Image

ബ്രിട്ടന്റെ പുതിയ പാസ്‌പോര്‍ട്ട് ബോറിസ് ജോണ്‍സണ്‍ പുറത്തിറക്കി

Published on 24 February, 2020
ബ്രിട്ടന്റെ പുതിയ പാസ്‌പോര്‍ട്ട് ബോറിസ് ജോണ്‍സണ്‍ പുറത്തിറക്കി
ലണ്ടന്‍: ബ്രെക്‌സിറ്റ് അനന്തര ബ്രിട്ടന്റെ പുതിയ പാസ്‌പോട്ട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പുറത്തിറക്കി.ഡാര്‍ക് ബ്‌ളൂ നിറത്തിലുള്ള പുതിയ പാസ്‌പോര്‍ട്ട് ഈ വര്‍ഷം മാര്‍ച്ചു മുതല്‍ പഴയ പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ക്ക് വിതരണം ചെയ്യുമെന്ന് ബോറിസ് അറിയിച്ചു.
നിലവില്‍ ഉപയോഗിക്കുന്ന പാസ്‌പോര്‍ട്ട് കാലാവധി കഴിയുംവരെ ഉപയോഗിക്കാം.
1973 ല്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമായതിനുശേഷം 1988 ലാണ് നിലവിലെ ബര്‍ഗുണ്ടി നിറത്തിലുള്ള പാസ്‌പോര്‍ട്ട് ബ്രിട്ടന്‍ സ്വീകരിക്കുന്നത്. ബ്രെക്‌സിറ്റിനെ അധികരിച്ച് 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മാര്‍ച്ചില്‍ കടുംനീല നിറത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ നിലവില്‍വരും.
1920 ല്‍ പഴയ രൂപകല്‍പ്പന ചെയ്ത ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകളുടെ തുടര്‍ച്ചയെന്നോണം പരന്പര്യം നിലനിര്‍ത്തുന്നതാണ് പുതിയതിന്റെ വരവ്. ഇതിന്റെ ആവശ്യം രണ്ടു വര്‍ഷം മുന്പ് ബ്രെക്‌സിറ്റിനെ മുന്‍നിര്‍ത്തി അന്നത്തെ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ബ്രാന്‍ഡന്‍ ലെവിസ് വ്യക്തമാക്കിയിരുന്നു.നിലവിലുള്ള പാസ്‌പോര്‍ട്ടുകള്‍ അവയുടെ കാലഹരണ തീയതി വരെ സാധുവായി തുടരും, എന്നാല്‍ 2021 ജനുവരി 1 മുതല്‍ യാത്ര ചെയ്യുകയാണെങ്കില്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നേരത്തെ പുതുക്കേണ്ടതുണ്ട്.
പുതിയ പാസ്‌പോര്‍ട്ട് പോളണ്ടിലാണ് നിര്‍മിച്ചത്. 16 വയസിനു മുകളിലുള്ളവര്‍ക്ക് പത്തുവര്‍ഷമാണ് പാസ്‌പോര്‍ട്ടിന്റെ കാലാവധി. 16 വയസിനു താഴെയുള്ളവര്‍ക്ക് അഞ്ചു വര്‍ഷത്തെ കാലാവധി മാത്രമാണുള്ളത്.
പുതിയ പാസ് പോര്‍ട്ടില്‍ രാജമുദ്ര യോടൊപ്പം യുണൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ ആന്‍ഡ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്ന് മുദ്രണം ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ട് വെയില്‍സ് സ്‌കോട്ലന്‍ഡ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവയുടെ പുഷ്പ ചിഹ്ന്‌നങ്ങള്‍ കോര്‍ത്തിണക്കിയ മുദ്രയും പുറം ചട്ടയ്ക്ക് ഭംഗി പകരും.
ഏറ്റവും ന്യൂതനമായ സുരക്ഷാ മുന്‍കരുതലുകള്‍ പാസ്‌പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.പോളി കാര്‍ബണേറ്റ് ഡാറ്റ പേജുകള്‍ പാസ്‌പോര്‍ട്ടിന്റെ മറ്റൊരു പ്രത്യേകത ആണ്. വ്യാജ നിര്‍മാണം ഒരുതരത്തിലും സാധ്യമല്ലെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക