Image

ചന്ദ്രശേഖരന്‍ വധം: റെയ്ഡ് വിവരം ചോര്‍ത്തിയ പോലീസുകാര്‍ക്കെതിരേ എസ്പിയുടെ അന്വേഷണം

Published on 22 May, 2012
ചന്ദ്രശേഖരന്‍ വധം: റെയ്ഡ് വിവരം ചോര്‍ത്തിയ പോലീസുകാര്‍ക്കെതിരേ എസ്പിയുടെ അന്വേഷണം
കണ്ണൂര്‍ : ടി.പി. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്നുള്ള റെയ്ഡുകളില്‍ പോലീസ് നീക്കം ചോര്‍ത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍ നായര്‍ നേരിട്ട് അന്വേഷണം തുടങ്ങി.

കൂത്തുപറമ്പ് പാര്‍ട്ടി ഓഫീസ് സെക്രട്ടറിയെ ചോദ്യംചെയ്യാന്‍ സിഐ വിളിപ്പിച്ചപ്പോള്‍ തന്നെ പോലീസ്് നീക്കത്തെക്കുറിച്ചുള്ള സൂചനകള്‍ സിഐ ഓഫീസിലെ പ്രമുഖനായ ഉദ്യോഗസ്ഥന്‍ ചോര്‍ത്തി നല്‍കിയതായി വ്യക്തമായ സാഹചര്യത്തിലാണ് അന്വേഷണം. ഇയാള്‍ക്കൊപ്പം തന്നെ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്.

തില്ലങ്കേരി മേഖലയിലെ പോലീസ് റെയ്ഡുകളെക്കുറിച്ച് ഇരിട്ടി സിഐ ഓഫീസിലെ ചില പോലീസ് ഉദ്യോഗസ്ഥരും മുന്‍കൂട്ടി സിപിഎം പ്രാദേശിക നേതൃത്വത്തിനു ചോര്‍ത്തി നല്‍കിയതായി രഹസ്യാന്വേഷണ വിഭാഗം കണെ്ടത്തിയിട്ടുണ്ട്.

തലശേരി സിഐ ഓഫീസിലെ ഒരു പോലീസ് ഉദ്യോഗസ്ഥനും നിരീക്ഷണത്തിലാണ്. ഇരിട്ടി സ്റ്റേഷനില്‍ നിന്നുള്ള പോലീസ് നീക്കങ്ങള്‍ അപ്പപ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു ചോര്‍ത്തികൊടുക്കുന്നതായി മുമ്പേ ആക്ഷേപമുള്ള ഒരു സിവില്‍ പോലീസ് ഓഫീസറെ കഴിഞ്ഞദിവസം എസ്പി അടിയന്തിര സന്ദേശത്തിലൂടെ സ്ഥലം മാറ്റിയിരുന്നു.

മിക്ക പോലീസ് ഉദ്യോഗസ്ഥരും ആത്മാര്‍ഥമായി ജോലിചെയ്യുമ്പോള്‍ ഇത്തരത്തില്‍ വിവരങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു ചോര്‍ത്തി നല്‍കുന്ന ഉദ്യോഗസ്ഥരെ കണെ്ടത്തി മാതൃകാപരമായി ശിക്ഷിക്കാനാണ് എസ്പി നേരിട്ട് അന്വേഷണം നടത്തുന്നത്. പോലീസിലെ ചിലര്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന പ്രവണതയ്‌ക്കെതിരേ ഇന്നലെ പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക