Image

കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം പാതിയായി, 4.15 ശതമാനം മാത്രം

Published on 11 February, 2020
 കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം പാതിയായി, 4.15 ശതമാനം മാത്രം


ന്യൂഡല്‍ഹി: എതിരാളികളെ ബഹുദൂരം പിന്നിലാക്കി ആംആദ്‌മി പാര്‍ട്ടി കുതിപ്പു നടത്തിയ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പതനം പൂര്‍ണം. തുടര്‍ച്ചയായ രണ്ടാം വട്ടവും ഒരാളെപ്പോലെ നിയമസഭയില്‍ എത്തിക്കാനാവാതെ പോയ കോണ്‍ഗ്രസിന്‌ വോട്ടുവിഹിതം പകുതിയായി കുറഞ്ഞു.

ആംആദ്‌മി പാര്‍ട്ടി തൂത്തുവാരിയ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ ഒരാളെപ്പോലും ജയിപ്പിക്കാനായിരുന്നില്ല. എന്നാല്‍ 9.7 ശതമാനം വോട്ടു നേടാന്‍ പാര്‍ട്ടിക്കായിരുന്നു. 

ആംആദ്‌മി കുതിപ്പു തുടര്‍ന്ന ഇക്കുറി കോണ്‍ഗ്രസിന്റെ വോട്ടു വിഹിതം പ്രാഥമിക കണക്കുകള്‍ അനുസരിച്ച്‌ 4.15 ശതമാനമായി താഴ്‌ന്നു.

കോണ്‍ഗ്രസിനു കുറഞ്ഞ വോട്ടു വിഹിതം ബിജെപിക്കു കൂടിയതായാണ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്‌. 32.3 ശതമാനം വോട്ടു നേടിയ മൂന്നു സീറ്റാണ്‌ കഴിഞ്ഞ തവണ ബിജെപി നേടിയിരുന്നത്‌. ഇക്കുറി പതിമൂന്നു സീറ്റിലാണ്‌ പാര്‍ട്ടി ലീഡ്‌ ചെയ്യുന്നത്‌. വോട്ടുവിഹിതം 39.06 ശതമാനമായി ഉയര്‍ന്നു.

കഴിഞ്ഞ തവണ 67 സീറ്റു നേടിയപ്പോള്‍ 54.3 ശതമാനം ആയിരുന്നു എഎപിയുടെ വോട്ടുവിഹിതം. ഇക്കുറി സീറ്റുകള്‍ 57ലേക്കു താഴ്‌ന്നപ്പോള്‍ വോട്ടുവിഹിതത്തില്‍ ഒരു ശതമാനത്തിന്റെ കുറവുണ്ടായി. 53.23 ശതമാനം വോ്‌ട്ടാണ്‌, തെരഞ്ഞെടുപ്പു കമ്മിഷന്റെ പ്രാഥമിക കണക്ക്‌ അനുസരിച്ച്‌ എഎപിക്കു കിട്ടിയിട്ടുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക