Image

കൊറോണ ഭീതി: തിഹാര്‍ ജയിലില്‍ നിന്ന് 3000 തടവുകാരെ വിട്ടയക്കും

Published on 23 March, 2020
കൊറോണ ഭീതി: തിഹാര്‍ ജയിലില്‍ നിന്ന് 3000 തടവുകാരെ വിട്ടയക്കും
ന്യൂഡല്‍ഹി: കൊറോണഭീതിയില്‍ ഡല്‍ഹി തിഹാര്‍ ജയിലില്‍ നിന്ന് 3,000 തടുകാരെ വിട്ടയക്കും. 'കൊറോണ വൈറസ് അണുബാധയുടെ വ്യാപനം തടയുന്നതിനായി അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ മൂവായിരത്തോളം തടവുകാരെ മോചിപ്പിക്കാനുള്ള നടപടികളാണ് നടത്തുന്നത്' തിഹാര്‍ ജയില്‍ അധികൃതര്‍ പറഞ്ഞു.

1500 ഓളം തടവുകാര്‍ക്ക് പരോളോ അല്ലെങ്കില്‍ താത്കാലിക വിടുതലോ നല്‍കും. അത്രതന്നെ വിചാരണ  തടവുകാരെ ഇടക്കാല ജാമ്യത്തില്‍ വിട്ടയക്കും. അതേസമയം വിട്ടയക്കുന്ന തടവുകാരുടെ പട്ടികയില്‍ കൊടുംകുറ്റവാളികള്‍ ഉള്‍പ്പെടില്ലെന്നും തിഹാര്‍ ജയില്‍ ഡയറക്ടര്‍ വ്യക്തമാക്കി.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ തടവുകാരെ വിട്ടയക്കുമെന്ന് അറിയിച്ചിരുന്നു. ജയിലിലെ തിരക്ക് കുറയ്ക്കുന്നതിന് തടവുകാര്‍ക്ക് പ്രത്യേക പരോളോ താത്കാലിക വിടുതലോ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചത്.

ജയിലുകളിലെ തിരക്കൊഴിവാക്കുന്നതിനായി കൂടുതല്‍ തടവുകാര്‍ക്ക് പരോള്‍ അനുവദിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനസര്‍ക്കാരുകളോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

ഏതെല്ലാം വിഭാഗം തടവുകാര്‍ക്ക് പരോള്‍ നല്‍കാമെന്നത് തീരുമാനിക്കാന്‍ ഉന്നതതല സമിതിയുണ്ടാക്കണം. ആഭ്യന്തര സെക്രട്ടറി, ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാന്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കണം സമിതി. നാലുമുതല്‍ ആറാഴ്ചവരെ പരോളോ ഇടക്കാലജാമ്യമോ നല്‍കുന്നത് പരിഗണിക്കണം. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

കൊറോണയുടെ സാഹചര്യത്തില്‍ ജയിലുകളിലെ തിരക്കുകുറയ്ക്കുന്ന വിഷയം സ്വമേധയാ പരിഗണിച്ചാണ് ഉത്തരവ്. ശിക്ഷിക്കപ്പെട്ട് തടവില്‍ക്കഴിയുന്നവര്‍ക്കോ ഏഴു വര്‍ഷംവരെ ശിക്ഷ ലഭിച്ചവര്‍ക്കോ പരോള്‍ നല്‍കാമെന്നാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനാണിത്. സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ഇതുസംബന്ധിച്ച് ആലോചിക്കണം.

രാജ്യത്ത് 1339 ജയിലുകളിലായി 4.66 ലക്ഷം തടവുകാരാണുള്ളത്. ജയിലുകളുടെ ശേഷിയെക്കാള്‍ കൂടുതലാണ് (117.6 ശതമാനം) തടവുകാരുടെ എണ്ണം.

ഉത്തര്‍പ്രദേശില്‍ 176.5 ശതമാനവും സിക്കിമില്‍ 157.3 ശതമാനവുമാണ് ജയില്‍ ശേഷിയെക്കാള്‍ തടവുകാര്‍ നിറഞ്ഞിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക