Image

മരിച്ചുപോയി എന്നല്ല 'ചത്തുപോയി' എന്നാണ് പറഞ്ഞിരുന്നത്: ബാലറാം

Published on 23 March, 2020
മരിച്ചുപോയി എന്നല്ല 'ചത്തുപോയി' എന്നാണ് പറഞ്ഞിരുന്നത്: ബാലറാം
VT Balram
അയിത്തവും തീണ്ടലും പുലകുളിയും നമസ്‌തേയും ചാണകവും കിണ്ടിയും വെള്ളവും പൂമുഖവും തുളസിത്തറയും ഒക്കെ അരങ്ങു തകര്‍ത്തിരുന്ന 'ആര്‍ഷ ഭാരത സംസ്‌ക്കാര'കാലത്ത് വസൂരിയും മറ്റ് പകര്‍ച്ചവ്യാധികളും വന്ന് ആണ്ടോടാണ്ട് മരിച്ചു പോയിരുന്നത് ആയിരക്കണക്കിനാളുകളാണ് എന്ന കാര്യം മറന്നു പോകരുത്. മരിച്ചുപോയി എന്നല്ല 'ചത്തുപോയി' എന്നാണ് പറഞ്ഞിരുന്നത്. കാരണം ആ ഹതഭാഗ്യരില്‍ മഹാഭൂരിപക്ഷവും ദലിതരും അവര്‍ണ്ണരും പാവപ്പെട്ടവരുമൊക്കെയായിരുന്നു. സവര്‍ണ്ണരും സമ്പന്നരും താരതമ്യേനെ സേഫ് ആയിരുന്നു.

അതുകൊണ്ട് ആ കോണോത്തിലെ കാലത്തിന്റെ മഹിമയുമായി ദയവായി ഈ വഴിക്ക് വരരുത്. നിങ്ങളുടെ ഫ്യൂഡല്‍ ഗൃഹാതുരതകളെ തഴുകിത്താലോലിക്കാനുള്ള സമയമല്ലിത്.

അന്ന് നിങ്ങള്‍ മറ്റുള്ളവരെ മാറ്റിനിര്‍ത്തിയിരുന്നത് വെറുപ്പിന്റെ കാരണത്താലാണ്. നിങ്ങളുടെ അഹങ്കാരത്തിന്റേയും സ്വാര്‍ത്ഥതയുടേയും ഭാഗമായിട്ടാണ്. എന്നാല്‍ ഇന്നത്തെ ഈ താത്ക്കാലികമായ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് സഹജീവികളോടുള്ള സ്‌നേഹത്തിന്റേയും കരുതലിന്റേയും ഭാഗമാണ്. നിങ്ങള്‍ ആട്ടിയകറ്റിയിരുന്നത് ചില ശരീരങ്ങളെ മാത്രമല്ല, മനസ്സുകളേയും ആത്മാവിനേയും അഭിമാനബോധത്തേയും മനുഷ്യരെന്ന നിലയിലെ അസ്തിത്വത്തേയുമൊക്കെയാണ്. എന്നാലിപ്പോള്‍ ശാരീരികമായ അകലം പാലിക്കുമ്പോള്‍ത്തന്നെ മനുഷ്യര്‍ തമ്മിലുള്ള സാമൂഹ്യ ബന്ധങ്ങള്‍ പത്തിരട്ടി ദൃഢതരമാവുകയാണ്. ഈ വ്യത്യാസം എന്നെങ്കിലും മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ അന്നേ 'സംഘി' എന്ന മാനസികാവസ്ഥയില്‍ നിന്ന് പുറത്തു കടന്ന് മനുഷ്യരാവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയുള്ളൂ.

ഹിന്ദുത്വ രാഷ്ട്രത്തില്‍ തങ്ങളുടെ യഥാര്‍ത്ഥ സ്ഥാനം എവിടെയാണെന്ന് മനസ്സിലാക്കാന്‍ ഇപ്പോള്‍ ആവേശത്തോടെ ചുടുചോറ് മാന്തുന്ന അവര്‍ണ്ണ സംഘികള്‍ക്കും ദലിത് സംഘികള്‍ക്കുമൊക്കെ ഇതുകൊണ്ടൊക്കെയെങ്കിലും കഴിയുമെന്ന് ചുമ്മാതെങ്കിലും പ്രതീക്ഷിച്ച് പോവുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക