Image

എന്താണ് ക്ലൗഡ് കമ്പ്യൂട്ടിങ്ങ് (സുനില്‍ തോമസ് തോണിക്കുഴിയില്‍)

സുനില്‍ തോമസ് തോണിക്കുഴിയില്‍ Published on 21 April, 2020
 എന്താണ് ക്ലൗഡ് കമ്പ്യൂട്ടിങ്ങ് (സുനില്‍ തോമസ് തോണിക്കുഴിയില്‍)
കുറെ ദിവസമായി ടീവിയിലും പത്രത്തിലും ക്ലൗഡ് നിറഞ്ഞു നില്‍ക്കുകയാണ്. പലരും കഥയറിയാതെ ആടുന്നു, ആട്ടം കാണുന്നു. രാഷ്ട്രീയം പുറത്തു വെച്ച് ക്ലൗഡ് കമ്പ്യൂട്ടിങ്ങ് എന്താണെന്ന് വിശദീകരിക്കാന്‍ ശ്രമിക്കാം.

SSLC പരീക്ഷാഫലം വളരെ ആകാംക്ഷാപൂര്‍വ്വം എല്ലാവരും നോക്കുന്ന ഒന്നാണ്. പക്ഷേ, ഫലം വരുന്ന ദിവസം മന്ത്രിയുടെ പത്രസമ്മേളനം കഴിഞ്ഞ ഉടന്‍ സൈറ്റ് നോക്കുന്ന മിക്കവര്‍ക്കും സൈറ്റ് തുറക്കില്ല. . ഇതിനു പല കാരണങ്ങളുണ്ട്. അവ എന്താണെന്ന് നോക്കാം. ഈ സൈറ്റ് സെറ്റുചെയ്തു വച്ചിരിക്കുന്ന കമ്പ്യൂടറിന്റെ (server) പരിമിതിയാണ് ആദ്യത്തെത്.

നമ്മള്‍ ഓരോതവണ റിസള്‍ട് നോക്കുമ്പോഴും ഇതിനായി ഈ കമ്പ്യൂടറില്‍നിന്ന് നിശ്ചിതയളവ് കമ്പ്യൂടിങ് പവറും മെമറിയും ഉപയോഗിക്കും. നൂറോ മുന്നൂറോ ആള്‍ക്കാര്‍ ഒന്നിച്ച് റിസള്‍ട് നോക്കിയാല്‍ സെര്‍വറിന് ഒന്നും സംഭവിക്കില്ല. എന്നാല്‍ ഒരുലക്ഷം ആളുകളൊന്നിച്ചു റിസള്‍ട് അന്വേഷിച്ചുവന്നാല്‍ അതു കമ്പ്യൂടറിനു കൈകാര്യംചെയ്യാനാവില്ലാ.

ഇതുപോലെയാണ് ഈ സെര്‍വറിന് ആവശ്യമായ ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത് . കമ്പ്യൂടറിനകത്തേക്കും പുറത്തേക്കും ഡാറ്റാ സഞ്ചരിക്കുന്ന ഒരു ഹൈവേ ആയി ഈ ബാന്‍ഡ് വിഡ്തിനെ പരിഗണിക്കാം. ഹൈവേയില്‍ പത്തോ അഞ്ഞൂറോ കാറുകള്‍ വളരെ സ്മൂതായി പോകും. പക്ഷേ, ഒരുലക്ഷം കാര്‍ ഒന്നിച്ചുവന്നാല്‍ ഹൈവേയുടെ വീതി കൂട്ടിയേപറ്റൂ.

ഈ സാഹചര്യത്തില്‍ സര്‍കാരിനു ചെയ്യാവുന്നത് പത്തോ നൂറോ കമ്പ്യൂടറുകളുടെ ഒരു ക്ലസ്റ്ററുണ്ടാക്കി കമ്പ്യൂടിങ് പവര്‍ കൂട്ടാം. അതുപോലെ വലിയ ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത് എടുക്കാം. പക്ഷേ, വലിയ മുതല്മുടക്കു് വേണ്ടിവരും. കമ്പ്യൂടറുകള്‍, UPS , എയര്‍ കണ്ടീഷ്ണര്‍ , ബില്‍ഡിങുകള്‍, പിന്നതു നോക്കിനടത്താന്‍ ആളുകള്‍ എന്നിങ്ങനെ നിരവധി ചെലവുകളുണ്ടാകും. ഈ റിസള്‍ടുനോട്ടം ആകെ ഒറ്റദിവസത്തെ പരിപാടിയാണ് എന്നോര്‍ക്കണം. ഇവിടെയാണ് ക്ലൗഡുകള്‍ കടന്നുവരുന്നത്. അവ എന്താണെന്നു നോക്കാം.

സര്‍കാറിനു ചെയ്യാവുന്ന ഒരു കാര്യം ഒന്നോ രണ്ടോ ദിവസത്തേയ്ക്കു കുറെയധികം കമ്പ്യൂടറുകളും ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്തും വാടകയ്‌ക്കെടുക്കുക എന്നതാണ്. നമ്മുടെ കല്യാണസ്ഥലത്തൊക്കെ കസേരയും മേശയും വാടകയ്‌ക്കെടുക്കില്ലേ; അതുപോലെ.

ക്ലൗഡ് സര്‍വീസുകള്‍ ചെയ്യുന്ന ഒരു പണി ഏകദേശം ഇതുപോലെയാണ്. നിങ്ങള്‍ക്ക് ആവശ്യമായ infrastructure വാടകയ്ക്ക് തരും. Infrastructure as a Service (IaaS) എന്നാണിതിനെ വിളിക്കുന്നത്. ലോകവ്യാപകമായ കണക്ടിവിറ്റിയുള്ള ഇക്കാലത്ത് ഇങ്ങനെ വാടകയ്‌ക്കെടുക്കുന്ന കമ്പ്യൂടറുകള്‍ നിങ്ങളുടെ രാജ്യത്ത് ആയിരിക്കണമെന്നില്ല. കമ്പ്യൂടര്‍ എവിടെയായിരുന്നാലും ഇന്റര്‍നെറ്റ് വഴി റിസള്‍ട് കിട്ടിയാല്‌പോരേ. ഈ മോഡലില്‍ ഓടുന്ന സോഫ്‌റ്റ്വെയറും ഡേറ്റായും നമ്മുടെ കയ്യില്‍ തന്നെയാകും. ക്ലൗഡ് സര്‍വ്വിസ് തരുന്നയാള്‍ ഹയര്‍ സര്‍വീസുകാരനെ പോലെയാണ്. മേശ കസേര സ്റ്റൗ എല്ലാം തരും സാധനങ്ങള്‍ വാങ്ങി സദ്യ നമ്മള്‍ തന്നെ ഉണ്ടാക്കണം വിളമ്പണം.

ലോകത്തെ പ്രധാനപ്പെട്ട ക്ലൗഡ് പ്രൊവൈഡര്‍മാര്‍ ആമസോണ്‍ , മൈക്രോസോഫ്റ്റ്, ആലിബാബാ തുടങ്ങിയ ഭീമന്‍കമ്പനികളാണ്. നിങ്ങള്‍ക്ക് ഇവരില്‍നിന്ന് ആവശ്യാനുസരണം കമ്പ്യൂടിങ് സര്‍വീസുകള്‍ വാടകയ്‌ക്കെടുക്കാം. റിസള്‍ട് വരുന്നദിവസം 96 കോറുള്ള വമ്പന്‍ കമ്പ്യൂടര്‍ വാടകയ്ക്ക് വാങ്ങാം. സാധാരണ ദിവസങ്ങളില്‍ ഇതേ റിസള്‍ട് ഒന്നോ രണ്ടോ കോറുള്ള കമ്പ്യൂടറുകളില്‍ ഓടിക്കാം.

ക്ലൗഡ് ദാതാക്കള്‍ തരുന്ന അടുത്ത സേവനം platform as a service അഥവാ Paa S ആണ്.
ഈ മോഡലില്‍ നിങ്ങള്‍ക്ക് വേണ്ടി വരുന്ന ഹാര്‍ഡു വെയറും നമ്മുടെ ആപ്ലിക്കേഷന്‍ ഉണ്ടാക്കുന്നതിനുള്ള ടൂളുകളും കൂടിത്തരും ഓപ്പറേറ്റിങ്ങ് സിസ്റ്റവും പ്രോഗ്രാമിംഗ് ഭാഷയും മറ്റ് ടൂളുകളും കൂടി കാണും . ഹയര്‍ സര്‍വ്വീസുകാരന്‍ മേശക്കും കസേരക്കും പുറമേ അരിയും പലവ്യന്‍ഞ്ചനവും കൂടി തരും. ബിരിയാണിയാണോ ഊണാണോ ഉണ്ടാക്കേണ്ടതെന്ന് നമുക്ക് തീരുമാനിക്കാം.

ഇനി നമുക്ക് നാട്ടിലെ എല്ലാ സ്‌കൂളുകള്‍ക്കും സര്‍കാര്‍വിലാസം മെയിലൈഡി കൊടുക്കണമെന്നിരിക്കട്ടേ. നമ്മുടെയൊക്കെ മെയിലൈഡി മിക്കവാറും ജിമെയിലിലായിരിക്കും. sunilxyz123@gmail.com എന്നൊക്കെയാകും മെയില്‍. അതേ സമയം മുഖ്യമന്ത്രിയുടെ മെയില്‍ chiefminister@kerala.gov.in എന്നാണ് ആ @നുശേഷം വരുന്നതാണ് കേരള സര്‍ക്കാരിന്റെ ഡൊമെയ്ന്‍നെയിം. ഔദ്യോഗികകാര്യങ്ങള്‍ക്ക് ഇത്തരം സ്വന്തം ഡൊമൈനില്‍നിന്ന് ഉള്ള ഇമെയിലുകള്‍ക്കാണ് സാധുത .

മെയില്‍ അയക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള സോഫ്‌റ്റ്വെയര്‍ ഗൂഗിള്‍ ഉണ്ടാക്കിയിട്ടുണ്ട്. നമുക്ക് അവര്‍ അതിന്റെ കുറഞ്ഞ സൗകര്യങ്ങളുള്ള ഒരു വെര്‍ഷന്‍ സൗജന്യമായി തരുന്നതാണ് ജിമെയില്‍. നമുക്ക് നമ്മുടെ സര്‍കാര്‍ ഡൊമെയ്‌നിലുള്ള മെയിലുകളെ ഈ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഓടിക്കാം. 5000 സ്‌കൂളുകള്‍ക്ക് മെയില്‍ ഐഡി വേണെമെങ്കില്‍ ഐഡി ഒന്നിന് 2500 രൂപാനിരക്കില്‍ ഗൂഗിള്‍ ഈ സര്‍വീസ് തരും. അവര്‍ സ്പാംഫില്‍ട്ടര്‍ ,സെക്യൂരിറ്റി ഒക്കെ നോക്കും. നമ്മള്‍ ഒന്നും അറിയേണ്ടാ. ഇത്തരം സര്‍വീസുകളെ നമ്മള്‍ osftware as a Service SaaS എന്നാണ് വിളിക്കുന്നത്. Gmail service നമുക്കു വാടകയ്ക്ക് തരും. നമ്മള്‍ ഒന്നും അറിയണ്ട . നൂറ് പേര്‍ക്ക് ബിരിയാണി ഓഡര്‍ ചെയ്താല്‍ സകല സാധനവും വീട്ടില്‍ വരും. അഥിതികള്‍ക്ക് ഇരിക്കാന്‍ മേശ, കസേര, കുട്ടിക്കാന്‍ വെള്ളം പ്ലേറ്റ് എന്നിവ സഹിതം. നമുക്ക് സൗകര്യം പോലെ വിളമ്പി കൊടുക്കാം.

ഇത്തരം നിരവധി സോഫ്റ്റ് വെയര്‍ സര്‍വീസുകള്‍ പല കമ്പനികളും തരുന്നുണ്ട് . നിങ്ങള്‍ ഫ്രീ ആയി ഉപയോഗിക്കുന്ന പലതരം സര്‍വീസുകളും ഇത്തരത്തില്‍ കൊമേഷ്യല്‍ ഉപയോഗത്തിനു ലഭ്യമാണ് . ജിമെയില്‍, ഓഫിസ് എന്നിവ ഇവയില്‍ ചിലതാണ്. ക്ലയന്റ് യാതൊന്നും അറിയണ്ട. എല്ലാം സര്‍വ്വീസ് പ്രൊവൈഡര്‍ നോക്കും.

ഇത്തരം സര്‍വീസുകള്‍ കമ്പനിയെ നാം വിശ്വസിച്ചേ പറ്റൂ. മറ്റ് പല രംഗങ്ങളിലും ഇതുപോലെ ചില വിശ്വാസങ്ങളുടെ പുറത്തല്ലേ നമ്മുടെ നിത്യ ജീവിതം നിരങ്ങി നീങ്ങുന്നത് . മാരുതികാര്‍ ഓടിക്കുന്നയാളെ വണ്ടിക്കുള്ളില്‍ ഒളിക്യാമറ വെച്ച് സുസുക്കി ചതിക്കില്ല എന്നല്ലേ നമ്മുടെ ധാരണ.

പാലും പെട്രോളും ഗ്യാസും നമുക്ക് കിട്ടുന്നതു പോലെ കമ്പ്യൂട്ടിങ്ങ് സേവനങ്ങളെ തരുകയാണ് ക്ലൗഡ് സേവന ദാതാക്കള്‍ ചെയ്യുന്നത്. ക്ലൗഡ് സേവനങ്ങളുപയോഗിക്കാതെ ഇക്കാലത്ത് നമുക്ക് മുന്നോട്ട് പോകാനാകില്ല.

ഇന്റര്‍നെറ്റ് അതിരുകളില്ലാത്ത ഒരു ലോകമാണു് നമുക്കുമുന്‍പില്‍ തുറന്നു തരുന്നത്. അതിനാല്‍ ഇന്റര്‍നെറ്റ് അധിഷ്ഠിതസേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കൃത്യമായ കരാറുകളും നിയമങ്ങളും ആവശ്യമാണ്. ഉദാഹരണത്തിന് SSLC ഫലം അപഗ്രഥിച്ചു നല്‍കുന്ന SaaS കമ്പനിക്ക് കുട്ടികളുടെ ഡാറ്റാ നല്കാതിരിക്കാനാവില്ലാ. ഈ കമ്പനി കുട്ടികളുടെ പേരും അഡ്രസും ട്യൂഷന്‍ സെന്ററുകാരനു നല്‍കുന്നില്ലായെന്ന് ഉറപ്പുവരുത്തണം. ഇവിടെയാണ് പ്രൈവസി നിയമങ്ങള്‍ കടന്നുവരുന്നത്. ഡാറ്റാ സുരക്ഷിതത്വവും പ്രൈവസിയും ഒരു ടെക്‌നോളജി ചലഞ്ച് അല്ല.മറിച്ച് അത് സ്റ്റേറ്റ് നിയമം മൂലം ഒരുക്കിത്തരേണ്ട മൗലിക അവകാശമാണ്.

ശക്തമായ നിയമങ്ങളാണ് ഇതിനാവശ്യം. ഏതെങ്കിലും രീതിയില്‍ ഡാറ്റാ ചോര്‍ത്തി എന്നു തെളിഞ്ഞാല്‍ വലിയശിക്ഷ വേണം. കമ്പനി കുത്തുപാള എടുക്കുകയും മുതലാളി ഉണ്ടതിന്നുകയും വേണം..
യുറോപിലും അമേരിക്കയിലും മറ്റും ഇക്കാര്യത്തില്‍ കര്‍ശനമായ നിയമങ്ങളുണ്ട്. അതുപോലെ ഇവിടെയും ഉണ്ടാകണം.

 എന്താണ് ക്ലൗഡ് കമ്പ്യൂട്ടിങ്ങ് (സുനില്‍ തോമസ് തോണിക്കുഴിയില്‍)
 എന്താണ് ക്ലൗഡ് കമ്പ്യൂട്ടിങ്ങ് (സുനില്‍ തോമസ് തോണിക്കുഴിയില്‍)
Join WhatsApp News
Ponmelil Abraham 2020-04-21 07:14:10
Very informative and detailed explanation.
Boby Varghese 2020-04-21 08:49:49
Thanks. Thanks a lot.
M. A. George 2020-04-21 09:17:52
Thank you 🌞 Sunil.
mathew v zacharia, new yorker 2020-04-21 11:46:11
Computer, Suil Thomas: Well informed and great service to the community Mathew V. Zacharia , New Yorker
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക