Image

മലയാളത്തിന്റെ തമ്പി സാറിന് ജന്മദിനാശംസകൾ

അനിൽ പെണ്ണുക്കര Published on 16 March, 2020
മലയാളത്തിന്റെ തമ്പി സാറിന് ജന്മദിനാശംസകൾ
ഇലഞ്ഞിപ്പൂക്കളുടെ ഗന്ധമാണ്
ശ്രീകുമാരൻ തമ്പി സാറിന്റെ പാട്ടുകൾക്ക് . വഞ്ചിപ്പാട്ടിന്റെയും
ഓണത്തിന്റെയും സുഖകരമായ താളവും നിറവുമുണ്ടതില്‍. കൈതപ്പൂവിന്റെയും കായലോരത്തിന്റെയും
കേവുവഞ്ചികളുടെയും സാന്നിദ്ധ്യം അതിലുണ്ട്.
കസ്തൂരിമണക്കുന്ന കാറ്റിലും അകലെക്കാണുന്ന
നീലകാശത്തിലും കാമുകികാമുകന്മാരുടെ
മനസ്സിന്റെ ഭാവുകത്വവും കല്പനപരതയുമാണ്.
മുറ്റത്തെത്തുവാന്‍ ക്ഷണിക്കപ്പെടുന്ന
ഉത്രാടപ്പൂനിലാവിനോട് കവിക്കുപറയുവാനുള്ളത്
വാടിയപ്പൂക്കളത്തിലും വിശന്നുവാടിയവനും
പാല്‍പകര്‍ന്നു നല്‍കാനാണ്.
ആശാസുന്ദരകല്പനകള്‍ തളിര്‍ത്തുനില്‍ക്കുന്ന
ജീവിതയാത്രയുടെ അജയ്യത അദ്ദേഹത്തിന്റെ
ഗാനങ്ങളില്‍ വിടർന്നു നിൽക്കുന്നു.

ശ്രീകുമാരന്‍തമ്പിസാറിന്റെ മികച്ച പലപാട്ടുകളും വയലാറിന്റെഗാനങ്ങളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്
.
മികച്ചഗാനങ്ങള്‍ക്കായുള്ള
ആരോഗ്യകരമായ സര്‍ഗ്ഗമത്സരമായിരുന്നു
അന്ന് മലയാളഗാനശാഖയെ കരുത്തുറ്റതാക്കിയത്.
പ്രതിഭയും ഭാവനയും ഭാഷയിലുള്ള അറിവും
വാക്കുകള്‍ സധൈര്യം പ്രയോഗിക്കാനുള്ളപാടവും
തമ്പിസ്സാറിന്റെ ഗാനങ്ങള്‍ക്ക്
അഴകും ഭാവവും ആഴവും സമ്മാനിച്ചു.
ചെമ്മീന്‍ സിനിമയില്‍ പളനിയും
ചെമ്പന്‍ക്കുഞ്ഞും കടലില്‍വച്ച് ആദ്യമായി കണ്ടുമുട്ടുന്നത് തിരപ്പുറത്തുവച്ചുള്ള ഒരു വള്ളംതുഴച്ചിലാണ്. പഴനി
വെല്ലാന്‍ ശ്രമിക്കുന്ന ചെമ്പന്‍കുഞ്ഞും വിട്ടുകൊടുക്കാതെ മുന്നേറുന്ന പളനിയും. അതുപോലെ വയലാര്‍ ഭാസ്‌കരന്‍മാഷ് ഓഎന്‍വി ശ്രീകുമാരന്‍തമ്പിയും കാവ്യഭാവനയുടെ തിരപ്പുറത്ത് മത്സരിക്കുകയായിരുന്നു എന്ന് പറയുന്നതിന്‍ അതിശയോക്തിയില്ല. കാരണം അവര്‍ നല്ലതിനുവേണ്ടിയുള്ള
വഴിയില്‍ കൂട്ടായി സഞ്ചരിച്ചവരാണ്.
ഗാനങ്ങള്‍ ഹൃദ്യമാകണമെങ്കില്‍ അതില്‍ സഹൃദയനെ ആകര്‍ഷിക്കാന്‍പോന്ന കല്പനയും ഭാവാര്‍ത്ഥങ്ങളും
ലാളിത്യവും ഈണവും ശ്രുതിയും ലയവും ഉണ്ടാകണം. ഏതു ഗദ്യവരിയും സംഗീതത്തിന്റെ ട്രാക്കിലേക്ക്
വലിച്ചിടാം. എന്നാല്‍ ഗാനാത്മകതയും കല്പനയും ഭാവാര്‍ത്ഥതലങ്ങളുമുള്ള ഈരടികള്‍ക്ക് സംഗീതത്തിന്റെചിറകുനല്‍കുമ്പോള്‍
ലഭിക്കുന്ന ഗാന്ധര്‍വ്വലയത്തിന്റെ വലയില്‍പ്പെട്ടുപോകാത്തവരായി പ്രപഞ്ചത്തില്‍ ഒന്നുമുണ്ടാവുകയില്ല. ഈ ഗണത്തില്‍പ്പെടുന്ന, ഗാന്ധര്‍വ്വസംഗീതത്തിന്റെ അരുവികളാണ് തമ്പിസ്സാറിന്റെ ഗാനങ്ങള്‍ . അദ്ദേഹത്തിന്റെ വരികളുടെ വശ്യതയും ഭാവങ്ങളും ഭംഗിയും ആവശ്യപ്പെടുന്ന ഈണവും
താളവും ലയവും തന്നെയാണ് സംഗീതസംവിധായകരും നല്‍യിട്ടുള്ളത്. ഒരുപക്ഷേ തമ്പിസ്സാറിന്റെ വാക്കുകളുടെ ഒഴുക്കും അടുക്കും പൊരുളും ഘടനയും ഉണ്ടായിരുന്നതുകൊണ്ടല്ലേ പല സംഗീതജ്ഞർക്കും മികച്ച ഗാനങ്ങൾ മലയാളത്തിന് നൽകുവാൻ സാധിച്ചത് ....

ആ വാക്കും ഒഴുക്കും
ഇനിയും അനസ്യുതം തുടരട്ടെ ...
ഞങ്ങളുടെ പ്രിയപ്പെട്ട
ശ്രീകുമാരൻ തമ്പി സാറിന്
ഹൃദയപൂർവം ഇ-മലയാളിയുടെ
ജന്മദിനാശംസകൾ ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക