Image

വിവാഹാഭ്യര്‍ഥന ഗൂഗിള്‍ മാപ്പില്‍ തെളിഞ്ഞു, അമ്പരന്ന് യുവ മിഥുനങ്ങള്‍

Published on 13 February, 2020
വിവാഹാഭ്യര്‍ഥന ഗൂഗിള്‍ മാപ്പില്‍ തെളിഞ്ഞു, അമ്പരന്ന് യുവ മിഥുനങ്ങള്‍


ബര്‍ലിന്‍: ജര്‍മന്‍കാരന്‍ തന്റെ കാമുകിക്കു മുന്നില്‍ വച്ച വിവാഹാഭ്യര്‍ഥന ഗൂഗിള്‍ മാപ്പില്‍ തെളിഞ്ഞു വന്നതോടെ ഇരുവര്‍ക്കും അമ്പരപ്പ്, പിന്നെ ആഹ്‌ളാദം.

കൃഷിക്കാരനായ സ്റ്റെഫാന്‍ ഷ്വാര്‍സ് തന്റെ ചോളപ്പാടത്താണ് 'വില്‍ യൂ മാരി മീ' എന്നര്‍ഥം വരുന്ന ജര്‍മന്‍ വാചകം തെളിച്ചിട്ടത്. ഇത് ഗൂഗിള്‍ മാപ്പിന്റെ ഏരിയല്‍ പിക്ചറില്‍ കൃത്യമായി തെളിഞ്ഞു വരുകയായിരുന്നു.

പാടത്തിനു മുകളിലൂടെ ഡ്രോണ്‍ പറത്തി ഫോട്ടോ പകര്‍ത്തിയാണ് കഴിഞ്ഞ വര്‍ഷം മുപ്പത്തിരണ്ടുകാരന്‍ വ്യത്യസ്തമായ വിവാഹാഭ്യര്‍ഥന കാമുകിയെ കാണിച്ചത്. ഇതാണിപ്പോള്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ ഗൂഗിള്‍ മാപ്പിലൂടെ കാണാവുന്ന അവസ്ഥയില്‍ തെളിഞ്ഞു കിടക്കുന്നത്.

കനഡയിലുള്ള ഒരു അമ്മായിയാണ് സ്‌ക്രീന്‍ഷോട്ടെടുത്ത് തന്നെ ഇക്കാര്യം അറിയിച്ചതെന്ന് സ്റ്റെഫാന്‍. ഹ്യൂറ്റന്‍ബെര്‍ഗില്‍ രണ്ടു ഹെക്റ്ററോളം സ്ഥലത്താണ് ഈ അഭ്യര്‍ഥന പരന്നു കിടക്കുന്നത്.

ഏതായാലും അഭ്യര്‍ഥന കാമുകി നേരത്തെ തന്നെ സ്വീകരിച്ചിരുന്നു. വരുന്ന ജൂണില്‍ വിവാഹം നടത്താന്‍ ഇരുവരും തീരുമാനിച്ചിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക