Image

അച്ചന്‍കുഞ്ഞ് കോവൂര്‍- ഒരു സുഹൃത്ത്കൂടി വിടപറയുന്നു (രാജു മൈലപ്ര)

Published on 15 April, 2020
അച്ചന്‍കുഞ്ഞ് കോവൂര്‍- ഒരു സുഹൃത്ത്കൂടി വിടപറയുന്നു (രാജു മൈലപ്ര)
എന്നെ സ്‌നേഹിച്ചിരുന്ന, ഞാന്‍ സ്‌നേഹിച്ചിരുന്ന അച്ചന്‍കുഞ്ഞ് കോവൂര്‍ എനിക്ക് വളരെ പ്രിയപ്പെട്ടവനായിരുന്നു. ഒരിക്കലും നിനച്ചിരിക്കാത്ത ഒരു നേരത്താണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത കടന്നുവന്നത്. അടുത്തടുത്ത് പ്രിയപ്പെട്ടവരുടെ മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍ മനസ് മരവിച്ചുപോകുകയാണ്.

തിരുവല്ല ബേബിച്ചായന്റെ വേര്‍പാടിന്റെ വേദന അകലുന്നതിനു മുമ്പുതന്നെ, മറ്റൊരു സുഹൃത്തിന്റെ വിയോഗംകൂടി നിസ്സഹായരായി നോക്കി നില്‍ക്കാനെ മലയാളി സമൂഹത്തിനു കഴിയുന്നുള്ളൂ. പ്രത്യേകിച്ചും സ്റ്റാറ്റന്‍ഐലന്റ് നിവാസികള്‍ക്ക്.

എണ്‍പതുകളുടെ തുടക്കത്തില്‍ എന്റെ അയല്‍വാസിയായി എത്തിയ ആ റാന്നിക്കാരനുമായി സൗഹൃദം സ്ഥാപിച്ചത് വളരെ പെട്ടെന്നായിരുന്നു.

അനേകം സവിശേഷതകളുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അച്ചന്‍കുഞ്ഞ് കോവൂര്‍. സാഹിത്യ-സാംസ്കാരിക-സാമുദായിക രംഗങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു.

സംഗീതത്തോട് അദ്ദേഹത്തിനു ഒരു പ്രത്യേക താത്പര്യമുണ്ടായിരുന്നു. യേശുദാസ് അദ്ദേഹത്തിന്റെ ആരാധനാമൂര്‍ത്തിയായിരുന്നു. വീണു കിട്ടുന്ന അവസരങ്ങളിലൊക്കെ സുഹൃത്തുക്കളെ ഒരുമിച്ചുകൂട്ടി ഗാനമേളകള്‍ നടത്തുന്നത് ഒരു ഗായകന്‍കൂടിയായിരുന്ന അദ്ദേഹത്തിന് ഒരു ഹരമായിരുന്നു. സന്നിഹിതരായിരിക്കുന്ന എല്ലാവരേയും ഗായകരാക്കി മാറ്റുന്ന ഒരു മാസ്മരവിദ്യ അദ്ദേഹത്തിനുണ്ടായിരുന്നു.

സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിക്കാനുള്ള അവസരം ഒരു തവണ എനിക്ക് ലഭിച്ചു. അച്ചന്‍കുഞ്ഞായിരുന്നു സെക്രട്ടറി.

പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് തിരുവല്ല ബേബിയോടൊപ്പം അച്ചന്‍കുഞ്ഞ് ഒരുക്കിയ ഈ വര്‍ഷത്തെ 'സുവനീര്‍' നാട്ടിലെ ഏതൊരു പ്രസിദ്ധീകരണത്തോടും കിടപിടിക്കാന്‍ തക്ക പ്രൗഡിയുള്ളതായിരുന്നു.

നല്ലൊരു ഫോട്ടോഗ്രാഫറായിരുന്ന അച്ചന്‍കുഞ്ഞ് തന്റെ ക്യാമറയില്‍ പതിയുന്ന ചിത്രങ്ങളെല്ലാം പ്രിന്റ് ചെയ്ത് പ്രത്യേകം സൂക്ഷിക്കുന്നതില്‍ ശ്രദ്ധിച്ചിരുന്നു. പില്‍ക്കാലത്ത് പല അസരങ്ങളിലും അതു പ്രയോജനപ്പെട്ടിട്ടുണ്ട്.

ഒരു മികച്ച സംഘാടകനായിരുന്നു അദ്ദേഹം. സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റായി മികച്ച സേവനമാണ് അദ്ദേഹം കാഴ്ചവെച്ചത്. എന്റര്‍ടൈന്‍മെന്റ് പരിപാടികള്‍, ഈസ്റ്റര്‍, വിഷു, ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളെല്ലാം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിറഞ്ഞ സദസുകളിലാണ് നടത്തപ്പെട്ടത്.

മലയാളം സ്കൂള്‍, ഡാന്‍സ് സ്കൂള്‍, വോളിബോള്‍ ക്ലബ് തുടങ്ങിയവ ആരംഭിക്കുന്നതിനും അതു ഭംഗിയായി നടത്തിക്കൊണ്ടു പോകുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

സാമൂഹിക രംഗത്തെ പോലെ സാമുദായിക രംഗത്തും അച്ചന്‍കുഞ്ഞ് മികച്ച സംഭാവനകള്‍ നല്‍കി. യോങ്കേഴ്‌സ് സെന്റ് പീറ്റേഴ്‌സ് ക്‌നാനായ ചര്‍ച്ചിന്റെ പുനരുദ്ധാരണത്തിനു വേണ്ടി അഹോരാത്രം പരിശ്രമിച്ച അദ്ദേഹം, ആ ചര്‍ച്ചിലെ ഒരു സജീവാംഗവും, ക്വയര്‍ ലീഡറുമായിരുന്നു. ബഹുമാനപ്പെട്ട പ്രസാദ് കോവൂര്‍ കോര്‍എപ്പിസ്‌കോപ്പ അച്ചന്‍കുഞ്ഞിന്റെ സഹോദരനാണ്.

ഒരു ഉത്തമ കുടുംബനാഥനായിരുന്നു അച്ചന്‍കുഞ്ഞ്. ഭാര്യ ജൈനമ്മയ്ക്കും, മക്കള്‍ക്കും അദ്ദേഹം ഒരു ഗൃഹനാഥനെക്കാളുപരി അടുത്ത സുഹൃത്തായിരുന്നു. അവരുടെ സന്തോഷ ആഘോഷവേളകളില്‍ പങ്കുചേരുവാനുള്ള അവസരം പല തവണ ലഭിച്ചിട്ടുണ്ട്.

ഞാന്‍ നാട്ടിലായിരുന്ന സമയത്ത് പല തവണ അദ്ദേഹം ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഫെബ്രുവരിയല്‍ നടന്ന അവസാന സംഭാഷണത്തില്‍, അധികം താമസിയാതെ തന്നെ റാന്നിയില്‍ കുടുംബ വീടിനോടു ചേര്‍ന്ന് പുതിയൊരു വീടുവെച്ച് അവിടെ കുറെ നാള്‍ താമസിക്കുവാനുള്ള അഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

അകാലത്തില്‍ അപ്രതീക്ഷിതമായി വിടപറഞ്ഞ ആ സുഹൃത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു. കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു.

ഒരു സഹോദരനെപ്പോലെ ഞാന്‍ സ്‌നേഹിച്ചിരുന്ന അച്ചന്‍കുഞ്ഞിന് എന്റെ അന്തിമോപചാരങ്ങള്‍!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക