Image

മഹത്തായ രണ്ടു ജനാധിപത്യങ്ങളുടെ കദന കഥ! ( കിഞ്ചന വർത്തമാനം- 7: ജോർജ് നെടുവേലിൽ)

Published on 23 April, 2020
 മഹത്തായ രണ്ടു ജനാധിപത്യങ്ങളുടെ കദന കഥ! (  കിഞ്ചന വർത്തമാനം-  7:  ജോർജ് നെടുവേലിൽ)
സ്വാതന്ത്രഭാരതത്തിന്റ്റെ സന്തതികളാണ് നമ്മിലേറെയും. എന്നാൽ  സ്വാതന്ത്ര്യത്തിനുവേണ്ടി യാതന അനുഭവിച്ചവർ നമ്മിലേറേയില്ല. പാരതന്ത്ര്യത്തിൻറ്റെ വിമ്മിട്ടങ്ങളിൽ ജനിച്ചു സ്വാതന്ത്രത്തിനുവേണ്ടി യാതന അനുഭവിച്ചവരും, സ്വാതന്ത്ര്യത്തിലേക്ക്, നേരെ പിറന്നവരുംതമ്മിൽ ചിന്താഗതിയിലും ജീവിതവീക്ഷണത്തിലും അജഗജാന്തരമുണ്ട്. ഈ വിടവ് ആദ്യകാല ദേശീയനേതാക്കൾക്കും, സമകാലികനേതാക്കൾക്കും ഇടയിൽ ഏറെ പ്രകടമാണ്. പാരതന്ത്ര്യത്തിൻറ്റെ പരാധീനതകളും ശ്വാസംമുട്ടലുകളും യാതനകളും ഒട്ടുമനുഭവിച്ചിട്ടില്ലാത്ത തലമുറയുടെ മട്ടിലും, പ്രവൃത്തികളുടെ കോട്ടങ്ങളിലും പഴയ തലമുറ അസ്വസ്ഥരാകുന്നതിലും നിരാശരാകുന്നതിലും അതിശയത്തിനാവകാശമില്ല! കടന്നുപോകുന്ന കാലത്തിൻറ്റെ അനിവാര്യമായ അംശമാണത്. അതിനെ സ്വാംശീകരിച്ചും സഹിച്ചുമല്ലാതെയുള്ളൊരു വഴി മുന്നോട്ടില്ല!

എഴുനൂറ്റാണ്ടിലധികമായിരിക്കുന്നു ഭാരതീയർ സ്വാതന്ത്ര്യത്തിൻറ്റെ ശുദ്ധ വായു ശ്വസിക്കുന്നുവെന്ന് അവകാശപ്പെട്ടിട്ട്. എന്നാൽ,സ്വാതന്ത്ര്യത്തിൻറ്റെ ഉദയം മുതൽതന്നെ ഭാരതത്തിൻറ്റെ അന്തരീക്ഷം മലീമസമാകുന്നതും സ്വാതന്ത്ര്യത്തിൻറ്റെ നറുമണം നഷ്ടമാകുന്നതും നാം അനുഭവിച്ചറിഞ്ഞു. വിദേശനുകത്തിൻറ്റെ മൂർച്ചയല്ലായിരുന്നുവല്ലോ ഭാരതത്തെ വെട്ടിമുറിച്ചത്!

സ്വാതന്ത്ര്യത്തിൻറ്റെ ആദ്യകാലങ്ങളിൽ ലക്ഷക്കണക്കിന് ഹിന്ദു/ മുസ്ലിം/സിഖ് മതാനുയായികളെ മണ്ണോടുചേർത്തത് ബ്രിട്ടീഷ് പടയാളികളുടെ തോക്കുകളല്ലായിരുന്നു! മഹാത്മാഗാന്ധിയെയും, ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും വധിച്ചത് വിദേശ ശത്രുക്കളല്ലായിരുന്നു! ഗുജറാത്തിലും ഡൽഹിയിലും ആയിരങ്ങളെ അരിഞ്ഞുവീഴ്ത്തിയത് അയൽവാസികളും അടുത്തറിയാവുന്നവരുമായിരുന്നില്ലെ? പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. കുറ്റക്കാരാരുമില്ല! ഭാരതത്തിലെ ജനാധിപത്യത്തിൻറ്റെ ഒരു മുഖമാണിതു്. 


 ഒരു ജനതയെ ഒന്നിപ്പിച്ചുനിറുത്തേണ്ട ഭാഷയുടെ പേരിലായിരുന്നു അടുത്ത വിള്ളൽ! ഭരണം കയ്യാളുന്നവരുടെ എടുത്തുചാട്ടമായിരുന്നു കുഴപ്പങ്ങൾക്കു കാരണമായത്‌. വോട്ടുപെട്ടിയിലൂടെ, കമ്മ്യൂണിസ്റ്റുകഷി 1957 -ൽ കേരളത്തിൽ അധികാരം പിടിച്ചെടുത്തു. എന്നാൽ, പള്ളിക്കാർക്കും പിന്തിരിപ്പൻമാർക്കും കോൺഗ്രസ്സുകാർക്കും സി .ഐ .എ ക്കും അതു പിടിച്ചില്ല. കമ്മ്യൂണിസ്റ്റ്സർക്കാരിനെ തള്ളിത്താഴെയിടാൻ അക്കൂട്ടർ തക്കം പാർത്തിരുന്നു. ഒടുവിൽ ഭാരതം കണ്ട ഒരേഒരു രാഷ്ട്രതന്ത്രജ്ഞനായ നെഹ്രുവിനും സമനിലതെറ്റി. ഏക പുന്നാരമോളായ ഇന്ദിരാപ്രിയദർശിനിയുടെ ഇ൦ഗിതത്തിനു വശംവദനായി വാത്സല്യനിധിയായ പിതാവ് ഭരണഘടനയെ കശാപ്പുചെയ്തു. കമ്മ്യൂണിസ്റ്റ്‌സർക്കാരിനെ പിരിച്ചുവിട്ടു. ഭരണഘടന, വിശുദ്ധ പശുവല്ലെന്നു വരു൦തലമുറകൾക്കു മനസ്സിലാക്കിക്കൊടുത്തു. എന്തുകൊണ്ടോ നെഹ്രുവിൻറ്റെ കശാപ്പു കച്ചവടം പിൻഗാമികളാരും പരീക്ഷിച്ചില്ല. പിന്നീടുവന്ന പ്രധാനമന്ത്രി നരസിഹറാവു സമയോചിതമായി പ്രശ്‌നം കൈകാര്യംചെയ്‌തു! കോടികൾ കോഴകൊടുത്താണെങ്കിലും, ഭരണത്തെ മരണത്തിൽനിന്നും രക്ഷിച്ചു. ബാബരി മസ്‌ജിദ് തകർത്തപ്പോൾ നിസംഗനായി നിന്നു.

നാരസിംഹറാവുഗാരു തുടക്കമിട്ട ചാക്കിട്ടുപിടിത്തവും കൂറുമാറ്റരാഷ്ടീയവും വലിയപാർട്ടികളും ഈർക്കിലി പാർട്ടികളും ഇന്ന് പിൻതുടരുന്നു.ചാക്കുനിറയെ ഗാന്ധിക്കാശുള്ളവർ വിജയിക്കുന്നു. ഭരണം പിടിച്ചെടുക്കുന്നു.


പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തെ പുകിലെന്തായിരുന്നു? ഇന്ത്യയെന്നാൽ ഇന്ദിരയെന്നു ചിലർ. ഇന്ദിരയെന്നാൽ ഇന്ത്യയെന്നു മറ്റുചിലർ.  ഓൾ ഇന്ത്യ റേഡിയോ അല്ല, ഓൾ ഇന്ദിരാ റേഡിയോ ആണെന്ന് മറുകൂട്ടർ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ദിരയുടെ കുടുംബംവകയാണെന്നു ചിലർ സംശയിച്ചിരുന്നു. ഇന്ദിരയുടെ ഒരു കുറിപ്പ്, ഫോൺവിളി -- പറയുന്നപണം ആർക്കും കൊടുക്കാൻ ബാങ്ക് നിർബന്ധിതമായിരുന്നു! ഭാരതത്തിൻറ്റെ മൊത്തത്തിലുള്ള കുടുംബാസൂത്രണം കനിഷ്ഠപുത്രനായ സഞ്ജയൻറ്റെ കുത്തകയായി. ഭാരതത്തിൻറ്റെ തെരുവീഥികളിലൂടെയുള്ള സഞ്ചാരവേളകളിൽ കയ്യിലൊരു മൂർച്ചയേറിയ കത്തി ആദ്ദേഹം കരുതിയിരുന്നെത്രേ!  സ്വന്തം ഈഗോയും നിലനിൽപ്പും നിലനിറുത്താനുള്ള വ്യഗ്രതയും, അധികാരം കൈവിട്ടുപോകുന്നതിലുള്ള ഉൽക്കണ്ഠയുമായിരുന്നു 1975 -- ലെ അടിയന്തരാവസ്ഥയുടെ അടിസ്ഥാന൦. അലഹബാദ് കോടതിയിൽ തോറ്റത് ഇന്ത്യ ആയിരുന്നില്ല! ഇന്ദിരയും ഇന്ദിരയുടെ ഈഗോയുമായിരുന്നു! അടിയന്തിരാവസ്ഥ ഇന്ത്യക്കല്ലായിരുന്നു! ഇന്ദിരക്കായിരുന്നു! ഒരു വ്യക്തിയുടെ അടിയന്തരാവസ്ഥയെ, നൂറുകോടിയിലധികം ജനങ്ങളുടെ സ്വതന്ത്രജീവിതത്തെ അട്ടിമറിക്കാൻ ഉളുപ്പില്ലാതെ ഉപയോഗിച്ചു! അധികാരം കൈകളിൽനിന്നും വഴുതിപ്പോകാതിരിക്കാൻ, ഈഗോയെ ഇനിപ്പിക്കാൻ കോൺഗ്രെസ്സ്പാർട്ടിയെ പിളർത്തി. വിദേശ നുകം വലിച്ചെറിയാൻ കഠിനയാതന അനുഭവിച്ചവർ പഞ്ചപുശ്ചമടക്കി നിന്നു! സ്വതന്ത്ര ഭാരതത്തിന്റ്റെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട ദിനമേതെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളു-- 1975 ജൂൺ 25. കേഴുക പ്രിയനാടേ! കേഴുക! കേഴുക! കേഴുക!

1984-ൽ, സ്വന്തം അംഗരക്ഷകരാൽ ശ്രീമതി ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടു. തുടർന്നുള്ള  രണ്ടുമൂന്നു ദിനങ്ങൾക്കുള്ളിൽ ഡൽഹിയിലും പ്രാന്തങ്ങളിലുമായി സിഖ്‌ സമുദായക്കാരുടെ നൂറുകണക്കിന് വീടുകളും കടകളും പാവകന്‌ ഭക്ഷണമായി. മൂവായിരത്തിലധികം സിഖ്‌വംശജർ അതിക്രൂരമായി കൊല്ലപ്പെട്ടു. ഇതിനോടകം രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടു. "വന്മരം വീഴുമ്പോൾ ഉണ്ടാകുന്ന ആഘാതം സ്വാഭാവികമാണ്, വലുതായിരിക്കും."  നടമാടിയ കൊലയേയും കൊള്ളിവയ്പ്പിനെയും ന്യായീകരിച്ചുള്ള, രാജീവിൻറ്റെ--രാജ്യത്തിൻറ്റെ  പ്രധാനമന്ത്രിയുടെ പ്രതികരണം അങ്ങനെയായിരുന്നു. പയലറ്റിങ് മാതമല്ല, ഫിലോസഫിയും അദ്ദേഹം പഠിച്ചിട്ടുണ്ടാവും! ഭാരതത്തിലെ ഏക ജനാധിപത്യപാർട്ടി കോൺഗ്രെസ്സ് മാത്രമാണെന്ന ഒരാവകാശവാദമുണ്ട്. കൊച്ചുപിള്ളേർക്കുപോലും ആ അവകാശവാദത്തിൻറ്റെ പൊള്ളത്തരം ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. ജനാധിപത്യത്തിൻറ്റെ ക ഖ ഗ അറിയാത്തവരാണ് കോൺഗ്രസിനെ നയിക്കാൻ ഖദറുടുപ്പും ഗാന്ധിത്തൊപ്പിയും എടുത്തണിയുന്നത്. ഗാന്ധിജിയുടെ മാഹാത്മ്യം അറിയാത്തവരാണ് മഹാത്മാഗാന്ധി കീ ജയ് എന്നുൽഘോഷിക്കുന്നത്. 'കുങ്കുമത്തിൻറ്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കുമ്പോലെ ഗർദ്ദഭം' എന്ന് കവിപാടിയത് ആരെ മനസ്സിൽ കണ്ടാണോ ആവോ!’ ഉൾപാർട്ടിജനാധിപത്യം' എന്ന് മനസ്സിൽപോലും പറയാൻ ഒരു കോണ്ഗ്രെസ്സ്കാരന് സ്വാതന്ത്ര്യമില്ല. പാർട്ടിയുടെ അധികാരസ്ഥാനങ്ങളിലേക്ക് ഏറ്റവും അവസാനം തെരഞ്ഞെടുപ്പു നടന്ന വർഷം ഏതെന്ന് സോണിയാഗാന്ധിയോട് ചോദിച്ചാൽ, നോട്ടീസ് വേണമെന്നുള്ള മറുപടിയായിരിക്കും കിട്ടുക!

മൻമോഹൻസിംഗിനെ പ്രധാനമന്ത്രിക്കസേരയിലിരുത്തി, ഒരു ദശാബ്ദക്കാലം സോണിയാജി സ്വന്തം അടുക്കളയിലിരുന്നു ഭാരതം ഭരിച്ചില്ലേ! ഉൾപ്പാർട്ടിജനാധിപത്യത്തേക്കാൾ എത്രയോ കേമമാണ് കുടുംബാധിപത്യം? സുതാര്യത വേണ്ട! കണക്കുപറയേണ്ട! തുടർച്ച ഉറപ്പ്!

ഇന്ന് ഭാരതത്തിൽ ജീവിച്ചിരിക്കുന്ന കോൺഗ്രെസ്സ്കാരെല്ലാം ഒരു മസ്‌തിഷ്‌ക്ക പ്രക്ഷാളനപ്രക്രിയക്ക് വിധേയരാക്കപ്പെട്ടവരാണ്. ഗാന്ധികുടുംബത്തിനു വെളിയിൽനിന്നും ഒരാൾക്ക് കോൺഗ്രസ് പാർട്ടിയുടെ തലപ്പത്തു വരാനാവില്ലെന്നവർക്ക്‌ ബോധ്യമായിട്ടുണ്ട്! മറുതലിച്ചിട്ടു കാര്യമില്ലെന്നും!

നെഹ്രുവും ഇന്ദിരയും വർഗ്ഗീയത പ്രോത്സാഹിപ്പിച്ചിരുന്നില്ല. രാജീവ് ഗാന്ധി  അതിൻറ്റെ തലതൊട്ടപ്പൻ ആയിരുന്നു. സുപ്രസിദ്ധമായ ഷാബാനോ കേസിലെ സുപ്രീംകോടതി വിധിയെ മറികടക്കാൻ ഉത്സാഹിച്ചത് രാജീവ്‌ഗാന്ധിയായിരുന്നു. വർഗ്ഗീയവാദികളെ അദ്ദേഹം ശ്രവിച്ചു. കീഴടങ്ങി. ശ്രീലങ്കയിൽ വിവേചനവും ദുരിതവും സഹിച്ചുകഴിയുന്ന തമിഴരെ നിലക്കുനിറുത്താൻ ഇന്ത്യൻപട്ടാളക്കാരെ നിയോഗിക്കാൻ അദ്ദേഹം തെല്ലും മടിച്ചില്ല. “ചത്ത കുതിര”, മുസ്ലിംലീഗിനെ നെഹ്‌റു വിശേഷിപ്പിച്ചതങ്ങനെയാണ്. ചത്തകുതിരയെ ചുമക്കുവാൻ കേരളത്തിലെ കോൺഗ്രെസുകാരെ രാജിവ് ഗാന്ധി പ്രോത്സാഹിപ്പിച്ചു. സോണിയാജിക്കും പ്രീതികരമായിരുന്നു വർഗ്ഗീയ പ്രീണിപ്പിക്കൽ.

ഉൾപ്പാർട്ടിജനാധിപത്യത്തിൽ ലവലേശം വിശ്വാസമില്ലാത്ത, കോണ്ഗ്രെസ്സ്കാരും, വിലാസം വിട്ടുപോകുമോയെന്നു വിഷാദിച്ചിരിക്കുന്ന മറ്റുചില പാർട്ടികളും ഇപ്പോൾ പിച്ചും പേയും പറഞ്ഞുതുടങ്ങിയിരിക്കുന്നു. ജനാധിപത്യം അപകടത്തിൽ എന്ന് ഒരുകൂട്ടർ പിച്ചു പറയുന്നു. ജനാധിപത്യം മരിച്ചുകൊണ്ടിരിക്കുന്നുവെന്ന്  മറ്റൊരു കൂട്ടർ. അരിയും തിന്നു, ആശാരിച്ചിയേയും കടിച്ചു, എന്നിട്ടും നായക്ക് മുറുമുറുപ്പ്  എന്ന് പതിറ്റാണ്ടുകൾക്കുമുമ്പ് എൻറ്റെ അമ്മച്ചി പറഞ്ഞതിൻറ്റെ പൊരുൾ ഇപ്പോൾ മനസ്സിലായി. ലങ്കാപുരിയിൽ, ഹനുമാൻ സീതയോടു മൊഴിഞ്ഞതുപോലെ "ബന്ധനവുമൊരുപൊഴുതു മരണവുമകപ്പെടാം." അതിനപ്പുറവും സംഭവിച്ചെന്നു വരാം! കാത്തിരുന്നു കാണുക!


നാട്ടിലുള്ളവർക്ക് നമ്മൾ പ്രവാസികളാണ്. പ്രവാസിതർ (നാടുകടത്തപ്പെട്ടവർ) എന്നോ ദരിദ്രവാസികൾ എന്ന് പറയാത്തത് ഭാഗ്യം. ജൻമഭൂമിയായ ഭാരതത്തിലെ ജനാധിപത്യ സംവിധാനത്തെ നേർവഴിക്കു തിരിച്ചുവിടാൻ പ്രവാസജീവിതംവരിച്ച നമുക്കുള്ള കഴിവിന് പരിമിതിയുണ്ട്. പരിധിയുണ്ട്. പിന്നെ കരണീയമായത് : നമ്മെ ദത്തെടുത്ത പ്രവാസഭൂമിയായ അമേരിക്കൻ ജനാധിപത്യത്തിൻറ്റെ ഉൽക്കർഷത്തിനുവേണ്ടി ഉരിയാടുകയും പോരാടുകയും  ചെയ്യുക എന്നതാണ്.

ഇത്തരുണത്തിൽ നമ്മുടെ പ്രവാസഭൂവിലെ ജനാധിപത്യ സംവിധാനത്തിൻറ്റെ ആരോഗ്യത്തെപ്പറ്റി ഒരു അവലോകനം അസ്ഥാനത്തല്ല! അവശ്യമാണ്!

ലോകത്തിലെ രണ്ടാമത്തെ വലിയ ജനാധിപത്യരാജ്യമാണ് അമേരിക്ക. ബ്രിട്ടനിലെ പ്രധാനമന്ത്രിയുടെയും രാഞ്ജിയുടെയും അധികാരങ്ങൾ ഒരേസമയം കേന്ദ്രീകരിച്ചിരിക്കുന്ന ഭരണത്തലവനാണ് അമേരിക്കൻ പ്രസിഡൻറ്റ്. നിയന്ത്രണങ്ങൾക്ക് വ്യവസ്ഥയുണ്ടെങ്കിലും അധികാരപ്രമത്തനായ വ്യക്തിക്ക് സ്വേച്ഛാധിപതിയായി മാറാൻ ക്ഷിപ്രസാധ്യതയുള്ള ക്രമീകരണമാണുള്ളത്. കടന്നുപോയ മുപ്പത്തിയൊൻപതു മാസങ്ങളായി അമേരിക്കൻ ജനാധിപത്യം സ്വേച്ഛാധിപത്യത്തിന് വഴിമാറിക്കൊടുത്തുകൊണ്ടിരിക്കുന്നതായി നല്ലൊരു ഭാഗം അമേരിക്കർ ഭയപ്പെടുന്നു!

ന്യൂയോർക്‌ടൈംസിൻറ്റെ ഈടുറ്റ ലേഖകനാണ് പോൾ ക്രൂഗ് മാൻ. 2008-ലെ, സാമ്പത്തികശാസ്ത്രത്തിനുള്ള  നൊബേൽ പുരസ്‌ക്കാര ജേതാവാണ്. ഒരു ന്യായാധിപനെപോലെ കാര്യങ്ങളുടെ നാനാവശവും പഠിച്ചും പരിശോധിച്ചും അവലോകനംചെയ്യുന്നരീതിയാണ്അദ്ദേഹത്തിൻറ്റേതു്.അന്താരാഷ്ട്രകാര്യങ്ങളും തദ്ദേശകാര്യങ്ങളും ചിന്താബന്ധുരമായും ചിരിയിൽ കുളിപ്പിച്ചും വിശദീകരിക്കുവാൻ അദ്ദേഹം നിപുണനാണ്. ഏപ്രിൽ ഒൻപതിലെ പത്രത്തിൽ അദ്ദേഹത്തിൻറ്റേതായി 'അമേരിക്കൻ ജനാധിപത്യം മരിച്ചുകൊണ്ടിരിക്കുന്നുവോ' എന്ന ശീർഷകത്തിൽ ഒരു ലേഖനമുണ്ട്. "ഏകാധിപത്യം അകലെയല്ല" എന്ന വാചകത്തോടെയാണ് തുടക്കം. "ആയിരങ്ങൾ കൊറോണാ കാരണമായി മരണപ്പെടുന്നു. ലക്ഷങ്ങൾക്ക് ജീവനമാർഗം നഷ്ടപ്പെടുന്നു. സമ്പത് വ്യവസ്ഥ തകരാറിലാകുന്നു. ഇതിനിടയിൽ അമേരിക്കൻ ജനാധിപത്യം മരണത്തിലേക്കു നടന്നടുക്കുന്നു, അല്ലെങ്കിൽ മരണത്തിലേക്ക്‌ തള്ളിവിടപ്പെടുന്നു." ഏപ്രിൽ ഏഴിന് വിസ്കോൺസിൻ സംസ്ഥാനത്തു നടത്തപ്പെട്ട തെരെഞ്ഞടുപ്പു രീതിയാണ് ക്രൂഗ്‌ മാൻറ്റെ തൂലിക ചലിപ്പിച്ചതെന്ന് വിചാരിക്കുന്നതിൽ തെറ്റില്ല. വിസ്കോൺസിൻ നിയമനിർമ്മാണ സഭ നിയന്ത്രിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി, പൗരന്മാർക്ക് തെരഞ്ഞെടുപ്പുകാര്യത്തിൽ രണ്ടു താല്പര്യങ്ങൾ അനുവദിച്ചുകൊടുത്തു. കൊറോണാപ്പേടിയുള്ളവർ  വോട്ടവകാശം വേണ്ടെന്നുവെച്ചു വീട്ടിലിരിക്കുക, അല്ലെങ്കിൽ വരിയെടുത്തുനിന്ന് വോട്ടുചെയ്യുക. തെരെഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നും അസാന്നിദ്ധ്യവോട്ടിങ്ങിനുള്ള സമയം നീട്ടണമെന്നും ഡമോക്രാറ്റുകൾ ആവശ്യപ്പെട്ടു. എന്നാൽ റിപ്പബ്ലിക്കൻസ് അത് നിരാകരിച്ചു. കോടതികളും അത് നിരാകരിച്ചു. സാമൂഹ്യ അകലം അവശ്യം പാലിക്കേണ്ട കാലത്തു നടന്ന തെരഞ്ഞെടുപ്പിൽ മിൽവാക്കി പ്രദേശത്തെ 180 ബൂത്തുകളിൽ 5 എണ്ണം മാത്രമായിരുന്നു പ്രവർത്തിച്ചത് എന്നറിയുക!


ഏപ്രിൽ 7 - ന് നടന്ന തെരഞെടുപ്പിൻറ്റെ ഉള്ളുകള്ളികളും സാഹചര്യവും വിരൽചൂണ്ടുന്നത്‌ ചില അപകടകരമായ പ്രവണതകളുടെ നേരെയാണ്. കാര്യമായ പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോകുന്ന അമേരിക്കൻ ജനാധിപത്യത്തിൻറ്റെ നിലനിൽപ്പിനെ അത് സംശയത്തിൻറ്റെ മുനയിൽ എത്തിച്ചിരിക്കുന്നു. വലിയ കാലതാമസമില്ലാതെ കൊറോണപ്രശ്‌നം പരിഹൃതമാകും.സാമ്പത്തിക മാന്ദ്യത്തിൽനിന്നും സടകുടഞ്ഞെഴുന്നേൽക്കും. എന്നാൽ, ജനാധിപത്യ മൂല്യങ്ങൾക്ക് ഉടവുതട്ടിയാൽ ഉയർത്തെഴുനേൽപ്പ്‌ ക്ഷിപ്രസാദ്ധ്യമല്ല!  ഉറനഷ്ടപ്പെട്ട ഉപ്പിനു സമാനമായിരിക്കും! കൂരിരുട്ടിൽ ദീപം അണഞ്ഞുപോയാൽ അണയുന്ന അന്ധകാരം പോലെ!  ഇപ്പോഴത്തെ രീതിയിലാണ് കാര്യങ്ങളുടെ പോക്കെങ്കിൽ അമേരിക്കൻ ജനാധിപത്യത്തിൻറ്റെ അടിതെറ്റിയുള്ള വീഴ്ചയുടെ ദിനങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞിരിക്കുന്നു! സമകാലിക അമേരിക്കൻ ജനാധിപത്യത്തെ ക്രുഗ് മാൻ വിശേഷിപ്പിക്കുന്നത്: "oligarchic corporatocracy, corrupt beyond recognition" എന്നാണ്. കഴിഞ്ഞ വാരത്തിൽ വിസ്കോൺസിനിൽ കണ്ട കുഴകളി ഒരു കാര്യം വിളിച്ചു പറഞ്ഞു.  കുഴഞ്ഞുമറിഞ്ഞ തെരെഞ്ഞുടുപ്പുപ്രക്രിയ, ആഗോള വ്യാപകമായ വസന്ത, പക്ഷപാതപൂരിതമായ കക്ഷിരാഷ്ട്രീയം എന്നിവ ഒന്നിച്ചുചേർന്നാൽ എന്തു സംഭവിക്കും?   


പോൾ ക്രുഗ് മാൻറ്റെ ലേഖനത്തിന് മൂവായിരത്തിലധികം പ്രതികരണങ്ങളാണ് പൊന്തിവന്നത്. വായനക്കാരുടെ വികാരങ്ങളും വിചാരങ്ങളും ആധിയും വ്യഥയും വിളിച്ചറിയിക്കുന്നവയാണ്‌ അവയെല്ലാം. ക്രുഗ് മാൻറ്റെ സംശയങ്ങളെയും നിഗമനങ്ങളെയും അവർ അപ്പാടെ സാംശീകരിച്ചിക്കുന്നതായി കാണാം. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലെ We the people എന്നാരാഭിക്കുന്ന വാചകം ആകർഷകമായ കുറെ വാക്കുകളുടെ കേവല സഞ്ചയം മാത്രമാണെന്നാണ് ചിലരുടെ മതം.

വോട്ടവകാശത്തിൻറ്റെപേരിൽ റിപ്പബ്ലിക്കൻ പാർട്ടി കാണിക്കുന്ന കപടതയാണ് മറ്റനേകം പ്രതികരണങ്ങൾക്ക് നിദാനം. റിപ്പബ്ലിക്കൻ പാർട്ടിയുടെ കാലങ്ങളായുള്ള പാരമ്പര്യവും, അമേരിക്കൻ ഇതിഹാസവും പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. ചില സമൂഹങ്ങളുടെ സമ്മതിദാനാവകാശത്തെ കശക്കിക്കളയുവാൻ റിപ്പബ്ലിക്കൻ പാർട്ടി ദത്തശ്രദ്ധമാണ്. അമേരിക്കയെ ജനാധിപത്യ രാജ്യമെന്നു വിളിക്കുന്നതുതന്നെ ഒരു തമാശയായിട്ടാണ് ചിലർ കാണുന്നത്. ഇലക്ട്രോളൽകോളേജ് സവിധാനത്തിലാണത്രെ അതിൻറ്റെ തുടക്കം. അതാണെത്രെ പ്രധാന വില്ലൻ! ഒരു തലമുറക്കാലത്തിനുള്ളിൽത്തന്നെ, എതിരാളിയെക്കാൾ ലക്ഷക്കണക്കിനു ജനകീയ വോട്ടുകൾക്ക് പിന്നിലായിരുന്ന രണ്ടു സ്ഥാനാർത്ഥികൾ പ്രസിഡണ്ട് പദവിയിൽ അവരോധിക്കപ്പെട്ടത് നാം കണ്ടുകഴിഞ്ഞു. വോട്ടെണ്ണലിലെ വെട്ടിപ്പുകളിലൂടെ അത് തുടരുന്നു! പോൾ ടാക്സിലൂടെ അത് തുടരുന്നു! വോട്ടവകാശത്തിനുള്ള അർഹതയുടെ ശുദ്ധീകരണത്തിൽ (purge) അതിൻറ്റെ അതിപ്രസ്സരം പ്രകടമാണ്. അന്യായമായ നേട്ടത്തിൽ കണ്ണുനട്ടുള്ള, വോട്ടിങ്ങ് മേഖലകളുടെ നീതിക്കു നിരക്കാത്ത വിഭജനമാണ് ചിലരെ ചോടിപ്പിക്കുന്നത്. Gerrymandering എന്ന എത്തും പിടിയും കിട്ടാത്ത പേരുമായാണ് അതിൻറ്റെ പരാക്രമ പാച്ചിൽ. നമ്മുടെ മാധ്യമ സംസ്ക്കാരം മുച്ചൂടും ദുഷിച്ചിരിക്കുന്നു. മലീമസചിന്താഗതിക്കാരുടെ മുഖ്യ താവളമായിമാറിയിരിക്കുന്നു മാധ്യമരംഗം. ശരികളിൽനിന്നും നേരുകളിൽനിന്നും നമ്മെ വഴിതെറ്റിച്ചു വിടാൻ അവ പതിനെട്ട് അടവുകളും പ്രയോഗിക്കുന്നു! സമീപകാല സംഭവങ്ങൾ അവർവിജയിച്ചുകൊണ്ടിരിക്കുന്നതായി സാക്ഷിക്കുന്നു. നമ്മുടെ രാഷ്ട്രീയരംഗം ഭയാനകമായ വിധത്തിൽ കലുഷിതമായിക്കൊണ്ടിരിക്കുന്നു.

അനേകം സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനശൈലി അലങ്കോലപ്പെട്ടിരിക്കുന്നു. അഴിമതിയിൽ മുങ്ങിത്തുടങ്ങിയിരിക്കുന്നു. സർക്കാർ നിയമങ്ങൾ യഥാവിധി നടപ്പിലാക്കുന്നത് ജസ്റ്റീസ് ഡിപ്പാർട്മെൻറ്റിൻറ്റെ ചുമതലയാണ്. എന്നാൽ കടന്നുപോയ മൂന്നുവർഷക്കാലമായി പ്രസിഡൻറ്റിനെ ചോദ്യം ചെയ്യുന്നവരെ ഒതുക്കുന്നതിലാണ് അവർ അഭിരമിക്കുന്നത് എന്ന് തോന്നിക്കുന്നു.

 കാര്യമായ പോരായ്മകളും കുറ്റങ്ങളുമില്ലാതെ മുന്നേറിക്കൊണ്ടിരുന്ന ജനാധിപത്യമായിരുന്ന അടുത്തയിടവരെ, അമേരിക്കയുടേത്. എന്നാൽ, നാളെ അങ്ങനെ ആയിരിക്കുമെന്നു പ്രതീക്ഷിക്കുന്നവരുടെ എണ്ണം തുലോം കമ്മിയാണെന്ന് കണക്കുകൾ കാണിക്കുന്നു. നീതിവ്യവസ്ഥകൾക്കും  നിയമവാഴ്ച്ചക്കും തെല്ലും വിലകല്പിക്കാത്ത പ്രസിഡൻറ്റായി ട്രമ്പ് മാറിക്കൊണ്ടിരിക്കുന്നതായി കാണപ്പെടുന്നു. 2020-ലെ പൊതുതെരഞ്ഞെടുപ്പ് നീതിയുക്തമായിരിക്കില്ലെന്ന് ഭയപ്പെടുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നതായി കണക്കുകൾ കാണിക്കുന്നു.

അമേരിക്കൻ ജനാധിപത്യത്തിനുനേരെ കൊഞ്ഞനംകുത്തുന്ന ഇമ്മാതിരി നടപടികൾ ഇടതടവില്ലാതെ നടമാടുന്നു. പ്രോത്സാഹിപ്പിക്കപ്പെടുന്നു.


ജനാധിപത്യമാർഗ്ഗങ്ങളിലൂടെ വിജയം സുനിശ്ചിതമല്ലെന്നു കണ്ടാൽ ആധികാരദാഹികളായ യാഥാസ്ഥിതികർ ഏന്തുചെയ്യും? ജനാധിപത്യ രീതികൾക്ക് തുരങ്കം വയ്ക്കും! ജനാധിപത്യത്തെ അട്ടിമറക്കും! തലകീഴായി മറിച്ചു് ഏകാധിപത്യം പ്രതിഷ്ഠിക്കും. ഉദാഹരണങ്ങൾ എമ്പടിയുണ്ട്, ചരിത്രത്തിൽ. ആനുഷംഗികമായിട്ടാണെങ്കിലും, ഒരു കാര്യം എടുത്തുപറയേണ്ടിയിരിക്കുന്നു. അമേരിക്കയിലെ വലതുപക്ഷ മാധ്യമ രാജാക്കന്മാരിൽ കാര്യമായ പരിജ്ഞാനം നേടിയിട്ടുള്ളവരിൽ ഒരാളാണ് മൈക്കിൾ സാവേജ്‌. അദ്ദേഹത്തിൻറ്റെ ചില സമീപകാല നീരീക്ഷണങ്ങളും പ്രസ്താവങ്ങളും ശ്രദ്ധേയമാണ്. ഇടതുപക്ഷക്കാരെ എപ്പോഴും കുറ്റപെടുത്തുകയും, അവർ  വ്യാജം വിളമ്പുന്നുവെന്ന് വിളിച്ചുപറയുന്നത്‌ വ്രതമാക്കിയിരിക്കുന്നതുമായ വലതുപക്ഷക്കാരെ വിവരദോഷികളെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. “ജനങ്ങൾ കേൾക്കാൻ കാതു കോട്ടുന്ന കാര്യങ്ങൾ ചമത്ക്കാരത്തോടെ ചർവിതചർവണം ചെയ്യുന്ന കൂട്ടിക്കൊടുപ്പുകാരണവർ”


റിപ്പബ്ലിക്കൻ പാർട്ടി സൂക്ഷിക്കുന്ന ഒരു പരമ രഹസ്യമുണ്ട്. അമേരിക്കൻ ഐക്യനാടുകളിൽ ജീവിക്കുന്നവർക്ക് അത് പരസ്യമാണ്. എന്നാൽ, പാർട്ടിയുടെ പരമരഹസ്യം, പ്രസിഡന്റ്റ് ട്രമ്പ് പരസ്യമായി വിളിച്ചുപറഞ്ഞു!

 "മുൻകൂറുള്ള  വോട്ടിങ്ങും തപാൽ വോട്ടിങ്ങും  നാം വിപുലീകരിക്കയാണെങ്കിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു റിപ്പബ്ലിക്കൻ നമുക്കുണ്ടായില്ലെന്നുവരും."  അമേരിക്കയിലെ രണ്ടു  പ്രധാന രാഷ്ട്രീയ കക്ഷികളിൽ ഒന്നിന് ജനാധിപത്യ പ്രക്രിയയിൽ വിശ്വാസമില്ല! പിന്നെ എന്താണ് സംഭവിക്കുക? പോൾ ക്രുഗ് മാൻ ഭയപ്പെടുന്നതുപോലെ അമേരിക്കൻ ജനാധിപത്യം മരണശയ്യയിലായെന്നുവരാം!


അടുത്തയിടയിൽ അരങ്ങേറിയ ഇ൦പീച്ച്മെൻറ്റ്‌ നടപടികളിൽ സുപ്രധാനപങ്കു വഹിച്ച ദേഹമാണ് ബാരി ബെർക്. അമേരിക്കയിലെ ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി ഏപ്രിൽ 19-ലെ ന്യൂയോർക് ടൈ൦സിൽ അദ്ദേഹം ചില വസ്തുതകൾ വിശദീകരിച്ചിട്ടുണ്ട്. അമേരിക്കൻ പൗരന്മാരുടെ സുരക്ഷിതത്തിനും ആരോഗ്യത്തിനും ഉപരിയായി സ്വന്തം താല്പര്യങ്ങളും പാർട്ടിയുടെ താല്പര്യങ്ങളും സംരക്ഷിക്കാൻ പ്രസിഡണ്ട് ട്രമ്പ് വെമ്പൽ കൊള്ളുന്നതായി ബെർക് ആരോപിക്കുന്നു. കൊറോണവൈറസിന്റ്റെ ആരംഭദശയിൽ, ഭരണത്തിൻറ്റെ ഭാഗമായ ആരോഗ്യപരിപാലകർ ഉയർത്തിയ ജാഗ്രത സന്ദേശത്തെ പ്രസിഡണ്ട് കാര്യമായി ഗൗനിച്ചില്ല. സ്റ്റോക്ക് മാർക്കറ്റിനെയും രണ്ടാമൂഴത്തെയും ദോഷകരമായി ബാധിക്കുമെന്നുള്ള ഭീതിയായിരുന്നു പ്രസിഡൻറ്റിനെ നയിച്ചതെന്ന് അനുമാനിക്കപ്പെടുന്നു. ‘അനാവശ്യമായ ഇ൦പീച്ച്മെൻറ്റു നടപടികൾ’ പ്രസിഡൻറ്റിൻറ്റെ 

ഏകാഗ്രതയെ ഭഞ്ജിച്ചതായി വാദിക്കുന്നവരുണ്ട്.  എന്നാൽ, ഇ൦പീച്ചുമെൻറ്റിൽനിന്നും  പരിക്കുകളേക്കാതെ പുറത്തുവന്ന പ്രസിഡന്റ്റിന് അധികാരദുരുപയോഗത്തിൽ അഭിരമിക്കുവാൻ ആക്കം കിട്ടിയെന്നു വിശ്വസിക്കുന്നവരുമുണ്ട്‌. കൊറോണാ വിഷയത്തിൽ "I don't take responsibility at all" എന്ന്  അദ്ദേഹത്തെക്കൊണ്ട്‌ പറയിപ്പിച്ചത് പ്രസ്‌തുത വികാരമായിരിക്കാം! രാജ്യത്തെ നിയമങ്ങൾ തനിക്ക് ബാധകമല്ലെന്ന ധാരണ  പ്രസിഡൻറ്റ് ട്രമ്പിൻറ്റെ എല്ലാ പ്രവൃത്തികളെയും നയിക്കുന്നതായി കാണപ്പെടുന്നു. തൻറ്റെ ചെയ്തികളുടെ നിജസ്ഥിതി വെളിപ്പെടുത്തുന്നവരെ വെറുതെ വിടാൻ അദ്ദേഹം തയ്യാറല്ല! രഹസ്യാന്വേഷണ സമിതികളുടെ ഐ .ജി-യെ പറഞ്ഞുവിട്ടത് ഉദാഹരണം. കോറോണവൈറസിനെ പ്രതിരോധിക്കാനുള്ള വാക്സീൻ കണ്ടുപിടിക്കാനുള്ള സമിതിയുടെ തലവനായ ഡോക്ടർ റിക്ക് ബ്രൈറ്റിൻറ്റെ സ്‌ഥാനം തെറിച്ചത് മറ്റൊരു ഉദാഹരണം. വേറെയുമുണ്ട് ഉദാഹരണങ്ങൾ.

ഞെട്ടിപ്പിക്കുന്ന, കേട്ടുകേഴ്വിയില്ലാത്ത ഒരു പ്രസ്താവമല്ലെ ഏപ്രിൽ 17 -ന് അമേരിക്കൻ പ്രസിഡൻറ്റിൽ നിന്ന് രാജ്യം ശ്രവിച്ചത് : "Need to liberate states."


'ജനാധിപത്യം' എന്ന വ്യാജേന ഏകാധിപത്യം വാഴ്ച നടത്തുന്ന രാജ്യങ്ങളനവധിയാണ്. ആ വ്യാജ ജനാധിപത്യങ്ങളെ നാം കുറ്റപ്പെടുത്താറുണ്ട്! അവിടെ നടമാടുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ നാം അപലപിക്കാറുണ്ട്! അവിടങ്ങളിൽ ജനാധിപത്യം പറിച്ചുനടാൻ നാം പാടുപെടുന്നു. നമ്മുടെ ആളും അർത്ഥവും ആയുധങ്ങളും വിനിയോഗിക്കാൻ മനസ്സുതുറക്കുന്നു. യുദ്ധത്തിലേർപ്പെടാൻ തയ്യാറാകുന്നു. ഇതിനെയല്ലേ വിരോധാഭാസമെന്നു വിളിക്കുക! നമ്മൾ ജീവിക്കുന്ന ജനാധിപത്യത്തെപ്പറ്റി ഇടക്കിടെ ഗൃഹപഠനം ആവശ്യമല്ലേ! അതിനുമെനക്കെടാതെ, അല്ലെങ്കിൽ നമ്മുടെ വീഴ്ചകൾ മറച്ചുവയ്ക്കാൻ  മറ്റുള്ളവരുടെമേൽ മേക്കിട്ടുകേറാൻ മിടുക്കുകാണിക്കുന്നു.

ജനാധിപത്യം അപകടത്തിൽ എന്ന് വിളിച്ചുകൂവുന്നു. മരിച്ചുകൊണ്ടിരിക്കുന്നുവെന്ന് സങ്കടപ്പെടുന്നു. വിളിച്ചുകൂവിയതുകൊണ്ടോ, സങ്കടപ്പെട്ടതുകൊണ്ടോ കിം പ്രയോജനം!
Join WhatsApp News
JACOB 2020-04-24 08:56:10
Sorry, Paul Krugman has zero credibility. News on Nov 9, 2016 statement by Krugman: "The economic fallout of Donald Trump presidency would be severe and widespread enough to plunge the world into recession." Krugman is a Democrat operative and a political hack. He has no credibility. This is a political article to support Joe Biden.
Boby Varghese 2020-04-24 11:31:07
Mr. Neduvelil, please make sure to wake up Joe Biden every 5 minutes. He wants to sleep a lot. Last month, he showed his sister and introduced her as his wife. You also introduced Paul Krugman. In 2016, before elections, that stupid guy predicted that if Trump got elected, the stock market will crash and would never recover.. He got Nobel prize for stupidity.
we love our President. 2020-04-24 12:45:24
We have a great president. He is smart, he knows many things more than the doctors. We are patriots and we will listen to our president. He is well respected all over the World and all countries call him for help and advice. We are sending our women to him, they will clean him and keep him healthy. We are ashamed of why some malayalees don’t like him. You became rich because he promised a vibrant economy and he did it. If our president tell us to drink bleach, we will. Buy shares of Clorox & Lysol. Then you will be rich like us and will be republicans. This is a joint statement from trump supporters- we love Trump, he is Jesus..
Anthappan 2020-04-24 14:08:34
Trump and his illiterate supporters would do anything to win. They don't care how many people die. So never ever use or inject Lysol or Clorox into our body. It is poison and it will kill you. This is applicable to all Trump supporters showing up on this page too. Trump is becoming another Jim Jones.
Boby Varghese 2020-04-24 16:28:39
Trump to fake news and to Democrats :- " Get some draino and clorox, drink it and clean your internal systems ".
Jack Daniel 2020-04-24 22:28:50
An Enema with Lysolclorox mix will be enough to clean my stomach? One of the Trump supporters can advice me. And also drinking Corona beer can cause cause virus? Virus can easily attracted to the name associated with just like a child getting excited to see the mother.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക