Image

ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മീഷണര്‍ ജോര്‍ജ്‌ തോമസിനെ ഫോമ ആദരിച്ചു

ബി. അരവിന്ദാക്ഷന്‍ Published on 24 May, 2012
ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മീഷണര്‍ ജോര്‍ജ്‌ തോമസിനെ ഫോമ ആദരിച്ചു
ന്യൂയോര്‍ക്ക്‌: നാസ്സാ കൗണ്ടിയിലെ ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മീഷണര്‍ ആയി നിയമിതനായ ജോര്‍ജ്‌ തോമസിനെ ഇന്ത്യന്‍- അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ്‌ ലോംഗ്‌ ഐലന്റും, ഫോമയും ചേര്‍ന്ന്‌ ന്യൂയോര്‍ക്കില്‍ ആദരിച്ചു.

ടേസ്റ്റ്‌ ഓഫ്‌ കൊച്ചിന്‍ റെസ്റ്റോറന്റ്‌ ഹാളില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ ഫോമ പ്രസിഡന്റ്‌ ബേബി ഊരാളില്‍, അനിയന്‍ ജോര്‍ജ്‌, ഷാജി എഡ്വേര്‍ഡ്‌ എന്നിവര്‍ സംസാരിച്ചു. കൗണ്ടിയെ പ്രതിനിധീകരിച്ച്‌ ലെജിസ്ലേറ്റര്‍ റിച്ചാര്‍ഡ്‌ ജെ. നിക്കലേലൊ, കൗണ്ടി ജഡ്‌ജ്‌ ഡേവിഡ്‌ പി. സല്ലവന്‍, ന്യൂഹൈഡ്‌ പാര്‍ക്ക്‌ ഫയര്‍ കമാന്‍ഡര്‍ റിക്ക്‌ സ്റ്റെയിന്‍ തുടങ്ങിയവര്‍ അനുമോദിക്കുകയും കൗണ്ടിയുടെ സഹകരണം എല്ലാ തലത്തിലും സമൂഹത്തിന്‌ ഉണ്ടാകുമെന്ന്‌ പ്രസ്‌താവിക്കുകയും ചെയ്‌തു.

കൗണ്ടിയിലെ നൂറ്‌ ശതമാനം ലെജിസ്ലേറ്റര്‍മാരുടെ പിന്തുണയോടെയാണ്‌ കൗണ്ടി എക്‌സിക്യൂട്ടീവ്‌ എഡ്വേര്‍ഡ്‌ പി. മന്‍ഗാനോ, ജോര്‍ജ്‌ തോമസിനെ ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മീഷണറായി നിയമിച്ചത്‌. ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ്‌ ലോംഗ്‌ ഐലന്റിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ നാലു വര്‍ഷം ജോര്‍ജ്‌ നേതൃത്വം നല്‍കി നടത്തിയ വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ സമൂഹവും ഡെമോക്രാറ്റ്‌സും റിപ്പബ്ലിക്കനും ഒരുപോലെ അഭിനന്ദിച്ചിരുന്നു.

പ്രാദേശിക തലത്തില്‍ ആത്മാര്‍ത്ഥമായി സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ അംഗീകാരം അവരെ തേടിവരുമെന്ന്‌ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ പറഞ്ഞു. ഫോമയുടെ ജുഡീഷ്യറി കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച്‌ സംഘടനയ്‌ക്ക്‌ ശക്തിപകര്‍ന്ന വ്യക്തിയാണ്‌ ജോര്‍ജ്‌ തോമസ്‌ എന്ന്‌ അദ്ദേഹം പറഞ്ഞു.

ഫോമയുടെ 51 അംഗ സംഘടനകള്‍ക്കുവേണ്ടി ഷാജി എഡ്വേര്‍ഡ്‌ ആശംസകള്‍ നേര്‍ന്നു.  കൗണ്ടിയിലെ ആദ്യത്തെ ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മീഷണറാകുന്ന ഭാരതീയന്‍ പ്രൊഫ. പ്രവീണ്‍ ചോപ്ര ആയിരുന്നു എന്ന്‌ ഓര്‍മ്മിച്ചുകൊണ്ട്‌ സുനില്‍ കുഴംപാല ജോര്‍ജ്‌ തോമസിനെ ആദരിച്ചു.

മാര്‍ത്തോമാ സെന്റ്‌ ജോണ്‍സ്‌ ചര്‍ച്ചിനുവേണ്ടി റവ. ജോജി മാത്യു ആശംസകള്‍ നേര്‍ന്നു. ബെഞ്ചമിന്‍ ജോര്‍ജ്‌, വിനോദ്‌ കെയാര്‍കെ, ഗോപിനാഥ കുറുപ്പ്‌, സാബു ലൂക്കോസ്‌, തോമസ്‌ ടി. ഉമ്മന്‍, സജി ഏബ്രഹാം, കേരള ഭൂഷണം എഡിറ്റര്‍ ഡോ. കെ.സി. ചാക്കോ, സാബു ലൂക്കോസ്‌, റജി കുര്യന്‍, ഡോ. ജേക്കബ്‌ തോമസ്‌ തുടങ്ങിയവര്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ ആശംസകള്‍ നേര്‍ന്ന്‌ സംസാരിച്ചു.

എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യത ഉറപ്പാക്കുകയും നീതി നടപ്പാക്കുകയുമാണ്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മീഷണറുടെ ചുമതലയെന്ന്‌ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ കേരള ഘടകം പ്രസിഡന്റും മുന്‍ കമ്മീഷണറുമായ കളത്തില്‍ വര്‍ഗീസ്‌ ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട്‌ പറഞ്ഞു.

കേരളത്തിലെ കോ-ഓപ്പറേറ്റീവ്‌ പ്രസ്ഥാനത്തിലും കേരള കോണ്‍ഗ്രസിന്റെ യൂത്ത്‌ വിഭാഗത്തിലും പ്രവര്‍ത്തിച്ചാണ്‌ താന്‍ പൊതുസേവനത്തിന്റെ ബാലപാഠങ്ങള്‍ നേടിയതെന്ന്‌ അനുമോദനങ്ങള്‍ക്ക്‌ നന്ദി പറഞ്ഞുകൊണ്ട്‌ ജോര്‍ജ്‌ തോമസ്‌ പറഞ്ഞു.

നസ്സാവ്‌ കൗണ്ടി തന്നിലര്‍പ്പിച്ച വിശ്വാസത്തിനും, കൗണ്ടി എക്‌സിക്യൂട്ടീവ്‌ എഡ്‌ മന്‍ഗാനോ നല്‍കിയ നിയമനത്തിനും ജോര്‍ജ്‌ തോമസ്‌ നന്ദി പ്രകാശിപ്പിച്ചു.

ഫോമാ നാഷണല്‍ കമ്മിറ്റിയംഗം ബെഞ്ചമിന്‍ ജോര്‍ജ്‌ സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്‌തു. ലോംഗ്‌ ഐലന്റ്‌ മലയാളി അസോസിയേഷന്‍ സെക്രട്ടറി വര്‍ഗീസ്‌ ജോസഫ്‌ നന്ദി പറഞ്ഞു.
ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മീഷണര്‍ ജോര്‍ജ്‌ തോമസിനെ ഫോമ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക