Image

അമല സജി (കവിത:അഹല്ല്യ )

Published on 02 March, 2020
 അമല സജി (കവിത:അഹല്ല്യ )
അഹല്യയെ അറിയുമോ 
നിനക്ക്?

ചുമലില്‍ നിന്നും 
കൈയ്യെടുക്കു നീ 
മാറിനിന്നെന്‍റെ 
മിഴികളില്‍ നോക്കൂ 

മൂക്കുകള്‍ 
ചേര്‍ത്തുവയ്ക്കു 
നിന്‍ നെറ്റിതടത്തിലെന്‍ 
സിന്ദൂരമുമ്മവയ്ക്കും വരെ 

ആദ്യമായ്  കണ്ടനേരം 
മൂര്‍ച്ചയേറും  കണ്‍വിരലാലെന്‍  
ഹൃദയത്തില്‍ നീ തൊട്ടപോലെ

മിഴിപ്പരപ്പിന്നാഴങ്ങള്‍ നീന്തി   
ഹൃദയ താഴ് വാരങ്ങളിലേക്കൂര്‍ന്നിറങ്ങൂ നീ  

മനസിലാകില്ല നിനക്കഹല്യയെ!

മഞ്ഞുമൂടിയിട്ടും 
ശാന്തമാകാത്തൊരു കടലുകണ്ടോ
മൌനിയായ് കരയുന്ന പാറകണ്ടോ  

ലാവതിളയ്ക്കുന്ന 
വേരുകണ്ടോ
നക്ഷത്രങ്ങള്‍ 
കത്തിനില്‍ക്കും കണ്ണുകണ്ടോ 

ഉള്ളില്‍ എന്‍റെയുള്ളില്‍ 
അടങ്ങാത്ത തിരയായ്‌ ഉള്ളിലിരിപ്പുണ്ടവളഹല്ല്യ

ഏതുനേരത്തും 
ഞാന്‍ 
പ്രതീക്ഷിക്കുന്നുണ്ടയാളെ.......
 
വിരല്‍ചൂണ്ടി 
തേവിടിശിയെന്നു വിളിക്കും 
പാതിരാവിന്‍ മറപറ്റി ക്യൂ നില്‍ക്കും 
വിടന്മാരെയെനിക്കു  പേടിയില്ല 

പതിത സവിധേ 
പതിതപാതിരാ നേരത്തു 
പതിയെ മയക്കി കിടത്തി
ആറ്റിറമ്പിലെയാ പഴയ....... 
കൂകി വിളിക്കായ്
കാതോര്‍ത്തു ഞാനിരിക്കും.

മൂത്രപ്പുരയിലും സെക്രട്ടറിയേറ്റിനിടനാഴിയിലും   
അഞ്ചു നക്ഷത്ര ഭക്ഷണശാലയിലും 
ചെറ്റപ്പുരയിലും 
പാതയോരത്തും കാത്തുകാത്ത്  
ഇരിക്കുന്നുണ്ടെന്നുള്ളിലും ഒരഹല്ല്യ

ഒരു  പാപമോക്ഷവുമെനിക്കുവേണ്ട  
ഒരു  രാമനുമീ വഴി വരേണ്ടതില്ല !

ശാപശിലകള്‍ അടയാളങ്ങളാണ്!

സ്ത്രീയുണ്മയില്‍ 
കുത്തിവലിച്ച മൂക്കുകയറുകള്‍
മോക്ഷങ്ങളുടെ കാല്‍പനികത 
നിന്‍റെ തോളെല്ലുകളാകാം. 

ഇന്നെനിക്കു 
ചുമന്നു നടക്കാന്‍ 
ഒരു സത്യവാനേയും ആവശ്യമില്ലന്നോർക്കുക....... 
 
ബീജ ബാങ്കുകളില്‍ 
നിറഞ്ഞിരിക്കുന്നത്‌ 
നീയില്ലെങ്കിലും  
എന്‍റെ  മോഹങ്ങള്‍ക്ക് 
ചിറകുനല്‍കും സമ്മതപത്രങ്ങൾ!

മാതൃത്വം 
ജൈവീകത  മാത്രമെന്നറിയും
ഒരു കാറ്റ്
കിഴക്കുനിന്നുമൂതുന്നുണ്ട്  
മഹത്വവല്‍ക്കരിച്ചു എന്നെ നീ  
പൂട്ടിയിടാമെന്നിനിയും 
വെറുതെ
വ്യാമോഹിക്കുന്നതെന്തിന്?

പാപവും പുണ്ണ്യവും
ഉയിരോടെ കത്തിയെരിച്ച നവഖായിന്നെല്ലാ പെൺ മനവും
അറിയില്ല;  കൂട്ടുകാരാ
നിനക്കിന്നറിയില്ലയീ  അഹല്യയെ!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക