പക്ഷെ ഭാഷാ പഠനത്തിന്റെ ആവശ്യവും സാധ്യതയും മുൻപത്തേക്കാളും കൂടുതലാകും. ലോകത്തെ ഭാഷകൾ തമ്മിൽ നിർമ്മിത ബുദ്ധികൊണ്ട് ബന്ധിക്കപ്പെടുന്പോൾ, നിലവിൽ പരസ്പരബന്ധിതമല്ലാത്ത ഏറെ കോളങ്ങൾ തമ്മിൽ ബന്ധമുണ്ടാകും. ഉദാഹരണത്തിന്, ഇപ്പോൾ നമ്മൾ ഒരു മാസ്കിന് വേണ്ടി ഇംഗ്ളീഷിൽ സെർച്ച് ചെയ്താൽ ഇംഗ്ളീഷ് ഭാഷയിലുള്ള വെബ്സൈറ്റുകളിൽ നിന്നല്ലാതെയുള്ള റിസൾട്ട് കിട്ടില്ല. പക്ഷെ ലോകത്തെ ഏറ്റവും വലുതും വിലകുറഞ്ഞതുമായ സപ്ലയർ ചൈനയിൽ ആയിരിക്കുമുള്ളത്. അവർക്ക് ചൈനീസ് വെബ്സൈറ്റ് ഉണ്ടാകുകയും ചെയ്യും. ബിസിനസിന് മാത്രമല്ല, യാത്രക്കും പഠനാവസരങ്ങൾക്കും ഗവേഷണത്തിനുമൊക്കെ പണ്ട് ബന്ധിപ്പിച്ചിട്ടില്ലാത്ത സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കും.
ഇങ്ങനെയൊരു സാഹചര്യം വന്നാൽ, രാജ്യങ്ങൾ തമ്മിൽ ഭാഷ തടസമായിരിക്കുന്നതുകൊണ്ട് നടക്കാതെ പോയിരിക്കുന്ന ബിസിനസ് - വ്യാവസായിക കൈമാറ്റങ്ങൾ കൂടുകയും ചെയ്യും. ഇക്കണോമിക്ക് ആക്ടിവിറ്റികൾ കൂടും. അപ്പോൾ തീർച്ചയായും ഇരുഭാഗത്തുനിന്നുമുള്ള മനുഷ്യബന്ധങ്ങൾ ഉണ്ടാകേണ്ടിവരും. ഇവിടെയാണ് ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയുന്നവർക്കുള്ള അവസരങ്ങളുണ്ടായി വരുന്നത്. മുൻപുപറഞ്ഞത് കൂടാതെ ഗവേഷണം, യാത്ര, ജോലി തുടങ്ങിയ അവസരങ്ങൾ കൂടുതൽ തുറന്നുവരും
ഒരുകാലത്ത് ഭാഷ എന്നുള്ളത് നമ്മുടെ തലച്ചോറിൽ നിക്ഷേപിക്കപ്പെട്ട ഒരു ചിപ്പിലൂടെ നമുക്ക് അനായാസമായി മനസ്സിലാക്കാൻ പറ്റുന്ന ഒന്നായി മാറിയേക്കാം. അങ്ങനെ വന്നാൽ ഒരുപക്ഷേ പുതിയ ഒരു രാജ്യത്തേക്ക് പോകണമെങ്കിൽ ആ രാജ്യത്തെ ‘ഭാഷ ആപ്പ്’ തലച്ചോറിലേക്ക് നേരിട്ട് ഡൗൺലോഡ് ചെയ്താൽ മതിയാകും. പക്ഷെ അതിനിയും ചുരുങ്ങിയത് ഒരു തലമുറ അകലെയാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ കോളേജിലുള്ള തലമുറയും ഭാഷ പഠിക്കുന്നതാണ് ബുദ്ധി.
ഈ ലോക്ക് ഡൌൺ കാലത്ത് പുതിയതായി ഒരു ഭാഷ പഠിക്കുന്നതിനെപ്പറ്റി ചിന്തിച്ചു തുടങ്ങുക. എല്ലാക്കാലവും വീട്ടിൽ ഒതുങ്ങിയിരുന്ന ലോകമല്ല, പുറത്തിറങ്ങിയാൽ പരമാവധി യാത്ര ചെയ്യുന്ന ലോകമാണ് ഈ ലോക്ക് ഡൌൺ കാലത്ത് നാം സ്വപ്നം കാണേണ്ടത്. ഭാഷ അതിനുള്ള ഒരു തുടക്കമാകട്ടെ!