Image

ബാലപ്രതിഭ ആദര്‍ശിന് എലിസബത്ത് രാജ്ഞിയുടെ ക്ഷണം

Published on 23 May, 2012
ബാലപ്രതിഭ ആദര്‍ശിന് എലിസബത്ത് രാജ്ഞിയുടെ ക്ഷണം
ലണ്ടന്‍: ഓര്‍മശക്തികൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തിയ മലയാളി ബാലന്‍ ആദര്‍ശ് ജോര്‍ജിന് എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ അറുപതാം വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം. അറുപതാം വാര്‍ഷികഘോഷവുമായി അനുബന്ധിച്ചു നടക്കുന്ന പരിപാടികളില്‍ ആദര്‍ശ് ജോര്‍ജും കുടുംബവും പങ്കെടുക്കണമെന്ന് കാണിച്ചാണ് രാജ്ഞി ക്ഷണക്കത്തയച്ചിരിക്കുന്നത്. കേരളത്തിലെ എന്നല്ല രാജ്യത്തെ തന്നെ ഏതൊരു അഞ്ചു വയസുകാരനും സ്വപ്നം കാണാന്‍ പോലുമാകാത്ത നേട്ടമാണ് ആദര്‍ശ് കൈവരിച്ചിരിക്കുന്നത്.

എന്നാല്‍ ആദര്‍ശിനെ സംബന്ധിച്ചിടത്തോളം ഇതൊന്നും പുത്തരിയില്ല. കാരണം സ്വന്തം ഓര്‍മശക്തി കാരണം മുന്‍പ് വില്യം രാജകുമാരന്‍, പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, മുന്‍ പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണ്‍, ഇന്ത്യന്‍ മുന്‍ പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം, യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, യുഎന്‍ അണ്ടര്‍ സെക്രട്ടറിയും മുന്‍ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ഡോ. ശശി തരൂര്‍ തുടങ്ങിയവരുടെ അഭിനന്ദനത്തിനു ആദര്‍ശ് പാത്രമായിട്ടുണ്ട്. ബ്രിട്ടീഷ് രാജ്ഞിയുടെ വ്യക്തിഗത ക്ഷണക്കത്ത് ലഭിച്ചതോടെ ആദര്‍ശിന് അതുമറ്റൊരു നേട്ടംകൂടിയായി.

യുകെയിലെ മുഴുവന്‍ മലയാളികള്‍ക്കും അഭിമാനം പകരുന്നതാണ് ആദര്‍ശിനു ലഭിച്ച രാജ്ഞിയുടെ ഈ അപൂര്‍വ ക്ഷണക്കത്ത്. ഏതാനും നാളുകള്‍ക്കു മുന്‍പാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ആദര്‍ശിനെ നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് കത്തയച്ചത്. ആദര്‍ശിന്റെ ഓര്‍മശക്തിയെക്കുറിച്ച് ഗാര്‍ഡിയന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതു കണ്ടാണ് കാമറൂണ്‍ ആദര്‍ശിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. സൗകര്യം ലഭിക്കുന്ന മുറയ്ക്ക് അറിയിക്കാമെന്നും അന്നു ആദര്‍ശ് തന്നെ വന്നു കാണണമെന്നുമാണ് കാമറൂണ്‍ ആവശ്യപ്പെട്ടിരുന്നത്. പ്രധാനമന്ത്രിയുടെ പക്കല്‍നിന്നു കേട്ടറിഞ്ഞാകാം ബ്രിട്ടീഷ് രാജ്ഞി ഇപ്പോള്‍ ആദര്‍ശിനു ക്ഷണക്കത്ത് അയച്ചിട്ടുള്ളത്.

ഇപ്പോള്‍ 12 വ്യത്യസ്ത ഭാഷകളില്‍ എണ്ണാന്‍ ആദര്‍ശിനു കഴിയും. മലയാളം, ഹിന്ദി, സ്പാനിഷ്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഫിലിപ്പിനോ, ഫ്രഞ്ച്, ജാപ്പനീസ്, അറബി, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ കൂളായി ആദര്‍ശ് എണ്ണുന്നതു കേട്ടാണ് ആരായാലും മിഴിച്ചിരുന്നുപോകും. മികച്ച കമ്പ്യൂട്ടര്‍ വിദഗ്ധന്‍ കൂടിയായ ആദര്‍ശിന് ഫേസ്ബുക്ക്, ഓര്‍ക്കൂട്ട്, ട്വിറ്റര്‍ എന്നിവയില്‍ അക്കൗണ്ടുണ്ട്്.

യുകെയിലുള്ള മലയാളി സമൂഹത്തിന്റെ പിന്തുണയാണ് ആദര്‍ശിന്റെ പ്രചോദനമെന്നു മാതാപിതാക്കള്‍ പറയുന്നു. അത്ഭുതപ്പെടുത്തുന്ന ഓര്‍മശക്തിയാണ് ആദര്‍ശിന്റെ കൈമുതല്‍. ഒരുകാര്യം ഒരുവട്ടം കണ്ടാല്‍ ആദര്‍ശ് പിന്നീട് അതു മറക്കില്ല. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും കത്തയച്ചും ആദര്‍ശ് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മാധ്യമങ്ങളില്‍നിന്ന് മുല്ലപ്പെരിയാര്‍ വിഷയം വായിച്ചറിഞ്ഞ് സ്വയം കത്തയക്കുകയായിരുന്നു ആദര്‍ശ്. ഐടിവി ന്യൂസില്‍ ആദര്‍ശിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. 'ആനകള്‍ക്കു മറവിയില്ല അതുപോലെയാണ് ആദര്‍ശ് എന്നാണ് പ്രോഗ്രാമിലെ വിദഗ്ധര്‍ പറഞ്ഞത്. യൂട്യൂബിലുള്ള ഇതിന്റെ വീഡിയോ 71000 പേരാണ് കണ്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക