Image

ന്യു യോര്‍കില്‍ കോവിഡിനെ തോല്പ്പിച്ച എഴുത്തുകാരനായ റഫീഖ് തറയിലിനെപറ്റി ശ്രീലേഖ ചന്ദ്രശേഖര്‍

Published on 16 April, 2020
ന്യു യോര്‍കില്‍ കോവിഡിനെ തോല്പ്പിച്ച എഴുത്തുകാരനായ റഫീഖ് തറയിലിനെപറ്റി ശ്രീലേഖ ചന്ദ്രശേഖര്‍
ന്യു യോര്‍കില്‍ കോവിഡിനെ തോല്പ്പിച്ച എഴുത്തുകാരനായ റഫീഖ് തറയിലിനെപറ്റി ശ്രീലേഖ ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്കില്‍.

യു.എസിലെ ന്യൂയോര്‍ക്കില്‍ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരികയാണ്, അതുപോലെ മരണങ്ങളും. കൊറോണ എന്ന മഹാമാരിയില്‍ ഇതുവരെ ഒട്ടനവധി ജീവന്‍ പൊലിഞ്ഞുകഴിഞ്ഞു, ന്യൂയോര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ പ്രേതനഗരമായി മാറിയിരിക്കുകയാണ് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്തിലെ വൈറസ് ബാധിതരില്‍ നാലിലൊന്നും യു.എസിലാണ്. അതില്‍ മൂന്നിലൊന്നും ന്യൂയോര്‍ക്കിലും. ഓരോ 4 പേരിലും ഒരാള്‍ക്ക് കോവിഡ്-19 ഇന്‍ഫെക്ഷന്‍ വന്നിട്ടുണ്ട് എന്നാണു ന്യൂ യോര്‍ക്കിലെ ഗവര്‍ണര്‍ പറയുന്നത്. ജനങ്ങളെല്ലാം ഭീതിയുടെ കരിമ്പടത്തിനുള്ളിലാണ്. അത്യാവശ്യ സംഗതിക്കുമാത്രമേ പുറത്തിറങ്ങുന്നുള്ളൂ. ബസ്, മെട്രോ എന്നിവ സമയത്തിനു ഓടുന്നുണ്ടെങ്കിലും കാലിയാണ്. ഹോസ്പിറ്റലുകള്‍ എല്ലാം കോവിഡ് പേഷ്യന്‍സിനെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ശ്വാസതടസ്സം വന്നു ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികളെ മാത്രമേ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുന്നുള്ളൂ, മറ്റുള്ള രോഗികള്‍ വീട്ടില്‍ തന്നെ സെല്ഫ് ക്വാറന്റൈനില്‍ രോഗലക്ഷണങ്ങള്‍ക്കു മരുന്ന് കഴിക്കാന്‍ ആണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. 

അമേരിക്കയുടെ ഇന്നത്തെ ദുരന്തത്തിന് കാരണം വളരെ പെട്ടെന്ന് എല്ലാം നിയന്ത്രണത്തില് ആകുമെന്ന അമിത ആത്മവിശ്വാസമാണ്. കൊറോണ ചൈനയില്‍ പടര്‍ന്നപ്പോള്‍ തന്നെ ജാഗ്രതയും കരുതലും നടത്തിയിരുന്നെങ്കില്‍ ഇത്തരമൊരു ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വരുമായിരുന്നില്ല,. അമേരിക്കയിലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളില്‍ എത്തിയ യാത്രക്കാരെ വൈദ്യ പരിശോധന ഒന്നുമില്ലാതെയാണ് കടത്തി വിട്ടിരുന്നത് സാമൂഹിക അകലം പാലിക്കുന്നതിലും ശ്രദ്ധ ചെലുത്തിയില്ല. ആരോഗ്യപ്രവര്‍ത്തകര്‍ പോലും രോഗത്തിന്റെ പിടിയില്‍ അമരുന്നു.

ഇതിനിടയില്‍ എനിക്ക് പങ്കുവയ്ക്കാനുള്ളത് ന്യൂയോര്‍ക്കില്‍ തന്നെയുള്ള നമ്മുടെ സുഹൃത്ത് റഫീഖ് തറയില്‍ രോഗമുക്തി നേടിയ സന്തോഷവാര്‍ത്തയാണ്. എഴുത്തുകാരനായ റഫീഖ് വര്‍ഷങ്ങളായി അമേരിക്കയില്‍ താമസിക്കുകയാണ് അതുകൊണ്ടു തന്നെ അമേരിക്കയോടും പ്രത്യേകിച്ച് ന്യൂയോര്‍ക് നഗരത്തോടും അദ്ദേഹത്തിന് വല്ലാത്തൊരു ആത്മബന്ധമാണ്. കൊളംബിയ സൈക്കിയാട്രിക് ഇന്‌സ്ടിട്യൂട്ടില്‍ ആണ് അദ്ദേഹം ജോലി ചെയ്യുന്നത്. ന്യൂയോര്‍ക്കിനെക്കുറിച്ചു മാധ്യമങ്ങളില്‍ വരുന്ന അതിഭാവുകത്വം നിറയുന്ന വര്‍ണ്ണനകളില്‍ അസ്വസ്ഥനാണ് അദ്ദേഹം. രോഗബാധിതര്‍ കൂടുതലുണ്ടെന്നുള്ളത് ശരി തന്നെയാണ് അതുകൊണ്ടു തന്നെ എല്ലാവരെയും ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യാന്‍ കഴിയുന്നില്ല.

 മാര്‍ച്ച് 24 നു ആണ് അദ്ദേഹത്തിന് ചെറിയ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. കഠിനമായ തലവേദനയും വിറയലും പനിയും അനുഭവപ്പെട്ടു, എത്ര ബ്ലാങ്കറ്റ് ഇട്ടു പുതച്ചാലും വിറയല്‍ നില്‍ക്കില്ല. പിന്നീട് വയറില്‍ അസ്വസ്ഥതയും വിശപ്പില്ലായ്മയും തുടങ്ങി. അദ്ദേഹം ഉടനെ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. ഓരോ ഹോസ്പിറ്റലിനും ഓരോ ആപ്പ് ഉണ്ട്, അതുവഴിയാണ് ഹോസ്പിറ്റലുമായി ബന്ധപ്പെടുന്നതും മരുന്നിനു കുറിപ്പടി നല്‍കുന്നതും. അതിനു ശേഷം അവര്‍ തന്നെ മരുന്ന് വീട്ടില്‍ എത്തിക്കും. ഇങ്ങനെ വളരെ പ്രൊഫഷണല്‍ ആയി അവര്‍ കാര്യങ്ങള്‍ മാനേജ് ചെയ്തുന്നുണ്ട്. ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ എല്ലാം കൂടി ഹോസ്പിറ്റലില്‍ ചെന്നാല്‍ അത് വളരെ വലിയ തിരക്ക് സൃഷ്ടിക്കുകയും മറ്റു ഇന്‍ഫെക്ഷന്‍ കൂടി ബാധിച്ച് അസുഖം മൂര്‍ച്ഛിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട് അതുകൊണ്ടു വീട്ടില്‍ തന്നെ സ്വയം ഐസൊലേറ്റഡ് ആയിരുന്ന് ചികില്‌സിക്കുന്നതു തന്നെയാണ് ഉത്തമ മാര്‍ഗം. ശ്വാസതടസം തോന്നിയാല്‍ അതിനുള്ള മരുന്നും ആന്റിബയയോട്ടിക്കും നല്‍കും, കലശലായ ശ്വാസതടസം ഉണ്ടെങ്കില്‍ 911-ല്‍ വിളിച്ചാല്‍ അവര്‍ ആംബുലന്‌സുമായി വന്നു ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകും. ഭാര്യയും ഏഴ് വയസ്സുള്ള ചെറിയ കുട്ടിയുമുള്ള റഫീഖ് അവരെ അധികം ജനാപ്പാര്‍പ്പില്ലാത്ത ഒരിടത്തു താമസിപ്പിച്ചിട്ടു ഒരു സുഹൃത്തിന്റെ അപ്പാര്‍ട്‌മെന്റില്‍ ആണ് ചെലവഴിച്ചത്. ആഹാരത്തോടും വെള്ളത്തോടും താല്പര്യം തോന്നില്ല എങ്കിലും നമ്മുടെ ആരോഗ്യം സംരക്ഷിക്കാനായി നാം ധാരാളം വൈറ്റമിന്‍ അടങ്ങിയ ആഹാരം കഴിക്കുകയും വെള്ളം കുടിക്കുകയും വേണം, അങ്ങനെ ആത്മവിശ്വാസത്തോടെ സയന്റിഫിക് ആയി കൊറോണയെ പ്രതിരോധിച്ച കഥയാണ് റഫീഖിന് പറയാനുള്ളത്.

'അസുഖത്തോടു യുദ്ധം ചെയ്യാനായി നാം നല്ല ഭക്ഷണം കഴിച്ചു ആരോഗ്യം വീണ്ടെടുക്കുക. കടുത്ത രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും നാം രോഗബാധിതനാണെന്നു ബോധവാനാവുക. നമുക്ക് സമൂഹത്തോട് ഉത്തരവാദിത്വം ഉണ്ട്. ഇമ്മ്യൂണിറ്റി ഇല്ലാത്ത ആളുകള്‍ നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ടാകും, വീട്ടില്‍ തന്നെ പ്രായമായര്‍ അല്ലെങ്കില്‍ മുന്‍കാലങ്ങളില്‍ ക്ഷയം, ന്യൂമോണിയ എന്നിവ വന്ന ചരിത്രമുള്ളവര്‍ ഉണ്ടാകും. ബ്ലഡ് പ്രഷര്‍, ഹൃദയസമ്പന്നമായ അസുഖമുള്ളവര്‍ ഉണ്ടാകും. നമുക്ക് ശരീരത്തിന് പ്രയാസമൊന്നും ഉണ്ടാകില്ലെങ്കിലും മറ്റുള്ളവര്‍ക്ക് അങ്ങനെയായിരിക്കണം എന്നില്ല. അതുകൊണ്ടാണ് വീടിനു പുറത്തിറങ്ങരുത് എന്ന് പറയുന്നത്. ശരീരം സ്‌ട്രോങ്ങ് ആക്കി വൈറസിനെ നേരിടാന്‍ പ്രയത്‌നിക്കുക. ശ്വാസ തടസം ഉണ്ടാകുമ്പോള്‍ ഓക്‌സിജന്‍ തരും, പനി കുറയ്ക്കാനായി പാരസെറ്റമോള്‍ തരും, സമയത്തിനു ആഹാരം തരും എന്നിവയില്‍ കവിഞ്ഞു ആശുപത്രിയില്‍ ചെന്നാലും ഡോക്ടര്‌സിനു ഒന്നും ചെയ്യാനില്ല. ആശുപത്രിയില്‍ ഇത്തരം ഘട്ടങ്ങളില്‍ ചെല്ലുന്ന രോഗിക്ക് വേറെ ഇന്‍ഫെക്ഷന്‍ വരാനും സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍ പറയുന്നത്. ഇരുപതു ദിവസമായി സെല്ഫ് ക്വാറന്റൈന്‍ ആയിരുന്നു. ഇപ്പോള്‍ സുഖംപ്രാപിച്ചു സാധാരണ നിലയിലായി. സംസാരിക്കുമ്പോള്‍ ഇടര്‍ച്ചയുണ്ട് എന്നതില്‍ കവിഞ്ഞു വേറെ ബുദ്ധിമുട്ടുകളൊന്നും ഇല്ല'. ഇതാണ് റഫീഖിന് സമൂഹത്തോട് പറയാനുള്ളത്.

റഫീഖ് കോവിഡ്-19 എന്ന മഹാവ്യാധിയെ അതിജീവിച്ചു പരിപൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തിയതില്‍ സന്തോഷം. ഒരു കോവിഡ് 19 surviver എന്ന നിലയില്‍ എങ്ങനെയാണ് ശാസ്ത്രീയമായി ഒരു രോഗത്തെ നേരിടേണ്ടതെന്നും സാമൂഹിക പ്രതിബദ്ധതയോടെ എങ്ങനെ ജീവിക്കാമെന്നുമുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് റഫീഖ്. ന്യൂയോര്‍ക്കില്‍ ഉള്ളവര്‍ ഇപ്പൊള്‍ വളരെയേറെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു കഴിഞ്ഞു. മാനവരാശി അഭിമുഖീകരിക്കുന്ന മഹാവ്യാധിയെപ്പറ്റി അവരിപ്പോള്‍ ബോധവാന്മാരാണ്. ന്യൂയോര്‍ക്കിലെ സ്‌കൂളുകള്‍ ഒരു അധ്യയന വര്‍ഷത്തേക്ക് അടച്ചുകഴിഞ്ഞു. കഴിവതും പുറത്തിറങ്ങാതെയിരിക്കാനും, അത്യാവശ്യത്തിനു പുറത്തുപോയാല്‍ തന്നെ എങ്ങനെ സ്വയം സംരക്ഷിക്കുകയും, മറ്റുള്ളവരോടുള്ള കരുതല്‍ പുലര്‍ത്തുകയും വേണമെന്ന് അവരിപ്പോള്‍ പഠിച്ചിരിക്കുന്നു.

ഏതാനും ദ്വീപുകള്‍ ഒഴിച്ചാല്‍ ലോകം മുഴുവന്‍ കൊറോണ എന്ന വൈറസ് ഭീകരന്‍ കീഴ്‌പെടുത്തിയിരിക്കുന്നു. പ്രതിസന്ധിയുടെയും അനിശ്ചിതത്വത്തിന്റെയും കാര്‍മേഘം പെയ്‌തൊഴിഞ്ഞു പുതിയ പുലരി വിടരുകതന്നെ ചെയ്യും. അതുവരെയും ജാഗ്രതയോടെയും കരുതലോടെയും സഹാനുഭൂതിയോടെയുമിരിക്കാം.......

ശ്രീലേഖ ചന്ദ്രശേഖര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക