Image

ചെവിയുള്ളവൻ കേൾക്കട്ടെ (കഥ: സീമ സ്റ്റാലിൻ)

Published on 20 April, 2020
ചെവിയുള്ളവൻ കേൾക്കട്ടെ (കഥ: സീമ സ്റ്റാലിൻ)
കാലത്തെഴുന്നേറ്റു കുളിച്ചു , വസ്ത്രം മാറി , പത്ര കടലാസിന്റെ പാതി കീറി ചിരട്ടക്കരി പൊതിഞ്ഞെടുത്തു പത്രോസ് കപ്യാര് വീട്ടിൽ നിന്നിറങ്ങി .

പോലീസ് സ്റ്റേഷനിൽ ചെന്ന് പേരെഴുതി രെജിസ്റ്ററിൽ ഒപ്പിട്ടു താക്കോല് വാങ്ങി .

കാരണം എഴുതുക എന്നതിന് താഴെ പോലീസ്‌കാരൻ ശവമടക്ക് എന്ന് എഴുതുന്നത് കണ്ടപ്പോൾ ഉള്ളിലൂടെ ഒരു വിറയൽ.

ശവം ... ഇന്നലെ കാലത്തും കൂടി കണ്ടതാണ് മത്തായി സാറിനെ . നേരത്തോടു നേരമായില്ല , ദേഹത്ത് നിന്നും പ്രാണൻ പോയാൽ പിന്നെ എല്ലാര്ക്കും ഒരേ പേര് ..

ചൂടിറങ്ങിയാൽ വച്ച് വൈകിപ്പിച്ചു നാറ്റിക്കാതെ മറവു ചെയ്യേണ്ട ഒന്ന് .

പള്ളി മുറ്റം ഇത്ര ഒറ്റപ്പെട്ടു ആയുസ്സിൽ കണ്ടിട്ടില്ല .. പൂട്ടു വീണ ഗേറ്റ് തുറന്നു അകത്തു കടക്കുമ്പോൾ കപ്യാർ ഓർത്തു .

ചെറുപ്പത്തിൽ പള്ളിയ്ക്ക് മതിലുകൾ ഉണ്ടായിരുന്നില്ല ... സ്കൂള് വിട്ടു വന്നു കഴിഞ്ഞാൽ പള്ളി മുറ്റം അടിച്ചു വെടിപ്പാക്കുന്നതായിരുന്നു ഒരു പണി .

അമ്മയുടെ ഒപ്പം പള്ളിപ്പണിയ്ക്കു കൂടിയതാണ് . അന്ന് മാസ ശമ്പളം ഇല്ല . പിടി അരിയാണ് കിട്ടുന്നത് . ഇടവകക്കാർ കഞ്ഞി വയ്ക്കാനെടുക്കുമ്പോൾ ഓരോ പിടി അരി മാറ്റി വച്ച് പള്ളിക്കാര്യത്തിൽ ഏൽപ്പിക്കുന്നതാണ് .

പല വീട്ടിലെ അരിമണികൾ ചേർന്നതായതു കൊണ്ട് പല നിറമായിരിക്കും വേവുമ്പോൾ ...

ചിലര് വഴിപാടു കൊടുക്കുന്നത് പോലെ പ്രാർത്ഥിച്ചു വീട്ടിലെ മുന്തിയ ഇനം അരി ഇടുമ്പോൾ ചിലർ പുഴുക്കുത്തുള്ള റേഷൻ അരി .

അന്ന് റേഷൻ കടയിലെ അരി ഇന്ന് കിട്ടുന്നത് പോലെയല്ല ... വേവുമ്പോൾ ഒരു നാറ്റമാണ് ...

കൂട്ടത്തിൽ പത്തു അരിമണിയെ ഉള്ളെങ്കിലും മുഴുവൻ ചോറും നാറ്റിച്ചു കളയും . എന്നാലും വിശപ്പറിയാതെ വളർന്നത് പള്ളിമുറ്റം നീണ്ടു നിവർന്നു കിടന്നതു കൊണ്ടാണ്

കറി സാമാനം വാങ്ങണമെങ്കിൽ കാശു വേണം , എണ്ണയ്ക്കും ...

ചില വൈകുന്നേരങ്ങളിൽ ചുറ്റും ആരുമില്ലെങ്കിൽ പള്ളി വിളക്കിൽ കൈ മുക്കും , ആ എണ്ണ ചേർത്ത് കുഴച്ചുണ്ണുന്ന ചോറിനു നല്ല രുചിയാണ് ..

പള്ളി വാതിൽ ഒരു പാളി തുറന്നു വച്ച് അകത്തു കയറി .. ലൈറ്റും ഒരു ഫാനുമിട്ടു ... അകത്തു നല്ല ചൂടാണ് .
ഒന്ന് രണ്ടു ജനലുകൾ കൂടി തുറന്നിട്ടു.... മേശപ്പുറം ഒന്ന് തൂത്തു തുടച്ചു , തൂക്കു വിളക്കിൽ കുറച്ചു കൂടി എണ്ണ ഒഴിച്ചു ...

ഫോൺ അടിച്ചു , അച്ചനാണ്‌, പത്തു മിനുട്ടിനുള്ളിൽ എത്തും ... ഇട്ടിരിക്കുന്ന വസ്ത്രത്തിനു മേലെ കപ്യാര് വെള്ളക്കുപ്പായം എടുത്തിട്ടു..

അമ്മച്ചിയുടെ വല്യ ഒരാഗ്രഹമായിരുന്നു മോൻ ശുസ്രൂക്ഷക്കാരനാവണമെന്നു ...

കരക്കാരുടെ മുന്നിൽ അൽപ്പം മുകളിലായി അങ്ങനേലും കൊച്ചു നിക്കട്ടെ എന്നോർത്താണോ അതോ വല്ല നേർച്ചയുമായിരുന്നോ ? അറിയില്ല

കടലാസ്സു കെട്ടഴിച്ചു ചെരട്ടക്കരി ചെമ്പു പാത്രത്തിലേക്ക് തട്ടിക്കുടഞ്ഞിട്ടു , ഇത്തിരി എണ്ണ തൂകി , വിളക്കിൽ നിന്നും മെഴുകുതിരി കത്തിച്ചു കരിയ്ക്കു ചോട്ടിൽ വച്ചു...

ചുവപ്പു കേറിയപ്പോൾ കുറച്ചു കനലുകൾ ധൂപക്കുറ്റിയിലേക്കു കോരിയിട്ടു , കുറച്ചു കുന്തിരിക്കവും തൂകി പുകച്ചു...


മത്തായി സാറിന്റെ വീട്ടിലേയ്ക്കു വിളിച്ചു .. ടീച്ചറാണെടുത്തത് ..

മക്കൾക്കൊന്നും വരാൻ പറ്റിയില്ല .. വിമാനമൊന്നും പറന്നു തുടങ്ങിയില്ലലോ ..

ബന്ധുക്കളായിട്ടും ആരും തന്നെ കൂടെയില്ല

ഒരു പത്തു മിനുട്ടാവുമ്പോൾ അച്ചനെത്തും , പ്രാർത്ഥന തുടങ്ങും എന്നറിയിച്ചു ...

കമ്പ്യൂട്ടർ തുറന്നു ലൈവ് മീറ്റിംഗിൽ കേറിക്കൊള്ളാൻ പറഞ്ഞു . മക്കളൊക്കെ പല സ്ഥലത്തും നിന്നും ചേരും...

മാമോദീസ മുറിയോട് ചേർന്ന ഭിത്തിയിലെ സ്വിച്ച് ഇട്ടു TV സ്ക്രീൻ ഓണാക്കി , ഗായക സംഘക്കാരുടെ സാധനങ്ങൾ വച്ചിരിക്കുന്ന ഭാഗത്തെ അലമാരത്തട്ടിൽ വച്ചിരിക്കുന്ന ലാപ്ടോപ്പ് തുറന്നു , ഇന്റർനെറ്റ് ഉണ്ടെന്നു ഉറപ്പു വരുത്തി,

തുറന്നു കിടന്ന വാതിൽ പാളിയിലൂടെ പുറത്തേയ്ക്കു നോക്കിയപ്പോൾ നേരെ കാണുന്ന കൈക്കാരന്മാർ ഇരിക്കുന്ന മാളികമുറ്റത്തേയ്ക്കു നോക്കിയപ്പോൾ ഒരു മാസം മുൻപത്തെ ഒരു കോലാഹലം കപ്യാരോർത്തു ...

അതും ഒരു ശവമടക്ക് ... കരക്കാര് മുഴുവനും പള്ളി മുറ്റത്തു കൂടി ഉന്തും തള്ളുമായി ...

അന്ന് മനം നൊന്താണ് കർത്താവിനെ വിളിച്ചു ചോദിച്ചത്

' ഇതൊക്കെ കാണുന്നുണ്ടോ എന്ന് '

ഉത്തരം ഒന്നും പ്രതീക്ഷിച്ചിട്ടല്ല ...

ഒറ്റ വാക്കിൽ ഉത്തരം പറയാനാവാത്ത പല വിഷമങ്ങളും ജീവിതത്തിൽ വരുമ്പോൾ കർത്താവിനെ ഇങ്ങനെ വിളിച്ചു ചോദിക്കാറുണ്ട് ..

അതും അമ്മച്ചിയിൽ നിന്നും പകർന്നു കിട്ടിയത് തന്നെ .

പണ്ടൊക്കെ ദൈവം പയ്യെ പയ്യെ .. ഇപ്പൊ ഇപ്പൊ കൂടെ കൂടെ ...

അച്ചൻ വന്നു , ലാപ്ടോപ്പിലെ മീറ്റിംഗ് റൂമിൽ കേറി , കാമറ അച്ഛനും കപ്യാരും നിൽക്കുന്നിടത്തേയ്ക്കു തിരിച്ചു വച്ചു , വീട്ടുകാരെല്ലാം കൂടിയിട്ടുണ്ട് ..

ഒരാഴ്ച മുൻപ് വിദേശത്തു നിന്നും വന്ന ബന്ധുവിനെ വഴിയിൽ വച്ചു കണ്ടതാണ് , കോവിഡ് ഉണ്ടെന്നൊക്കെ പറഞ്ഞു നാട്ടുകാര് ബഹളം വച്ചതു കൊണ്ട് ബോഡി ആശുപത്രിയിൽ നിന്നും തന്നെ പൊതു സംസ്ക്കാരത്തിന് അയച്ചു.

പ്രാർത്ഥന തുടങ്ങി , കപ്യാര് ധൂപക്കുറ്റി വീശി , ചുറ്റും കുന്തിരിക്കത്തിന്റെ പുക ..

പ്രാർത്ഥനകൾക്ക് പിന്നെ ഒരു മാറ്റമില്ല , അത് കേൾക്കുന്നവനും...

സംസ്കാര ശുശുഷ കഴിഞ്ഞു പള്ളി പൂട്ടി താക്കോല് സ്റ്റേഷനിൽ തിരിച്ചേല്പിച്ചു പത്രോസ് കപ്യാര് വീട്ടിലേയ്ക്കു നടന്നു ...

വണ്ടിതിരക്കും ആൾക്കൂട്ട ബഹളങ്ങളുമില്ലാത്ത ടാറിട്ട റോഡിൻറെ നടുക്കൂടെ ...

പൊടി ഭാരം പേറാത്ത തണുത്ത കാറ്റ് കപ്യാരെ തഴുകി കടന്നു പോയി ചെറുപ്പ കാലത്തേതു പോലെ ശുദ്ധമായ കാറ്റു....

ഇരു വശത്തേയും വീടുകളിലേക്ക് നോക്കി ... ചിലതിൽ പൂമുഖത്തും , ജനാലയ്ക്കലും പുറത്തേയ്ക്കുറ്റു നോക്കിയിരിക്കുന്ന മുഖങ്ങൾ ...

ഇവർക്കും ഉത്തരങ്ങൾ കിട്ടികാണുമോ ?

ആർക്കറിയാം ... ചെവിയുള്ളവൻ കേൾക്കട്ടെ ...

കണ്ണുള്ളവൻ കാണട്ടെ
ചെവിയുള്ളവൻ കേൾക്കട്ടെ (കഥ: സീമ സ്റ്റാലിൻ)
സീമ സ്റ്റാലിൻ
Join WhatsApp News
Be a Creator 2020-04-20 19:12:40
Don't waste your time trying to Discover Yourself. Create a Yourself. Even the old god of Hebrews left the Humans after creating the Woman. Yes!; the Man & Woman in you are Creators. Never compromise for an imitation, Be a creator.- andrew
ലിസ ലാലു 2020-04-21 05:53:32
ഗംഭീരം !❤ ആനുകാലികം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക