Image

വെബ്കാം ചാരക്കേസ്: ധരുണ്‍ രവിയ്ക്ക് 30 ദിവസം തടവ്

Published on 21 May, 2012
വെബ്കാം ചാരക്കേസ്: ധരുണ്‍ രവിയ്ക്ക് 30 ദിവസം തടവ്
 

ന്യൂയോര്‍ക്ക്: യുഎസിലെ റട്ഗേഴ്സ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥി ടെയ്ലര്‍ ക്ളെമന്റി ജീവനൊടുക്കാന്‍ ഇടയാക്കിയ വെബ്കാം ചാരക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇന്ത്യന്‍ വംശജന്‍ ധരുണ്‍ രവി(20)യെ 30 ദിവസത്തെ തടവിന് ശിക്ഷിച്ചു. സ്വവര്‍ഗാനുരാഗിയായ ക്ളെമന്റിയുടെ അശ്ളീല ദൃശ്യങ്ങള്‍ ധരുണ്‍ രഹസ്യമായി വെബ്കാമില്‍ പകര്‍ത്തി ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതേത്തുടര്‍ന്നാണ് ക്ളെമന്റി ജീവനൊടുക്കിയത്. 2010 സെപ്റ്റംബറിലാണ് കേസിന് ആധാരമായ സംഭവം നടന്നത്. ജയില്‍ ശിക്ഷയ്ക്കു പുറമെ രവിക്ക് മൂന്നു വര്‍ഷത്തെ നല്ല നടപ്പും 300 മണിക്കൂര്‍ നിര്‍ബന്ധിത സാമൂഹിക സേവനവും മിഡില്‍സെക്സ് കൌണ്ടി ജഡ്ജി ഗ്ളെന്‍ ബെര്‍മന്‍ ശിക്ഷയായി വിധിച്ചിട്ടുണ്ട്. ഇതിനു പുറമെ സൈബര്‍ അശ്ളീല പ്രചാരണത്തിനെതിരെ ധരുണ്‍ കൌണ്‍സിലിംഗിന് വിധേയനാവണമെന്നും നല്ല നടപ്പ് കാലവധിയില്‍ പ്രൊബേഷന്‍ വകുപ്പിന് 10,000 ഡോളര്‍ പിഴ ഒടുക്കണമെന്നും ബെര്‍മന്‍ ഉത്തരവില്‍ വ്യക്തമാക്കി. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, തെളിവു നശിപ്പിക്കല്‍, ചാരപ്രവര്‍ത്തി തുടങ്ങി പതിനഞ്ചോളം കുറ്റങ്ങളുടെ പേരിലാണ് ശിക്ഷ. ധരുണിനെ ഇന്ത്യയിലേയ്ക്കു നാടുകടത്തേണ്ടെന്ന് ശിപാര്‍ശ ചെയ്യുമെന്നും ബെര്‍മന്‍ വ്യക്തമാക്കി. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ധരുണിന്റെ അഭിഭാഷകന്‍ അറിയിച്ചു. നാലാഴ്ച നീണ്ട വിചാരണയില്‍ ധരുണ്‍ രവിക്ക് ജയില്‍ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക