Image

ക്രിമിനലുകളെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ സിപിഎം നനഞ്ഞ പടക്കമായി മാറുമെന്ന് ചെന്നിത്തല

Published on 20 May, 2012
ക്രിമിനലുകളെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ സിപിഎം നനഞ്ഞ പടക്കമായി മാറുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ക്രിമിനലുകളെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ സിപിഎം നനഞ്ഞ പടക്കമായി മാറുമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. നേതാക്കള്‍ക്കെതിരേ അനാവശ്യമായ നടപടികളുണ്ടായാല്‍ പാര്‍ട്ടി തീപ്പന്തമാകുമെന്ന പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ചെന്നിത്തല. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തരുതെന്നാണ് സിപിഎം ഉദ്ദേശിക്കുന്നതെന്നും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല കുറ്റപ്പെടുത്തി. പാര്‍ട്ടിക്കാര്‍ കുറ്റം ചെയ്താല്‍ കുറ്റമല്ലാതായി മാറുമോയെന്നും സിപിഎം നടത്തുന്നത് നിയമം കൈയിലെടുക്കലാണെന്നും ചെന്നിത്തല പറഞ്ഞു. ക്രിമിനലുകളെ സംരക്ഷിക്കാനുള്ള ബോധപൂര്‍വമായ നീക്കം സിപിഎം നടത്തുകയാണ്. പോലീസിന്റെ സ്വാതന്ത്യ്രത്തെ തടസപ്പെടുത്തുകയാണ്. ക്രിമിനലുകള്‍ക്ക് രാഷ്ട്രീയത്തില്‍ സ്വൈര്യവിഹാരം നടത്താനുള്ള അവസരമാണ് സിപിഎം നല്‍കുന്നത്. ജാഥ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ് ചെയ്യാതിരിക്കാന്‍ പാടില്ലെന്നും ചെന്നിത്തല സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരെ രംഗത്തിറക്കി നിയമവാഴ്ചയെ അട്ടിമറിക്കാന്‍ സിപിഎം നടത്തുന്ന ശ്രമം അവസാനിപ്പിക്കണം ഇത് ആപത്ക്കരമായ പ്രവണതയാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസില്‍ ആശങ്ക പടര്‍ത്താന്‍ വേണ്ടിയാണ് പിണറായി അടിയന്തരാവസ്ഥയുടെ കാര്യം ഇടയ്ക്കിടെ പറയുന്നത്. ഭരിക്കുമ്പോഴാണെങ്കില്‍ വിമോചന സമരമാണെന്ന് പറഞ്ഞേനെ, പ്രതിപക്ഷത്തായതിനാലാണ് അടിയന്തരാവസ്ഥയെന്ന് പറയുന്നത്. അടിയന്തരാവസ്ഥയുമായി ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്ക് എന്ത് ബന്ധമാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു. കണ്ണൂരില്‍ പാര്‍ട്ടി സഖാക്കള്‍ വന്‍ തോതില്‍ കൊഴിഞ്ഞുപോകുന്ന പശ്ചാത്തലത്തിലാണ് ഈ അഭിപ്രായപ്രകടനമെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്ര നേതൃത്വത്തിനയച്ച കത്തിനെക്കുറിച്ച് വാര്‍ത്ത പുറത്തുവന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും വി.എസ് അത് നിഷേധിക്കാത്ത സാഹചര്യത്തില്‍ ഇതില്‍ സത്യമുണ്ടെന്ന് താന്‍ വിശ്വസിക്കുന്നതായും ചെന്നിത്തല പറഞ്ഞു. സിപിഎം ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ യുഡിഎഫ് തകരുമെന്ന് പറഞ്ഞ പാര്‍ട്ടി നേതാക്കള്‍ സ്വയം തകര്‍ച്ച നേരിടുകയാണ്. ചന്ദ്രശേഖരന്‍ വധം കോണ്‍ഗ്രസ് രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആരോപണവും ചെന്നിത്തല നിഷേധിച്ചു. യഥാര്‍ഥ പ്രതികളെ കണ്ടെത്തണമെന്നുമുള്ള പൊതുജനവികാരം ഉയര്‍ത്തിപ്പിടിക്കുക മാത്രമാണ് യുഡിഎഫ് ചെയ്യുന്നത്. സിപിഎമ്മിന്റെ ഇത്തരം ജനവിരുദ്ധ നീക്കങ്ങള്‍ ഉയര്‍ത്തിക്കാട്ടേണ്ട ബാധ്യത കോണ്‍ഗ്രസിനുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐ അന്വേഷിക്കാന്‍ തയാറാണെന്ന മുല്ലപ്പള്ളിയുടെ അഭിപ്രായത്തില്‍ തെറ്റില്ലെന്നും അദ്ദേഹം അവിടുത്തെ ജനപ്രതിനിധിയാണെന്നും ചെന്നിത്തല പറഞ്ഞു. നിഷ്ഠൂരമായ കൊലപാതകത്തിലെ പ്രതികളെ പിടിക്കാന്‍ വേണമെങ്കില്‍ സിബിഐ അന്വേഷണത്തിന് തയാറാണെന്ന് മാത്രമാണ് അദ്ദേഹം ഉന്നയിച്ചതെന്നും ചെന്നിത്തല പറഞ്ഞു. ആദിവാസികളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ അടുത്ത മാസം ആറിനും ഏഴിനും താന്‍ അട്ടപ്പാടിയിലും അഗളിയിലും സന്ദര്‍ശനം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക