണ്ടെന്നു കരുതി ഒന്നും ചെയ്യാനും പറ്റാത്ത അവസ്ഥ .

വിവാഹവും മരണവുമൊക്കെ വലിയ ആഘോഷമാക്കിയ നാടാണ് നമ്മുടേത്. രണ്ടുദിവസത്തെ, ഒരാഴ്ചത്തെ ഒക്കെ കല്യാണ ആഘോഷങ്ങൾ . എന്നിട്ടു എന്താ നേട്ടം ? എന്തിനിത്ര ധൂർത്തും എന്ന് ചിന്തിച്ചിട്ടുണ്ടോ . അതൊന്നും ഇല്ലാതെയും കല്യാണം ഒക്കെ കഴിക്കാം എന്നും പഠിച്ചു . മരിച്ചുപോകുന്ന ആളെ ശ്വാസംമുട്ടിക്കുന്ന പോലെ നടത്തുന്ന മരണ ഘോഷയാത്രകൾ , ചടങ്ങുകൾ . അടക്കം ചെയ്യാനായി ചെലവാക്കുന്ന ഭീമമായ തുക . ഓരോരുത്തന്റെയും സ്റ്റാറ്റസ് അനുസരിച്ചു തുകയും മാറും . കല്ലറയായും, മാർബിൾ ആയും ഒക്കെ അത് അവതരിക്കും . മരിച്ചുകഴിഞ്ഞാൽ അവിടെ പോയി പ്രാർത്ഥിക്കുന്നത് എന്തിനെന്നു എനിക്ക് ഇനിയും മനസിലായിട്ടില്ല . ഭൂമിയിൽ മനുഷ്യന് ജീവിക്കാൻ സ്ഥലമില്ലാത്തപ്പോ എന്തിനാണോ ഈ കല്ലറകൾക്കു ഇത്രമാത്രം അലങ്കാരം. അത് മറ്റൊരു കച്ചവടം.

ആരോഗ്യം പരിരക്ഷിക്കണം , പക്ഷെ എന്തിനും ഏതിനും നമ്മൾ ഓടിപോയിരുന്ന ആശുപത്രികളിലെ നീണ്ട വരികൾ ഇപ്പൊ അപ്രത്യക്ഷമാണ് . പ്രശസ്തമായ ഒരു പ്രൈവറ്റ് ആശുപതിയിൽ 1000 -1500 വരെ OP ടിക്കറ്റ് കൊടുത്തിരുന്ന സ്ഥാനത്തു അതിപ്പൊ 100 ആയി ചുരുങ്ങി.. എറണാകുളത്തെ പ്രസിദ്ധമായ ആശുപതിയിൽ ഒരുദിവസം 200 ഇൽ പരം ആൻജിയോപ്ലാസ്റ് നടന്നിരുന്നു എന്ന് കണക്കുകൾ. കണ്ടുപിടിക്കുന്ന ഓരോ ബ്ലോക്കും മാറാനായി നിർദ്ദേശിക്കുന്ന  സ്റ്റെൻറ്റ്  ഒരെണ്ണത്തിന് ഏകദേശ വില വിവര പട്ടിക അമ്പതിനായിരം മുതൽ ഒരു ലക്ഷം വരെയാണ്. ഓർക്കുക ഓരോ ആശുപതികളും ഉണ്ടാക്കിക്കൊണ്ടിരുന്നു വരുമാനം . ഇന്ന് അതെ ആശുപതികളിൽ ദിവസ കണക്കു പത്തിൽ താഴെയാണ്പ്രിയ സുഹൃത്തു ഡോക്ടർ പറഞ്ഞത്   . അപ്പൊ എന്ത് സംഭവിച്ചു? കൊറോണ മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തിയോ അതോ തടസ്സങ്ങളെ അലിയിപ്പിച്ചു കളഞ്ഞോ? നമ്മുടെ സ്വന്തം ശരീരത്തിന്റെ പ്രതിരോധ സാധ്യതകളെ ഉപയോഗിക്കാതെ , എന്തിനും ഏതിനും ആശുപതികളിലേക്കു ഓടുന്ന സ്വഭാവത്തിനു കൂച്ചുവിലങ്ങാണ് കൊറോണ . - വൈറൽ പനി വന്നാൽ -ഡോക്ടറെകണ്ടാൽ മരുന്ന് കഴിച്ചാൽ ഒരാഴ്ചയിൽ മാറും , ഒന്നും ചെയ്തില്ലേൽ 7 ദിവസം എടുക്കും . അത്രേ ഉള്ളൂ . ആരോഗ്യപരമായ ജീവിതരീതിയിലേക്കു മടങ്ങിപ്പോകാൻ കൊറോണ നമ്മെ പഠിപ്പിച്ചു . ഒരുചെറിയ വേദന, വിഷമം ..ഇതിനെയൊക്കെ ഒരുപരിധി വരെ നമ്മുടെ ജീവിതരീതിയിൽ ഉള്ള മാറ്റങ്ങൾ കൊണ്ട് തടുക്കാം നമുക്ക് , നമ്മുടെ ശരീരം അതിനു നമ്മൾ സന്നദ്ധമാക്കണം എന്ന് മാത്രം. . മരുന്നുകളും ട്യൂബുകളും ഒന്നുമില്ലാതെ, നമ്മെ സ്നേഹിക്കുന്നവർ കൂടെ നിന്ന് , സംസാരിച്ചു മരിക്കാൻ ഇഷ്ടമില്ലാത്ത ആരുണ്ട് .

സ്വയം പര്യാപ്തത എന്തെന്ന് നമ്മൾ മനസിലാക്കി തുടങ്ങി . സ്വന്തം നാട്ടിൽ ആശുപതികളുടെ ആവശ്യകത , കൃഷി ചെയ്യേണ്ടതിന്റെ ആവശ്യം , അങ്ങനെ പലതും കൊറോണ പഠിപ്പിച്ചു . ഒറ്റ ആഴ്ചകൊണ്ട് നമുക്ക് ആശുപത്രി സൗകര്യം ഉണ്ടാക്കിയെടുക്കാൻ പറ്റിയത് വലിയ നേട്ടമാണ് . അത് വർഷങ്ങൾ ആയി ഒരു ജനതയുടെ ആവശ്യം ആകുമ്പോൾ പ്രത്യേകിച്ചും .എന്നാൽ ഇനിയും ലോകത്തെ സമ്പന്നരാജ്യങ്ങളിൽ ഉള്ള മികച്ച ആശുപത്രികൾ പോലും എല്ലാവര്ക്കും ചികിത്സ കിട്ടുന്ന കേന്ദ്രങ്ങൾ ആകാത്തതിന്റെ തിരിച്ചിടി കോവിടിന്റെ തുടക്കത്തിൽ ബോധ്യപ്പെടുത്തി. എന്നാണ് എല്ലാവര്ക്കും മിനിമം ചികിത്സ പകർച്ചവ്യധിയുടെ കാലത്തു മരിക്കാൻ വിടാതെ എങ്കിലും കിട്ടുക !

സ്വയം പര്യാപ്തത എന്നത് രാഷ്ട്രങ്ങൾക്കും ബാധകമാണ് . ഓരോ രാജ്യത്തും സൈനിക നടപടികൾക്ക് വേണ്ടി മാറ്റിവെക്കുന്ന ബജറ്റ് ഭീമമാണ് . ആരോഗ്യരംഗത്തിനു തുലോം തുച്ഛമാണ് തുലനം ചെയ്തു നോക്കുമ്പോൾ . എന്താണ് മുഖ്യം? ജനങ്ങളുടെ ആരോഗ്യമാണ് പരിരക്ഷിക്കേണ്ടത് എന്നിട്ടല്ലേ യുദ്ധത്തെ പറ്റി ചിന്തിക്കാൻപോലും സാധിക്കൂ . പരസ്പര പൂരകങ്ങൾ ആയി രാജ്യങ്ങൾ പ്രവർത്തിച്ചാൽ ഉണ്ടാകുന്ന സമാധാനം എത്രമാത്രമാണെന്നു നമ്മൾ ഇപ്പോൾ മനസ്സിലാക്കുന്നുണ്ട് . ലോകത്തിൽ ആരും പഠിപ്പിച്ചിടട്ടും നമ്മൾ പഠിക്കാത്ത പാഠമാണ് കൊറോണ നമ്മെ പഠിപ്പിച്ചത് .

ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് വ്യവസ്ഥിതി ആയ മതം അല്ലേൽ മതപരമായ ചടങ്ങുകൾ എല്ലാം എന്തിനുവേണ്ടി ആയിരുന്നു എന്ന് ഇപ്പോൾ മനസിലാക്കാൻ സാധിക്കുന്നുണ്ടോ, എങ്കിൽ നന്ന് . പ്രപഞ്ചത്തിനു ഒരു നിയന്താവുണ്ട് , പക്ഷെ ആ പേരും പറഞ്ഞു, വിവിധ നിറങ്ങളിൽ ഇറക്കിയ ദൈവ രൂപങ്ങളെ ആരാധിക്കാൻ ആണ് മതം പഠിപ്പിക്കുന്നത് . മനുഷ്യ വിദ്വേഷം ഏറ്റുവും കൂടുതൽ ഇപ്പൊ പഠിപ്പിക്കുന്നത് മതം ആണ് . ചുറ്റിലും നമുക്ക് ഒരുപാടു ഉദാഹരണങ്ങൾ ഉണ്ട് . മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്, നിസംശയം പറയാം . സ്വന്തം ഉള്ളിൽ ഉള്ള ദൈവികതയെ പള്ളിയിലും അമ്പലത്തിലും മസ്ജിദിലും ഉണ്ടെന്നു പറഞ്ഞു ചീട്ടെടുത്തു വില്പനക്ക് വച്ചിരിക്കുകയാണ് മതങ്ങൾ . അതിനുവേണ്ടി കോർപ്പറേറ്റ് സ്ഥാപനങ്ങൾ വെല്ലും രീതിയിൽ നമ്മൾ പള്ളികളും അമ്പലങ്ങളും മസ്ജിദുകളും കെട്ടിപ്പൊക്കും , കോടികൾ മുടക്കികൊണ്ടു . അതിനു മുൻപിൽ ഫണ്ടുപിരിവിന് പെട്ടികളും വക്കും. ദൈവത്തിനു എന്തിനാണ് സ്വർണം , പണം ...ഒരിക്കൽ എങ്കിലും ചിന്തിച്ചിട്ടുണ്ടോ . സ്വന്തം അയൽക്കാരന്റെ വിശപ്പകറ്റാൻ പറ്റാത്ത മനുഷ്യാ നീയേത് ദൈവത്തെയാണ് മത മന്ദിരങ്ങളിൽ അന്വേഷിക്കുന്നത് ? മനുഷ്യനെ സ്നേഹിക്കാൻ അറിയാത്ത മനുഷ്യ നീയേത് ദൈവത്തിനോടാണ് പ്രാർത്ഥിക്കുന്നത് ?നിന്റെ രമ്യഹർമങ്ങളെ ഓർമിപ്പിക്കുന്ന പള്ളി ,അംബല , മോസ്‌കുകൾ മാറാലപിടിച്ചിട്ടു കുറച്ചു ദിവസങ്ങൾ ആയല്ലോ .. ആലിംഗനം ചെയ്യാൻ ഓടി നടന്നിരുന്നു ആൾദൈവങ്ങൾ എവിടെ പോയി ഒളിച്ചു , എന്തിനും പരിഹാരം കാണുന്ന മന്ത്രവാദങ്ങൾ കൂടോത്ര വിദ്യകൾ എവിടെ പോയി?

എല്ലാ  നാട്ടിലെയും കുറ്റകൃത്യങ്ങൾ ഒരുപാട് കുറഞ്ഞു എന്ന്  മനസിലാകുന്നു . മോഷണം, കൊലപാതകങ്ങൾ , റോഡപകടങ്ങൾ , പീഡനങ്ങൾ , അവിഹിതങ്ങൾ എല്ലാം ഒരുപാട് കുറഞ്ഞിരിക്കുന്നു . ഒരൊറ്റ കുഞ്ഞു വൈറസ് ഇത്രേം മാറ്റം വരുത്തിയോ എന്ന് അതിശയിച്ചു പോയി കണക്കുകൾ കേട്ടപ്പോൾ .

ഭൂമിയെ നശിപ്പിക്കരുത് എന്ന് ഏതൊക്കെ രീതിയിൽ നമ്മൾ പഠിച്ചു, മനസിലാക്കി . പക്ഷെ ഒരിക്കൽ പോലും ആത്മാർത്ഥമായി നമ്മൾ അതിനുവേണ്ടി ശ്രെമിച്ചിട്ടുണ്ടോ ? മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയുള്ള കാട്ടിക്കൂട്ടലുകൾ അല്ല. ഭൂമിയെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു നമ്മൾ . മലിനീകരണമാപിനി അതിന്റെ ഏറ്റവും ഉയർന്ന അവസ്ഥയിലായിരുന്നു രണ്ടുമാസങ്ങൾക്കു മുൻപ് വരെ . ഒരു നിമിഷംപോലും ഒഴിയാതെ ആകാശവാഹിനികൾ , തിരക്കൊഴിയാത്ത റോഡുകൾ , ഫാക്ടറികൾ , അങ്ങനെ എങ്ങനെയൊക്കെ നശിപ്പിക്കാമോ അങ്ങനെയെല്ലാം . മനുഷ്യാ ഒന്ന് നിര്ത്തു എന്ന് പറയുമ്പോഴൊക്കെ നമ്മൾ ഭ്രാന്തമായി പറഞ്ഞോണ്ടിരുന്ന കാര്യമാണ് , വികസനം ആണ് . ഇതൊന്നും ഇല്ലാതെ എങ്ങനെയാണ് ലോകം വളരുക , മുന്നോട്ടു പോകുക . കഴിഞ്ഞ ഒരു മാസമായി ഭൂമി ശുദ്ധവായു ശ്വസിക്കുന്നു . എല്ലാ യാത്രകൾക്കും ഫുൾസ്റ്റോപ് ആണ് . ഈ നെട്ടോട്ടം ഇല്ലാതെയും ജീവിക്കാം എന്ന് നമ്മൾ പഠിച്ചു . ഈ ഭൂമി അതിന്റെ എല്ലാ അവകാശികൾക്കും ഒരുപോലെ ആണെന്ന് നമ്മൾ ഇപ്പോൾ മനസ്സിലാക്കുന്നുണ്ട് . പക്ഷിമൃഗാദികൾ യഥേഷ്ടം വിഹരിക്കുന്ന കാഴ്ചകൾ സുന്ദരമാണ് .

അങ്ങനെ ഒരുപാടു കാര്യങ്ങൾ കൊറോണ നമ്മെ പഠിപ്പിക്കുണ്ട് . ആരോഗ്യവും പരസ്പര സ്നേഹവും ആണ് ഏറ്റവുവലിയ ദൈവവും മതവും . ആര് പറഞ്ഞിട്ടും നമുക്ക് മനസിലാക്കാനും പഠിക്കാനും പറ്റാത്ത കാര്യങ്ങൾ ഒരു കുഞ്ഞു വൈറസ് നമ്മെ മുഴുവൻ പഠിപ്പിച്ചു. ഒരാളെയല്ല, ഒരു രാജ്യത്തെയല്ല, ലോകത്തെയൊട്ടാകെ പഠിപ്പിച്ചു . അങ്ങനെയുള്ള കോറോണയെ ദൈവമെന്നു വിളിക്കാൻ തന്നെ ആണ് തോന്നുന്നത്.

ആരോഗ്യ മേഖലയെ സ്വകാര്യവല്‍ക്കരിച്ച  വികസിത സമ്പന്ന രാജ്യങ്ങള്‍ പോലും കോവിഡ് 19നു മുന്‍പില്‍ പ്രതിരോധമില്ലാതെ അന്ധാളിച്ചു നിന്നപ്പോഴും പൊതുജന ആരോഗ്യ സമ്പ്രദായം (Public Health System) മുറുകെ പിടിച്ച സംസ്ഥാനമായ കേരളവും കോവിഡ് 19 പ്രതിരോധം തീര്‍ത്തത് ലോകമാകെ ചര്‍ച്ചാവിഷയമാണ് . .

നമ്മൾ ഒട്ടാകെ നന്നായി എന്ന് പറയുന്നില്ല . കാരണം പഴയ അവസ്ഥയിലേക്ക് ഏതു നിമിഷവും നമ്മൾ തിരിച്ചു പോകും. തിരിച്ചറിവുകളിൽ നിന്ന് പഠിച്ചു എന്തെങ്കിലും മാറ്റം വന്നാൽ നന്നായിരുന്നു എന്ന്  സ്വയം ആഗ്രഹിച്ചുപോകുന്നു  .
കൊറോണ എന്ന പേരുള്ള ദൈവം (ജോസ് കാടാപുറം)
ജോസ് കാടാപുറം
Join WhatsApp News
M. A. George 2020-04-27 13:29:33
ഇതെല്ലാം താൽക്കാലികം മാത്രം. കിരീടം ധരിച്ചവനെ കീഴടക്കുവാൻ കാത്തിരിക്കുന്ന ജനം. ഇതുപോലുള്ള നിർണായക ഘട്ടങ്ങൾ തരണം ചെയ്തവരാണ് മനുഷ്യർ. അൽപം ക്ഷീണം സംഭവിക്കാം, കുറെ മനുഷ്യർ മരിച്ചേക്കാം, പല സംരഭങ്ങളും അസ്ഥമിച്ചേക്കാം. നിയന്ത്രണങ്ങൾ കൊണ്ടു മാത്രം ഒതുങ്ങി കഴിയുന്ന ഇവിടത്തെ യുവാക്കൾ ഒരു വൈറസ്സിനേയും ഭയപെടുന്നില്ല. നിയന്ത്രണങ്ങൾ മാറ്റൂ എല്ലാം പുനരാരംഭിക്കും. ദേവാലയങ്ങൾ അടഞ്ഞ് മാറാല പിടിക്കുന്നതിൽ ലേഖകൻ ആശ്വാസം കണ്ടെത്തുന്നത് എതോ പ്രത്യയ ശാസ്ത്രത്തിെന്റെ സ്വാധീനം. േദവാലയങ്ങൾ അടഞ്ഞപ്പോൾ ഓരോ ഭവനവും ആരാധനാലയങ്ങളായി. മതങ്ങളെ ദുരുപയോഗം ചെയ്ത വ്യക്തികളേയോ, സംഘടനകളേയോ പരാമർശിക്കാതെ മതങ്ങളെ അടച്ചാക്ഷേപിക്കുന്നത് ഒരു തരം രാഷ്ട്രീയ ശൈലിയാണ്. ലേഖകൻ ഏതോ പ്രത്യയ ശാസ്ത്രത്തിന് അടിമയാണെന്ന് സാരം. ധന സമ്പാദനം എന്നത് ആർക്കും താല്പര്യമുള്ള വിഷയമാണ്. ഓരോരുത്തരുടെ കഴിവനുസരിച്ച് മൂലധനം വർദ്ധിക്കുമ്പോൾ അതിനനുസരിച്ച ജീവിത ശൈലി അവർ തെരഞ്ഞെടുക്കും. വാഹനങ്ങൾ, രമ്യ ഹർമങ്ങൾ, ആഡംബര വസ്ത്രങ്ങൾ, കല്യാണം, മൊത്തത്തിൽ ആഘോഷമായ ജീവിതം. ഇതൊക്ക് കണ്ട്, കൊരോണയുടെ ചെലവിൽ ലേഖകൻ അസുയപെടുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. കാശുള്ളവൻ അത് ചിലവ് ചെയ്യട്ടെ. എങ്കിലേ മാർക്കറ്റ് സ്ജീവമകൂ. ഒരാഘോഷ കല്യാണo കൊണ്ട് എത്രയോ പേർക്ക് ഗുണം. ഇവന്റ് മാനേജ്മെന്റ്, ഹോൾ, കാറ്ററിംഗ് സർവീസ്, ലിമസിൻ തുടങ്ങി എത്രയോ പേരാണ് അതിന്റെ ഗുണഭോക്താക്കൾ. ഭക്ഷണ സാധനങ്ങൾ ഉത്പാദിപ്പിക്കുന്ന കർഷകൻ പോലും അതിന്റെ ഗുണഭോക്താവാണ്. അത് കൊണ്ട് ധനം വ്യയം ചെയ്യുന്നവനെ നിരുത്സാഹപ്പെടുത്തരുത്. പൊൻ കുരിശ് വിറ്റു പാവപ്പെട്ടവനെ ഉദ്ധരിക്കണം എന്ന് പറയുന്ന മെത്രാൻ ഉള്ള നാട്ടിൽ, പള്ളികൾ പൊളിച്ചു പാവപ്പെട്ടവന് ഭവനം നിർമിക്കണം എന്ന് അഭിപ്രായമുള്ള വിപ്ലവകാരികളുള്ള നാട്ടിൽ സ്വന്തം വരുമാനത്തിന്റെ ഒരു വിഹിതം പാവപ്പെട്ടവന് വേണ്ടി മാറ്റിവെക്കാൻ എത്ര പേരുണ്ടാകും ഇവിടെ? സ്വന്തം കീശ വലുതാകണം അതാണ് അമേരിക്കൻ തത്വം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക