Image

സ്വിറ്റ്‌സര്‍ലന്‍ഡ് സഞ്ചാരികള്‍ക്ക് ഏറ്റവും സുരക്ഷിതമായ രാജ്യം

Published on 22 February, 2020
സ്വിറ്റ്‌സര്‍ലന്‍ഡ് സഞ്ചാരികള്‍ക്ക് ഏറ്റവും സുരക്ഷിതമായ രാജ്യം

സൂറിച്ച്: ആഗോള തലത്തില്‍ സഞ്ചാരികള്‍ക്ക് ഏറ്റവും സുരക്ഷിതമായ രാജ്യമായി സ്വിറ്റ്‌സര്‍ലന്‍ഡിനെ തിരഞ്ഞെടുത്തു. ഇന്‍ഷ്വറന്‍സ് കമ്പാരിസണ്‍ വെബ്‌സൈറ്റായ ഇന്‍ഷുര്‍ലിയാണ് ഇതു സംബന്ധിച്ച പട്ടിക തയാറാക്കിയിരിക്കുന്നത്.

സഞ്ചാരികള്‍ അഭിമുഖീകരിക്കാന്‍ സാധ്യതയുള്ള വിവിധ അപകടസാധ്യതകള്‍ വിലയിരുത്തിയാണ് ഇന്‍ഷുര്‍ലി 180 രാജ്യങ്ങളുടെ റാങ്കിംഗ് തയാറാക്കിയിരിക്കുന്നത്. റോഡ് അപകടങ്ങളില്‍ പ്രതിവര്‍ഷം മരിക്കുന്ന ടൂറിസ്റ്റുകളുടെ എണ്ണം, പകര്‍ച്ചവ്യാധികള്‍, അക്രമം, ഭീകരവാദം, പ്രകൃതി ദുരന്തങ്ങള്‍, എയര്‍ലൈനുകളുടെ മികവ് തുടങ്ങിയ ഘടകങ്ങളാണ് പ്രധാനമായും പരിഗണിച്ചിരിക്കുന്നത്.

ആരോഗ്യരക്ഷയുടെ നിലവാരം പോലുള്ള ഘടകങ്ങളും പരിഗണിച്ചിട്ടുണ്ട്. വായു മലിനീകരണം, പ്രാഥമിക കൃത്യങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍, അസുഖങ്ങള്‍ വരാനുള്ള സാധ്യത എന്നിവയും കണക്കിലെടുത്തിട്ടുണ്ട്.

എല്ലാ പ്രധാന ഘടകങ്ങളിലും നൂറില്‍ തൊണ്ണൂറിലധികം സ്‌കോര്‍ നേടിയ ഏക രാജ്യം സ്വിറ്റ്‌സര്‍ലന്‍ഡാണ്. ഗതാഗത സൗകര്യങ്ങളുടെ കാര്യത്തില്‍ 98 ആണ് സ്‌കോര്‍.

പട്ടികയില്‍ രണ്ടാം സ്ഥാനത്ത് സിംഗപ്പൂരാണ്. ആദ്യ പത്തില്‍ എട്ടും യൂറോപ്യന്‍ രാജ്യങ്ങളാണ്. നോര്‍വേ, ലക്‌സംബര്‍ഗ്, സൈപ്രസ്, ഐസ്‌ളന്‍ഡ്, ഡെന്‍മാര്‍ക്ക്, പോര്‍ച്ചുഗല്‍, ഫിന്‍ലന്‍ഡ് എന്നിവയാണ് ആദ്യ പത്തില്‍ ഇടംപിടിച്ചു.

പട്ടികയുടെ താഴേയറ്റത്ത് തെക്കന്‍ സുഡാന്‍, കോംഗോ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്‌ളിക് എന്നിവയാണ് സഞ്ചാരികള്‍ക്ക് ഏറ്റവും അപകടസാധ്യതയുള്ള രാജ്യങ്ങളായി കണക്കാക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക