Image

കൊവിഡ്-19 ട്രമ്പിനെ രക്ഷിക്കുമോ?- (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 24 March, 2020
കൊവിഡ്-19 ട്രമ്പിനെ രക്ഷിക്കുമോ?- (ഏബ്രഹാം തോമസ്)
വിധി വൈപരീത്യം എന്ന് വിശേഷിപ്പിക്കാം. രാജ്യത്ത് സംഭവിക്കുന്ന അത്യാപത്തുകളും ദുരന്തങ്ങളും ശത്രു രാജ്യങ്ങളുമായി ഉണ്ടാകുന്ന യുദ്ധങ്ങളുമെല്ലാം ഭരണാധികാരികളെ രക്ഷിച്ചിട്ടുണ്ട്. ജനപ്രീതിയുടെ താഴ്ന്നു കൊണ്ടിരിക്കുന്ന ഗ്രാഫ് പെട്ടെന്ന് ഉയരുന്നത് ഇന്ത്യയിലും നാം കണ്ടിട്ടുണ്ട്. പ്രകൃതിദുരന്തമായാലും അത്യാപത്തുകളായാലും യുദ്ധമായാലും തങ്ങളുടെ ഭരണത്തിന്റെ തുടര്‍ച്ചയ്ക്ക് ഭരണാധികാരികള്‍ ഉപയോഗിക്കുന്നു. കൊവിഡ്-19 ഭീതി വിതച്ച് മരണതാണ്ഡവമാടുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിനു ഒരു രണ്ടാമൂഴം ലഭിക്കുമോ എന്ന് വിശകലനം ചെയ്യുന്നത് അനവസരത്തിലാണെന്ന് ചിലര്‍ കരുതുന്നുണ്ടാവും. എന്നാല്‍ ട്രമ്പ് സ്വീകരിച്ച നടപടികളെയെല്ലാം വിമര്‍ശിക്കുകയും സ്റ്റിമുലസ് പാക്കേജ് ബില്‍ പാസ്സാവാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന പ്രതിപക്ഷ നിലപാട് ഏഴ് മാസത്തിന് ശേഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പ് ഫലം എങ്ങനെ ആയിരിക്കും എന്ന് ചിന്തിക്കുന്നതിന് നിരീക്ഷരെ പ്രേരിപ്പിക്കുന്നു.

പ്രസിഡന്റ് ജോര്‍ജ് ഡബ്ലിയൂ ബുഷ് 9/11 ലെ പെന്റഗണ്‍, വാഷിംഗ്ടണ്‍, വാഷിംഗ് ഡി.സി.യിലെയും ന്യൂയോര്‍ക്കിലെ ഇരട്ടഗോപുരങ്ങള്‍ക്കും നേരെ നടന്ന തീവ്രവാദികളുടെ ആക്രമണത്തിന് ശേഷം സ്വീകരിച്ച കടുത്ത നിലപാട് പൊതുവെ സ്വീകാര്യമാവുകയും ബുഷ് ജൂനിയറിന്റെ ജനപ്രീതി ഉയരുകയും ചെയ്തു. വീണ്ടും തിരഞ്ഞെടുപ്പില്‍ വിജയിച്ചു.

പ്രസിഡന്റ് ജമ്മിക്കാര്‍ ടര്‍ക്ക് ടെഹ്‌റാനിലെ യു.എസ്. എബസി പിടിച്ചടക്കിയ തീവ്രവാദികളെ പരാജയപ്പെടുത്താന്‍ നടത്തിയ ശ്രമം പരാജ്യപ്പെട്ടതുപോലെ പിന്നാലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും കാര്‍ട്ടര്‍ പരാജയപ്പെട്ടു.
തെറ്റുകുറ്റങ്ങള്‍ക്കിടയിലും തന്റെ പ്രസിഡന്‍സിയുടെ മൂന്നു വര്‍ഷം തികച്ച് നാലാം വര്‍ഷത്തിലാണ് ട്രമ്പ്. ഒരു ഇംപീച്ച്‌മെന്റ് നേരിട്ടതൊഴിച്ചാല്‍ വലിയ പ്രതിസന്ധികളൊന്നും ട്രമ്പിന് വെല്ലുവിളിയായില്ല. സാമ്പത്തിക നില ഭദ്രമാക്കാനും ആ ഭദ്രത തുടര്‍ന്നു കൊണ്ടുപോകാനും കഴിഞ്ഞഥ് ജോബ് പെര്‍ഫോമന്‍സില്‍ നല്ല റേറ്റിംഗിന് കാരണമായി. താഴ്ന്നുകൊണ്ടിരുന്ന ജനപ്രീതി ഇംപീച്ച്‌മെന്റ് ശ്രമം സെനറ്റില്‍ പരാജയപ്പെട്ടതോടെ പതുക്കെ ഉയര്‍ന്നു വരികയായിരുന്നു.

കഴിഞ്ഞ മാസം സംഭവിച്ച കൊറോണ മഹാമാരിയുടെ പൊട്ടിപുറപ്പെടല്‍ ട്രമ്പിനെ വീണ്ടും വിമര്‍ശന വിധേയനാക്കി. ഓഹരി വിപണി കുത്തനെ ഇടിഞ്ഞതും, പലരെയും പ്രകോപിപ്പിച്ചു. ഓഹരിനഷ്ടങ്ങള്‍ തിരിച്ചുപിടിക്കുവാന്‍ നല്‍കിയ ധനസഹായം താല്‍ക്കാലികമായേ ഫലവത്തായുള്ളൂ; ഓഹരിവിലകള്‍ വീണ്ടും കൂപ്പുകുത്തുകയാണ്.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യതയുള്ള മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ ഓഹരിവിപണി പഴയരൂപത്തിലാക്കും എന്ന് വാഗ്ദാനം നല്‍കി. നിലവിലെ സാഹചര്യത്തില്‍ ഇത് എങ്ങനെ സാധിതമാകും എന്നറിയില്ല. ഒരു ഭരണമാറ്റം പ്രതീക്ഷിച്ച് ബൈഡന്‍ ഡെമോക്രാറ്റിക് സംസ്ഥാന ഗവര്‍ണ്ണര്‍മാരുമായി ഇപ്പോഴേ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കൊറോണ ഭീതി തിരഞ്ഞെടുപ്പ് പ്രചരണത്തെ സാരമായി ബാധിക്കും. ശേഷിച്ച ഡെമോക്രാറ്റിക് പ്രൈമറികള്‍ നടന്നില്ലെങ്കിലും പാര്‍ട്ടി നിയമാവലി അനുസരിച്ച് ഒരു നോമിനിയെ കണ്ടെത്താ. പക്ഷെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍, മാറിയ സാഹചര്യത്തില്‍ പ്രചരണം ഫലപ്രദമായി നടത്താനാവുമോ എന്ന ചോദ്യം അവശേഷിക്കുന്നു. സ്ഥിതിഗതികള്‍ സാധാരണമായിരിക്കുമ്പോള്‍ പോലും പ്രചരണസംഘങ്ങള്‍ എല്ലാ വോട്ടര്‍മാരെയും സമീപിക്കാറില്ല.

പ്രൈമറികളില്‍ കാട്ടിയ ഔല്‍സുക്യം പൊതുതിരഞ്ഞെടുപ്പില്‍ ദര്‍ശിച്ചെന്ന് വരില്ല. പ്രത്യേകിച്ച് ബാലറ്റുകള്‍ മെയിലില്‍ തിരിച്ചയയ്ക്കുന്ന സംവിധാനം (കൊവിഡ്- 19 പശ്ചാത്തലത്തില്‍) ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും സ്വീകരിയ്ക്കുമ്പോള്‍.
2016 ലെ പോലെ ഗ്രാമീണ തൊഴിലാളികളും അഭ്യസ്ഥവിദ്യരായ വെളുത്ത വര്‍ഗക്കാരിലെയും ലറ്റിനോകളിലെയും ഗണ്യമായ ഒരു വിഭാഗവും ട്രമ്പിന് വോട്ടു ചെയ്താല്‍ ട്രമ്പിനൊരു രണ്ടാമൂഴം സാധ്യമാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക