Image

കരുതല്‍ തടങ്കലില്‍ നിന്നും കഠിനതടവിലേക്ക് (ഡല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 18 April, 2020
കരുതല്‍ തടങ്കലില്‍ നിന്നും കഠിനതടവിലേക്ക് (ഡല്‍ഹികത്ത് : പി.വി.തോമസ് )
ഇന്‍ഡ്യയില്‍ കൊറോണ ലോക്ക് ഡൗണ്‍ കരുതല്‍ തടങ്കലില്‍ നിന്നും കഠിന തടവിലേക്ക് വിഷു ദിവസം മാറിയപ്പോഴും ലോകത്ത് കൊറോണ മരണം ലക്ഷം കടക്കുകയും 20 ലക്ഷത്തിലേറെ രോഗികള്‍ ചികിത്സയിലായിരിക്കുമ്പോഴും യുവാന്‍ നോറ ഹരാരി എന്ന ചരിത്രകാരന്റെ പ്രവചനം ഒരു വെള്ളിടി പോലെയാണ് ശ്രവിച്ചത്. മനുഷ്യവര്‍ഗ്ഗം ഒരു നൂറ്റാണ്ടിനുള്ളില്‍ കഥാവശേഷമാകും. ജറുശലമില്‍ ജീവിക്കുന്ന ഹരാരി എന്ന ഇസ്രയലി ചരിത്രകാരന്‍ ലോകപ്രശസ്തനാണ്. അദ്ദേഹത്തിന്റെ 'സ്പ്പിയന്‍സ്, എ ഫ്രീബ്' ഹിസ്‌റററി ഓഫ് ഹ്യൂമന്‍ കൈന്റ്' എന്ന പുസ്തകം വളരെ പ്രസിദ്ധം ആണ്. ചരിത്രം ആരംഭിച്ചത് മനുഷ്യന്‍ ദൈവത്തെ കണ്ടുപിടിച്ചപ്പോള്‍ ആണെന്നും അവന്റെ അവസാനം അവന്‍ ദൈവത്തെപ്പോലെ ആകുമ്പോള്‍ ആയിരിക്കുമെന്നും ഹരാരി എഴുതുന്നു. കൊറോണക്ക് ശേഷമുള്ള ലോകം വിശ്വസിക്കാനാവാത്ത ഒട്ടേറെ പ്രതിഭാസങ്ങളുടെ അരങ്ങായിരിക്കുമെന്ന് ഹരാരി വിശ്വസിക്കുന്നു. മഹാമാരിയും അത് ഏല്പിച്ച സാമ്പത്തീക ആഘാതവും ലോകത്തിന് താങ്ങാനാവുകയില്ല. പ്രത്യേകിച്ചും വളരെയേറെ ചെറുരാജ്യങ്ങള്‍ക്ക്. അമേരിക്കക്ക് രണ്ട് ട്രില്യണ്‍ ഡോളറിന്റെ ഒരു രക്ഷാപദ്ധതി തയ്യാറാക്കുവാന്‍ സാധിച്ചേക്കാം. പക്ഷേ, യുക്കേഡര്‍, ഈജിപ്ത്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് അത് സാധിക്കുകയില്ല, ഹരാരി വിശ്വസിക്കുന്നു. കടവും കടക്കെണിയും അവരെ കാത്തിരിക്കുന്നു.

ഓണ്‍ലൈന്‍ യൂണിവാഴ്‌സിറ്റികളും വര്‍ക്ക് ഫ്രമം ഹോമും എല്ലാം അടങ്ങിയ ഒരു പുതിയ സാമൂഹ്യ പരീക്ഷണത്തിന്റെ വേദി ആകും ലോകം, ഹരാരി പ്രവചിക്കുന്നു. സംഘടിത തൊഴിലിന്റെ സര്‍വ്വസംഹാരമായിരിക്കും കൊറോണാനന്തര ലോകം ഹരാരിയുടെ അഭിപ്രായത്തില്‍.

അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ അമേരിക്കയുടെ സാമ്പത്തിക-പട്ടാണ മേല്‍ക്കോയ്മ തകരും. പടിഞ്ഞാറിന് പകരം കിഴക്ക് ഉയരു. എന്തുകൊണ്ട് അമേരിക്കയുടെ ആധിപത്യത്തെ അംഗീകരിക്കണം എന്ന ചോദ്യം ഉയരും ലോകമെമ്പാടും. മനുഷ്യനും മനുഷ്യനും തമ്മിലുള്ള പരസ്പര ഇടപെടല്‍ മാറിമറിയും. പക്ഷേ, ഏറ്റവും വലിയ ആപത്ത് വൈറസ് അല്ല. മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന വെറുപ്പും അജ്ഞതയും ആണ് വന്‍വിപത്ത്. ഏതായാലും കൊറോണക്ക് ശേഷമുള്ള ലോകത്ത് ഫോക്കസ് അമേരിക്കയില്‍ നിന്നും മറ്റ് ചില രാജ്യങ്ങളിലേക്ക് മാറും, ഹരാരി പ്രവചിക്കുന്നു. കൊറോണയെ ലോകം അതിജീവിക്കും.

ശരിയാണ് ഹരാരി പറഞ്ഞത്. അദ്ദേഹം തന്നെ ചൂണ്ടികാട്ടിയതുപോലെ കൊറോണയെക്കാള്‍ അപകടകാരി ആയിരുന്നു 1918-20 കാലത്തെ സ്പാനിഷ് ഫ്‌ളൂ. അത് 500 മില്യണ്‍ ജനങ്ങളെ ആണ് ബാധിച്ചത്. മരണം ഏകദേശം 5,00,00,000. ഇന്‍ഡ്യയെയും ഇത് സാരമായി ബാധിച്ചിരുന്നു. എന്നിട്ടും മനുഷ്യവര്‍ഗ്ഗം അവസാനിച്ചില്ല എന്നത് ഹരാരി ഓര്‍മ്മിക്കണം.

ഹരാരിയുടെ ചില വാക്കുകള്‍, ആശയങ്ങള്‍  ചിന്താര്‍ഹമാണ്. ഉദാഹരണമായി അദ്ദേഹം വിശ്വസിക്കുന്നു ഇതുപോലുള്ള മഹാമാരികള്‍ സ്വേച്ഛാധിപത്യ, ഏകാധിപത്യ ഭരണകൂടങ്ങളെ സൃഷ്ടിക്കും. അടിയന്തിരാവസ്ഥകള്‍ അതിന് കുപ്രസിദ്ധം ആണ്. ജനങ്ങള്‍ അവരുടെ ജീവന്‍ നിലനിര്‍ത്തുവാനുള്ള ഭയപ്പാടിലാണ്. സാമ്പത്തീക വ്യവസ്ഥിതി തകര്‍ച്ചയില്‍ ആണ്. അതുകൊണ്ട് ജനങ്ങള്‍ സര്‍വ്വശക്തനായ ഒരു നേതാവിനെ സ്വാഗതം ചെയ്യുന്നു. അവരെ സംരക്ഷിക്കണം, അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. അതുകൊണ്ട് ഏകാധിപത്യദിശയിലേക്കായിരിക്കും ചലനം. എല്ലാം നിയന്ത്രിക്കുന്ന, നിരീക്ഷിക്കുന്ന, സംരക്ഷിക്കുന്ന, എല്ലാം തികഞ്ഞ സ്വപ്‌നതുല്യനായ ഭരണാധികാരി ഇവിടെ ഉരുത്തിരിയുന്നു. എല്ലാം നിരീക്ഷിക്കുന്ന യന്ത്രങ്ങള്‍ ജനാധിപത്യത്തില്‍ പോലും പ്രത്യക്ഷപ്പെടുന്നു, സ്വാഗതാര്‍ഹം ആകുന്നു. അടിയന്തിരാവസ്ഥക്ക് ശേഷവും അവ കടന്നു പോവുകയില്ല, ഹരാരി മുന്നറിയിപ്പ് നല്‍കുന്നു.

ഹരാരിയുടെ മുന്നറിയിപ്പുകള്‍ നിസാരവല്‍ക്കരിക്കേണ്ടവയല്ല. കാരണം ഏകാധിപതികള്‍ വരുന്നതും സാമ്രാജ്യങ്ങള്‍ തകര്‍ന്ന് തരിപ്പണമാകുന്നതും ഇങ്ങനെയാണ്. ലോകം രോഗാതുരമാണ്. ബോംബുംകളും, മിസൈലുകളും, യുദ്ധ വിമാനങ്ങളും കൊറോണയുടെ മുമ്പില്‍ പകച്ചുനില്‍ക്കുകയാണ്. അവ രഹസ്യ താവളങ്ങളില്‍, തുരുമ്പ് എടുക്കുകയാണ്. യുദ്ധത്തിന്റെ ആയുധശാലകളില്‍ അവ കാഴ്ചവസ്തുക്കളായി മാറുകയാണ്.
ഇങ്ങനെ ഇരിക്കവെയാണ് ഏപ്രില്‍ 14-ന് പ്രധാനമന്ത്രിയുടെ വിഷുക്കൈനീട്ടത്തിനായി ജനം കാത്തിരുന്നത്. ദേശീയ അടച്ചുപൂട്ടലിന്റെ ഒന്നാംഘട്ടമായ 21 ദിവസം അന്ന് തീരുകയാണ്. പെട്ടെന്നുള്ള ഒരു അടച്ചുപൂട്ടല്‍ വിമുക്തി ആരും പ്രതീക്ഷിച്ചില്ലെങ്കിലും വിലങ്ങില്‍ നിന്നും കൂച്ചു വിലങ്ങിലേക്കുള്ള രൂപാന്തരം അത്ര പ്രതീക്ഷിക്കുന്നുമില്ല.
പ്രധാനമന്ത്രിക്ക് ഒരു ദുരിതനിവാരണവും ജനങ്ങള്‍ക്ക് നല്‍കുവാന്‍ ഉണ്ടായിരുന്നില്ല. ഏപ്രില്‍ 20 വരെ കടുത്ത നിരീക്ഷണം. അതിനുശേഷം ചില ഇളവുകള്‍. അവയില്‍ തിരുത്തല്‍ വരുത്തുവാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി ഇല്ല. ഫെഡറലിസത്തെ കയ്യേറുന്ന ഈ കേന്ദ്രാധിപത്യത്തെ കൊറോണയുടെ പേരില്‍ സഹിക്കുക. ഹരാരിയെ ഓര്‍മ്മിക്കുക. ഏപ്രില്‍ 20 നുശേഷമുള്ള ചില്ലറ ഇളവുകള്‍ക്ക് ശേഷം മെയ് 3 വരെ കൊറോണ ഏകാധിപത്യവും ദേശീയ അടച്ചുപൂട്ടലും തുടരും. അതിനുശേഷവും അടച്ചുപൂട്ടല്‍ നീക്കം ചെയ്യുമെന്ന് യാതൊരു ഉറപ്പും ഇല്ല.

ജീവിതത്തിനും ജീവിതമാര്‍ഗ്ഗത്തിനും മുന്‍ഗണന നല്‍കികൊണ്ടുള്ള അടച്ചുപൂട്ടല്‍ ആണ് ഇന്‍ഡ്യ സ്വീകരിക്കുന്നതെന്ന് മോദി പറഞ്ഞു. പക്ഷേ, വിശക്കുന്നവരും വീടില്ലാത്തവരുമായ ജനലക്ഷങ്ങള്‍ക്ക് പ്രത്യേകിച്ചും ദേശാന്തര ഗമനം നടത്തുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് വീടെത്തുവാനുള്ള തീവണ്ടു നല്‍കുവാനോ ആഹാരമോ പാര്‍പ്പിടമോ നല്‍കുവാന്‍ മോദിക്കായില്ല. എങ്കിലും അദ്ദേഹം ബാബാ സാഹബ് അംബേദ്ക്കറെ പ്രകീര്‍ത്തിക്കുവാന്‍ മടിച്ചില്ല. ഏപ്രില്‍ 14 അംബേദ്ക്കറുടെ ജന്മദിനവും ആയിരുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗവും തുടര്‍ന്നുള്ള ഇളവ് പട്ടികയും ജനങ്ങളുടെയും സംസ്ഥാനങ്ങളുടെയും സാമ്പത്തീക രക്ഷക്കായി ഒന്നും പറഞ്ഞുകേട്ടില്ല. രക്ഷപ്പെടുവാനുള്ള, ജീവിക്കുവാനുള്ള വഴി സ്വയം കണ്ടെത്തിക്കോളുക എന്നതായിരിക്കാം മോദിയുടെ പ്രമാണം. അടച്ചുപൂട്ടലില്‍ ജനം കൊറോണയില്‍ നിന്നും രക്ഷപ്പെട്ടേക്കാം. പക്ഷേ, പട്ടിണിയും, രോഗവും, പണവും മരുന്നു ഇല്ലായ്മയും ലക്ഷങ്ങളെ കാര്‍ന്നു തിന്നും. സംസ്ഥാന ഗവണ്‍മെന്റ്ുകള്‍ പലതും അടച്ചു പൂട്ടേണ്ടതായി വന്നേക്കും. ജനങ്ങളുടെ രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുവാന്‍, അടച്ചുപൂട്ടപ്പെട്ട അവര്‍ക്ക് വൈദ്യസഹായവും ഉപദേശവും നല്‍കുവാന്‍ ഗവണ്‍മെന്റ് എന്തു നടപടി എടുക്കും?

ദേശീയ അടച്ചുപൂട്ടല്‍ കൊറോണക്കെതിരെ ഏറ്റവും ശക്തമായ ഒരു നടപടി ആയിരുന്നു. ഇക്കാര്യത്തില്‍ മോദി കേരളമുഖ്യമന്ത്രി പിണറായി വിജയന്റെ പാത പിന്തുടര്‍ന്നു. നല്ലത്. മറിച്ച് അദ്ദേഹം ആത്മസുഹൃത്തായ ട്രമ്പിന്റെ പാത പിന്തുടര്‍ന്നായിരുന്നെങ്കില്‍ ഇന്‍ഡ്യ ഒരു ശവപ്പറമ്പ് ആകുമായിരുന്നു. ട്രമ്പിന്റെ അനുഭവം ഓര്‍മ്മയില്‍ ഉള്ളതുകൊണ്ടാണ് മോദി ജീവിതത്തിനും ജീവിത മാര്‍ഗ്ഗത്തിനും തുല്യസ്ഥാനം നല്‍കുമെന്ന് പറഞ്ഞത്. ജീവിത മാര്‍ഗ്ഗത്തിനുവേണ്ടി ഒന്നും ചെയ്തതായി കണ്ടില്ല. അത് വേറെ കാര്യം. ട്രമ്പാകട്ടെ നയത്തിന് പ്രമുഖസ്ഥാനം നല്‍കി ജീവിതങ്ങള്‍ പൊലിച്ചു. ട്രമ്പിന്റെ സ്വന്തം വിധേയനായ മോദി-ഒരു ദിനപ്പത്രം വിശേഷിപ്പിച്ചതുപോലെ-ഇപ്പോള്‍ തീവ്രരക്ഷാപ്രവര്‍ത്തനത്തിലാണ്. ഇന്‍ഡ്യയുടെയും ട്രമ്പിന്റെയും. സൗഹൃദങ്ങളുടെ ബാലപാഠം മോദി മറന്നു. തരക്കാര്‍ തമ്മിലാണ് സൗഹൃദം. അത് രാഷ്ട്രങ്ങളുടെ കാര്യത്തിലായാലും വ്യക്തികളുടെ കാര്യത്തിലായാലും. തരക്കാര്‍ തമ്മില്‍ അല്ലാത്ത ബന്ധത്തില്‍ ആണ് പ്രാരംഭ ഹസ്തദാനത്തിനും പൊള്ളയായ പ്രശംസക്കും ശേഷം അടുത്തപടിയായി ഭീഷണി വരുന്നത്. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ പുറത്തറിഞ്ഞ ഒരു സംഭവം മാത്രം.

ദേശീയ അടച്ചുപൂട്ടല്‍ എല്ലാവരെയും തടങ്കലില്‍ ആക്കിയിരിക്കുകയാണ്. സ്വന്തം തടങ്കല്‍ പാളയത്തില്‍ നിന്നും പരസ്പരം ബന്ധപ്പെടുവാനുളള മാര്‍ഗ്ഗം ഫോണ്‍ മാത്രം ആണ്. പരിഭവവും, പരാതിയും സുഖവും അസുഖവും അങ്ങനെ പങ്കു വയ്ക്കും. ആണുങ്ങള്‍ക്ക് മുടിവെട്ടായിരിക്കും ഈ 40 ദിന അടച്ചുപൂട്ടലില്‍ ഒരു പ്രശ്‌നം. പലരും അതു പറയുകതെന്നെ ചെയ്തു. പ്രൊഫസര്‍ ഓംചേരി എന്‍.പിള്ള ഒരു ദിവസം ലേഖകനെ വിളിച്ച് ആശ്വാസപൂര്‍വ്വം പറഞ്ഞു, മുടിവെട്ടിച്ചു. അരിവെയ്പ്പുകാരന്‍ വെട്ടിതന്നു. 93 വയസ്സുള്ള ഓം ചേരിക്ക് മുടി ഉണ്ടെന്ന് തന്നെ ഞാന്‍ ഓര്‍ത്തത് അപ്പോഴാണ്. ദല്‍ഹിയിലെ ഏറ്റവും പ്രായം കൂടിയ മലയാളികളില്‍ ഒരാള്‍ ആണ് പണ്ഡിതനും നാടകകൃത്തുമായ ഓംചേരി. അടച്ചുപൂട്ടല്‍ സമയം നന്നായി ഉപയോഗിക്കുന്നവരുണ്ട്. ഉദാഹരണായി എഴുത്തുകാരന്‍ സക്കറിയ. അദ്ദേഹം എഴുതുവാനുള്ള യാത്രാവിവരണങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയാക്കി. രണ്ടാമത്തെ ഇംഗ്ലീഷ് നോവലിന്റെ പണിപ്പുരയില്‍ സജീവവും ആയി. സര്‍ഗ്ഗാത്മകം ആകട്ടെ ഈ കൊറോണ അടച്ചുപൂട്ടല്‍.

കരുതല്‍ തടങ്കലില്‍ നിന്നും കഠിനതടവിലേക്ക് (ഡല്‍ഹികത്ത് : പി.വി.തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക