Image

സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചാല്‍ വിദേശം കാണില്ല; കളക്ടര്‍

Published on 23 March, 2020
സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചാല്‍ വിദേശം കാണില്ല; കളക്ടര്‍
കാസര്‍കോട്: കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു. പ്രവാസിയായ ഒരാളുടെ അശ്രദ്ധമായ പെരുമാറ്റം കൊണ്ടാണ് ജില്ലയില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായത്. ഈ സാഹചര്യത്തില്‍ ഇനിയും സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ഏതെങ്കിലും പ്രവാസി ലംഘിച്ചാല്‍ ഒരിക്കലും അവര്‍ ഗള്‍ഫ് അടക്കമുള്ള വിദേശരാജ്യങ്ങള്‍ കാണാത്ത രീതിയിലുള്ള നടപടികളിലേക്ക് കടക്കേണ്ടിവരുമെന്ന് കളക്ടര്‍ വ്യക്തമാക്കി.

' രണ്ടാമത്തെ രോഗിയില്‍ നിന്ന് ഏഴാമത്തെ രോഗിയിലേക്ക് രോഗം പടര്‍ന്നത് ഇരുപത് മിനിറ്റ് അവര്‍ ഒരുമിച്ച് യാത്ര ചെയ്തതുകൊണ്ടാണ് എന്നത് ആശങ്കയുള്ള കാര്യമാണ്. അതൊക്കെ പറഞ്ഞിട്ടും ഇവിടെയുള്ള ചെറിയൊരു ശതമാനമാളുകള്‍ക്കത് മനസിലാകുന്നില്ല. അങ്ങനെ മനസിലാകാത്തൊരു സമൂഹം ബാക്കിയുള്ള വലിയൊരു ശതമാനത്തിനെതിരെ പ്രവര്‍ത്തിക്കുന്നതാണ് കാണാന്‍ കഴിയുന്നത്. അതൊന്നും അനുവദിക്കാനാകില്ല. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും.

ഞങ്ങള്‍ നൂറ് ശതമാനം ആത്മാര്‍ത്ഥമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങളുടെ സഹകരണം പ്രക്ഷിക്കുന്നുണ്ട്. സഹകരിക്കുന്നവരാണ് കൂടുതല്‍പ്പേരുമെങ്കിലും, സഹകരിക്കാത്ത ചെറിയ ശതമാനമുണ്ട്. അവരെ സഹകരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം. അതിന് ഇനിയും നിയന്ത്രണങ്ങള്‍ വേണ്ടിവരും. ഒരുപാടുപേര്‍ ഗര്‍ഫിനെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഞങ്ങളവരോട് വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇനിയും സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ഒരുപക്ഷേ ഒരിക്കലും അവര്‍ ഗള്‍ഫ് കാണാത്ത രീതിയിലേക്കുള്ള നടപടികളിലേക്ക് ഞങ്ങള്‍ക്ക് പോകേണ്ടി വരും' കളക്ടര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക