Image

എക്യുമെനിക്കല്‍ ഈസ്റ്റര്‍.... (ചെറിയാന്‍ തോമസ്)

Published on 11 April, 2020
എക്യുമെനിക്കല്‍ ഈസ്റ്റര്‍.... (ചെറിയാന്‍ തോമസ്)
ഈസ്റ്ററിന് ഒരിക്കലും പള്ളിയില്‍ പോകാറുണ്ടായിരുന്നില്ല. യേശുവിനെ കുരിശില്‍ തറച്ചതോടെ എന്റെ ഉത്തരവാദിത്വം തീര്‍ന്നത് കൊണ്ട് ഞായറാഴ്ച രാവിലെ പള്ളിയില്‍ നിന്ന് കതിനവെടി കേള്‍ക്കുമ്പോള്‍ അങ്ങോര് ഉയര്‍ന്നെണീറ്റതായി വിശ്വസിക്കുകയായിരുന്നു പതിവ്. കോഴി, താറാവ്, ആട്, കാള, പോത്ത് എന്നീ ജന്തുക്കള്‍ യേശുവിന്റെ മരണത്തില്‍ പങ്ക്ചേരുന്ന ദിവസമാണ് ദു;ഖശനിയാഴ്ച. അങ്ങനെ ദു:ഖം സഹിക്കാനാവാതെ ആത്മഹൂതി ചെയ്ത ഒരു താറാവിന്റെ മൃതശരീരം നല്ല എരിവുള്ള മസാലയും തേങ്ങപ്പാലും ഉരുളക്കിഴങ്ങുമിട്ട് കറിവെച്ചതും കൂട്ടി നാലോ അഞ്ചോ അപ്പവും, കുരിശ് വെക്കാതെ പുഴുങ്ങിയെടുത്ത വട്ടേപ്പത്തിന്റെ ഒരു കഷണവും തിന്ന് പാലൊഴിച്ച ഒരു കാപ്പിയും കുടിച്ച് കഴിഞ്ഞാല്‍ നോയമ്പ് വീടുകയും ഒപ്പം നേരം വെളുക്കുകയും ചെയ്യുമായിരുന്നു. ഞങ്ങള്‍, ഓര്‍ത്തഡോക്സുകാര്‍ക്ക് അമ്പത്ദിവസം ഇറച്ചിയും മീനും പാലും ഉപേക്ഷിച്ച് സസ്യ ഹത്യ നടത്തിയാല്‍ സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്റെ തൊട്ടടുത്ത് ഒരുസ്വര്‍ണ്ണക്കസേര ഉറപ്പാണ്. പിന്നീടങ്ങോട്ട് എന്ത് വൃത്തികേട് കാണിച്ചാലും ദൈവം ചുമ്മാതങ്ങട് കണ്ണടക്കും.

പള്ളിയിലെ കതിനവെടി കേട്ട് നോമ്പ് വീടിക്കൊണ്ടിരുന്ന പതിവ ്കാനഡയില്‍ വന്നതോടെ ഇല്ലാതായി. ആദ്യകാലങ്ങളില്‍ വാടകക്ക് കിട്ടുന്ന പള്ളിയുടെ സൗകര്യം നോക്കി മിക്കവാറും ശനിയാഴ്ച രാത്രി തന്നെ നോമ്പ് മുറിച്ച് വെള്ളമടി തുടങ്ങുമായിരുന്നു. ഇന്ന് കാശും സ്വന്തം പള്ളിയും മത തീവ്രവാദവും കുടിയപ്പോള്‍ ഉയര്‍പ്പ് പാതിരാത്രിക്കായി. അങ്ങനെ അനാചാരങ്ങള്‍ സാമാന്യബോത്തിന് വഴി മാറിയപ്പോള്‍ ഇനിയൊരിക്കലും കേള്‍ക്കില്ലാന്ന് ഉറപ്പായ കതിന വെടിക്ക് കാതോത്ത് വീട്ടില്‍തന്നെ കിടന്നു.

ഈവര്‍ഷം കൊറോണ ബാധിച്ച യേശുവിനെ അച്ചനും കപ്യാരും രണ്ട് മീറ്റര്‍ അകലത്തില്‍ നിന്ന്കുരിശില്‍ തറച്ചുവെന്ന് കേള്‍ക്കുന്നു. സാക്ഷിപറയാന്‍ വിശ്വാസികളെയൊന്നും പള്ളിയില്‍ കയറ്റാതിരുന്നത് കൊണ്ട് കൊന്നുവെന്ന് ഒറപ്പൊന്നുമില്ല. അങ്ങനെ ഒറപ്പായും ചാവാത്ത യേശു ഇന്ന് ഒറപ്പില്ലാതെ ഉയര്‍ത്തെണീക്കാന്‍ പോകുന്നു. ഈ ഉറപ്പില്ലായ്മ ഇന്നും ഇന്നലെയൊന്നും തുടങ്ങിയതല്ല.

ഏകദേശം ടുതൗസന്റ് ഇയേര്‍സ് ബാക്ക് മഗ്ദലനക്കാരി മറിയവും മറിയം നമ്പര്‍ ടുവും കൂടെ ഞായറാഴ്ച രാവിലെ യേശുവിനെ അടക്കിയ കല്ലറയിലേക്ക് ചെല്ലുന്നു. അപ്പോള്‍ ഭുകമ്പം ഇടിവെട്ട് മിന്നല്‍ തുടങ്ങിയ സ്പെഷ്യല്‍ ഇഫക്റ്റുകള്‍ ബാക്ഗ്രൗണ്ടില്‍ നടക്കുന്നു. ഒരു മാലാഖ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്ന് കല്ലറയുടെ മുമ്പിലെ വലിയ കല്ല് ഒറ്റക്ക് ഉരുട്ടിമാറ്റി അതിന്മേലിരിക്കുന്നു. ''ഇതൊന്നും കണ്ട് നിങ്ങള്‍ രണ്ട് പേരും പേടിക്കണ്ടട്ടോ'' പേടിച്ച രണ്ട് സ്ത്രീകളോട് മലാഖപറഞ്ഞു, ''ഈ സൗണ്ട് ഇഫക്റ്റൊന്നും വേണ്ടാന്ന് ഞാന്‍ മത്തായിയോട് പറഞ്ഞതാ, കേക്കണ്ടേ! പിന്നെ നിങ്ങള്‍ കാണാന്‍ വന്നയാളിവിടില്ല. അങ്ങോര് ഇന്ന് നേരം പരപരാവെളുത്തപ്പോള്‍ ഉയര്‍ത്തെണീറ്റ് ഗലീലക്ക് പോയി''. ഇത് മാത്തായി പറഞ്ഞകഥ. എന്നാല്‍ മര്‍ക്കോസും ലുക്കോസും യോഹന്നാനും പറഞ്ഞ കഥയില്‍ സൗണ്ട് ഇഫക്റ്റൊന്നുമില്ല, കല്ല് ഉരുട്ടിമാറ്റലും അതിന്മേലിരിക്കുന്ന മാലഖയുമില്ല. മഗ്ദലമറിയം എന്ന കോമണ്‍ ഫാക്റ്ററൊഴിച്ചാല്‍ കൂടെയുള്ളവരുടെ കാര്യത്തിലും നാല് കണക്ക്, മറിയം വന്നപ്പോള്‍ കല്ലറയുടെ മുമ്പിലെ കല്ല് മാറിയിരുന്നെന്നും കല്ലറക്കുള്ളിള്‍ ഒരാളെ കണ്ടെന്ന് ലൂക്കാച്ചനും രണ്ട് പേരെ കണ്ടെന്ന് മര്‍ക്കോസും പറയുന്നു. ആകെ കണ്‍ഫ്യൂഷന്‍, മത്തായിയുടെ സുവിശേഷം എഴുതിയവന്‍ മൂത്രമൊഴിക്കാന്‍ പുറത്തേക്ക് പോയപ്പോഴാണ് മറ്റവര്‍ ഇതെഴുതിയത് എന്നാണ് എന്റെയൊരു നിഗമനം.

യേശുവിന്റെ സ്വര്‍ഗ്ഗാരോഹണ സമയത്തെക്കുറിച്ച് സുവിശേഷകര്‍ തമ്മിലടി തുടരുകയാണ്. അവര ്ഒരു സൈഡില്‍ അടി തുടരട്ടെ. ഞങ്ങള്‍ ഓര്‍ത്തഡോക്സുകാര്‍ നാല്പത്ദിവസം കഴിഞ്ഞാണ് സ്വര്‍ഗ്ഗരോഹണം നടന്നതെന്നാണ് വിശ്വസിക്കുന്നത്. അതുകൊണ്ട് നാല്പത്ദിവസം കഴിഞ്ഞ് സ്വര്‍ഗ്ഗരോഹണം നടന്നുവെന്നതാണ് ശരി. യേശു തന്റെ സ്വന്തം ശരീരത്തോടെയാണ് സ്വര്‍ഗ്ഗത്തിലേക്ക് പോയതെന്ന് കണ്ടവരെല്ലാം ആണയിട്ട് ദൈവത്തിന്റെ തലയില്‍ തൊട്ട് സത്യംചെയ്യുന്നു.

അങ്ങനെ തന്നെയാണ് സംഭവിച്ചതും. ഏകദേശം മുപ്പത് വയസ്സ് തോന്നിക്കുന്ന അവിടെയുമിവിടെയും തുളകളുള്ള ഒരുശരീരം ഒലിവ് മലയുടെ പരിസരത്തെങ്ങും വീണ്കിടക്കുന്നത് ആരും കണ്ടതായി പുസ്തകത്തിലെവിടെയും കാണാനുമില്ല. അപ്പോള്‍ യേശു തന്റെ ശരീരം ഭുമിയില്‍ ഉപേക്ഷിച്ചിട്ട് പോകാന്‍ ചാന്‍സ് കുറവാണ്. അങ്ങനെയാണെങ്കില്‍ രണ്ടായിരത്തിയമ്പത്തിരണ്ട് വയസ്സ് പ്രായമുള്ള ഒരു ശരീരവുമായി യേശു സ്വര്‍ഗ്ഗത്തില്‍ കൂടെ നടക്കുന്നുണ്ടാവും. കമ്പ്ളീറ്റ് നരച്ച്കാണും, പല്ല്മുഴുവന്‍ പൊഴിഞ്ഞും കാണും, തൊലി മുഴുവന്‍ ചുളിഞ്ഞ്, ഓസ്റ്റിയൊ പൊറോസിസ് പിടിച്ച് നടുവ് വളഞ്ഞ് വടിയും കുത്തിപ്പിടിച്ചായിരിക്കും നടപ്പ്. എന്നാല്‍ യേശുവത്രക്ക് മണ്ടനൊന്നും അല്ലയിരുന്നുവെന്നാണ് എന്റെയൊരു ഇത്. ഭൂമിയില്‍ ശിഷ്യന്മാരെ കാണിക്കാന്‍ വേണ്ടി മാത്രം ഒരു ഫോര്‍ട്ടിഡേസ് ജരാനരകള്‍ ബാധിക്കുന്ന ശരീരം കൊണ്ട് നടന്നതാ. സ്വര്‍ഗ്ഗത്തിലേക്ക ്പോകുന്ന വഴിക്ക് ഓള്‍ഡ് ഫ്രന്‍ഡ് ത്രിശങ്കുവിന്റെ വീട്ടില്‍ കയറി മര്‍ത്യശരീരം അവിടെ ഊരിയിട്ടിട്ട് പോകാനാണ് സാദ്ധ്യത. ഇങ്ങനെയാകുമ്പോള്‍ കഥയില്‍ ഒരു എക്യുമെനിക്കലിസം കൂടെയുണ്ട്. 

അത്കൊണ്ട് എക്യുമെനിക്കലായി ഞാനും നാരായണനും കൂടെയിരുന്ന് വെള്ളമടിച്ച് ബീഫും പൊറോട്ടയും തിന്ന് തിമിര്‍ത്ത ്ഇന്ന് ഈസ്റ്റാറാഘോഷിക്കും.
എക്യുമെനിക്കല്‍ ഈസ്റ്റര്‍.... (ചെറിയാന്‍ തോമസ്)
(ചെറിയാന്‍ തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക