Image

വീടുവിട്ട്‌ പോയവൻ (കഥ: തോമസ് കെയാൽ)

Published on 02 March, 2020
വീടുവിട്ട്‌ പോയവൻ (കഥ: തോമസ് കെയാൽ)
പത്താം ക്ലാസ്‌ പരീക്ഷയിൽ തോൽക്കുമെന്ന് ഉറപ്പായിരുന്നു. അരമണിക്കൂറിനുള്ളിൽ പരീക്ഷയെഴുതി ക്ലാസിന്‌ ‌ പുറത്ത്‌ പോകാനുള്ള നേരമാവുന്നതും കാത്തിരുന്ന ഞാനെങ്ങനെ ജയിക്കാൻ. പരീക്ഷാഫലം‌ അറിയുന്ന ദിവസമടുക്കുന്തോറും അപ്പച്ചന്റെ കയ്യിൽ നിന്നുള്ള അടിപ്പേടി കൂടിവന്നു.
അങ്ങനെയാണ്‌ നാട്‌വിടാനുള്ള പ്ലാൻ മനസ്സിലുറപ്പിക്കുന്നത്‌. ഈസ്റ്റർ അടുത്ത്‌ വരുന്നു..പക്ഷെ അതുവരെ കാത്തിരുന്നാൽ ശരിയാവില്ല, പരാജിതന്റെ കഥ വീട്ടിലറിയും..
അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ കുഞ്ഞായിരുന്ന അനിയനെ കെട്ടിപ്പിടിച്ച്‌ കുറേനേരം കരഞ്ഞു. അവനെ വിട്ടുപോകുന്നതായിരുന്നു ഏറെ സങ്കടം.
കാലത്ത്‌ കഞ്ഞികുടിയും കഴിഞ്ഞ്‌ ഒരു ദിവസം തങ്ങാനുള്ള ട്രൗസറും ഷർട്ടും പൊതിഞ്ഞെടുത്ത്‌ 'അമ്മാമേടെ അടുത്തക്ക്‌ പൂവ്വാട്ടാ..' ന്ന് അമ്മയോട്‌ യാത്രപറയുമ്പോൾ എന്റെ കണ്ണുനിറഞ്ഞത്‌ അമ്മ കണ്ടുകാണില്ല.
' പെസഹാ വ്യാഴാഴ്ചക്ക്‌ വന്നോളോട്രാ..' മറുപടിയൊന്നും പറയാതെ നനഞ്ഞ കണ്ണുകൾ അമ്മയെ കാണിക്കാതെ പതുക്കെ നടന്നു.

അമ്മാമക്ക്‌ സന്തോഷം..മേക്കാമോതിമിട്ട കാതിളക്കി കുസൃതിയൊളിപ്പിച്ച്‌ 'എന്തേടാ പോന്നേ ഇങ്കട്‌ വരാൻ നിന്നെ അമ്മ വിട്ടാ..'
തറവാട്ടിലെ ആദ്യത്തെ ആൺതരിയായ എന്നോട്‌ അമ്മാമക്ക്‌ പ്രത്യേക സ്നേഹമാണ്‌. ഏത്‌ ബന്ധുവീട്ടിൽ പോകുമ്പോഴും എന്നെയാണ്‌ കൂടെ കൂട്ടുക.
കട്ടങ്കാപ്പിയും കൊഴലപ്പവും കഴിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മാമ ഓരോ വിശേഷങ്ങൾ ചോദിച്ചറിഞ്ഞുകൊണ്ടിരുന്നു. 'കൊറേ ദിവസായി നിങ്കറോടെക്ക്‌ ഒന്ന് വരണം വരണം എന്ന് വിചാരിച്ചട്ട്‌. അവടം വരെ നടന്നാല്‌ തണ്ടല്‌ കഴക്കും. പിന്നെ അത്‌ മാറാൻ രണ്ടീസം കെടക്കണം..'

രാത്രി ഈസ്റ്ററിനുള്ള പലഹാരപ്പണി നടക്കുന്നുണ്ട്‌. പാത്യേമ്പുറത്ത്‌ അച്ചപ്പം തിളച്ച വെളിച്ചെണ്ണയിൽ മൊരിയുന്നു. കുറേ നേരം നിന്ന് നിന്ന് അമ്മാമേടെ കാല്‌ കഴച്ചപ്പോൾ സഹായത്തിന്‌ വന്ന‌ കാളിച്ചോത്തി അമ്മാടെ കാലിൽ മണ്ണെണ്ണ പുരട്ടിത്തിരുമ്മി. ' കാള്യേയ്‌ നെന്റെ കയ്യ്‌ നല്ലോണം വാരസോപ്പിട്ട്‌ കഴ്ക്‌ ട്ടാ..മണ്ണെണ്ണേടെ ശൂര്‌ പോണം. അല്ലങ്ങെ ആ അച്ചപ്പത്തിലൊക്കെ മണെട്ക്കും..'
' ഈ മാൾച്ചിരിമ്മക്കെന്താ..ഇനിക്കൊ
ന്നും അറിയാത്തോണം..'
കാളിച്ചോത്തിയുടെ പരിഭവവും പലഹാരപ്പണിയും അവിടെ നടക്കുമ്പോൾ ഞാൻ പതുക്കെ അമ്മാമേടെ കട്ടിലിൽ‌ ചെന്ന് തലോണ പൊക്കി നോക്കി. കാശ്‌ അവിടെണ്ട്. അമ്മാമക്ക്‌ മക്കളും മരുമക്കളും ബന്ധുക്കളും വരുമ്പോൾ കൊടുക്കുന്നത്‌ തലോണക്കടിയിലാണ്‌ ‌ സൂക്ഷിച്ച്‌ വക്കുക. അതെത്രയുണ്ടെന്ന് അമ്മാമക്കറിയില്ല. അതിൽ നിന്ന് ഒരു വാരൽ എടുത്ത്‌ ട്രൗസറിന്റെ കീശയിൽ തിരുകി. ബാക്കിയുള്ളത്‌ അവിടെത്തന്നെ വച്ചു. ഉറങ്ങാൻ നേരത്ത്‌ 'ഞാൻ കാലത്തന്നെ പൂവുട്ടാ' ന്ന് അമ്മാമോട്‌ പറഞ്ഞ്‌ കിടന്നു.

കാലത്ത്‌ പള്ളിയിൽ പോകാനിറങ്ങിയ അമ്മാമക്കൊപ്പം ഞാനുമിറങ്ങി..
അങ്ങാടിയിൽ ചെന്ന് ബസ്‌ കാത്തുനിൽക്കുമ്പോൾ ഒരു വിറയൽ..
മലമ്പുഴയിലെ അമ്മ വീട്ടിലേക്കാണ്‌ അതുവരെ ദീർഘയാത്ര ചെയ്തിട്ടുള്ളത്‌, അമ്മയുടെകൂടെ. തനിയെ പോയിട്ടുള്ളത്‌ തൃശുർ വരെയും. ആ ഞാനാണ്‌ കോയമ്പത്തൂർക്ക്‌ പോകാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നത്‌.
നാട്‌ വിട്ടുപോയി വലിയ നിലയിലെത്തിയിട്ടുള്ളവരുടെ പല കഥകളും കേട്ടിട്ടുണ്ട്‌. സിനിമയിലും കണ്ടിട്ടുണ്ട്‌. അങ്ങനെ വലിയൊരാളായി വീട്ടിലേക്ക്‌ തിരിച്ച്‌ ചെല്ലണം എന്നാണ്‌ മനസ്സിൽ.
തൃശൂർ ചെട്ടിയങ്ങാടിയിലിറങ്ങി പോസ്റ്റോഫീസ്‌ റോഡിലെ കടയിൽ നിന്നൊരു കള്ളിമുണ്ടും ചെറിയൊരു ബാഗും വാങ്ങി ദീർഘയാത്രക്കൊരുങ്ങി നേരെ ട്രാൻസ്പോർട്ട്‌ ബസ്‌ സ്റ്റേഷനിലേക്ക്‌ വച്ചുപിടിച്ചു. ആരൊക്കെയോ എന്നെ ശ്രദ്ധിക്കുണ്ടെന്ന് സംശയം. വീട്ടിൽ നിന്നാരും ഇപ്പോ എന്നെ അന്വേഷിച്ചെത്തില്ല. ഞാൻ അമ്മാമേടെ അടുത്താണെന്ന് അമ്മേം അപ്പച്ചനും വീട്ടീ പോയല്ലോ എന്ന് അമ്മാമേം വിചാരിച്ചോളും. ദുഃഖ വെള്ളിക്കും എന്നെ കാണാണ്ടാവുമ്പഴാണ്‌ ഞാൻ നാട്‌ വിട്ടെന്ന് അവരറിയുക. അപ്പച്ചനിത്തിരി വെഷമിക്കട്ടെ.

കള്ളിമുണ്ട്‌ ട്രൗസറിന്‌ മേലെയുടുത്ത്‌ മുതിർന്ന ഒരാളെപ്പോലെ കോയമ്പത്തൂർക്കുള്ള ബസ്സിൽ കയറിയിരുന്ന് ഇങ്ങനെയോരോന്ന് ആലോചിച്ചിരിക്കുമ്പോഴാണ്‌ ' എവ്ടക്കാണ്ടാ..' ന്നൊരു ചോദ്യം എന്നെ ഞെട്ടിച്ചത്‌...

എന്നെ അടിമുടി നോക്കിയുള്ള കണ്ടക്ടറുടെ ചോദ്യത്തിൽ ഞാൻ ഒന്നമ്പരന്നു. പിന്നെ വിക്കി വിക്കി പറഞ്ഞു ' കോയമ്പത്തൂർക്ക്‌'
' നെന്റെ ആരാണ്ടാ അവ്‌ടെ..ഒളിച്ചോടി പൂവ്വാണോ നിയ്യ്‌..'
' അല്ല..അച്ചന്റട്ത്തീക്കാ..' ഒരു വിധം പറഞ്ഞൊപ്പിച്ചിട്ടും അയാൾക്ക്‌ സംശയം തീരാത്തപോലെ. കാശ്‌ കൊടുത്ത്‌ നേരം അയാളൊന്ന് ഇരുത്തിമൂളിയോ എന്നൊരു തോന്നൽ. ടിക്കറ്റ്‌ വാങ്ങുമ്പോൾ കണ്ടക്‌ടറുടെ മുഖത്തേക്ക്‌ നോക്കാൻ ധൈര്യം വന്നില്ല.

പാലക്കാട്‌ കഴിഞ്ഞപ്പോൾ ആകെ ഒരു സംഭ്രമം. തിരിച്ച്‌ പോയാലോ എന്ന തോന്നൽ അടങ്ങിയത്‌ അപ്പച്ചന്റെ അടിയെ പേടിച്ചായിരുന്നു. ഇല്ല തിരികെ പോണില്ല, ജോലിയൊക്കെ കിട്ടി വല്ല്യ നെലേലായി വീട്ടിലേക്ക്‌ ചെല്ലുമ്പോൾ അപ്പച്ചന്റെ ദ്വേഷ്യമൊക്കെ മാറിയിട്ടുണ്ടാവും. അമ്മയ്ക്കും അനിയന്മാർക്കും അനിയത്തിമാർക്കും എന്തെങ്കിലൊക്കെ വേടിച്ച്‌ കൊണ്ടോണം..
അമ്മാമേടെ കാശെട്ത്ത്‌ പോന്നത്‌ അറിഞ്ഞിട്ടുണ്ടാവോ..

വണ്ടികളുടെ ഹോണടികൾ കേട്ടാണ്‌ മയക്കത്തീന്നുണർന്നത്‌..വലിയ തെരക്കുള്ള സ്ഥലത്തെത്തി. കടകളിലെ ബോർഡുകളൊക്കെ തമിഴിൽ..കോയമ്പത്തൂരാവും.
എവിടെയിറങ്ങും എന്ന് ഞെട്ടലോടെ ഓർത്തത്‌ അപ്പോഴാണ്‌. ഇടക്കിടക്ക്‌ നിർത്തി ആളുകൾ ഇറങ്ങുന്നുണ്ട്‌. സ്റ്റേഷനിൽ ബസ്‌ നിർത്തി എല്ലാവരും ഇറങ്ങുന്നകണ്ടപ്പോൾ അവർക്കൊപ്പം ഞാനും ഇറങ്ങി..അവസാനക്കാരനായി.

തെരക്കോട്‌ തെരക്ക്‌, ഒരുപരിചയവുമില്ലാത്ത സ്ഥലവും ആളുകളും..അവസാന തുള്ളി ധൈര്യവും ചോർന്ന് അവിടെക്കണ്ട ചാരുബെഞ്ചിലിരുന്നു. ഇനി എങ്ങോട്ടാണ്‌ പോവുക. വീട്‌ വിട്ട്‌ പോരണ്ടാർന്നു..
കണ്ണുനിറയാൻ നേരത്താണ്‌ അരികൊലൊരാൾ വന്ന് മലയാളത്തിൽ ചോദിച്ചത്‌ ' മോൻ ജോലിക്ക്‌ വന്നതാ..'
'അതേന്ന്' മുഴുവൻ പറയാൻ സങ്കടമനുവദിച്ചില്ല.
'എന്നാ വായോ..' പിന്നെയൊന്നും ആലോചിക്കാൻ നിൽക്കാതെ കണ്ണുകൾ തുടച്ച്‌ ബാഗുമെടുത്ത്‌ അയാൾക്കൊപ്പം നടന്നു..
ഓരോ കാര്യങ്ങളും നടത്തത്തിനിടയിൽ അയാൾ ചോദിച്ചറിയുന്നുണ്ടായിരുന്നു.
'ഒന്നും പേടിക്കണ്ട മോന്‌ ജോലിയൊക്കെ ഞാൻ ശര്യാക്കിത്തരാം..' അത്‌ കേട്ടപ്പോൾ അൽപമൊരു സമാധാനമായി.
രണ്ടുമൂന്ന് ബെഞ്ചും മേശയുമുള്ള ചെറിയൊരു ചായക്കടയിലെത്തി എന്നെ അവിടെയിരുത്തി എന്റെ ബാഗും വാങ്ങി അയാൾ 'ഇപ്പ വരാട്ടാ..' എന്ന് പറഞ്ഞ്‌ കടക്കുള്ളിലേക്ക്‌ കയറിപ്പോയി.

നേരമേറെ കാത്തിരുന്നിട്ടും അയാളെ കാണുന്നില്ല. ഞാൻ ചെന്ന് അകത്തൊക്കെ നോക്കി അവിടെയൊന്നും അയാളില്ല. ആ ബാഗും അതിനുള്ളിൽ വച്ചിരുന്ന പൈസയും കൊണ്ട്‌ അയാൾ ചായക്കടയുടെ പിൻ വാതിലിലൂടെ എന്നെ പറ്റിച്ച്‌ പോയി.
കരച്ചിൽ കേട്ട്‌ ദയ തോന്നിയിട്ടാവണം ചായക്കടക്കാരൻ എന്നെയവിടെ ജോലിക്ക്‌ നിർത്തി..
ചായ കുടിച്ച ഗ്ലാസുകളും പ്ലേറ്റുകളും എടുത്ത്‌ മേശ തുടച്ച്‌ വൃത്തിയാക്കണം അതൊക്കെ കഴുകി വക്കണം. കടയടക്കാൻ നേരത്ത്‌ അന്നത്തെ കൂലി ഒരു രൂപ. ചായേം ചോറും പരിപ്പുകറീം പിന്നെ കടയടക്കുമ്പോൾ അതിനുള്ളിൽ കിടപ്പും.
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ വീടും അമ്മയും അനിയന്മാരും അനിയത്തിമാരും അമ്മാമയും കണ്മുന്നിൽ തെളിയും അപ്പോൾ കരച്ചിൽ വരും.. ഉറക്കത്തിന്‌ മുൻപ്‌ കരച്ചിലൊരു ശീലമായി. അപ്പച്ചന്റെ കയ്യീന്ന് അടി വാങ്ങുന്നതായിരുന്നു ഇതിലും ഭേദം. അല്ലെങ്കിൽ നന്നായി പഠിച്ച്‌ പരീക്ഷയെഴുതിയാലും മതിയായിരുന്നു...
വലിയ നിലയിലെത്തുമെന്നത്‌ സ്വപ്നത്തിൽപോലും വരാതെയായി..എങ്ങനെയെങ്കിലും വണ്ടിക്കൂലിയുണ്ടാക്കി വീട്ടിൽ പോണം.

ഈസ്റ്ററും അതുകഴിഞ്ഞും ദിവസങ്ങൾ എത്ര കടന്നുപോയി എന്ന് ഓർമയിൽ പോലുമില്ല. പുതിയൊരു ജോലി കൂടികിട്ടി, കാലത്ത്‌ സൈക്കിളിൽ പോയി പൊതു ടാപ്പിൽ നിന്ന് വെള്ളമെടുത്ത്‌ കൊണ്ടുവരണം. കാറിന്റെ പഴയ ഫാൻ ബെൽറ്റിൽ നടുക്കൊരു കെട്ടിട്ടാൽ അതിന്റെ രണ്ടറ്റത്തും ഓരോ കുടത്തിന്റെ കഴുത്തിറങ്ങും. എന്നിട്ടത്‌ സൈക്കിളിന്റെ കാരിയറിൽ എടുത്ത്‌ വക്കണം. ഒറ്റക്ക്‌ എടുത്തുവക്കാൻ കഴിയാത്തതുകൊണ്ട്‌ ആരെങ്കിലും സഹായിക്കുന്നതുവരെ കാത്തുനിൽപ്പ്‌. രണ്ടുകുടങ്ങളും കാരിയറിന്റെ ഇരുവശത്തുമായി തൂങ്ങിക്കിടക്കും. സീറ്റിൽ ഇരുന്നാൽ കാലെത്താത്ത കാരണം നിന്നുകൊണ്ടാണ്‌ സൈക്കിൾ ചവിട്ട്‌. മൂന്നോ നാലോ പ്രാവശ്യം വെള്ളം കൊണ്ടുവന്നാൽ പിന്നെ പുറത്ത്‌ ചില പണിസ്ഥലങ്ങളിലേക്ക്‌ ചായ കൊണ്ടുകൊടുക്കലാണ്‌ . കുറെ തട്ടാന്മാർ ഇരുന്ന് പണിയുന്നിടത്ത്‌ ചായ കൊണ്ട്‌ കൊടുക്കുന്നതിനിടയിൽ അവരിലൊരാൾ എന്റെ നാടും വീടുമെല്ലാം ചോദിച്ചറിഞ്ഞു. അയാൾക്ക്‌ വരന്തരപ്പിള്ളിയിൽ ബന്ധുക്കളുണ്ടത്രെ..അയാൾ‌ എന്നോട്‌ എന്നും വിശേഷങ്ങൾ തിരക്കും. കോയമ്പത്തൂർ എത്തിയതിനു ശേഷം ഒരൽപം സ്നേഹവായ്‌പോടെ വർത്തമാനം പറഞ്ഞ ഒരേ ഒരാൾ..

വെള്ളം കൊണ്ടുവന്നുകഴിഞ്ഞാൽ കടയിൽ വരുന്നവർക്ക്‌ ചായയും ചെറുകടികളും എടുത്തുകൊടുക്കാൻ തക്ക നിലയിലായി ഞാൻ. ഒരു ചായ മൂന്ന് ഗ്ലാസുകളിൽ ആവശ്യപ്പെടുന്നത്‌ എന്താണെന്ന് മനസ്സിലാവാതെ നിന്ന എന്റെ ചെവിക്ക്‌ പിടിച്ച അണ്ണാച്ചിയുടെ കൈ തട്ടി മാറ്റിയതേ എനിക്കോർമ്മയുള്ളു..
അയാളുടെ അടിയിൽ തല കറങ്ങിപ്പോയി..ഇടക്ക്‌ മുതലാളി വന്ന് പുതിയ പയ്യനാണെന്ന് പറഞ്ഞതുകൊണ്ട്‌ മാത്രം കൂടുതൽ അടികിട്ടാതെ രക്ഷപ്പെട്ടു.

ഒരു ദിവസം കൗണ്ടറിൽ നിന്ന് ചായ എടുത്ത്‌ തിരിഞ്ഞതും വാതിൽക്കൽ എന്നെത്തന്നെ നോക്കിക്കൊണ്ട്‌ അപ്പച്ചൻ...
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..
ചായ ഗ്ലാസ്‌ കയ്യിലിരുന്ന് വിറച്ചു..
അപ്പച്ചൻ അരികിൽ വന്ന് ചായ വാങ്ങി ഒരു പൊതി നീട്ടിക്കൊണ്ട്‌ പറഞ്ഞു..
' ഈസ്റ്ററിന്‌ നിനക്ക്‌ വാങ്ങിയ മുണ്ടും ഷർട്ടും‌, ഞാൻ ഇത്‌ തരാൻ വേണ്ടി വന്നതാണ്‌..'
കടയിലിരുന്നവരെ ഞെട്ടിച്ചുകൊണ്ട്‌ ഞാൻ അലറിക്കരഞ്ഞു...

അപ്പച്ചൻ മനഃപൂർവ്വം അങ്ങനെ പറഞ്ഞതാണ്‌..അതാണെന്നെ കൂടുതൽ സങ്കടപ്പെടുത്തിയതും.
ചായക്കടക്കാരനോട്‌ എന്റെ പേരിൽ വല്ല ബാധ്യതയും ഉണ്ടോ എന്ന് ചോദിച്ചു, മകനാണ്‌ കൊണ്ടുപോയ്ക്കോട്ടെയെന്നും.
എടുക്കാൻ ഒന്നുമില്ലാത്തതുകാരണം അവിടെ നിന്നിറങ്ങാൻ താമസമുണ്ടായില്ല.
നേരെ അടുത്തുള്ള ലോഡ്ജിലേക്കാണ്‌ പോയത്‌‌. അപ്പച്ചൻ തലേന്ന് വന്ന് അവിടെ തങ്ങിയിരുന്നുവെന്ന് അപ്പോഴാണ്‌ മനസ്സിലായത്‌. ഒരാഴ്‌ചയിലെ അഴുക്കെല്ലാം ചൂടുവെള്ളത്തിൽ നന്നായൊന്ന് കുളിച്ച്‌ കഴുകിക്കളഞ്ഞു. ഉടുത്തിരുന്നതെല്ലാം അവിടെ കളഞ്ഞേക്കാൻ പറഞ്ഞത്‌ അതിലെ അഴുക്ക്‌ കണ്ടിട്ടാണ്‌. പുഴുങ്ങിക്കഴുകിയാൽ പോലും പോകാത്തത്രയും അഴുക്ക്‌. പുത്തൻ മണം മാറാത്ത ഷർട്ടും മുണ്ടും ട്രൗസറും എടുത്തിട്ടപ്പോൾ എങ്ങനെയെങ്കിലും വേഗം വീട്ടിലെത്തിയാൽ മതിയെന്നായി.

വരന്തരപ്പിള്ളിയിൽ ബന്ധുക്കളുള്ള തട്ടാന്റടുത്ത്‌ എന്നെയും കൂട്ടി ചെന്നപ്പോഴാണറിയുന്നത്‌ അയാളാണ്‌ ഞാനിവിടെയുണ്ടെന്ന് പറഞ്ഞ്‌ അപ്പച്ചന്‌ കത്തെഴുതിയത്‌. ' ഇനി ഒളിച്ചോടിയൊന്നും പോവരുത്‌ ' എന്ന് പറഞ്ഞ്‌ എന്റെ ചുമലിൽ തട്ടി എന്നെ യാത്രയാക്കി അയാൾ.

കോയമ്പത്തൂരിൽ നിന്നും ബസ്‌ കയറിയതേ ഓർമ്മയുള്ളൂ പെട്ടെന്ന് ഉറങ്ങിപ്പോയി. ഉണർന്ന് നോക്കുമ്പോൾ അപ്പച്ചന്റെ നെഞ്ചിലോട്ട്‌ ചാഞ്ഞ്‌ കിടക്കുകയാണ്‌ ഞാൻ. വീഴാതിരിക്കാൻ എന്നെ ചേർത്ത്‌ പിടിച്ച കയ്യിലെ വാച്ചിന്റെ ടിക്‌ ടിക്‌ ശബ്ദം ചെവിയിൽ കേൾക്കാം‌. അതൊരു ശീലമായിരുന്നു എനിക്ക്‌, അപ്പച്ചന്റെ വാച്ചിന്‌ കീ കൊടുത്ത്‌ ചെവിയിൽ വച്ച്‌ അതിന്റെ ശബ്ദത്തിന്‌ കാതോർക്കും..
പുറത്ത്‌ ഇരുട്ടിൽ കോരിച്ചൊരിയുന്ന മഴ. ആമ്പലൂരിറങ്ങിയപ്പോഴേക്കും മഴയൊന്നു തോർന്നു. വരന്തരപ്പിള്ളിയിലേക്കുള്ള അവസാന ബസ്സും പോയി. കുറേ‌ നേരം കാത്തുനിന്ന് വണ്ടികളൊന്നും കാണാതെ നടക്കാൻ തുടങ്ങിയപ്പോഴാണ്‌ ഒരു ലോറി വന്നത്‌.
വീട്ടിലേക്കല്ല അമ്മാമയുടെ അടുത്തേക്കാണ്‌ ആദ്യം പോയത്‌. വാതിൽ തുറന്നതും അമ്മാമ ആദ്യം ചോദിച്ചത്‌ ' കൊച്ചപ്പാ ചെക്കനെക്കണ്ടടാ നിയ്യ്‌..' വെളിച്ചത്തിലേക്ക്‌ മാറിനിന്ന എന്നെക്കണ്ട്‌ അമ്മാമ വിതുമ്പി '..കൊച്ചേവസീടന്തി നീയ്യും പോയീന്ന് വിചാരിച്ചു ന്റെ മോനെ..' അമ്മാമ എന്നെ ചേർത്ത്‌ പിടിച്ച്‌ കരയുകയാണ്‌, ഞാനും.
എന്റെ നെറ്റിയിൽ കുരിശുവരച്ച്‌ അമ്മാമ പ്രാർത്ഥിക്കാൻ തുടങ്ങി '..കാവൽ മാലാഖമാരേ പിശാചിന്റെ തട്ടിപ്പിൽ നിന്നും പരീക്‌ഷണങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ..ഈശോ മറ്യം ഔസേപ്പേ...'

അങ്ങാടിയിൽ നിന്ന് വീട്ടിലേക്ക്‌ നടക്കുമ്പോൾ അപ്പച്ചൻ ആ കഥ പറഞ്ഞു..അപ്പനോടുള്ള ദ്വേഷ്യം തീർക്കാൻ‌ പന്ത്രണ്ടാം വയസ്സിൽ നാടുവിട്ട സ്വന്തം ചേട്ടൻ കൊച്ചേവസിയെപ്പറ്റി..ചേട്ടൻ കൽക്കത്തയിൽ ഉണ്ടെന്നറിഞ്ഞ്‌ പോയി കണ്ടതും, അപ്പച്ചൻ അവിടെ ഒരു വാണിജ്യ കപ്പലിൽ ജോലിക്ക്‌ ചേർന്നതും അപ്പൻ മരിച്ചപ്പോൾ തിരികെ പോന്നതുമെല്ലാം..
' ചാവണേലും മുമ്പ്‌ ഇനിക്ക്‌ എന്റെ കൊച്ചേവസ്സിനെ ഒന്ന് കാണിച്ചരോ ന്റെ മാതാവേ..' എന്ന് അമ്മാമ പ്രാർത്ഥിക്കുന്നത്‌ കേട്ടിട്ടുണ്ട്‌.

രാത്രിയായത്‌ ഒരു കണക്കിന്‌ നന്നായി അയലോക്കക്കാരാരും നാട്‌ വിട്ട്‌ പോയ എന്റെ തിരിച്ചുവരവ്‌ കാണില്ലല്ലോ..
മുറ്റത്തേക്ക്‌ കാലെടുത്ത്‌ വക്കുമ്പോഴേക്കും കണ്ണുനിറഞ്ഞുതുടങ്ങി. അമ്മ കരയാവോ..
അപ്പച്ചൻ വാതിലിൽ പതുക്കെ മുട്ടി അമ്മയെ വിളിച്ചു. വാതിലിന്റെ സാക്ഷ തുറക്കുന്ന ശബ്ദം..അമ്മ ഉറങ്ങിയിട്ടില്ല.
എറയത്ത്‌ നിൽക്കുന്ന എന്നെ അമ്മ ഒന്നേ നോക്കിയുള്ളൂ..
പെട്ടെന്ന് അകത്തേക്ക്‌ പോയി‌ മൂടിവച്ചിരുന്ന ചോറും കൂട്ടാനും അമ്മ തുറന്ന് വച്ചു..എനിക്കും അപ്പച്ചനുമുള്ളത്‌. അമ്മ കരയുന്നത്‌ ഞങ്ങൾ കാണാതിരിക്കാനാണ്‌. 'എനിക്കിപ്പൊ വേണ്ട അവന്‌ കൊട്ക്ക്'‌ എന്ന് അപ്പച്ചൻ പറഞ്ഞ്‌ കിടന്നു. അകത്ത്‌ പായിൽ അനിയന്മാരും കുഞ്ഞകത്ത്‌ അനിയത്തിമാരും കിടന്നുറങ്ങുന്നു..അവരൊക്കെ നാളെ കാലത്തേ ഞാൻ വന്നതറിയൂ..
മുട്ടിപ്പലകയിലിരുന്ന് ചോറുണ്ണുന്ന ഞാനറിയുന്നുണ്ട്‌, കട്ടിളപ്പടിയിൽ ചാരിയിരുന്ന് അമ്മ എന്നെത്തന്നെ നോക്കുന്നത്‌. തലയുയർത്തി ഞാൻ നോക്കിയിട്ടും കാണാൻ പറ്റുന്നില്ലെനിക്ക്‌ എന്റെമ്മയെ..
കണ്ണീരോണ്ട്‌ കാണാൻ വയ്യെനിക്ക്‌..

ചിത്രം വര;
ജഗദീഷ് നാരായണൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക