Image

ജയിൽ പുള്ളികൾക്ക് സാന്ത്വനമേകി സിസ്റ്റർ ഹെലൻ പ്രേജിൻ

Published on 11 April, 2020
 ജയിൽ പുള്ളികൾക്ക് സാന്ത്വനമേകി സിസ്റ്റർ ഹെലൻ പ്രേജിൻ

ന്യൂയോര്‍ക്ക്: കൊറോണ പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ രോഗബാധ ഭീഷണി നേരിടുന്ന ജയില്‍ അന്തേവാസികളുടെ ശബ്ദമായി മാറുകയാണ് അമേരിക്കയില്‍ ശുശ്രൂഷ ചെയ്യുന്ന കത്തോലിക്കാ കന്യാസ്ത്രീയായ സിസ്റ്റര്‍ ഹെലന്‍ പ്രേജീന്‍. തന്റെ ജീവിതം മുഴുവന്‍ ജയില്‍പുള്ളികള്‍ക്ക് വേണ്ടിയും, ദയാവധത്തിനെതിരേയും പോരാടിയ എണ്‍പതുകാരിയായ സിസ്റ്റര്‍ പ്രേജീന്‍ കൊറോണ വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ കാരണം ലൂയിസിയാനയില്‍ ഒതുങ്ങിപ്പോയെങ്കിലും ഫോണിലൂടെയും ഇതരബന്ധങ്ങളിലൂടെയും ശബ്ദമില്ലാത്ത ജയില്‍ തടവുകാരുടെ ശബ്ദമായി ഇപ്പോഴും നിലകൊള്ളുകയാണ്.

ഇന്നത്തെ അവസ്ഥയില്‍ രോഗ വ്യാപനം തടയുന്നതിന് സാമൂഹ്യ അകലം പാലിക്കേണ്ടത് ആവശ്യമാണെങ്കിലും, കഴിഞ്ഞകാലങ്ങളില്‍ തടവില്‍ കഴിഞ്ഞവരോട് അമേരിക്ക പെരുമാറിയിരുന്നതാണ് യഥാര്‍ത്ഥ സാമൂഹ്യ അകലമെന്ന് സിസ്റ്റര്‍, കത്തോലിക്ക മാധ്യമമായ ക്രക്സിനോട് പറഞ്ഞു. ന്യൂയോര്‍ക്ക് മുതല്‍ കാലിഫോര്‍ണിയ വരെയുള്ള സംസ്ഥാനങ്ങളില്‍ മനുഷ്യത്വത്തിന്റെ പേരിലെങ്കിലും പ്രായമായവരും രോഗികളുമായ ജയില്‍ പുള്ളികളെ മോചിപ്പിക്കുവാനുള്ള പദ്ധതികളെ കുറിച്ച് ആലോചിക്കണമെന്നും, ഇതിനായി ഗവര്‍ണര്‍മാരുടേയും, അറ്റോര്‍ണി ജെനറല്‍മാരുടേയും മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ശരിയായ ആരോഗ്യപരിപാലനത്തിന്റെ അഭാവത്തില്‍ ജെയില്‍ അന്തേവാസികള്‍ മുന്‍പെങ്ങുമില്ലാത്തവിധം രോഗബാധയുടെ കടുത്ത ഭീഷണിയിലാണെന്ന് സിസ്റ്റര്‍ ചൂണ്ടിക്കാട്ടി. ജയില്‍ അന്തേവാസികളുടെ കാര്യത്തില്‍ സൃഷ്ടിച്ച അതിര്‍വരമ്പുകള്‍ തകര്‍ക്കേണ്ടത് ആവശ്യമാണെന്നും ഫ്രാന്‍സിസ് പാപ്പക്കൊപ്പം കത്തോലിക്ക മെത്രാന്മാരും തടവുപുള്ളികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തണമെന്നും സിസ്റ്റര്‍ പറഞ്ഞു. ന്യൂ ഓര്‍ലിയന്‍സ് കേന്ദ്രീകരിച്ചുള്ള സെന്‍റ് ജോസഫ് കോണ്‍ഗ്രിഗേഷനിലെ അംഗമാണ് സിസ്റ്റര്‍ ഹെലന്‍ പ്രേജീന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക