Image

ദുരന്തവും അടിയന്തരാവസ്ഥയും (മുരളി തുമ്മാരുകുടി)

Published on 26 April, 2020
ദുരന്തവും അടിയന്തരാവസ്ഥയും (മുരളി തുമ്മാരുകുടി)
പുറ്റിങ്ങലിൽ വെടിക്കെട്ടപകടം ഉണ്ടായ അന്ന് വൈകീട്ട് എന്നെ ഒരു ചാനൽ ചർച്ചക്ക് വിളിച്ചു. ഞാൻ അന്ന് രാത്രി ജനീവക്ക് തിരിച്ചു പോകേണ്ട ആളാണ്, എന്നാലും സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് ഞാൻ സ്റ്റുഡിയോയിലെത്തി.

അവതാരകന്റെ ആദ്യത്തെ ചോദ്യം "ആരാണ് ഈ ദുരന്തത്തിന് ഉത്തരവാദി?" എന്നതാണ്. അന്ന് കളക്ടറും പോലീസും തമ്മിലായിരുന്നു വിഷയം എന്ന് തോന്നുന്നു.

ഒരു ദുരന്തം നടക്കുന്ന സമയത്ത് നമ്മുടെ ഫോക്കസ് എപ്പോഴും ആ ദുരന്തം കൈകാര്യം ചെയ്യുന്നതിൽ ആയിരിക്കണം. ശരി തെറ്റുകൾ അന്വേഷിക്കാനും കുറ്റം ആരുടേതാണെന്ന് കണ്ടുപിടിക്കാനുമൊക്കെ പിന്നെയും സമയം എത്രയോ കിടക്കുന്നു. "തിരുവനന്തപുരം അവിടെയൊക്കെ തന്നെ കാണുമല്ലോ" എന്ന് കൊച്ചിൻ ഹനീഫ ചോദിച്ചതു പോലെ ദുരന്തത്തിന്റെ കാരണം രണ്ടു ദിവസം കഴിഞ്ഞാൽ എങ്ങോട്ടും ഓടി പോവുകയൊന്നുമില്ല.
ഞാൻ അന്ന് അതിന് പക്ഷം ചേർന്നില്ല. സാധാരണ ഇത്തരം ദുരന്തം ഉണ്ടായിക്കഴിഞ്ഞാലുടൻ ഇനി എല്ലാത്തരം വെടിക്കെട്ടും നിരോധിക്കണം എന്ന തരത്തിലാണ് അടുത്ത ആവശ്യം. അതും ഞാൻ സമ്മതിച്ചില്ല. വെടിക്കെട്ട് എന്നത് ഒരു കലാരൂപമാണ്. ലോകത്ത് അനവധി ഇടങ്ങളിൽ സുരക്ഷിതമായി അത് നടത്തുന്നുണ്ട്. അങ്ങനെ നടത്താൻ പഠിപ്പിക്കാൻ യൂണിവേഴ്സിറ്റികൾ കോഴ്‌സുകൾ വരെ നടത്തുന്നു. അപ്പോൾ സുരക്ഷിതമായി കന്പം നടത്തുക എന്നതാണ് വേണ്ടത്. നിരോധിക്കാൻ ആർക്കും കഴിയും.

ഈ രണ്ടഭിപ്രായങ്ങൾ കേട്ടതോടെ അവതാരകൻ എന്നെ ഉപേക്ഷിച്ചു. പിന്നെ എന്നോട് ചോദ്യങ്ങൾ ചോദിച്ചില്ല, ഞാൻ ഇടയ്ക്കു കയറി പറഞ്ഞുമില്ല.

അന്ന് വിട്ടതാ തിരുമേനി ചാനൽ ചർച്ചക്കാരുമായുള്ള ബന്ധം.
ഇനി കേരളത്തിൽ പല ആളുകൾ പങ്കെടുക്കുന്ന ടി വി ചർച്ചകളിൽ പങ്കെടുക്കില്ല എന്ന് അന്ന് ഞാൻ തീരുമാനിച്ചു. നാലു വർഷം കഴിഞ്ഞു, സുഹൃത്തുക്കളായ മാധ്യമ പ്രവർത്തകർ ഏറെ നിർബന്ധിച്ചിട്ടും ഞാൻ എന്റെ പോളിസി തുടരുന്നു. (എന്റെ തല, എന്റെ ഫുൾ ഫിഗർ മാത്രമുള്ള ബൈലാറ്ററൽ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് വിരോധവുമില്ല).

ഞാൻ അവരോട് സംസാരിക്കാത്തത് കൊണ്ട് കേരളത്തിലെ മാധ്യമങ്ങൾക്ക് എന്തെങ്കിലും നഷ്ടം ഉണ്ടായതായി അവരോ ഞാനോ കരുതുന്നില്ല. ഡാം മുതൽ ഡേറ്റ വരെ, നിപ്പ മുതൽ കോവിഡ് വരെയുള്ള വിഷയങ്ങൾ സംസാരിക്കാൻ അറിവുള്ള വിദഗ്ദ്ധർ കേരളത്തിൽ അനവധിയുണ്ട്. ഈ വിഷയങ്ങളെ പറ്റിയും പിന്നെ നിർമ്മിത ബുദ്ധി മുതൽ റോക്കറ്റ് നിർമ്മാണം വരെയുള്ള ഏതൊരു വിഷയത്തെപ്പറ്റിയും അറിവില്ലെങ്കിലും സംസാരിക്കാൻ കഴിവുള്ള ചാനൽ ചർച്ച വിദഗ്ദ്ധർ വേറെയുമുണ്ട്. ഒരാൾക്ക് ഒരു വിഷയത്തിൽ യാതൊരു അറിവോ യോഗ്യതയോ ഇല്ലെങ്കിലും ചാനൽ ചർച്ചകളിൽ വിദഗ്ദ്ധനാണെങ്കിൽ അയാളെ നിരീക്ഷകൻ എന്ന് വിളിക്കാമല്ലോ. ആർക്കും ആരെയും എങ്ങനെയും നിരീക്ഷിക്കാമല്ലോ. അതിനിനി പ്രത്യേക യോഗ്യത ഒന്നും വേണ്ട. ചാനൽ ചർച്ചകളിൽ പ്രകാശത്തിന് പകരം ഒച്ച കൂടുതലായി ഉണ്ടാകുന്നത് വിദഗ്ദ്ധർക്ക് പകരം നിരീക്ഷകർ കൂടുതൽ സ്റ്റേജിൽ ഉള്ളത് കൊണ്ടാണ്.

ഒരു കാര്യം കൂടി പറയണമല്ലോ. യഥാർത്ഥ വിദഗ്ദ്ധർ ചാനൽ ചർച്ചകളിൽ യൂസ് ലെസ്സ് ആണ്. അരമണിക്കൂർ പ്രോഗ്രാം കാണാൻ വന്നിരിക്കുന്നവർക്ക് വേണ്ടത് ശരിയോ തെറ്റോ?, ഭൂകന്പം വരുമോ ഇല്ലയോ?, ആളുകൾ മരിക്കുമോ ഇല്ലയോ? എന്നുളളതിന്റെ കൃത്യമായ ഉത്തരമാണ്. ശാസ്ത്രത്തിന് അത്തരം എളുപ്പമായ ഉത്തരങ്ങൾ ഇല്ല. അപ്പോൾ അവർ കാര്യങ്ങൾ വിശദീകരിക്കും, കുളമാക്കും. നിരീക്ഷകർക്ക് അതിന്റെ ആവശ്യമില്ല. അവർ പ്രധാനമായും നിരീക്ഷിക്കുന്നത് വിഷയത്തെ അല്ല കാഴ്ചക്കാരെയും സഹ ചർച്ചക്കാരെയും ആണ്, അവർക്ക് എന്താണ് വേണ്ടതെന്ന് അവർക്കറിയാം. അവരത് നല്ലത് പോലെ കൊടുക്കുന്നു. എല്ലാവർക്കും സന്തോഷം. അതുകൊണ്ടു തന്നെ വിഷയത്തിലെ അറിവ് ചാനൽ ചർച്ചകളിൽ ഗുണകരമല്ലാതെ വരുന്നു.

ഇതിന് അപവാദമായ ചർച്ചകളോ ചർച്ച നയിക്കുന്നവരോ ഇല്ല എന്നല്ല. അങ്ങനെയുള്ള പ്രോഗ്രാം അത്ര പോപ്പുലർ ആവില്ല. ഇത് ടി വി എന്ന മാധ്യമത്തിന്റെ പ്രശ്നമാണ്, അല്ലാതെ അത് കൈകാര്യം ചെയുന്നവരുടെയോ നിരീക്ഷിക്കുന്നവരുടെയോ പ്രശ്നമല്ല. രണ്ടു കൂട്ടരോടും എനിക്ക് ആദരവ് മാത്രമേ ഉള്ളൂ. ടി വി ചർച്ചകൾ ഒരു എന്റർടൈൻമെന്റ് ആയി എടുത്താൽ മതി, അറിവ് വർദ്ധിപ്പിക്കാനായി വേറെ മാർഗ്ഗങ്ങൾ ഉണ്ടല്ലോ.

ഡേറ്റ വിവാദനത്തിനിടക്ക് ചോദിക്കപ്പെട്ട ഒരു ചോദ്യം, സത്യത്തിൽ കേരളത്തിൽ ഒരു ആരോഗ്യ എമർജൻസി ഉണ്ടായോ എന്നതാണ്. ന്യായമായ ഒരു ചോദ്യമാണ്. Emergency, disaster എന്നീ രണ്ടു വാക്കുകൾ തമ്മിലുള്ള പ്രയോഗത്തിലെ വ്യത്യാസം ശരിക്ക് മനസ്സിലാകാത്തത് കൊണ്ടാണ് ഈ ചോദ്യം ചോദിക്കപ്പെട്ടത് എന്നാണ് എനിക്ക് തോന്നിയത്.

disaster എന്ന വിഷയത്തിന്റെ നിർവ്വചനം നോക്കുക.
A serious disruption of the functioning of a community or a society involving widespread human, material, economic or environmental losses and impacts, which exceeds the ability of the affected community or society to cope using its own resources.

നമ്മുടെ കോവിഡ് കേസിൽ ഇതിൽ കുറേ കാര്യങ്ങൾ ശരിയാണ്.
A serious disruption of the functioning of a community or a society involving widespread human, material, economic or environmental losses and impacts"

പക്ഷെ, which exceeds the ability of the affected community or society to cope using its own resources, എന്ന സാഹചര്യം എത്തിയിട്ടില്ല. ഒരു ലക്ഷം ആശുപത്രി ബെഡുമായി കോവിഡിനെ നേരിടാൻ തയ്യാറായിരിക്കുന്ന കേരളത്തിൽ ഒരു സമയത്ത് മുന്നൂറ് കേസുകൾ വന്നാൽ അതൊരു ദുരന്തമല്ല.

അതേ സമയം എമർജൻസിയുടെ നിർവ്വചനം വ്യത്യസ്തമാണ്. emergency is a threatening condition that requires urgent action.

ഇവിടെ ഇപ്പോൾ എത്ര രോഗികൾ ഉണ്ട്, എത്ര ബെഡ് ഉണ്ട് എന്നുള്ളതൊന്നുമല്ല പ്രധാനം. വേഗത്തിൽ തീരുമാനം എടുത്തില്ലെങ്കിൽ എന്ത് സംഭവിക്കും എന്ന സാഹചര്യമാണ്.
എമർജൻസിയും ഡിസാസ്റ്ററും തമ്മിൽ ഒരു ബന്ധമുണ്ട്. അത് സമയബന്ധിതമായി ശരിയായ തീരുമാനം എടുക്കുക എന്നതാണ്.
Effective emergency action can avoid the escalation of an event into a disaster.

ഒരു അടിയന്തിര സാഹചര്യത്തിൽ ശരിയായ തീരുമാനം എടുത്താൽ അത് ഒരു ദുരന്തമാകാതിരിക്കും. പ്രതീക്ഷിച്ച പോലെ ഒരു ദുരന്തം ഉണ്ടായില്ലെങ്കിൽ എമർജൻസി തന്നെ ഉണ്ടായില്ല എന്ന് കരുതുന്നത് തെറ്റാണ്. ദുരന്തം ഉണ്ടാകാത്തത് കൃത്യമായ എമർജൻസി റെസ്പോൺസിന്റെ ഫലമാണ്. അതൊരു നല്ല കാര്യമാണ്.

ഇനി ഒരു കാര്യം കൂടി പറയാം.

ഒരു എമർജൻസി ഉണ്ടാകുന്പോൾ, അത് ദുരന്തമായേക്കും, അതുകൊണ്ട് ഇപ്പോഴേ എന്തെങ്കിലും ചെയ്യാം എന്ന തരത്തിൽ ഉറപ്പിച്ച് തീരുമാനം എടുക്കുന്നതാണ്, ഇത് ദുരന്തമാകാൻ സാധ്യതയില്ല, ദുരന്തമാകുമോ എന്ന് കാത്തിരുന്ന് കാണാം, അപ്പോൾ കൈകാര്യം ചെയ്യാം എന്ന് തീരുമാനിക്കുന്നതിലും ശരി എന്നാണ് ദുരന്ത നിവാരണത്തിന്റെ അടിസ്ഥാന തത്വം. err on the side of caution എന്നാണ് ഈ രീതിയുടെ പേര്.

ദുരന്തവും അടിയന്തരാവസ്ഥയും (മുരളി തുമ്മാരുകുടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക