Image

ചാമ്പമരച്ചോട്ടിൽ .... (കഥ:ഷാജു ജോൺ)

Published on 25 April, 2020
ചാമ്പമരച്ചോട്ടിൽ .... (കഥ:ഷാജു ജോൺ)
ന്യൂയോർക്കിലെ തിരക്കേറിയ  ലക്സിങ്ടൺ അവന്യൂവിൽ മേഘങ്ങൾക്കൊപ്പം തല ഉയർത്തി നിൽക്കുന്ന  ക്രയ്സ്ലർ ബിൽഡിങ്ങിലെ അറുപതാം  നിലയിലാണ് ജെ ടി അസ്സോസിയേറ്റ്സ്,  ജോസ് തോമസിന്റെ   കൊമേർഷ്യൽ ടാക്സ് ഓഫിസ് .  പൂജ്യം മുതൽ ഒൻപതു വരെയുള്ള അക്കങ്ങൾ കൊണ്ട് ഇന്ദ്രജാലം കാണിക്കുവാൻ മിടുക്കനായതുകൊണ്ടാവാം , ബിസിനസുകാരുടെ പ്രതേകിച്ചു മലയാളികളുടെ പ്രിയങ്കരനായ സി പി എ ആണ് ജോസ് തോമസ് . വർഷങ്ങളായി ന്യൂയോർക്‌ പട്ടണത്തിലെ കണക്കപിള്ള  .

ഈയിടെ ആയി കണക്കുകളുടെ സങ്കീർണ്ണത അയാളെ പലപ്പോഴും ഉന്മാദാവസ്ഥയിലേക്കു കൊണ്ടുപോകുന്നോ എന്നൊരു തോന്നൽ , അതുകൊണ്ടാകാം   ആകാശത്ത് കൂടണയാൻ നിൽക്കുന്ന എഴുപത്തേഴു  നില കെട്ടിടത്തിലെ  അറുപതാം നിലയിലെ  വ്യൂയിങ്  ലോബിയിലേക്കു  അയാൾ ഇടയ്ക്കിടെ പോകുന്നത്  കുറച്ചു നേരമെങ്കിലും  പുറത്തെ  കാഴ്ചകൾ കാണുവാൻ., താഴെ   ഉറുമ്പിൻ കൂട്ടങ്ങൾ പോലെ നിര തെറ്റാത്ത നീങ്ങുന്ന വാഹനങ്ങൾ, അകലേക്ക്  നോക്കിയാൽ മറ്റു കെട്ടിടങ്ങളുടെ ഇടയിലൂടെ അറ്റ്ലാൻറ്റിക് സമുദ്രത്തിന്റെ നീലിമ തെളിഞ്ഞു  കാണാം, ആ നീലിമയിൽ ആരോ വരച്ചിട്ട കൈവള  പൊട്ടുകൾ പോലെ  ചലിക്കുന്ന ബോട്ടുകളും, അവയെ വിഴുങ്ങാൻ നീങ്ങുന്നത് പോലെ കപ്പലുകളും. അനന്തതയിലേക്ക് ഉളിയിടുന്ന  ആ വള പ്പൊ ട്ടുകളെ  നോക്കി വ്യൂവിങ് ലോബിയിലെ കസേരയിൽ അലസമായി കിടക്കുമ്പോൾ പലപ്പോഴും  കണക്കുകളുടെ വലക്കണ്ണികൾ പൊട്ടിച്ച്‌   അയാളെത്തുന്നത്  നിറം മങ്ങിയ ഓർമ്മകളിലെ ബാല്യത്തിന്റെ നടവഴികളിലായിരിക്കും .

നരച്ച മുടികൾ പ്രായത്തിന്റെ കണക്കുകൾ  തലയിൽ കുറിച്ചിരിക്കുന്നു. നരയുടെ വലിപ്പം   കൂടുംതോറും പഴയ ഓർമകൾക്ക്  മിഴിവ് കൂടുന്നു  എന്ന് തോന്നിയിട്ടുണ്ട് . അലസമായി അവയിലൂടെ സഞ്ചരിക്കുമ്പോൾ, ആശ്വാസത്തിന്റെ കുളിർമഴ മനസിനുള്ളിൽ നേർത്ത സംഗീത താളമുണർത്തുന്നു.  ശ്വാസം മുട്ടുന്ന ന്യൂയോർക്ക് പട്ടണത്തിൽ നിന്നും പറന്നു പറന്നു ....... , മീനച്ചിലാറ്റിലെ തെളിവെള്ളത്തിൽ ഊളിയിട്ടു കളിക്കുന്ന ഒരു കൊച്ചു കുട്ടിയിലേക്കുള്ള രുപാന്തരം,  എൺപതുകളിലെ തന്റെ ജന്മ ഗ്രാമത്തിലെ  ചെമ്മണ്ണ് നിറഞ്ഞ പാതയിലൂടെ ടയർ ഉരുട്ടി നടന്നിരുന്ന ഒരു  കൊച്ചു കുട്ടിയിലേക്ക് ..... .

"മോനെ ജോസൂട്ടിയെ ....രാവിലെ എണീറ്റു  പള്ളീൽ പോടാ " അമ്മയുടെ വിളിയിൽ 'മോനെ' എന്ന ലാളനയുടെ  പര്യായം എപ്പോഴും ഒളിച്ചിരിക്കുന്നുണ്ടാകും. അമ്മ   എന്തും ഏതും പള്ളിയുമായി ബന്ധപ്പെടുത്തിയിരിക്കും .പക്ഷെ  ചാച്ചന്റെ കാര്യം വ്യത്യസ്തമാണ്.

"എടാ... ജോസൂട്ടി ..ആ കൊട ഇങ്ങെടുത്തേടാ ..  ...മഴ വരണൊണ്ടെന്ന്  തോന്നണു ..."   'എടാ' എന്നുള്ള ആർദ്രദയില്ലാത്ത വിളിയിൽ ,പക്ഷേ ..കരുതലുള്ള ഒരു മനുഷ്യന്റെ മനോഭാവം മറഞ്ഞിരുന്നിരുന്നു എന്ന് വൈകിയാണെങ്കിലും മനസിലായിട്ടുണ്ട്  .

എല്ലാവരുടെയും ആവശ്യങ്ങൾ ' ജോസൂട്ടിയെ .." എന്ന വിളിയിലാണ് തുടങ്ങിയിരുന്നത് . എന്തിനും ഏതിനും  താൻ  തന്നെ വേണമായിരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ കുടുംബത്തിലെ  സന്ദേശ വാഹകൻ .ചാച്ചനും  അമ്മയും ഇല്ലാതായതോടെ  'ജോസൂട്ടിയെ .....' എന്ന വിളിയിലെ മാധുര്യം , പകുതി എഴുതിയ  താരാട്ടു പാട്ടു പോലെ   മനസിനുള്ളിൽ പൂർണ്ണമാകാതെ   ആണ്ടു കിടക്കുകയാണ് ..

" സാർ ..പിള്ളൈ ഗ്രൂപ്പിന്റെ   ബാങ്ക് അക്കൗണ്ട് റിക്കണ് സൈൽ  ചെയ്തതിൽ ഒരു പ്രശ്നമുണ്ട്  അവരുടെ സെന്റ് ജൂഡ് ഹോസ്പിറ്റലിൽ കാൻസർ കെയർ ഡൊണേഷൻ റെസീപ്റ്റ്‌   ഇല്ല ....നമ്മൾ അത് എക്സ് പെൻസിൽ കാണിക്കണമെങ്കിൽ  അവ  വേണ്ടി വരും, .ഐ ആർ എസ്  ഈയിടെ ആയി ഡൊണേഷൻ വൗച്ചറുകൾ കാര്യമായി നോക്കുന്നുണ്ട്  ...നാളെ  ആണ്  ഫയലിംഗ്  തീയതി .."  അക്കൗണ്ടൻറ് മരിയയുടെ  മംഗ്‌ളീഷിലുള്ള  വാക്കുകൾ ജോസൂട്ടിയെ വീണ്ടും ന്യൂയോർക്കിലേക്ക് കൊണ്ട് വന്നു.

"ഓക്കേ ഞാൻ മനുപിള്ളയെ വിളിച്ചു പറയാം ...ബാക്കി ഒക്കെ റെഡിയാക്കികൊള്ളൂ ..." വ്യൂയിങ് ലോബിയിലെ ചാരു കസേരയിൽ അലസമായി ചാഞ്ഞു കിടന്നുകൊണ്ട് തന്നെ  അയാൾ  മരിയയോട് പറഞ്ഞു

"ഓൾ റൈറ്റ് ..." മരിയ തിരിഞ്ഞു നടന്നു

'സെന്റ് ജൂഡ് ഹോസ്പിറ്റൽ കാൻസർ കെയർ ........."  ആ വാചകം വീണ്ടും വീണ്ടും ഉള്ളിൽ നിന്നും ഉയർന്നു വന്നു ... 

"അക്കരെലെ ഇട്ടി നാനാര്  കാൻസറ  പിടിച്ചു മരിച്ചു ....നാളെ ആണ് അടക്കം ." ., അമ്മ നീട്ടിയ മൺചട്ടിയിലേക്കു മീനുകൾ വാരിയിടുമ്പോഴാണ് 'കാൻസറ'  എന്ന വാക്ക് ചെമ്മേ അരയത്തിയിൽ നിന്ന് ആദ്യം കേട്ടത്.

സ്‌കൂളിലേക്ക് പോകാൻ വീട്ടുപടിക്കൽ കുട്ടുകാരെ കാത്ത്   നിൽക്കുമ്പോഴാണ് സാധാരണ ചെമ്മേ അരയത്തി നാട്ടുവിശേഷങ്ങളുമായി എത്തുന്നത് . ഒരു ദിന പത്രം വായിക്കുന്ന അറിവ് മീനുകൾക്കൊപ്പം വിളമ്പുമെന്നതിനാൽ ,ചെമ്മേ അരയത്തിയുടെ വരവ് പലപ്പോഴും ജോസൂട്ടിയിൽ   കൗതുകം ഉണർത്തിയിരുന്നു  .   

"ഇച്ചാച്ച..... വെള്ളപ്പച്ച പറിച്ചു താ ...." അനിയത്തികുട്ടിയുടെ ചിണുങ്ങൽ, മരച്ചട്ട ഇട്ട കറുത്ത സ്ളേറ്റ് മായ്ക്കാൻ  വെള്ളപച്ച എന്ന് വിളിക്കുന്ന ഒരു ചെടി  അവൾക്കു പറിച്ചുകൊടുക്കേണ്ട  ഉത്തരവാദിത്വം ജോസുട്ടിക്കാണ് .പൊട്ടിപൊളിഞ്ഞ,  പായൽ  പിടിച്ച  മുൻവശത്തെ മതിലിൽ വളരുന്ന  വെള്ളപച്ച  പറിക്കുമ്പോഴും 'കാൻസറ' എന്തായിരുന്നു എന്ന ചിന്തയായിരുന്നു ഉള്ളിൽ .

"ഇഞ്ഞോട്ട് ..താ  ഇച്ചാച്ച ...." അനിയത്തികുട്ടി   വെള്ളപ്പച്ച കയ്യിൽ നിന്ന് വലിച്ചൂരിക്കൊണ്ടു പോകുമ്പോഴും .ചെമ്മണ്ണ് നിറഞ്ഞ പാതയിലൂടെ, അണ്ണാനെ ഓടിച്ചും ,കാട്ടു പച്ചകൾ പറിച്ചും കൂട്ടുകാരോടൊപ്പം  സ്ക്കൂളിലേക്ക് നടക്കുമ്പോഴും ആ വാക്ക് മനസ്സിൽ അങ്ങനെ തന്നെ കുരുങ്ങി  കിടന്നു.
 
' പെലെയെടുക്കാതെ   മലേൽ  പോയാ.... പുലി പിടിക്കും.......'    അതിരാവിലെ  മകരകുളിരിൽ കുളിച്ചു വരുന്ന അയ്യപ്പന്മാരെ നോക്കി   പാറുവമ്മ പറയാറുള്ള   നാടൻ പഴമൊഴിക്കൊപ്പമാണ്   'കാൻസറ പിടിക്കും'  എന്ന പ്രസ്താവനയും മനസ്സിൽ കടന്നു കൂടിയത് എന്നതിനാൽ  കാൻസറയും  മനുഷ്യനെ പിടിക്കാൻ പതിയിരിക്കുന്ന ഏതോ ഒരു ജീവിയാണ്  എന്നായിരുന്നു അഞ്ചാം ക്‌ളാസ്സുകാരനായ ജോസൂട്ടിയുടെ വിചാരം

സംശയങ്ങൾ എപ്പോഴും അമ്മയോടാണ് ആദ്യം ചോദിക്കാറ് ."മോനെ ജോസൂട്ടി അതൊരു സൂക്കേടാടാ ......" അമ്മയുടെ അറിവ് അവിടെ അവസാനിച്ചു, പക്ഷെ  കാൻസർ എന്ന ചെമ്മേ അരയത്തിയുടെ 'കാൻസറ'  വഴി തെറ്റി വീണ്ടും ജോസൂട്ടിയുടെ ചെവികളിൽ എത്തി . കത്തിയെരിയുന്ന വേനലിലെ ഒരു സ്‌കൂൾ ദിനം,   പ്യൂൺ കുഞ്ഞപ്പൻ ചേട്ടൻ  ഉച്ചഭക്ഷണത്തിനായി  'ഉണ്ണാംബെൽ' അടിച്ചു , പന്ത്രണ്ടര മുതൽ ഒന്നര വരെ ആണ് ഉച്ചയൂണിന്റെ സമയം. പതിവുപോലെ അന്നും  ജോസൂട്ടി വളരെ വേഗം  ഉണ് കഴിച്ചു  സ്‌കൂൾ മുറ്റത്തെ ചാമ്പമര ചുവട്ടിൽ എത്തി.   ഉച്ചസമയത്തെ തന്റെ സ്ഥിരം താവളമാണ്  അവിടം .   വിശാലമായി പടർന്നു കിടക്കുന്ന ചാമ്പമര കൊമ്പുകൾ . അങ്ങനെ ഒരു മരം വേറെ എവിടെയും കണ്ടിട്ടേയില്ല ..ചാമ്പമരത്തിനു  ആ പേരല്ലാതെ ഒരിക്കലും അതിൽ ഒരു ചാമ്പക്ക ഉണ്ടായതായി ഓർമയില്ല . അത് വളർന്നു സ്‌കൂൾ മുറ്റം മുഴുവനും തണൽ വിരിച്ചു നിന്നിരുന്നു .  ചാമ്പമരചുവട്ടിൽ   ഇരുന്നാൽ കുളിരുമായ് എത്തുന്ന  കിഴക്കൻ കാറ്റിനൊപ്പം അടുത്തുള്ള ചായക്കടയിലെ റേഡിയോയിൽ നിന്നും ഒഴുകി വരുന്ന പാട്ടുകളും കേൾക്കാം. ജോസൂട്ടിക്ക് പാട്ടുകളോട് അമിതമായ കമ്പമായിരുന്നു എന്നും  .
 
ഒരു വയലിൻ ശബ്ദം ആകസ്മികമായാണ് ജോസൂട്ടിയുടെ  ചെവിയിൽ പതിച്ചത്. തിരിഞ്ഞു നോക്കുമ്പോൾ തന്റെ  അടുത്ത് തന്നെ ക്ഷണിക്കപ്പെടാത്ത അതിഥിയെ പോലെ ഒരു പ്രാകൃതമായ മനുഷ്യൻ ഇരിക്കുന്നു . നിറം മങ്ങിയ,  പൊട്ടൽ വീണ ഒരു വയലിനിലെ  കമ്പികളിൽ വിരലുകൾ കൊണ്ട് അയാൾ എന്തൊക്കെയോ കാണിക്കുന്നു .പൊരിവെയിലിൽ തണൽ തേടി എത്തിയ അയാളുടെ മുഖം തീർത്തും അവശമായിരുന്നു  കുഴിഞ്ഞ കണ്ണുകൾ ,പാറി പറന്ന മുടി , നരകയറിതുടങ്ങിയ താടി.............

ഒരു കൗതുകമെന്നോണം ജോസൂട്ടി അയാളോട് ചോദിച്ചു  "ചേട്ടാ, വയലിനിൽ  ഒരു പാട്ട്  വായിക്കാമോ ?"

കുഴിഞ്ഞു താണ  കണ്ണുകൾ കൊണ്ട് അയാൾ അവനെ   നിസ്സംഗമായി ഒന്ന് നോക്കിയതിനു ശേഷം   ഒന്നും പറയാതെ  തന്റെ വയലിൻ തോളെല്ലിൽ ചേർത്ത് വച്ച്  ചെറിയ ഒരു ഈണം വായിച്ചു .അകലെ ചായക്കടയിലെ റേഡിയോയിൽ നിന്ന് ഒഴുകി വന്ന ഒരു   പാട്ടിന്റെ ആദ്യത്തെ വയലിൻ ബിറ്റ്.   ........വാകപ്പൂമരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ .    വളരെ ഹൃദ്യമായി വായിച്ചു വയലിൻ തിരികെ മടിയിൽ വച്ച് കൊണ്ട് അയാൾ ജോസുട്ടിയോടു ചോദിച്ചു

"ഒരു കരിഞ്ഞ മണം അല്ലെ ? "

സ്ഥിരം കറുത്ത പുകച്ചുരുളുകൾ ഉയരുന്ന റിഫൈനറിയും , ഫാക്ടും  ഒക്കെ അടുത്തുള്ള തനിക്ക് കരിഞ്ഞ മണം ഒരു പുതുമയായിരുന്നില്ല , അതുകൊണ്ടു വെറുതെ ഒഴുക്കൻ മട്ടിൽ പറഞ്ഞു  " ഓ .......അതിവിടെ എപ്പോഴുമുള്ളതാ കമ്പനീന്ന് വരണതാ ..."

"ഇത് ആ മണമല്ല ...ഒരു വയറു കരിഞ്ഞ മണം  ....." അയാൾ ഉദ്ദേശിച്ചത്  എന്തായിരുന്നു എന്ന്  ആലോചിക്കുന്നതിനു മുൻപ് തന്നെ ക്‌ളാസിൽ കയറാനുള്ള 'രണ്ടാംമണി' കുഞ്ഞപ്പൻ ചേട്ടൻ   അടിച്ചു . .

ഉച്ച കഴിഞ്ഞു രാധ ടീച്ചറുടെ  പീരിയഡ് ആണ് .നല്ല ഈണത്തിൽ  കവിത ചൊല്ലുന്ന രാധ ടീച്ചർ ,  കുമാരനാശാന്റെ വീണ പൂവ് എന്ന കവിതയായിരുന്നു പഠിപ്പിച്ചത്  .ഉച്ചമയക്കത്തിന്റെ ആലസ്യം ഉണ്ടായിരുന്നെങ്കിലും ആ പീരിയഡ് തീർന്നത് പോലും അറിഞ്ഞില്ല .പിന്നെ പൗലോസ് സാറിന്റെ ഫിസിക്സ് പീരിയഡ്, ന്യൂട്ടന്റെ തീയറി മുഴുവനാകുന്നതിനു മുൻപ് കുഞ്ഞപ്പൻ ചേട്ടൻ  വൈകിട്ടത്തെ 'കളിക്കാം ബെൽ' അടിച്ചു..കളിക്കാനും മൂത്രശങ്ക തീർക്കാനും ഉള്ള സമയം  സ്‌കൂൾ പറമ്പിന്റെ മൂലയിലാണ്  ആൺകുട്ടികളുടെ തുറസായ മൂത്രപ്പുര ,അവിടെ  നിരന്നു നിന്ന് കാര്യം സാധിച്ചു  എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ കുഞ്ഞപ്പൻ ചേട്ടൻ തിരികെ കയറാനുള്ള മണിയടിച്ചു .

'കളിക്കാം ബെല്ലിനു '  ശേഷമുള്ള അവസാനത്തെ പീരിയഡ് ജോർജ് സാറിന്റെ ഹിന്ദി ക്‌ളാസ് ആയിരുന്നു അവിടെയും  ഒരു കവിതയായിരുന്നു, "മോട്ടോർ സൈക്കിൾ .....ഫടക്  ഫടക്  ......ചൗടി സീട്ട്  ലെഗായ ....." ജോർജ് സാർ രണ്ടു കൈകളും ബൈക്കിൽ പിടിക്കും പോലെ പിടിച്ചു  താളാത്മകമായി മോട്ടോർ സൈക്കിൾ പോകുന്ന കവിത പഠിപ്പിച്ചു കൊണ്ടിരുന്നപ്പോഴാണ് ,ഹെഡ് മാസ്റ്റരുടെ കുറിപ്പുമായി പ്യൂൺ കുഞ്ഞപ്പൻ ചേട്ടൻ  ക്ലാസ്സിന്റെ വാതിക്കൽ വന്നു നിന്നത്

കുറിപ്പ് വാങ്ങി തന്റെ കണ്ണട ഒന്ന് കൂടി ചേർത്തുവച്ചു  ജോർജ് സാർ അത് ഓടിച്ചു വായിച്ച  ശേഷം കണ്ണട അല്പം താഴ്ത്തി അതിനു മുകളിലൂടെ  എല്ലാവരുടെയും മുഖത്തേക്ക് ന്നോക്കി ഉറക്കെ വായിച്ചു :
 
"നാളെ വെള്ളിയാഴ്ച ലാസ്‌റ്  പീരിയഡ് ഉണ്ടായിരിക്കുന്നതല്ല പകരം ഒരു കാൻസർ രോഗിയെ  സഹായിക്കുവാനുള്ള   ഫണ്ട് സമാഹരണ ത്തിനായി ഒരു പ്രത്യേക പരിപാടി ഉണ്ടായിരിക്കുന്നതാണ്,അതിലേക്കായി എല്ലാവരും ഒരു രൂപ വച്ച് കൊണ്ടുവരേണ്ടതാണ്" "

 ചെമ്മേ അരയത്തിയുടെ 'കാൻസറ' വീണ്ടും ജോസൂട്ടിയുടെ ഉള്ളിൽ കടന്നു കൂടി .. അർത്ഥമറിയാത്ത  മാസങ്ങളായി കാതുകൾക്ക് കൗതുകം നൽകി വന്നിരുന്ന  വാക്ക്.......... . അതെന്താണെന്നു ജോർജ്‌സാറിനോട് ചോദിക്കുന്നതിനു മുൻപ് തന്നെ പ്യൂൺ കുഞ്ഞപ്പൻ ചേട്ടൻ തന്റെ   'ഓടാം ബെൽ'  അടിച്ചു . ഓടാം ബെൽ അവസാനത്തെ മണിയാണ് .അത്  കേട്ടതും, സ്‌കൂൾ പരിസരം മുഴുവൻ കുട്ടികളുടെ ആർപ്പും ആരവവും കൊണ്ട് നിറഞ്ഞു , കുട്ടികൾ എല്ലാവരും എഴുന്നേറ്റ് വീട്ടിലേക്കു ഓടാൻ തുടങ്ങി, തന്റെ സംശയവുമായി വീട്ടിലേക്കു  ജോസൂട്ടിയും....  .

സ്‌കൂളിൽ നിന്ന് വന്ന ഉടനെ തന്നെ സമയം കളയാതെ  അമ്മയോട് കാര്യം അവതരിപ്പിച്ചു . "മോനെ ജോസൂട്ടി അത് ചാച്ചനോട് ചോദിക്കടാ ...അമ്മേടേൽ എവിടന്നാ പൈസ " കൈകൾ മലർത്തിപിടിച്ചുകൊണ്ടു 'അമ്മ പറഞ്ഞു........ അവൻ പ്രതീക്ഷിച്ച പോലെ തന്നെ ഉള്ള ഉത്തരം 

ചാച്ചനോട്  ചോദിച്ചപ്പോൾ  "പിന്നെ ഒരു പരിപാടി  ..." എന്ന് പുച്ഛിച്ചു തള്ളിയതിനാൽ കൂടുതൽ ഒന്നും ചോദിക്കാൻ പോകാതെ തന്നെ അടുക്കളയുടെ ഒരു വശത്ത് കിടന്നിരുന്ന പഴയ ബെഞ്ചിൽ പോയിരുന്നു .

  " ആട്ടെ ...എന്തിനാ ഈ പൈസാന്നു പറഞ്ഞെ ?"  വീർത്ത മുഖവുമായിരിക്കുന്ന ജോസുട്ടിയോട് 'അമ്മ ചോദിച്ചു .

"ഒരു കാൻസർ രോഗിയെ സഹായിക്കാനാണെന്നു പറഞ്ഞില്ലേ "  അവന്റെ  ഈർഷ്യ ആ വാക്കുകളിൽ ഒളിപ്പിച്ചിരുന്നു

അമ്മ ഒന്നും പറഞ്ഞില്ല .ഇറയത്ത്‌ കിടന്ന ഒരു ചെറിയ സ്റ്റൂൾ എടുത്ത്  അതിൽ കയറി നിന്ന്, ഇടഭിത്തിയിൽ ചരിച്ചു തൂക്കിയിട്ടിരുന്ന ഗീവർഗീസ് പുണ്യവാളന്റെ ഫോട്ടോ പതുക്കെ ഉയർത്തി, പെട്ടെന്ന് ആ ഫോട്ടോയുടെ പുറകിൽ നിന്നും ഒരു തുണിക്കിഴി   "ക് ണിം"  എന്ന ശബ്ദത്തോടെ പുറത്തേക്കു ചാടി സിമന്റ് തറയിൽ വീണു, അമ്മ വളരെ ശ്രദ്ധയോടെ ആ കിഴിയുടെ കെട്ടുകൾ അഴിച്ചു . അതിൽ നിറയെ അഞ്ചിന്റെയും പത്തിന്റെയും, ദരിദ്രവാസി തുട്ടുകൾ  ആയിരുന്നു  ..പക്ഷെ തിളക്കമുള്ള താരങ്ങളായി അഞ്ചോ ആറോ   ഇരുപത്തഞ്ചു പൈസ തുട്ടുകളും  ഉണ്ടായിരുന്നു.  .വീട്ടിൽ ഭിക്ഷക്കാർ വരുമ്പോൾ കൊടുക്കുവാൻ ,അമ്മ സൂക്ഷിച്ചിരുന്ന തുട്ടുകൾ ആയിരുന്നു അത് .അതിൽ നിന്നും  'കുഞ്ഞിക്കാരൂപ' എന്ന ഓമനപ്പേരുള്ള നാലു ഇരുപത്തഞ്ചു പൈസ തുട്ടുകൾ ജോസൂട്ടിയുടെ  കയ്യിൽ വെച്ച് കൊടുത്തു .

"മോനെ ജോസൂട്ടി ..പൈസ അയാൾക്ക്‌ തന്നെ കൊടുക്കണോട്ടോ ...സാത്താന് കൊടുക്കല്ലേ  ...." അമ്മ തുണിക്കിഴി കെട്ടി തിരികെ വക്കുന്നതിനിടയിൽ ഉപദേശമെന്നോണം പറഞ്ഞു . ആവശ്യമില്ലാതെ പൈസ ചിലവഴിക്കുന്നതിനു ' സാത്താന് കൊടുക്കുക..'എന്നാണ് 'അമ്മ പറയാറ്‌.  മറുപടി ഒന്നും പറയാതെ ജോസൂട്ടി വേനൽ കണ്ടത്തിൽ പന്ത് കളിക്കാനെത്തുന്നു കൂട്ടുകാർക്കൊപ്പം കൂടാനായി തൊടിയിലേക്കിറങ്ങി .

പിറ്റേ ദിവസം വെള്ളിയാഴ്ച  പോക്കറ്റിലെ കിലുങ്ങുന്ന കാലണ തുട്ടുകളുമായ് ഒരു കോടീശ്വരന്റെ ഭാവത്തോടെ  ജോസൂട്ടി സ്‌കൂളിലേക്ക് നടന്നു , സ്‌കൂൾ ഗേറ്റിനു മുൻപിൽ എത്തിയപ്പോഴാണ് അമ്മ പറഞ്ഞ സാത്താൻ അമ്മാവന്റെ കടയിലെ മിട്ടായി ഭരണിയിലിരിക്കുന്നത് കാണുന്നത് . സ്‌കൂളിനടുത്തതാണ് അമ്മാവൻ എന്ന് എല്ലാവരും തന്നെ വിളിച്ചിരുന്ന കുട്ടൻ നായരുടെ സ്റ്റേഷനറി കട . കടയിലെ മഴവിൽ നിറങ്ങളിലുള്ള മിട്ടായികൾ എന്നും മധുരിക്കുന്ന  സ്വപ്നമായിരുന്നു . പഠിച്ചു വലുതായി ജോലി കിട്ടുമ്പോൾ അമ്മാവൻറെ മിട്ടായി ഭരണികൾ അപ്പാടെ വാങ്ങിച്ചു വീട്ടിൽ കൊണ്ടുപോകണം  എന്നതായിരുന്നു ജോസൂട്ടിയുടെ  ഏറ്റവും വലിയ ആഗ്രഹം ......പോക്കറ്റിലെ ഒരു ഇരുപത്തഞ്ചു പൈസ തുട്ട് അമ്മാവന് കൊടുത്ത്  അഞ്ചു നിറങ്ങളിലുള്ള അഞ്ചു മിട്ടായി വാങ്ങിച്ചു വായിലേക്കിട്ടപ്പോൾ അമ്മ പറഞ്ഞ സാത്താന്റെ ചിരി ചെവികളിൽ മുഴങ്ങിയോ എന്നൊരു സംശയം 

 അഞ്ചു സാത്താന്മാരെയും  കടിച്ചു ചവച്ചു  നാക്കൊക്കെ പഞ്ചവർണത്തിൽ ആക്കി ക്‌ളാസിൽ ചെല്ലുമ്പോൾ വാതിൽക്കൽ തന്നെ  നിൽക്കുന്നു ക്ലാസ് മോണിട്ടർ വൈകിട്ടത്തെ പരിപാടിക്ക് പൈസ പിരിക്കുവാൻ, ജോസൂട്ടിയുടെ അടുത്ത് വന്നപ്പോൾ അവൻ കൈ മലർത്തി......... 'വീട്ടിൽ നിന്ന് പൈസ തന്നില്ല'  എന്ന് പറഞ്ഞു

അത് ഒരു വെറും നുണയാണെന്ന് ,ജോസൂട്ടിയുടെ നാക്കിലെ നിറങ്ങൾ കണ്ടപ്പോൾ തന്നെ ക്‌ളാസ് മോണിട്ടര്ക്കു  മനസ്സിലായി, .അവൻ കുറച്ചു കൂടി ഉപ്പും മസാലയും ചേർത്ത് വിവരം ക്‌ളാസ് ടീച്ചറോട് പറഞ്ഞു. വടി ഒരു അലങ്കാരമായി കൊണ്ട് നടക്കുന്ന ടീച്ചർ ജോസൂട്ടിയെ  ചോദ്യം ചെയ്യാൻ തുടങ്ങി ,സാത്താന്മാർ നാക്കിൽ നിന്ന് പോയിരുന്നില്ല എന്നതുകൊണ്ട് തന്നെ  .പ്രതി കുറ്റക്കാരനെന്നു കണ്ട് ശിക്ഷ വിധിച്ചു " പരിപാടി നടക്കുന്ന ഹാളിൽ നീ കയറാൻ പാടില്ല , അത്  കഴിയുന്നത് വരെ  പുറത്ത് വരാന്തയിൽ നിൽക്കണം, മാത്രമല്ല പരിപാടി കഴിയുമ്പോൾ ഹാൾ വൃത്തിയാക്കിയിട്ടേ  വീട്ടിൽ പോകാവൂ ......." ശിക്ഷ നടപ്പാക്കാനുള്ള ഉത്തരവാദിത്വം ക്ലാസ് മോണിട്ടർക്ക് ഒപ്പിട്ടു കൊടുത്ത്  ജഡ്ജിയായ  ക്‌ളാസ് ടീച്ചർ  തിരിഞ്ഞു നടന്നു . ക്‌ളാസ് മോണിട്ടർ ആരാച്ചാർ മുഖത്തോടെ ജോസൂട്ടിയെ  നോക്കിയെങ്കിലും  മുന്ന് കുഞ്ഞിക്കാരൂപകൾ  കൂടി പോക്കറ്റിൽ കിടന്നു പുഞ്ചിരിക്കുന്നതിനാൽ  ആ ശിക്ഷയെ അവൻ പുല്ലു പോലെ  കരുതി .

വൈകിട്ട്  അടച്ചിട്ട  ഹാളിൽ സ്റ്റേജ് ഷോ തുടങ്ങി.  പൈസ കൊടുക്കാത്തവരായ  കുറച്ചു കുട്ടികൾ  കുടി  ഹാളിനു വെളിയിൽ വരാന്തയിൽ ഉണ്ടായിരുന്നു. തിരിച്ചു പോകുമ്പോൾ അമ്മാവന്റെ കടയിൽ നിന്നും  വാങ്ങാനുള്ള സാത്താന്മാരുടെ നിറവും രുചിയും ഉള്ളിലോർത്ത് , സന്തോഷത്തോടെ ജോസൂട്ടി വരാന്തയിലെ തൂണിൽ ചാരി വെറുതെ ഇരുന്നു . 

പെട്ടെന്നാണ് ആ വയലിൻ ബിറ്റ് അവന്റെ  ചെവിയിൽ പതിഞ്ഞത്  വാകപ്പൂമരം ..ചൂടും വാരിളം പൂങ്കുലക്കുള്ളിൽ .....എന്ന പാട്ടിന്റെ വയലിൻ ബിറ്റ്. അറിയാതെ ആ മനുഷ്യന്റെ മുഖം ജോസൂട്ടിയുടെ  മുന്നിൽ എത്തി.  അടച്ചിട്ട ജനാലയുടെ ചിതൽ കയറി ഉണ്ടായ  ചെറിയ ദ്വാരത്തിലൂടെ അകത്തേക്ക് നോക്കിയെങ്കിലും ഒന്നും കാണാൻ കഴിഞ്ഞില്ല .. പക്ഷെ അകത്ത് നിന്നുള്ള ശബ്ദം   കേൾക്കാമായിരുന്നു . വയലിൻ ബിറ്റിനു ശേഷം അയാൾ  ആ പാട്ട് മുഴുവനും  പാടി . അയാളുടെ ശബ്ദ മാധുരിയിൽ  അറിയാതെ ജോസൂട്ടിയും അലിഞ്ഞു ചേർന്നു . വീണ്ടും രണ്ടു മുന്ന് പാട്ടുകൾക്ക് ശേഷം അയാൾ സ്വന്തം  കഥ പറഞ്ഞു " കാൻസർ ബാധിച്ച ..ജോലി ചെയ്യാൻ കഴിയാതെ  ...ചികിൽസിക്കാൻ പണമില്ലാതെ  ..ഒരു നേരത്തെ ആഹാരത്തിനു വേണ്ടി തന്റെ വയലിനുമായി  സ്‌കൂളുകളും തെരുവുകളും തെണ്ടുന്ന ഒരു മനുഷ്യന്റെ കഥ........" 

ആ  ചെറു ദ്വാരത്തിലൂടെ വീണ്ടുംവീണ്ടും എത്തി നോക്കിയെങ്കിലും ജോസൂട്ടിക്ക് ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല. പക്ഷെ അവൻ  മറ്റൊന്ന്  കണ്ടു .... അമ്മിണി ടീച്ചറുടെ ബാഗിലേക്കു ഉതിർന്നു വീഴുന്ന  കണ്ണുനീർ  തുള്ളികൾ .....ടീച്ചർ കരയുകയായിരുന്നു .......കയ്യിലിരുന്ന തൂവാല കൊണ്ട് ബാഗിന് മുകളിലെ കണ്ണീർകണങ്ങൾ  തുടക്കുന്നതിനിടയിൽ, അതിനുള്ളിൽ  നിന്നും   ഒരു നൂറിന്റെ നോട്ട് കൂടി എടുത്ത് കയ്യിൽ വയ്ക്കുന്നു ....." .ടീച്ചറുടെ ഒരു മാസത്തെ ശമ്പളത്തിന്റെ നാലിലൊന്ന് ...അന്ന്  ആദ്യമായി ജോസൂട്ടിക്ക് കാൻസർ എന്ന വാക്കിന്റെ അർഥം മനസിലായി .....

 ഹാൾ  വൃത്തിയാക്കുക എന്ന ജോലി ജോസൂട്ടി അടക്കമുള്ള  അലസന്മാർ ചെയ്തു തുടങ്ങി. അതുകണ്ടു  ക്‌ളാസ് മോണിട്ടർ ഗുഡ്ഡമായി ചിരിച്ചെങ്കിലും ,ആ ആരാച്ചാർ ചിരി ഉൾക്കൊള്ളാനുള്ള  മാനസിക നിലയിലായിരുന്നില്ല അവൻ . ഹാൾ വൃത്തിയാക്കി പുറത്തിറങ്ങുമ്പോൾ ജോസൂട്ടി വീണ്ടുമയാളെ കണ്ടു .... ചാമ്പമര ചോട്ടിലിരുന്ന് കിട്ടിയ പൈസ എണ്ണുന്ന വിനീതനായ മനുഷ്യൻ, ചില്ലറകളുടെ   കൂട്ടത്തിലെ നൂറിന്റെ നോട്ടിലേക്കു അയാൾ മിഴിച്ചു നോക്കിക്കൊണ്ടേയിരുന്നു  .  പതുക്കെ നടന്നു അയാളുടെ ആ അഴിച്ച തൂവാല കെട്ടിലേക്ക്   ജോസൂട്ടി തന്റെ  മുന്ന് ഇരുപത്തഞ്ചു പൈസ തുട്ടുകൾ കുടി ഇട്ടു  .ആ തുട്ടുകൾ തുള്ളിക്കളിച്ചു  കണ്ണീരിൽ നനഞ്ഞ  നൂറിന്റെ നോട്ടിനടിയിൽ കയറി ഒളിച്ചു. ആ മനുഷ്യൻ  മുഖമുയർത്തി നോക്കിയപ്പോഴേക്കും അവൻ ഓടി സ്‌കൂൾ ഗേറ്റ് കടന്നിരുന്നു

"സർ ......സെന്റ് ജൂഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ക്യാൻസർ അവെയർനെസ്സ് പ്രോഗ്രാമിലേക്കുള്ള ചെക്ക് ...സർ ഒപ്പിട്ടാൽ പോകുന്ന വഴിക്കു പോസ്റ്റ് ചെയ്യാം .... " ഓഫിസ്  സമയം കഴിഞ്ഞു എന്ന പരോക്ഷമായ ഓർമപ്പെടുത്തലുമായി എത്തിയ മരിയയുടെ ശബ്ദം ജോസ് ‌തോമസിനെ വീണ്ടും ഉറങ്ങാത്ത ന്യൂയോർക്ക് പട്ടണത്തിലേക്ക് കൊണ്ടുവന്നു   . അകലെ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും വളപൊട്ടുകൾ മാഞ്ഞു കഴിഞ്ഞിരുന്നു ,പകരം കണ്ണഞ്ചിപ്പിക്കുന്ന ഹാലൊജൻ പ്രകാശങ്ങൾ വരാൻ തുടങ്ങി 

മരിയ  കൊണ്ടുവന്ന ചെക്കുബുക്കിൽ നിന്ന് ഒരു ലീഫ് വലിച്ചു കീറി ,അതിൽ  എഴുതി....... ടു  സെന്റ് ജൂഡ് ചിൽഡ്രൻസ് ഹോസ്പിറ്റൽ ,   തിയതി  കുറിച്ചു  ,  താഴെ ഒപ്പുമിട്ടു ..... ... എഴുതേണ്ട തുക .................?.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക