Image

പിണറായി വിജയനോടും കെ.കെ.ശൈലജ ടീച്ചറോടും കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍

Published on 23 March, 2020
പിണറായി വിജയനോടും കെ.കെ.ശൈലജ ടീച്ചറോടും കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍
പിണറായി വിജയനോടും കെ.കെ.ശൈലജ ടീച്ചറോടും കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നു.

കൊറോണ പ്രതിരോധത്തിലെ വീഴ്ചകള്‍ വാര്‍ത്തയാക്കാതെ മാധ്യമങ്ങളെല്ലാം സര്‍ക്കാരിനൊപ്പം നിന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.കെ. ശൈലജ ടീച്ചറും ദുരന്ത സമയത്ത് മാധ്യമപ്രവര്‍ത്തകരെ ഒറ്റുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ഐഎഎസുകാരന്‍ ശ്രീറാം വെങ്കിട്ടരാമനെ ആരോഗ്യ വകുപ്പില്‍ തന്നെ നിയോഗിച്ചു. കൊറോണ പ്രതിരോധപ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടക്കാനാണ് ഡോക്ടറായ ശ്രീറാമിനെ നിയമിച്ചതെന്നാണ് സര്‍ക്കാര്‍ ന്യായം പറയുന്നത്.

ഐഎഎസുകാരായ 13 പേര്‍ ഡോക്ടര്‍മാരാണ്. അവര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ്. എന്നിട്ടും ശ്രീറാമിനെ നിയമിച്ചു. മാധ്യമപ്രവര്‍ത്തകരോട് ശ്രീറാമിനുള്ള പക തീര്‍ക്കാനല്ലേ നിയമിച്ചത്? ഇനി മാധ്യമപ്രവര്‍ത്തകര്‍ വിവരങ്ങള്‍ക്ക് വേണ്ടി ശ്രീറാമിനെ വിളിക്കണം. ശ്രീറാം പ്രതിയായ കൊലക്കേസില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടയുള്ള സാക്ഷികളെ സ്വാധീനിക്കാനല്ലേ അയാളെ ആരോഗ്യ വകുപ്പില്‍ നിയമിച്ചത്?
കൊറോണ പ്രതിരോധത്തില്‍ കേരള സര്‍ക്കാരിന് ഒരുപാട് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ആത്മവിശ്വാസം തകര്‍ക്കേണ്ടെന്ന് കരുതിയാണ് മാധ്യമപ്രവര്‍ത്തകര്‍ അത് വാര്‍ത്തയാക്കാത്തത്. സര്‍ക്കാരിന്റെ വീഴ്ചകള്‍ കൊണ്ടാണ് സ്ഥിതി ഗുരുതരമായത്.

1. വിമാനത്താവളത്തില്‍ വരുന്നവരെ പ്രത്യേക കേന്ദ്രത്തില്‍ ക്വാറന്റൈനില്‍ താമസിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം പാലിക്കുന്നതില്‍ വീഴ്ച വന്നില്ലേ?

2.വിമാനത്താവളത്തില്‍ വരുന്നവരെ സര്‍ക്കാര്‍ വാഹനത്തില്‍ വീടുകളില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിട്ടും നടപ്പാക്കിയില്ല. അതുകൊണ്ടല്ലേ പാവം ടാക്‌സി, ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ദുരന്തത്തിലായത്?

3. ഇപ്പോള്‍ സംസ്ഥാനത്ത് അരലക്ഷം പേര്‍ ക്വാറന്റൈനില്‍ കഴിയുന്നു. ഒരാള്‍ വിദേശത്ത് നിന്ന് വീട്ടില്‍ വരുമ്പോള്‍ അവിടെയുള്ള 5 പേരും ക്വാറന്റീനിലാണ്. വീട്ടിലുള്ള മറ്റുള്ളവര്‍ക്ക് കൂലിവേലയ്ക്ക് പോലും പോകാന്‍ കഴിയുന്നില്ല. വിദേശത്ത് നിന്ന് വന്നവരെ കളക്ടറന്മാര്‍ കണ്ടെത്തിയ കെട്ടിടങ്ങളില്‍ ക്വാറന്റീനില്‍ താമസിപ്പിച്ചിരുന്നെങ്കില്‍ ഈ ഗതികേട് വരുമായിരുന്നോ?

4. വിദേശത്ത് നിന്ന് വരുന്നവരെ ക്വാറന്റൈനില്‍ താമസിപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രിക്ക് പറയാനാവില്ല. പ്രൈവറ്റ് മെഡിക്കല്‍ കോളജുകളുടെ ഹോസ്റ്റലുകളിലെ 5000 സിംഗിള്‍ മുറികള്‍ വിട്ട് തരാമെന്ന് അവര്‍ സമ്മതിച്ചതായി മുഖ്യമന്ത്രിയല്ലേ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്? ആ സിംഗിള്‍ മുറികള്‍ കൂടാതെ പതിനായിരത്തിലധികം ഒറ്റമുറികള്‍ കലക്ടര്‍മാര്‍ കണ്ട് പിടിച്ചില്ലേ? എന്നിട്ട് വിദേശത്ത് നിന്ന് വന്നവരെ ഇവിടെ താമസിപ്പിച്ചെങ്കില്‍ കേരളം ഇത്രയും ദുരന്തത്തിലാകുമായിരുന്നോ?

5. മൂന്നാറില്‍ കൊറോണ രോഗി ഉള്‍പ്പെടെയുള്ള 19 ബ്രിട്ടീഷ് പൗരന്മാരെ പുറത്തുവിട്ടതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നു സര്‍ക്കാരിന് ഒഴിയാനാകുമോ? കെ.ടി.ഡി.സിയുടെ ടീ കൗണ്ടി ഹോട്ടലില്‍ കഴിഞ്ഞിരുന്ന ബ്രിട്ടീഷുകാരുടെ രക്ത പരിശോധനയില്‍ രോഗം കണ്ടെത്തിയില്ലെന്ന് ശനിയാഴ്ച രാവിലെ അവരെ അറിയിച്ചത് ആരോഗ്യ വകുപ്പ് അല്ലേ?

6. ശനിയാഴ്ച രാവിലെ നെഗറ്റീവാണെന്നും പറഞ്ഞതു തെറ്റാണെന്നും യഥാര്‍ഥ ഫലം രാത്രി എത്തുമെന്ന് അറിയിച്ചതും ആരോഗ്യവകുപ്പ് അല്ലേ? ഫലം നിര്‍ണയിക്കുന്നതിനും അതിന്റെ വിവരങ്ങള്‍ കൈമാറുന്നതിലും ഉണ്ടാകുന്ന അതീവഗുരുതരമായ വീഴ്ചയല്ലേ ഇവിടെ കണ്ടത്?

7. ബ്രിട്ടീഷുകാരന് കൊറോണ പോസീറ്റിവാണെന്ന ഫലം ശനിയാഴ്ച രാത്രി ലഭിച്ചെന്നു മന്ത്രി കെ.കെ.ശൈലജ ഞായറാഴ്ച തിരുവനന്തപുരത്തു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി രോഗി ഉള്‍പ്പെടുന്ന ബ്രിട്ടീഷുകാരുടെ സംഘം ഹോട്ടലില്‍ നിന്നു നിന്നു പോയതു സര്‍ക്കാര്‍ അറിഞ്ഞില്ലേ?

8. രാത്രി ഹോട്ടലില്‍ നിന്നു മുങ്ങിയെന്ന വാദം യുക്തിക്കു നിരക്കാത്തതാണ്. എങ്കിലും സമ്മതിക്കാം. എന്നാല്‍ ഇവര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്നതിനു മുന്‍പ് കണ്ടെത്താന്‍ സാധിക്കാത്തതെന്തേ? മൂന്നാറില്‍ നിന്നു കൊച്ചിയിലേക്ക് ഒരു പ്രധാന റോഡാണ് ഉള്ളത്. ബ്രിട്ടീഷ് പൗരന്മാരായ 19 പേര്‍ യാത്ര ചെയ്യുന്ന വാഹനം കണ്ടെത്താന്‍ സാധിക്കാത്ത വിധം കുത്തഴിഞ്ഞതാണോ കേരളത്തിലെ പൊലീസും മറ്റു സംവിധാനങ്ങളും?

9. ഹോട്ടല്‍ ജീവനക്കാര്‍ അറിയാതെ അവിടെ താമസിക്കുന്നവര്‍ക്കു പുറത്തിറങ്ങാനാകുമോ?

10. ഇറ്റലി, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെയും വിമാനത്താവളത്തില്‍ നിരീക്ഷിക്കണമെന്ന് ഫെബ്രുവരി 26നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതേ ദിവസം മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഇറക്കിയ പത്രക്കുറിപ്പില്‍ ഇറ്റലി, ഇറാന്‍ എന്നിവിടങ്ങവില്‍ വരുന്നവരെ നിരീക്ഷിക്കുമെന്നു പറഞ്ഞിട്ടുണ്ട്. തലക്കെട്ടും അതുതന്നെ. ഔദ്യോഗിക പ്രസ്താവന ഇറക്കിയ മന്ത്രിക്ക് ഇക്കാര്യം പാലിക്കാനായോ?

11. ഇറ്റലിയില്‍ നിന്നു റാന്നി സ്വദേശികള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നത് ഫെബ്രുവരി 29ന്. വിമാനത്താവളത്തില്‍ പരിശോധിക്കുന്നതില്‍ ആരോഗ്യവകുപ്പ് പരാജയപ്പെട്ടതുകൊണ്ടല്ലേ ആ കുടുംബം വീട്ടില്‍ എത്തിയത്?

12. വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്കായതിനാല്‍ ഇവരെ കണ്ടെത്താന്‍ സാധിച്ചില്ലെന്നു മന്ത്രി പറയുന്നു. അതു സമ്മതിക്കാം. വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരുടെ പട്ടിക ആരോഗ്യ വകുപ്പ് പരിശോധിച്ചിരുന്നെങ്കില്‍ ഇവരെ പിന്നീടു കണ്ടെത്തി നിരീക്ഷണത്തില്‍ പാര്‍പ്പിക്കാമായിരുന്നില്ലേ?

13. കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം വെള്ളനാട് സ്വദേശി മാര്‍ച്ച് 10ന് ഇറ്റലിയില്‍ നിന്നു വന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോടു അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടും വീട്ടിലേക്കു പറഞ്ഞുവിട്ടത് എന്തിന്?

14. ഇറ്റലയില്‍ രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു നിരീക്ഷിക്കേണ്ടതായിരുന്നില്ലേ?

15. 12 ന് രാവിലെ പനി വന്നപ്പോള്‍ അദ്ദേഹത്തെ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്നു. പരിശോധനയ്ക്കുവേണ്ടി രക്തം എടുത്തശേഷം അദ്ദേഹത്തെ ഓട്ടോറിക്ഷയില്‍ വീട്ടിലേക്കു വിട്ടത് ഗുരുതരമായ വീഴ്ചയല്ലേ?

16. മടക്കയാത്രയില്‍ അദ്ദേഹം പല കടകളിലും കയറിയിട്ടുണ്ട്. അദ്ദേഹം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍, അയാളുമായി അടുത്തിടപഴകിയ മറ്റു ഡ്രൈവര്‍മാര്‍, സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ ള്‍പ്പെടെ എല്ലാവര്‍ക്കും രോഗം ഉണ്ടാകാന്‍ സാഹചര്യം
സൃഷ്ടിച്ചത് സര്‍ക്കാരല്ലേ?

17. ചൈനയിലെ വുഹാനില്‍ നിന്നു വന്നവര്‍ക്ക് കൊറോണ സ്ഥിരീകിച്ചെങ്കിലും കേരളത്തിലെ വിമാനത്താവളം അധികൃതരുടെ യോഗം വിളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു മാസം കാത്തിരുന്നതെന്തിന്?

18. കൊല്ലത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രോഗി റോഡ് അപകടത്തില്‍ പെട്ടു. വീട്ടില്‍ കഴിയേണ്ടവര്‍ പുറത്തിറങ്ങി നടക്കാമോ? നിരീക്ഷണത്തില്‍ കഴിയുന്നവര്‍ അവിടെ തന്നെ ഉണ്ടെന്ന് ഉറപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനില്ലേ? അവര്‍ പുറത്തിറങ്ങി നടക്കുന്നത് സമൂഹത്തിനാകെ വെല്ലുവിളിയാകുമെന്നു മനസ്സിലാക്കാത്തതെന്തേ?

19. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാവരും വീട്ടില്‍ ഇരിക്കണമെന്ന് പറഞ്ഞിട്ട് മദ്യശാലകളും ബാറുകളും പ്രവര്‍ത്തിപ്പിക്കുന്നത് ശരിയാണോ?

20. കുട്ടികളെ സംരക്ഷിക്കുകയും അവരുടെ രക്ഷിതാക്കള്‍ക്ക് വൈറസ് ബാധിക്കാന്‍ സൗകര്യം ഒരുക്കിയ സര്‍ക്കാരിന്റെ പ്രതിരോധനയം ശരിയാണോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക