Image

സ്‌നേഹ ദീപമേ മിഴി തുറക്കൂ..' ലോകസൗഖ്യത്തിനായി പ്രാര്‍ഥിച്ചും ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചും യുകെയുടെ പ്രിയഗായകര്‍

Published on 18 April, 2020
സ്‌നേഹ ദീപമേ മിഴി തുറക്കൂ..' ലോകസൗഖ്യത്തിനായി പ്രാര്‍ഥിച്ചും ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചും യുകെയുടെ പ്രിയഗായകര്‍
ലണ്ടന്‍: കൊറോണ മൂലം ലോകം മുഴുവനും ഒറ്റപ്പെട്ടുകഴിയുമ്പോള്‍ ലോകജനതയുടെ സൗഖ്യത്തിനായി പ്രാര്‍ഥനാപൂര്‍വം യുകെയിലെ ഗായകര്‍. ആരോഗ്യമേഖലയില്‍ പ്രത്യേകിച്ച് എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കുമായി സമര്‍പ്പിച്ചിരിക്കുന്ന ഈ ഗാനം യുകെ മലയാളികളുടെ പ്രിയഗായകര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. 'താങ്ക്യൂ എന്‍എച്ച്എസ്' എന്ന പേരില്‍ ഗര്‍ഷോം ടിവി യാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

1972-ല്‍ പുറത്തിറങ്ങിയ 'സ്‌നേഹദീപമേ മിഴി തുറക്കൂ' എന്ന ചിത്രത്തില്‍ പി. ഭാസ്‌കരന്‍ എഴുതി പുകഴേന്തി സംഗീതം നല്‍കി എസ്. ജാനകി പാടിയ ഈ ഗാനം 27 യുകെ മലയാളികള്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

അവതാരകയായ സന്ധ്യ മേനോന്റെ ആമുഖത്തോടെ ആരംഭിക്കുന്ന ഈ ഗാനത്തിന് ശബ്ദം നല്‍കിയിരിക്കുന്നവര്‍ അനു ചന്ദ്ര, ഡോ. ഫഹദ്, ദീപ സന്തോഷ്, രാജേഷ് രാമന്‍, സത്യനാരായണന്‍, ഡെന്ന, അഷിത, മനോജ് നായര്‍, ഹെലന്‍ റോബര്‍ട്ട്, റെക്‌സ്, റോയ് സെബാസ്റ്റ്യന്‍, വിനു ജോസഫ്, ടെസജോണ്‍, ജോമോന്‍ മാമ്മൂട്ടില്‍, സാന്‍ ജോര്‍ജ്, ഹരികുമാര്‍ വാസുദേവന്‍, അലന്‍ ആന്റണി, ജിയ ഹരികുമാര്‍, ഹരീഷ് പാലാ, അനീഷ് ജോണ്‍, രഞ്ജിത് ഗണേഷ്, ശോഭന്‍ ബാബു, ജിഷ മാത്യു, അനീഷ് ജോര്‍ജ്, സോണി സേവ്യര്‍, ഷാജു ഉതുപ്പ്, ഷംസീര്‍ എന്നിവരാണ്. ഓരോരുത്തരും അവരവരുടെ സ്ഥലങ്ങളില്‍ ഇരുന്നുകൊണ്ട് തയാറാക്കിയ ഈ ഗാനത്തില്‍ യുകെയില്‍ നിന്നുള്ള പരമാവധി ഗായകരെ ചേര്‍ത്തുകൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.

യുകെയിലെ പ്രവാസിമലയാളികള്‍ ഭൂരിഭാഗം പേരും ജോലി ചെയ്യുന്ന എന്‍എച്ച്എസിന് പിന്തുണയും ആശംസകളുമായി ഇവിടുത്തെ ഗവണ്മെന്റും സ്ഥാപനങ്ങളും പൊതു സമൂഹവും ഇതിനോടകം തന്നെ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ എല്ലാദിവസവും വൈകിട്ട് 'വീ ഷാല്‍ ഓവര്‍കം' എന്ന ഫേസ്ബുക് ലൈവ് പ്രോഗ്രാമില്‍ നിരവധി ഗായകരും കലാകാരന്മാരുമാണ് പങ്കെടുത്തുവരുന്നത്. കലാരംഗത്തു പ്രവര്‍ത്തിക്കുന്ന യുകെ മലയാളികളില്‍ ഭൂരിഭാഗം ആളുകളും ഫേസ്ബുക്കിലൂടെ ലൈവ് പ്രോഗ്രാമുകളുമായി സജീവമായി നില്‍ക്കുന്നു. കോവിഡ് ഉയര്‍ത്തുന്ന ആശങ്കകളിലൂടെയും രോഗാവസ്ഥകളിലൂടെയും കടന്നു പോകുന്ന ലോകജനതക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുക എന്ന സദ്ദുദ്ദേശമാണ് എല്ലാ പ്രോഗ്രാമുകള്‍ക്കും.

ആരോഗ്യരംഗത്തെ പ്രവര്‍ത്തകരെ ബഹുമാനിച്ചു കൊണ്ട് തയാറാക്കിയ ഈ ഗാനവും അവരോടുള്ള ആദരവും സ്‌നേഹവും പ്രകടിപ്പിക്കുവാനുള്ള അവസരമായി കാണുന്നതായി ഇതില്‍ പങ്കെടുത്ത എല്ലാ കലാകാരന്മാരും അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക