Image

കൊറോണ: അമേരിക്കന്‍ മലയാളികള്‍ക്കായി ഹെല്‍പ്പ് ലൈന്‍ ഫോറം നിലവില്‍ വന്നു

അനിയന്‍ ജോര്‍ജ് Published on 17 March, 2020
കൊറോണ: അമേരിക്കന്‍ മലയാളികള്‍ക്കായി ഹെല്‍പ്പ് ലൈന്‍ ഫോറം നിലവില്‍ വന്നു
ന്യൂജേഴ്സി: ലോകരാജ്യങ്ങളെയും ലോകജനതയെയും ഭീതിയിലാഴ്ത്തി, മഹാമാരിയായി കൊവിഡ് 19, അമേരിക്കന്‍ മലയാളികളുടെയും ഉറക്കം കെടുത്തുകയാണ്. വടക്കേ അമേരിക്കയില്‍ പ്രവാസി മലയാളികള്‍ ഒറ്റക്കെട്ടായി സധൈര്യം ഈ പ്രതിസന്ധിയെ നേരിടാന്‍ ടെലി കോണ്‍ഫറന്‍സില്‍ തീരുമാനമെടുത്തു.

മാര്‍ച്ച് 12-ാം തീയതി വ്യാഴാഴ്ച ഫൊക്കാന, ഫോമ, ഐപിസിഎന്‍എ, ഡബ്ല്യുഎംസി,  എകെഎംജി,   എന്‍എഐഎന്‍എ (നൈന) തുടങ്ങിയ ദേശീയ സംഘടനകളുടെ പ്രതിനിധികളും കേരളത്തില്‍ നിന്നും പ്രേമചന്ദ്രന്‍ എംപി, രാജു എബ്രഹാം എംഎല്‍എ, പത്തനംതിട്ട കളക്ടര്‍ ഡോ. നൂഹ്, ഡോ. എം. വി. പിള്ള എന്നിവരും പങ്കെടുത്ത ടെലി കോണ്‍ഫറന്‍സില്‍ മുന്നൂറില്‍ പകരം ആളുകളാണ് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പങ്കെടുത്തത്.

എകെഎംജിയുടെ മുന്‍ പ്രസിഡന്റ് ഡോ. തോമസ് മാത്യു, ഡോ. രാമചന്ദ്രന്‍, ഡോ. ജേക്കബ് മാത്യു, ഡോ. നജീബ്, ഡോ. രവീന്ദ്രനാഥ്, ഡോ. നവീന്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍, മുന്‍കരുതല്‍, ട്രീറ്റ്മെന്റ് തുടങ്ങിയ കാര്യങ്ങളെപ്പറ്റി വിശദമായി സംസാരിച്ചു.

യാത്ര ചെയ്യാനാവാതെ ബുദ്ധിമുട്ടിലകപ്പെട്ടിരിക്കുന്ന മലയാളികളെ സഹായിക്കാന്‍ എല്ലാ മലയാളി സംഘടനകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് എല്ലാവരും സംയുക്തമായി ആവശ്യപ്പെട്ടു.

മലയാളി ഹെല്‍പ്പ് ലൈന്‍ ഫോം എന്നു പേരിട്ടിരിക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ വിദഗ്ധരായ ഡോക്ടേഴ്സ്, ഫോമ, ഫൊക്കാന, ഡബ്ല്യുഎംസി, ഐപിസിഎന്‍എ, നൈന തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും വിവിധ സംസ്ഥാനങ്ങളിലുള്ള സംഘടന പ്രസിഡന്റുമാരും അംഗങ്ങളാണ്. കേരളത്തില്‍ നിന്നും
ആരോഗ്യ  മന്ത്രി  കെ.കെ. ഷൈലജ, എംപിമാര്‍, എംഎല്‍എമാര്‍, കളക്ടര്‍മാര്‍,
പോലീസ്  ഉദ്യോഗസ്ഥന്മാര്‍  എന്നിവര്‍ അംഗങ്ങളായ വാട്സ് ആപ്പ് ഗ്രൂപ്പ് 24 മണിക്കൂറും പ്രവാസി മലയാളികളുടെ ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയാണ്.

ഫ്ളോറിഡയില്‍ നിന്നുള്ള ഡോ. ജഗതി നായര്‍ കോര്‍ഡിനേറ്റര്‍ ആയ കമ്മിറ്റിയില്‍ എകെഎംജി പ്രസിഡന്റ് ഡോ. ഉഷ മോഹന്‍ദാസ്, ഫോമ പ്രസിഡന്റ് രാജു ചമത്തില്‍, ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജിയന്‍ പ്രസിഡന്റ് ജയിംസ് കൂടല്‍, ഐപിസിഎന്‍എ പ്രസിഡന്റ് ഡോ. ജോര്‍ജ് എം. കാക്കനാട്ട്, നൈന പ്രസിഡന്റ് ആഗ്‌നസ് തെര്‍ക്കെടി, ആപി മുന്‍ പ്രസിഡന്റ് ഡോ. നരേന്ദ്രകുമാര്‍ എന്നിവരാണ് അംഗങ്ങള്‍.
ന്യൂജേഴ്സിയില്‍ നിന്നുള്ള ബൈജു വര്‍ഗീസാണ് കോര്‍ഡിനേറ്റര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക