Image

നീത ജോസ് (കവിത: അവളുടെ രഹസ്യം)

Published on 02 March, 2020
നീത ജോസ്    (കവിത:  അവളുടെ രഹസ്യം)

അവളെന്റെ സുഹൃത്തായതിനു പിന്നിൽ
ഒരു രഹസ്യമുണ്ട്.
ഇന്നു ഞാൻ നിന്നോടതു പറയാം.
മെലിഞ്ഞ കൈവിരലുകൾക്കിടയിൽ
ഇറുക്കിപ്പിടിച്ച
നീല മഷിപ്പേനയാൽ
അവളെഴുതുമ്പോൾ
അക്ഷരങ്ങൾക്ക് സുഗന്ധമുണ്ടാവുന്നു.
വെളുത്ത പൂക്കളുടെ മാത്രം ഗന്ധം.
അവളെഴുതിയ കടലാസു തുണ്ട് 
കണ്ണടച്ചു പിടിച്ച് 
ചെവിയോടടുപ്പിച്ചാൽ
നേർത്ത മണിനാദം കേൾക്കാം.
ഒരിയ്ക്കൽ കൈ തട്ടിയറിയാതെ
വെള്ളം തൂകിയപ്പോൾ
ആ അക്ഷരങ്ങൾ 
ആകാശം പോലെന്റെ
മുകളിലേക്കൊഴുകി.
അന്നു രാത്രി മുഴുവനെന്റെ മുറിയിൽ
നക്ഷത്രങ്ങൾ മിന്നിക്കത്തിയിരുന്നു.
തലയിണയ്ക്കടിയിൽ
അവളുടെ വരികൾ വച്ചുറങ്ങിപ്പോയ 
നട്ടുച്ച വേനലിൽ 
ഞാൻ നനഞ്ഞ പെരുമഴ
സ്വപ്നമായിരുന്നെന്ന്
എങ്ങനെ പറയും?
തണുത്തു തുടങ്ങിയൊരു
നവംബറിനവസാനം 
എന്റെ തുറന്നിട്ട ജനാലയിലൂടെ
അവളെഴുതിയ കൊച്ചു കടലാസു കഷണത്തെ 
കാറ്റു കൊണ്ടുപോയതും ,
മുറ്റത്തെ വാക മരത്തിലത്
പറന്നിറങ്ങിയതുമോർക്കുന്നു.
ഡിസംബറിന്റെ ആദ്യത്തെയാഴ്ച 
വാകമരത്തിന്റെ
ഒറ്റക്കൊമ്പിലൊരു കുഞ്ഞു പൂങ്കുലയുണ്ടായത്
വിശ്വസിക്കാനാവുമോ?
കാടുകളെപ്പറ്റി, മഞ്ഞു ചെയ്യുന്നിടങ്ങളെപ്പറ്റി
- മാത്രമവളേറെയെഴുതി.
നിലാവും , പൂക്കളും പ്രണയവുമൊക്കെ
അതിലുണ്ടായിരുന്നെങ്കിൽ 
നിനക്കായെന്തെങ്കിലും 
ഒരിക്കലെങ്കിലും 
അവളെക്കൊണ്ടെഴുതിച്ചേനെ.
അതു പോട്ടെ.
അവൾ മരിച്ചെന്നു കേട്ടതു കൊണ്ടാണ് ഇത്രയും പറഞ്ഞത്.
അവളെങ്ങനെയെന്റെ 
സുഹൃത്തായെന്ന്
നീയെങ്കിലുമറിയണമല്ലോ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക