Image

സിപിഎം 35 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്നത് കള്ളപ്രചാരണം: പി.ജയരാജന്‍

Published on 23 May, 2012
സിപിഎം 35 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്നത് കള്ളപ്രചാരണം: പി.ജയരാജന്‍
കോട്ടയ്ക്കല്‍: ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ സിപിഎം 35 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്നത് വ്യാജപ്രചാരണമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് കൃത്യമായ കണക്കു നല്‍കുന്ന പാര്‍ട്ടിക്ക് ഇതിനായി മൂന്നുലക്ഷം രൂപ പോലും ചെലവഴിക്കാന്‍ കഴിയില്ലെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ടി. കെ. ഹംസ നയിക്കുന്ന മേഖലാജാഥയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പാര്‍ട്ടി പ്രവര്‍ത്തകരെ മര്‍ദിച്ച് നേതാക്കളുടെ പേര് പറയിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കേസന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടരുതെന്ന ഡിജിപിയുടെ നിര്‍ദേശം പൊലീസ് പാലിക്കുന്നില്ല. വാക്കും പ്രവൃത്തിയും തമ്മില്‍ ബന്ധമില്ലാത്തതിന്റെ പേരിലാണ് ചന്ദ്രശേഖരനെ പുറത്താക്കിയത്. തെറ്റ് തിരുത്തിയാല്‍ തിരിച്ചെടുക്കാന്‍ തയാറായിരുന്നു. 

സിപിഎം പാര്‍ട്ടിക്കോടതിയുടെ വിധി നടപ്പാക്കുന്നുവെന്ന പ്രചാരണം ശരിയല്ല. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് ഒരു പോറലുമില്ല.  വിഎസ് കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചെന്ന പേരില്‍ വ്യാജ പ്രചാരണമാണ് ചില മാധ്യമങ്ങള്‍ നടത്തുന്നത്. പാര്‍ട്ടി കമ്മിറ്റിയുമായുള്ള ബന്ധത്തിന്റെ പേരിലാണ് അദ്ദേഹം കത്തയച്ചതെന്നും ജയരാജന്‍ പറഞ്ഞു. 

ടി. കബീര്‍ ആധ്യക്ഷം വഹിച്ചു. ടി. കെ. ഹംസ, സി. ഉസ്മാന്‍, ഇ. എന്‍. മോഹന്‍ദാസ്, കെ. പി. സുമതി, വി. എം. ഷൗക്കത്ത്, എന്‍. പുഷ്പരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക