Image

'ഐക്യദീപം' പരിപാടിയ്ക്കിടെ ആകാശത്തേക്ക് വെടിയുതിര്‍ത്ത വനിതാ നേതാവിനെതിരെ കേസ്

Published on 06 April, 2020
'ഐക്യദീപം' പരിപാടിയ്ക്കിടെ ആകാശത്തേക്ക് വെടിയുതിര്‍ത്ത വനിതാ നേതാവിനെതിരെ കേസ്

ബല്‍‌റാം‌പൂര്‍ (ഉത്തര്‍‌പ്രദേശ്) • പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 'ഐക്യദീപം' പരിപാടിയ്ക്കിടെ ആകാശത്തേക്ക് വെടിയുതിര്‍ത്ത ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) നേതാവ് മഞ്ജു തിവാരിക്കെതിരെ ഉത്തര്‍പ്രദേശ് പോലീസ് എഫ്‌.ഐ‌.ആര്‍ ഫയല്‍ ചെയ്തു.


ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരിലെ ബി.ജെ.പിയുടെ വനിതാ നേതാവാണ് തിവാരി. പിസ്റ്റള്‍ ഉപയോഗിച്ച്‌ വായുവില്‍ വെടിയുതിര്‍ക്കുന്ന വീഡിയോ തിങ്കളാഴ്ച വൈറലായതിന് പിന്നാലെയാണ് കേസെടുത്തത്.


ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) വകുപ്പ് 286, ആയുധ നിയമത്തിലെ വകുപ്പ് 30 എന്നിവ പ്രകാരം തിങ്കളാഴ്ച ബല്‍‌റാംപൂരിലെ കോട്‌വാലി നഗര്‍ പോലീസാണ് മഞ്ജുവിനെതിരെ കേസെടുത്തത്.


കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'രാത്രി 9 മണി 9 മിനിറ്റ്' അഭ്യര്‍ത്ഥനയ്ക്ക് മറുപടിയായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ആളുകള്‍ ഞായറാഴ്ച വീടുകളില്‍ ദീപം തെളിയിച്ചിരുന്നു.


സംഭവം വിവാദമായതോടെ മഞ്ജു ക്ഷമാപണവുമായി രംഗതെത്തി , 'നഗരം മുഴുവന്‍ മെഴുകുതിരികളും മണ്‍ചിരാതുകളും കൊണ്ട് പ്രകാശിക്കുന്നത് ഞാന്‍ കണ്ടു. ഇത് ദീപാവലിയാണെന്ന് എനിക്ക് തോന്നി, സന്തോഷത്തില്‍ നിന്ന് വായുവിലേക്ക് നിറയൊഴിച്ചു. എന്റെ തെറ്റ് ഞാന്‍ അംഗീകരിച്ച്‌ ക്ഷമ ചോദിക്കുന്നു'- അവര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക