Image

പ്രൊഫഷണല്‍ വിസാ ഫീസ് വര്‍ധന: അമേരിക്കയ്‌ക്കെതിരേ ഇന്ത്യ ഈ ആഴ്ച പരാതി നല്‍കും; മഡോണയ്ക്കു യുഎസ് പ്രസിഡന്റാകണം

Published on 21 May, 2012
പ്രൊഫഷണല്‍ വിസാ ഫീസ് വര്‍ധന: അമേരിക്കയ്‌ക്കെതിരേ ഇന്ത്യ ഈ ആഴ്ച പരാതി നല്‍കും; മഡോണയ്ക്കു യുഎസ് പ്രസിഡന്റാകണം
വാഷിംഗ്ടണ്‍: പ്രൊഫഷണല്‍ വിസാ ഫീസുകള്‍ വര്‍ധിപ്പിക്കുവാനുള്ള അമേരിക്കയുടെ തീരുമാനത്തെ ഇന്ത്യ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ ചോദ്യം ചെയ്യും. പരാതിയുടെ കരട് തയാറായെന്നും ഈ ആഴ്ച അവസാനത്തോടെ ഔദ്യോഗികമായി പരാതി നല്‍കുമെന്നും വാണിജ്യമന്ത്രാലയം ഉദ്യോഗസ്ഥന്‍ അറിയിച്ചു. ആഗോള വിപണിയില്‍ മത്സരിക്കുന്നതിനുള്ള ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കമ്പനികളുടെ കാര്യക്ഷമതയെ തളര്‍ത്തുന്നതിനാണ് ഈ നടപടി എന്നാണ് ഇന്ത്യയുടെ ആരോപണം. ഫീസ് വര്‍ധനവിലൂടെ അമേരിക്ക ലക്ഷ്യം വയ്ക്കുന്നത് ഒരു വര്‍ഷം 60 മില്യണ്‍ യുഎസ് ഡോളര്‍ അധികം സമാഹരിക്കുന്നതിനാണ് എന്ന് പറപ്പെടുന്നുവെങ്കിലും ഫലത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് 250 മില്യണ്‍ യു എസ് ഡോളര്‍ അധിക ചെലവ് ഉണ്ടാക്കുമെന്ന് കരുതുന്നത്. വിവിധ കമ്പനികളുടെ എച്ച്‌വണ്‍ ബി വിസ ഉപയോഗിക്കുന്ന തൊഴിലാളികള്‍ക്ക് 320 ഡോളറില്‍ നിന്നും 2,320 ഡോളറായും എല്‍വണ്‍ വിസകള്‍ക്ക് 320 ഡോളറില്‍ നിന്ന് 2,570 ഡോളറായും ആണ് ഫീസ് ഉയര്‍ത്തിയത്. ഫീസ് വര്‍ദ്ധനവിന്റെ വാര്‍ത്ത പുറത്ത് വന്ന അന്നുതന്നെ പ്രധാന സോഫ്റ്റ് വെയര്‍ കമ്പനികളുടെ വില ഓഹരിവിപണിയില്‍ കുത്തനെ ഇടിഞ്ഞിരുന്നു.

മഡോണയ്ക്കു യുഎസ് പ്രസിഡന്റാകണം

ന്യൂയോര്‍ക്ക്: പോപ്പ് രാജ്ഞി മഡോണയ്ക്കു യുഎസ് പ്രസിഡന്റാകാന്‍ ആഗ്രഹം. പ്രസിഡന്റ് ആയാലോ? ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്ന ആയുധങ്ങള്‍ക്കായി പണം വാരിയെറിയുന്നതു നിര്‍ത്തും. പകരം വിദ്യാഭ്യാസത്തിനും കലകള്‍ക്കും ലോഭമില്ലാതെ ചെലവിടുമെന്നും കോണ്ടാക്ട് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ മഡോണ വ്യക്തമാക്കി.

പ്രസിഡന്റ് എന്ന നിലയില്‍ തനിക്ക് ഒന്നാന്തരം ജോലി ചെയ്യാന്‍ കഴിയുമെന്ന് അന്‍പത്തിമൂന്നുകാരിയായ പോപ്പ് ഗായിക കരുതുന്നു. ഒരു ദിവസം കൊണ്ട് എല്ലാം മാറ്റാനാകില്ല. ദീര്‍ഘകാലം പ്രസിഡന്റായിരിക്കാനാണ് എനിക്ക് ഇഷ്ടം - മഡോണ പറയുന്നു.

കുഞ്ഞിനെ അലക്ക് യന്ത്രത്തില്‍ അടച്ചു; ഒടുവില്‍ രക്ഷിച്ചു

വാഷിംഗ്ടണ്‍: കുഞ്ഞിനെ അലക്കുയന്ത്രത്തില്‍ അടച്ച യുഎസ് ദമ്പതികള്‍ പൊടുന്നനെ യന്ത്രം പ്രവര്‍ത്തിച്ചുതുടങ്ങിയതോടെ പ്രാണവേദനയിലായതിന്റെ വിഡിയോ ചിത്രം യു ട്യൂബില്‍. ഈ വിഡിയോ ചിത്രം ഇതിനകം 26,000 പേര്‍ കണ്ടുകഴിഞ്ഞു. യാദൃച്ഛികമായി യന്ത്രം പ്രവര്‍ത്തിച്ചുതുടങ്ങിയതോടെ കുഞ്ഞിനെ രക്ഷിക്കാന്‍ ദമ്പതികള്‍ തത്രപ്പെടുന്നതു ചിത്രത്തില്‍ വ്യക്തമാണ്.

എന്നാല്‍, പെട്ടെന്നു മറ്റൊരാള്‍ വൈദ്യുതിബന്ധം വിടുവിച്ചു കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. നിസ്സാരപരുക്കേറ്റ കുഞ്ഞുമായി ദമ്പതികള്‍ ആശുപത്രിയിലേക്ക് ഓടുന്നതാണു ചിത്രത്തില്‍ അവസാനമായി കാണുന്നത്. പ്രിന്‍സസ് സെബ്ര എന്നു സ്വയം പരിചയപ്പെടുത്തിയ ഒരാളാണ് ചിത്രം യു ട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നാറ്റോ ഉച്ചകോടി: സര്‍ദാരിയുമായുള്ള കൂടിക്കാഴ്ച ഒബാമ നിരസിച്ചു

ചിക്കാഗോ: യു.എസില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയ്ക്കിടെ പാകിസ്താന്‍ പ്രസിഡന്റ് അസിഫ് അലി സര്‍ദാരിയുമായി ചര്‍ച്ച നടത്താന്‍ പ്രസിഡന്റ് ബാരക് ഒബാമ വിസമ്മതിച്ചു. പാകിസ്താന്‍ വഴിയുള്ള നാറ്റോയുടെ പാത തുറന്നുകിട്ടാതെയുള്ള കൂടിക്കാഴ്ചയില്‍ പ്രസക്തിയില്ലെന്നാണ് ഒബാമയുടെ പ്രതികരണം. എന്നാല്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ സര്‍ദാരിയുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, അഫ്ഗാനിസ്ഥാന്‍ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് നാറ്റോ സഖ്യകക്ഷികളുമായി ഒബാമ യുടെ ചര്‍ച്ച പുരോഗമിക്കുകയാണ്.

കഴിഞ്ഞ നവംബറില്‍ യു.എസ് സേന പാക് അതിര്‍ത്തിയില്‍ നടത്തിയ ആക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്. സംഭവത്തില്‍ ഒബാമ അപലപിച്ചുവെങ്കിലും മാപ്പുപറയാന്‍ തയ്യാറായിരുന്നില്ല. മാപ്പുപറയാന്‍ തയ്യാറല്ലെങ്കില്‍ കൂടിക്കാഴ്ചയും വേണെ്ടന്ന് നിലപാടാണ് പാകിസ്താനുള്ളതെന്ന് മുന്‍ പാക് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വാലി നസീര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക