Image

കേരള മനഃസാക്ഷിയുടെ സ്വരവുമായി മോഹന്‍ലാല്‍

എബി ജെ. ജോസ്‌ Published on 23 May, 2012
കേരള മനഃസാക്ഷിയുടെ സ്വരവുമായി മോഹന്‍ലാല്‍
ഒഞ്ചിയത്തെ രക്തസാക്ഷി ടി.പി. ചന്ദ്രശേഖരന്റെ അമ്മയുടെ സങ്കടങ്ങള്‍ പങ്കുവച്ച ചലച്ചിത്രനടന്‍ മോഹന്‍ലാലിനെതിരെ സോഷ്യല്‍ നെറ്റുവര്‍ക്കുസൈറ്റുകളിലടക്കം വിമര്‍ശനം ഉയര്‍ന്ന സാഹചര്യമാണ്‌ ഈ കത്തിനാധാരം.

ടി.പി. ചന്ദ്രശേഖരന്റെ അമ്മയുടെ കണ്ണീര്‍ക്കടലില്‍ തന്റെ ജന്മദിനാഹ്ലാദങ്ങള്‍ മുങ്ങിപ്പോകുന്നുവെന്ന വേദനയും കേരളത്തില്‍ ജീവിക്കാന്‍ പേടിയാകുന്നുവെന്നുമാണ്‌ മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്‌. ചന്ദ്രശേഖരന്റെ വധത്തിനുശേഷം കേരളക്കരയാകെ അലയടിക്കുന്ന ജനരോഷത്തിന്റെ പ്രതിഫലനമാണ്‌ ലാലിന്റെ ഈ വിഷയത്തിലുള്ള വാക്കുകള്‍. കലാകാരനെന്ന നിലയില്‍, അതിലുപരി ദേശീയ ബഹുമതിയായ പത്മപുരസ്‌കാരജേതാവെന്ന നിലയില്‍ ജനനന്മയ്‌ക്കായി പ്രതികരിച്ച ലാലിനെ ഈ വിഷയത്തില്‍ ഒറ്റപ്പെടുത്തുകയല്ല, പിന്തുണയ്‌ക്കുകയാണ്‌ വേണ്ടത്‌. കലാസാംസ്‌കാരിക കേരളം ചന്ദ്രശേഖരന്റെ അരുംകൊലയെ കുറ്റകരമായ മൗനത്തോടെ വീക്ഷിച്ചപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറായ മോഹന്‍ലാല്‍ തന്റെ സാമൂഹ്യപ്രതിബന്ധത ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. ഈ വിഷയത്തില്‍ രാഷ്‌ട്രീയം കലര്‍ത്തുകയും ലാലിനെ എതിര്‍ക്കുകയും ചെയ്യുമ്പോള്‍ ഇത്തരം അരുംകൊലകളെ ന്യായീകരിക്കുകയാണ്‌ ചെയ്യുന്നത്‌. ഇത്‌ അപകടമാണ്‌.

മോഹന്‍ലാലിന്റെ ജനവിരുദ്ധ നിലപാടുകളെ ശക്തിയുക്തം എതിര്‍ക്കുകയും ചെറുത്തുതോല്‍പിക്കുകയും ചെയ്‌ത ഞങ്ങള്‍ക്ക്‌ ഈ വിഷയത്തില്‍ അദ്ദേഹത്തെ അനുകൂലിക്കാന്‍ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടി വന്നില്ല. മോഹന്‍ലാല്‍ മദ്യപരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും പട്ടാളവേഷത്തില്‍ പരസ്യത്തില്‍ വന്നപ്പോഴും ഞങ്ങള്‍ ക്രിയാത്മകമായി പ്രതികരിച്ചിരുന്നു. അത്തരം ഘട്ടങ്ങളിലൊന്നും മോഹന്‍ലാലിന്റെ ചെയ്‌തികളെ വിമര്‍ശിക്കുകയോ അതിനെതിരെ പ്രതികരിക്കുകയോ, ചെയ്യാത്തവര്‍ ഇപ്പോള്‍ ലാലിനെ വിമര്‍ശിക്കുന്നത്‌ എന്തടിസ്ഥാനത്തിലാണ്‌? മനുഷ്യജീവന്‍ കവരുന്നതിനെതിരെ സാമൂഹ്യപ്രതിബന്ധതയുള്ള ആരും പ്രതികരിച്ചേ മതിയാവൂ. ആ ദൗത്യം കൃത്യമായി നിര്‍വ്വഹിച്ച മോഹന്‍ലാലിന്റെ സ്വരം കേരള മനഃസാക്ഷിയുടെ സ്വരമാണ്‌.
കേരള മനഃസാക്ഷിയുടെ സ്വരവുമായി മോഹന്‍ലാല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക