Image

നിശാപാര്‍ട്ടിയില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞാല്‍ ക്രിക്കറ്റ് ഉപേക്ഷിക്കുമെന്ന് രാഹുല്‍ ശര്‍മ

Published on 21 May, 2012
നിശാപാര്‍ട്ടിയില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞാല്‍ ക്രിക്കറ്റ് ഉപേക്ഷിക്കുമെന്ന് രാഹുല്‍ ശര്‍മ
മുംബൈ: മുംബൈ ജൂഹുവിലെ ആഡംബരഹോട്ടലില്‍ നടന്ന നിശാപാര്‍ട്ടിയില്‍ താന്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞാല്‍ ക്രിക്കറ്റ് ഉപേക്ഷിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ശര്‍മ. താന്‍ നിരപരാധിയാണെന്നും ടീം അധികൃതരുടെ പൂര്‍ണ പിന്തുണയുണ്‌ടെന്നും ഐപിഎല്ലില്‍ പൂന വാരിയേഴ്‌സ് താരം കൂടിയായ രാഹുല്‍ ശര്‍മ പറഞ്ഞു. ജിവിതത്തില്‍ ഇതുവരെ ഒരു ബിയര്‍ പോലും രുചിച്ചു നോക്കിയിട്ടില്ലെന്നും രാഹുല്‍ ശര്‍മ വ്യക്തമാക്കി.

രാഹുല്‍ ശര്‍മയ്ക്കു പുറമെ പൂന വാരിയേഴ്‌സിലെ സഹതാരമായ ദക്ഷിണാഫ്രിക്കന്‍ താരം വെയ്ന്‍ പാര്‍ണലിനെയും പോലീസ് നിശാപാര്‍ട്ടിക്കിടെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവര്‍ക്ക് പുറമെ 19 വിദേശികള്‍ ഉള്‍പ്പെടെ നൂറോളം പേരെയാണ് ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വൈദ്യപരിശോധനയ്ക്കുശേഷം വിട്ടയച്ചു. 110 ഗ്രാം കൊക്കെയ്‌നുള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ പോലീസ്, പാര്‍ട്ടി നടത്തിയ സ്ഥലത്തു നിന്ന് കണ്‌ടെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാഹുല്‍ ശര്‍മയുടെ പ്രതികരണം.

അതേസമയം, ഇന്നു രാവിലെ അറസ്റ്റിലായ നിശാപാര്‍ട്ടിയുടെ മുഖ്യ സംഘാടകന്‍ വിശേഷ് ഹന്ദയെ ഈ മാസം 25വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാള്‍ക്കെതിരെ ലഹരിവിരുദ്ധ നിയമപ്രകാരമാണ് കേസ് ചുമത്തിയിരിക്കുന്നത്. ഐപിഎല്‍ താരങ്ങളെക്കൂടാതെ മറ്റ് ചില പ്രമുഖരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായി പോലീസ് അറിയിച്ചിരുന്നെങ്കിലും ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക