Image

വാഗ്‌ദത്ത ഭൂമിയില്‍ പൊലിഞ്ഞുപോയ ഒരു ജീവിതം

അനിയന്‍ ജോര്‍ജ്‌, ന്യൂജേഴ്‌സി Published on 22 May, 2012
വാഗ്‌ദത്ത ഭൂമിയില്‍ പൊലിഞ്ഞുപോയ ഒരു ജീവിതം
വിശപ്പിന്റേയും ദിരിദ്ര്യത്തിന്റേയും തൊഴിലില്ലായ്‌മയുടേയും നീരാളിപ്പിടിത്തത്തിലമര്‍ന്ന്‌, ജീവിതം വേദനാജനകമായ ഒട്ടേറെ മലയാളികള്‍ പല മാര്‍ഗ്ഗങ്ങളിലൂടെയും ഒരുകാലത്ത്‌ അവസരങ്ങളുടെ രാജ്യമെന്ന്‌ വിശേഷിപ്പിക്കാവുന്ന അമേരിക്കയില്‍ എത്തിച്ചേരാറുണ്ടായിരുന്നു. അങ്ങനെ ഇവിടെയെത്തിയ ഒട്ടേറെപ്പേര്‍ കൊടും തണുപ്പില്‍ ഗ്യാസ്‌ സ്റ്റേഷനുകളിലും, മറ്റ്‌ പല മലയാളി സ്ഥാപനങ്ങളിലും എല്ലുമുറിയെ പണിയെടുത്ത്‌, ജീവിത ചെലവുകള്‍ക്കുശേഷം മിച്ചം വെയ്‌ക്കുന്ന പൈസ നാട്ടിലേക്കയച്ച്‌ കുടുംബത്തെ പരിപാലിക്കുന്നു. ഒരുകൂട്ടം മലയാളികള്‍ ജീവിത സൗഭാഗ്യങ്ങളുടെ ലേകത്ത്‌ ആനന്ദിച്ചുല്ലസിച്ച്‌ ജീവിക്കുമ്പോള്‍, മേല്‍പ്പറഞ്ഞ ആള്‍ക്കാര്‍ വര്‍ഷങ്ങളോളം നാട്ടില്‍ പോകാന്‍ കഴിയാതെ ദുഖങ്ങളുടേയും ദുരുതങ്ങളുടേയും ലോകത്ത്‌ കഴിയുന്നു.

ഏതാണ്ട്‌ പത്തുവര്‍ഷങ്ങള്‍ക്കുമുമ്പ്‌ തൃശൂര്‍ ജില്ലയിലെ അന്നമനട എന്ന ഗ്രാമത്തിലെ കോയിക്കര കുടുംബത്തില്‍ നിന്നും ഒരു മ്യൂസിക്‌ ട്രൂപ്പിന്റെ കൂടെ അമേരിക്കയിലെത്തിയ ദേവസിക്കുട്ടിക്ക്‌, കഴിഞ്ഞ വെള്ളിയാഴ്‌ച വരെ ഒട്ടേറെ സ്വപ്‌നങ്ങളുണ്ടായിരുന്നു. പത്ത്‌ വര്‍ഷക്കാലം, ജന്മം നല്‍കിയ അമ്മയേയും, സ്വന്തം ചോരയുടെ ഭാഗമായ മക്കളേയും കാണാതെ ജീവിച്ച ദേവസിക്കുട്ടി അമ്പത്തിരണ്ടാം വയസില്‍ വൃക്ക സംബന്ധമായ രോഗത്തിനടിമപ്പെട്ട്‌ വെള്ളിയാഴ്‌ച ലോകത്തോട്‌ വിടപറഞ്ഞു. ഫ്‌ളോറിഡയിലെ താമ്പായില്‍ ഒറ്റ മുറിയില്‍ സ്വന്തം ദുഖങ്ങളോടും സന്തോഷങ്ങളോടും കഴിഞ്ഞിരുന്ന ദേവസിക്കുട്ടി മരിച്ചത്‌ വെള്ളിയാഴ്‌ചയാണെങ്കിലും മൃതശരീരം പോലീസ്‌ ഏറ്റെടുത്തത്‌ ഞായറാഴ്‌ചയാണ്‌.

നാടിനേയും നാട്ടാരേയും ബന്ധുക്കളേയും കുടുംബങ്ങളേയും എന്നും സ്വപ്‌നം കണ്ടിരുന്ന ദേവസിക്കുട്ടിയുടെ മൃതദേഹം എന്തുചെയ്യണമെന്നറിയാതെ പോലീസും, ചില മലയാളി സുഹൃത്തുക്കളും സാമൂഹ്യ പ്രവര്‍ത്തകരും വലയുകയാണ്‌. ജീവിതത്തിന്റെ അവസാന നാളുകളില്‍ രോഗത്തിനടിപ്പെട്ട്‌, തന്റെ സമ്പാദ്യമെല്ലാം ചോര്‍ന്നുപോയ ദേവസിക്കുട്ടിയുടെ ചേതനയറ്റ ശരീരം കാണുവാന്‍ അമ്മയ്‌ക്കും മകനും ഭാഗ്യമുണ്ടാകട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു. ആരോരുമില്ലാതെ കാത്തുകിടക്കുന്ന ദേവസിക്കുട്ടിയുടെ മൃതദേഹം നാട്ടിലെത്തിക്കുവാനോ, ഇവിടെ സംസ്‌കരിക്കുവാനോ സഹായ സഹകരണങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നവര്‍ താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക.

കിഷോര്‍ പീറ്റര്‍ (352 584 2524), ബ്ലെസന്‍ മണ്ണില്‍ (727 481 9680).
വാഗ്‌ദത്ത ഭൂമിയില്‍ പൊലിഞ്ഞുപോയ ഒരു ജീവിതം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക