Image

നല്ല നടപ്പ്: ധരുണ്‍ രവിയുടെ ശിക്ഷാ കാലാവധി കുറച്ചേക്കും; യുഎസ് ഗായകന്‍ ഫിലിപ് ഫിലിപ്‌സ് അമേരിക്കന്‍ ഐഡല്‍

Published on 24 May, 2012
നല്ല നടപ്പ്: ധരുണ്‍ രവിയുടെ ശിക്ഷാ കാലാവധി കുറച്ചേക്കും; യുഎസ് ഗായകന്‍ ഫിലിപ് ഫിലിപ്‌സ് അമേരിക്കന്‍ ഐഡല്‍
ന്യൂയോര്‍ക്ക്: റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ടൈലര്‍ ക്ലിമെന്റിന്റെ ആത്മഹത്യ ചെയ്ത കേസില്‍ 30 ദിവസത്തെ തടവുശിക്ഷ ലഭിച്ച ഇന്ത്യന്‍ വംശജന്‍ ധരുണ്‍ രവി (20)യ്ക്ക് ശിക്ഷാ കാലാവധിയില്‍ ഇളവ് ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ശിക്ഷാ കാലയളവിലെ നല്ലനടപ്പാണ് രവിയുടെ ശിക്ഷാ കാലവധി കുറയ്ക്കാന്‍ ഇടയാക്കുകയെന്ന് ന്യൂജേഴ്‌സി കറക്ഷന്‍സ് അധികൃതര്‍ പറഞ്ഞു. ശിക്ഷാ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ബുധനാഴ്ച് അപ്പീല്‍ നല്‍കിയിരുന്നു. ഇതിനെതിരെ രവിയും അപ്പീല്‍ നല്‍കും. ഈ മാസം 31 മതലാണ് രവിയുടെ ശിക്ഷാ കാലവധി ആരഭിക്കേണ്ടിയിരുന്നത്. എന്നാല്‍ അപ്പീലിന്റെ പശ്ചാത്തലത്തില്‍ അത് നീണ്ടു പോയേക്കും

ജയില്‍ ശിക്ഷയ്ക്കു പുറമെ രവിക്ക് മൂന്നു വര്‍ഷത്തെ നല്ല നടപ്പും 300 മണിക്കൂര്‍ നിര്‍ബന്ധിത സാമൂഹിക സേവനവും മിഡില്‍സെക്‌സ് കൗണ്ടി ജഡ്ജി ഗ്ലെന്‍ ബെര്‍മന്‍ ശിക്ഷയായി വിധിച്ചിരുന്നു. ഇതിനു പുറമെ സൈബര്‍ അശ്ലീല പ്രചാരണത്തിനെതിരെ രവി കൗണ്‍സിലിംഗിന് വിധേയനാവണമെന്നും നല്ല നടപ്പ് കാലവധിയില്‍ പ്രൊബേഷന്‍ വകുപ്പിന് 10,000 ഡോളര്‍ പിഴ ഒടുക്കണമെന്നും ബെര്‍മന്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. പിഴ തുക പക്ഷപാതിത്വപരമായ പെരുമാറ്റത്തിനിരയാവര്‍ക്കുള്ള സൗകര്യമൊരുക്കാനായാണ് വിനിയോഗിക്കുക.

യുഎസ് ഗായകന്‍ ഫിലിപ് ഫിലിപ്‌സ് അമേരിക്കന്‍
ഐഡല്‍

വാഷിംഗ്ടണ്‍: ഗിറ്റാറിസ്റ്റും ഗായകനുമായ ഫിലിപ്പ് ഫിലിപ്‌സ് അമേരിക്കന്‍
ഐഡല്‍ ടാലന്റഅ ഷോയില്‍ വിജയിയായി. ജോര്‍ജിയയിലെ ലീസ്ബര്‍ഗില്‍ ഒരു ഷോപ്പിലെ ജീവനക്കാരനാണ് 21കാരനായ ഫിലിപ്‌സ്. തെക്കന്‍ കാലിഫോര്‍ണിയ സ്വദേശി ജെസീക്ക സാഞ്ചസ്(16) ആണ് റണ്ണര്‍ അപ്പ്. യുഎസ് ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വീക്ഷിച്ച പരിപാടികളിലൊന്നായിരുന്നു അമേരിക്കന്‍ ഐഡല്‍ ടാലന്റ് ഷോ. ഫൈനല്‍ റൗണ്ടില്‍ 132 മില്യണ്‍ പ്രേഷകരാണ് മത്സരാര്‍ഥികള്‍ക്ക് വോട്ട് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് പുരുഷ മത്സരാര്‍ഥി തെരഞ്ഞെടുക്കപ്പെടുന്നത്. രണ്ടു മണിക്കൂര്‍ നീണ്ട ഫൈനലിന് ശേഷമാണ് വിജയിയെ പ്രഖ്യാപിച്ചത്.

യുഎസ് സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ക്കെതിരെ 64 ലൈംഗീക പീഡന കേസുകള്‍

വാഷിംഗ്ടണ്‍: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ യുഎസ് സീക്രട്ട് ഏജന്റുമാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത് 64 ലൈംഗീക പീഡന കേസുകള്‍. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് രണ്ടു സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പെടെ എട്ടു സീക്രട്ട് സര്‍വീസ് ഏജന്റുമാരെ പുറത്താക്കുകയും നാലുപേരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തുവെന്ന് യുഎസ് സെനറ്റ് പാനല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ കൊളംബിയയിലെ കാര്‍തഹേനയില്‍ അമേരിക്കന്‍ രാഷ്ട്ര ഉച്ചകോടിക്ക് പ്രസിഡന്റ് ബറാക് ഒബാമ എത്തുന്നതിന് മുന്നോടിയായി വന്ന സീക്രട്ട് സര്‍വീസ് അംഗങ്ങള്‍ ലൈംഗികത്തൊഴിലാളികളെ ഹോട്ടല്‍മുറിയില്‍ വിളിച്ചുവരുത്തിയ സംഭവം പുറത്തായത് വിവാദമായിരുന്നു. ലൈംഗികത്തൊഴിലാളികള്‍ക്ക് പണം നല്‍കുന്നത് സംബന്ധിച്ച് തര്‍ക്കമുയര്‍ന്നതാണ് സംഭവം പുറത്താവാന്‍ കാരണമായത്.

ഭാര്യയെ പീഡിപ്പിച്ച ഇന്ത്യന്‍ വംശജന് മൂന്നു വര്‍ഷം നല്ലനടപ്പ്

ന്യൂയോര്‍ക്ക്: ഭാര്യയെ ലൈംഗീകമായി പീഡിപ്പിക്കുകയും അടിമയോടെന്നപോലെ പെരുമാറുകയും ചെയ്ത ഇന്ത്യന്‍ വംശജന് മൂന്നു വര്‍ഷം നല്ലനടപ്പ് ശിക്ഷ. ഇന്ത്യന്‍ വംശജനായ വിശാല്‍ ജഗോട്ടയെ(34) ആണ് റോക്‌ലാന്‍ഡ് കൗണ്ടി ജഡ്ജി വില്യം നെല്‍സണ്‍ നല്ലനടപ്പിനും 220 മണിക്കൂര്‍ നേരത്തെ സാമൂഹിക സേവനത്തിനും ശിക്ഷിച്ചത്. ഇതിനു പുറമെ 1000 ഡോളര്‍ പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. ജഗോട്ടയ്‌ക്കെതിരെ മൂന്നാം ഡിഗ്രി കുറ്റമാണ് കോടതി ചുമത്തിയത്. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച് വിവാഹിതനായ ജഗോട്ട മൂന്നു വര്‍ഷത്തോളം ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

കേസില്‍ ജഗോട്ടയുടെ മാതാവ് പര്‍വീണ്‍ (57), സഹോദരി രജനി (31) എന്നിവരെയും കോടതി കുറ്റക്കാരാണെന്ന് കണ്‌ടെത്തിയിട്ടുണ്ട്. ഇവരുടെ ശിക്ഷ അടുത്തമാസം പ്രഖ്യാപിക്കും.ഇവര്‍ക്കെതിരെ മനുഷ്യക്കടത്ത് ഉള്‍പ്പെടെ രണ്ടാം ഡിഗ്രി കുറ്റമാണ് കോടതി ചുമത്തിയത്. ജോലിചെയ്യാത്തതിന് മരുമകളെ പര്‍വീണ്‍ ഇസ്തിരിപ്പെട്ടിക്കൊണ്ട് പൊള്ളിച്ചുവെന്നും പ്രോസിക്യൂഷന്‍ കണ്‌ടെത്തി. അതേസമയം ജഗോട്ടയുടെ പിതാവ് അമന്‍ ജഗോട്ടയെ (62) മനുഷ്യക്കടത്ത്, ലൈംഗീക പീഡനക്കുറ്റങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

യെമനിലെ അല്‍ക്വയ്ദ വെബ്‌സൈറ്റ് യുഎസ് ഹാക്ക് ചെയ്തു

ടാംപ: അല്‍ക്വയ്ദയ്‌ക്കെതിരെ പുതിയ നീക്കവുമായി അമേരിക്ക. യെമനിലെ അല്‍ക്വയ്ദ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്താണ് തീവ്രവാദികള്‍ക്കെതിരെ അമേരിക്ക പുതിയ നടപടി കൈക്കൊണ്ടത്. അമേരിക്കക്കാരെ കൊല്ലണം എന്ന അജന്‍ഡയുമായി പ്രത്യക്ഷപ്പെട്ട വെബ്‌സൈറ്റ് 48 മണിക്കൂറിനുള്ളില്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ വിദഗ്ധര്‍ ഹാക്ക് ചെയ്‌തെന്നു സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്‍ അറിയിച്ചു. അല്‍ക്വയ്ദ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട യെമന്‍കാരുടെ എണ്ണം നല്‍കിയാണ് അതേപോലൊരു വെബ്‌സൈറ്റിന് അമേരിക്കന്‍ വിദഗ്ധര്‍ രൂപം കൊടുത്തത്.

സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് രൂപീകരിച്ച സെന്റര്‍ ഫോര്‍ സ്ട്രറ്റീജിക് കൗണ്ടര്‍ ടെററിസം കമ്യൂണിക്കേഷന്‍സ് വിഭാഗത്തില്‍ നയതന്ത്ര വിദഗ്ധര്‍, കംപ്യൂട്ടര്‍ വിദഗ്ധര്‍, സ്‌പെഷല്‍ ഓപ്പറേറ്റര്‍മാര്‍, ഇന്റലിജന്‍സ് അനലിസ്റ്റുകള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ഇവര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളും മറ്റു വെബ്‌സൈറ്റുകളും നിരന്തരം നിരീക്ഷിക്കുന്നുണ്ട്.

ഡ്രീംലൈനര്‍ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയം

വാഷിംഗ്ടണ്‍: എയര്‍ ഇന്ത്യയുടെ വിമാന ശ്രേണിയിലേക്ക് ഇനി ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം കൂടി വരുന്നു. ഇതിന്റെ ആദ്യത്തെ പരീക്ഷണ പറക്കല്‍ അമേരിക്കയിലെ സൗത്ത് കരോലിനയില്‍ നടന്നു. പരീക്ഷണം വിജയകരമായിരുന്നു എന്ന് വിമാന നിര്‍മ്മാണ കമ്പനി അറിയിച്ചു. സൗത്ത് കരോലിന പ്‌ളാന്റില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ഡ്രീം ലീനിയര്‍ വിമാനമാണിത്. 2012 മധ്യത്തോടു കൂടി ഇത് എയര്‍ ഇന്ത്യയുടെ ഭാഗമാകും എന്നാണ് കമ്പനി അറിയിച്ചിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക