Image

താന്‍ ഇര, വിചാരണ ചെയ്യാനുള്ള നീക്കം നിയമപരമല്ല: ദിലീപ്

Published on 27 January, 2020
താന്‍ ഇര, വിചാരണ ചെയ്യാനുള്ള നീക്കം നിയമപരമല്ല: ദിലീപ്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി നഗ്‌നചിത്രങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസിലെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി തള്ളിയതിനെതിരെ നടന്‍ ദിലീപ് ഹൈക്കോടതിയില്‍. കേസിലെ മറ്റു പ്രതികള്‍ക്കൊപ്പം തന്നെ വിചാരണ ചെയ്യാനുള്ള നീക്കം നിയമപരമല്ലെന്നു ചൂണ്ടിക്കാണിച്ചാണ് ദിലീപ് കോടതിയിലെത്തിയത്.

പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രത്യേക വിചാരണയാണ് വേണ്ടത്. ഇത് നടിയെ ആക്രമിച്ച കേസിനൊപ്പം പരിഗണിക്കാനുള്ള നീക്കം നിയമത്തിന്റെ ദുരുപയോഗമാണ്. ഈ കേസില്‍ താന്‍ ഇരയാണ്. തന്നെ പ്രതിയാക്കി ഈ കേസ് പരിഗണിക്കരുത്. നിലവിലുള്ള കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ വിചാരണയുമായി മുന്നോട്ടു പോകുന്നത് നിയമപരമല്ലെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു. പള്‍സര്‍ സുനി, വിഷ്ണു, സനല്‍ എന്നിവര്‍ ദിലീപിനെ ഭീഷണിപ്പെടുത്തി എന്നാണ് കേസ്.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ തന്നെ പ്രതിചേര്‍ക്കാന്‍ പര്യാപ്തമായ തെളിവുകളില്ലെന്നു ചൂണ്ടിക്കാണിച്ചാണ് ദിലീപ് കഴിഞ്ഞ മാസം വിചാരണക്കോടതിയെ സമീപിച്ചത്. എന്നാല്‍ ദിലീപിനെതിരായി തെളിവുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ദിലീപിന്റെ ഹര്‍ജി കഴിഞ്ഞ നാലിനു തള്ളിയത്. സമാനമായ കേസുകള്‍ പരിഗണിക്കുമ്പോള്‍ സുപ്രീം കോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും പ്രതിയുടെ ഭാഗത്തുനിന്നുള്ള ഒരാവശ്യവും പരിഗണിക്കാനാവില്ലെന്നും മേല്‍ക്കോടതിയെ സമീപിക്കാം എന്നും ചൂണ്ടിക്കാണിച്ചാണ് വിചാരണക്കോടതി ദിലീപിന്റെ ആവശ്യം നിഷേധിച്ചത്. ഈ വിധിക്കെതിരെയാണ് ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ എത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക