Image

കോവിഡ്‌: ന്യൂയോർക്കിൽ രണ്ട്‌ മലയാളികൾ മരിച്ചു, ലണ്ടനിൽ ഒരാളും

Published on 06 April, 2020
കോവിഡ്‌: ന്യൂയോർക്കിൽ രണ്ട്‌ മലയാളികൾ മരിച്ചു, ലണ്ടനിൽ ഒരാളും

ന്യൂയോർക്​ : അമേരിക്കയിൽ കോവിഡ്​ ബാധിച്ച്​ രണ്ട്​ മലയാളികൾ കൂടി മരിച്ചു. കൊട്ടാരക്കര കരിക്കം സ്വദേശി ഉമ്മൻ കുര്യനും തിരുവല്ല ചെങ്ങരൂർ സ്വദേശി ഏലിയാമ്മയുമാണ്​ മരിച്ചത്​. ന്യൂയോർക്കിലെ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു ഉമ്മൻ കുര്യൻ. തിങ്കളാഴ്​ച പുലർച്ച അഞ്ചിനാണ്​ ഇദ്ദേഹത്തിൻെറ മരണവിവരം നാട്ടിലെ ബന്ധുക്കൾ അറിയുന്നത്​.

മൂന്ന്​ ദിവസമായി ഇദ്ദേഹത്തിന്​ കടുത്ത തലവേദനയുണ്ടായിരുന്നു. കുടുംബസമേതം 17 വർഷമായി അമേരിക്കയിലുണ്ട്​. ഭാര്യയും മകനും മകളും നിരീക്ഷണത്തിൽ വീട്ടിൽ കഴിയുകയാണ്​​. ചൊവ്വാഴ്​ച സംസ്​കാരം നടക്കുമെന്നാണ്​ വിവരം.

തിരുവല്ല ചെങ്ങരൂർ സ്വദേശി ഏലിയാമ്മ ന്യൂയോർക്കിൽ വർഷങ്ങളായി നഴ്​സായി ജോലി ചെയ്യുകയാണ്​. ഒരാഴ്​ചയായി ഇവർ കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്നു. ഇത്​ കൂടാതെ കഴിഞ്ഞദിവസങ്ങളിലായി രണ്ട്​ പത്തനംതിട്ട സ്വദേശികൾ അമേരിക്കയിൽ മരിച്ചിരുന്നു.

കൊല്ലം ഓടനാവട്ടം കട്ടയിൽ ദേവി വിലാസത്തിൽ പരേതനായ ചെല്ലപ്പൻ്റെ ഭാര്യ ഇന്ദിര (72, റിട്ട. അധ്യാപിക, ജിഎച്ച്എസ് മുട്ടറ) ആണ്‌ ലണ്ടനിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഞായറാഴ്‌ച വൈകീട്ട് ഇന്ത്യൻ സമയം 7.15നാണ് മരണം. ലണ്ടനിൽ നഴ്‌സായ മൂത്തമകൾ ദീപയ്ക്കൊപ്പമായിരുന്നു ഇന്ദിര. പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം ഭേദമായതിനെ തുടർന്ന് ഐസിയുവിൽ വാർഡിലേക്ക് മാറ്റിയിരുന്നു. വാർഡിൽ ചികിത്സയിൽ കഴിയവെയാണ് കോവിഡ് 19 ബാധിക്കുന്നത്. മൃതദേഹം പിന്നീട് ലണ്ടനിൽ സംസ്‌കരിക്കും. പക്ഷാഘാതം ഭേദമായപ്പോൾ നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചെങ്കിലും വിമാന സർവീസ് നിർത്തിയതിനെ തുടർന്ന് യാത്ര ഉപേക്ഷിച്ചിരുന്നു. ഇളയ മകൾ: ഗീത (ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ, അടൂർ മുനിസിപ്പാലിറ്റി). മരുമക്കൾ: ദീപക്, സജീവ്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക