Image

സ്വര്‍ണവില ഇനിയും കൂടിയേക്കും; വില വര്‍ധനയ്ക്കു കാരണം കൊറോണയും

Published on 22 February, 2020
സ്വര്‍ണവില ഇനിയും കൂടിയേക്കും; വില വര്‍ധനയ്ക്കു കാരണം കൊറോണയും
ദുബായ് :സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. കഴിഞ്ഞ ഒരാഴ്ചയായി ഓരോ ദിവസവും സ്വര്‍ണവില കൂടുകയാണ്. ഇനിയും കൂടാന്‍ സാധ്യതയുള്ളതിനാല്‍ പലരും സ്വര്‍ണം വാങ്ങാനെത്തുന്നുണ്ട്. ഇന്ന് പവന് 200 രൂപ വര്‍ധിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്.

31,480 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 3,935 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. അഞ്ച് ദിവസത്തിനിടെ പവന് 1,080 രൂപയാണ് കൂടിയത്.

വിവാഹ സീസണ്‍ ആയതിനാല്‍ കടകളില്‍ തിരക്കു കൂടുതലാണ്. കടകളില്‍ മുന്‍കൂര്‍ ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. അതേസമയം, ചൈനയില കൊറോണ വൈറസ് ഭീഷണിയുടെ പ്രതിഫലനമാണ് രാജ്യാന്തര തലത്തില്‍ കാണുന്നതെന്നു ഐബിഎംസി സിഇഒയും എംഡിയുമായ പി.കെ.സജിത് കുമാര്‍ പറഞ്ഞു. നിക്ഷേപകര്‍ ഓഹരികളില്‍ നിന്നു പിന്‍വാങ്ങി സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നു. ഇതു രാജ്യാന്തര തലത്തില്‍ ഓഹരിവിപണികളെ ബാധിച്ചു. പലകമ്പനികളുടെയും ഈര്‍ഷത്തെ ആദ്യപാദ ഇടപാടുകളെ ഇതു ബാധിച്ചേക്കുമെന്ന ആശങ്കയും ശക്തമാണ്. പല സെന്‍ട്രല്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപം സ്വര്‍ണത്തിലേക്കു മാറ്റുമെന്നും റിപ്പോര്‍ട്ടുണ്ട്.

സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ കാണുന്നു. ഈ സാഹചര്യത്തില്‍ ഇനിയും സ്വര്‍ണവില കൂടും. നിലവിലെ സാഹചര്യം വരും ആഴ്ചകളില്‍ ഇന്ത്യന്‍ രൂപയെ ബാധിച്ചേക്കാമെന്നതിനാല്‍ ആര്‍ബിഐ ഇടപെടല്‍ ആവശ്യമായി വന്നേക്കും. രാജ്യാന്തര തലത്തിലുള്ള സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറയുമെന്നാണ് ഐഎംഎഫ്, വേള്‍ഡ് ബാങ്ക് മുന്നറിയിപ്പ്. രാജ്യാന്തര സമ്പദ് വ്യവസ്ഥയിലെ അനിശ്ചിതാവസ്ഥ ആശങ്ക ജനിപ്പിക്കുന്നതായി ഐഎംഎഫ് എംഡി:ക്രിസ്റ്റീന ജോര്‍ജീവ പറഞ്ഞു. ആപ്പിള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികളുടെ വരുമാനത്തെയും ബാധിക്കുമെന്നാണു റിപ്പോര്‍ട്ട്. യുഎസ്‌ചൈന വ്യാപാരയുദ്ധം തുടരുന്നതും വെല്ലുവിളിയാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക