Image

മുങ്ങിയ കൊല്ലം സബ് കലക്ടര്‍ അനുപം മിശ്രക്ക് സസ്‌പെന്‍ഷന്‍

Published on 27 March, 2020
മുങ്ങിയ കൊല്ലം സബ് കലക്ടര്‍ അനുപം മിശ്രക്ക് സസ്‌പെന്‍ഷന്‍
കൊല്ലം: കൊവിഡ് നിരീക്ഷണം ലംഘിച്ച് മുങ്ങിയ കൊല്ലം സബ് കലക്ടര്‍ അനുപം മിശ്രക്ക് സസ്‌പെന്‍ഷന്‍. പൊലിസ് കേസെടുത്തതിനു പിന്നാലെയാണു നടപടി. സബ്കലക്ടറുടെ നിയമലംഘനം സംബന്ധിച്ച റിപ്പോര്‍ട്ടിനൊപ്പം വകുപ്പുതല നടപടിക്ക് കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. അതേസമയം ഹോം ക്വാറന്റീനെന്നാല്‍ ‘സ്വന്തം വീട്ടില്‍ പോവുക’ എന്നാണു കരുതിയെന്നാണ് അനുപം മിശ്ര കലക്ടര്‍ക്ക് നല്‍കിയ വിചിത്ര വിശദീകരണം. കൂടാതെ ഔദ്യോഗിക വസതിയില്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടുനേരിട്ടെന്നും സബ്കലക്ടര്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ ഇത് ജില്ലാ ഭരണകൂടം തള്ളി.
  കൊല്ലം തേവള്ളിയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് സബ് കലക്ടര്‍ മുങ്ങിയത്. ആരോഗ്യസ്ഥിതി അന്വേഷിക്കാനായി വ്യാഴാഴ്ച ഉദ്യോഗസ്ഥരെത്തിയപ്പോള്‍ സബ് കലക്ടറെ കാണാനില്ലെന്നു മനസിലായത്. എവിടെ പോയെന്നു സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥനും അറിയില്ലായിരുന്നു. തുടര്‍ന്ന് കലക്ടര്‍, സബ് കലക്ടറെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടു. വിളിച്ചപ്പോള്‍ ബംഗളൂരുവില്‍ എന്നാണ് പറഞ്ഞത്. എന്നാല്‍ ടവര്‍ ലൊക്കേഷന്‍ കാണ്‍പുരായിരുന്നു.
    കഴിഞ്ഞ 18നായിരുന്നു സിംഗപ്പൂര്‍ ഉള്‍പ്പെടെ വിദേശ യാത്ര കഴിഞ്ഞ് കലക്ടര്‍ കൊല്ലത്തെത്തിയത്. 19ന് ജോലിയില്‍ പ്രവേശിക്കാനിരിക്കെ തേവള്ളിയിലെ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ 19ന് തന്നെ സബ് കലക്ടര്‍ സംസ്ഥാനം വിട്ടതായി അന്വേഷണത്തില്‍ കണ്ടെത്തി. വിമാനമാര്‍ഗമായിരുന്നു യാത്രയെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ സര്‍ക്കാരിനെ അറിയിക്കാതെ സ്ഥലം വിട്ടത് അന്വേഷണത്തില്‍ കണ്ടെത്തി. വിമാനമാര്‍ഗമായിരുന്നു യാത്രയെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
   ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ സര്‍ക്കാരിനെ അറിയിക്കാതെ സ്ഥലം വിട്ടത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും, ഭക്ഷണ കാര്യത്തില്‍ ഉള്‍പ്പെടെ അനുപം മിശ്ര പരാതി അറിയിച്ചിരുന്നില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.
   സബ് കലക്ടടറുടെ ഗണ്‍മാനും ഡ്രൈവറും അവരവരുടെ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇവരുടെ അറിവോടെയാണ് അനുപം മിശ്ര മുങ്ങിയതെങ്കില്‍ ഇവര്‍ക്കെതിരേയും വകുപ്പ് തല നടപടിയുണ്ടാകും. 2016 ബാച്ച് ഉദ്യോഗസ്ഥനായ അനുപം മിശ്ര ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പൂര്‍ സ്വദേശിയാണ്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക