Image

കുരിശു ചുമക്കുന്നവർ (കവിത: അനിൽ കുമാർ .എസ്‌ .ഡി)

Published on 21 April, 2020
കുരിശു ചുമക്കുന്നവർ (കവിത: അനിൽ കുമാർ .എസ്‌ .ഡി)
നിന്റെ ഭാരം ഞാൻ തിരിച്ചറിഞ്ഞപ്പോഴാണ്
നമ്മൾ പരസ്പരം
കുരിശു ചുമന്നത്

നിന്റെ ഹൃദയതാളം
അകലങ്ങളിൽ നിന്നും
എനിയ്ക്കു കേട്ടപ്പോൾ
കുരിശിന്റെ ഭാരം
അപ്പൂപ്പൻ താടിയുടേതായിരുന്നു

നിന്റെ മുഖo നിലക്കണ്ണാടിയിൽ
പൊട്ടിയപ്പോഴാണ് നമ്മൾ
ജീവിതത്തിന്റെ കുരിശ്
ചുമക്കാൻ തുടങ്ങിയത്

നിന്റെ ഇരുപുറവും
കള്ളന്മാരെ കെട്ടിയിട്ട
കുരിശിൽ നീ യാത്രയായെന്നു
ഞാൻ ബോധ്യപ്പെട്ടപ്പോൾ
നിന്റെ രക്തം എന്റേതല്ലെന്നു
ഞാൻ തിരിച്ചറിഞ്ഞു

ഒരേ കിടക്കയിൽ മുഖം കൊടുക്കാതെ കിടന്നപ്പോഴാണ്
കിടക്ക പകുത്ത കഥകൾ
നമ്മൾ വിളമ്പിയത്

കോടതി വരാന്തയിൽ
നിയമങ്ങൾ നമ്മളെ
കുരിശിൽ തറച്ചപ്പോൾ
ഉയർത്തെഴുന്നേൽപ്പിന്റെ
മൂന്നാം നാളിനായി
നിന്നെ നഷ്ടപ്പെട്ട വെള്ളിയാഴ്ച്ച
ഞാൻ സൃഷ്ടിക്കുകയായിരുന്നു

നിന്റെ കുരിശിന്റെ ഇരുപുറവും
തൂങ്ങിക്കിടന്നത് നാം തന്നെ
മെനെഞ്ഞെടുത്ത ജീവനെന്നു
തിരിച്ചറിയാതെ നമ്മൾ
എറിഞ്ഞകല്ലുകൾ വേദനയാകുന്നു

നമ്മെ ഒറ്റിക്കൊടുത്ത യൂദാസ്
നെഞ്ചിൻകൂടിലിരുന്നു ചിരിക്കുമ്പോൾ
അവസാനഅത്താഴത്തിന്
നമ്മുടെചോരയിൽ നിന്നും
ഉറഞ്ഞവീഞ്ഞു വിളമ്പുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക