Image

മംഗലംഡാം റിസര്‍വോയറില്‍ ഇക്കുറി റെക്കോര്‍ഡ് മത്സ്യ ഉത്പാദനം

Published on 16 May, 2012
മംഗലംഡാം റിസര്‍വോയറില്‍ ഇക്കുറി റെക്കോര്‍ഡ് മത്സ്യ ഉത്പാദനം
ആലത്തൂര്‍: മംഗലംഡാം റിസര്‍വോയറില്‍ ഇക്കുറി റെക്കോര്‍ഡ് മത്സ്യഉത്പാദനം. ജനുവരി, ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി ആയിരം ടണ്ണോളം മത്സ്യം റിസര്‍വോയറില്‍നിന്നും പിടിച്ചെടുത്തെന്നാണ് ഏകദേശ കണക്ക്. ഇതുവഴി മുപ്പതുലക്ഷത്തോളം രൂപ ഡാമിലെ പട്ടികജാതി- വര്‍ഗ റിസര്‍വോയര്‍ ഫിഷറീസ് സഹകരണസംഘത്തിന് ലഭിച്ചു. സംഘത്തിന്റെ കാല്‍നൂറ്റാണ്ട് ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഇത്രയും മത്സ്യങ്ങളെ പിടിച്ച് വില്പന നടത്തുന്നതെന്ന് സംഘം പ്രസിഡന്റ് ചന്ദ്രന്‍ പറഞ്ഞു. അഞ്ചുകിലോ മുതല്‍ 15 കിലോ വരെ തൂക്കം വരുന്ന മത്സ്യങ്ങളാണ് ഇതുവരെ ഡാമില്‍നിന്നും പിടിച്ചിരുന്നത്.ഡാമിലെ വെള്ളം പൂര്‍ണമായും വറ്റിയതോടെയാണ് മുഴുവന്‍ മത്സ്യങ്ങളെയും പിടിച്ചത്. ഇനി കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ ഒരാഴ്ചകൂടി മത്സ്യബന്ധനമുണ്ടാകൂവെന്ന് സംഘം ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ഏഴുലക്ഷം രൂപയുടെ 26 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരുന്നത്. ഇത്രയും മത്സ്യക്കുഞ്ഞുങ്ങളെ റിസര്‍വോയറില്‍ നിക്ഷേപിക്കുന്നതും ആദ്യമായിട്ടായിരുന്നു. ഇതിനു പുറമേയാണ് മൂന്നു നാലുവര്‍ഷമായി പിടിക്കാതെ ഡാമിലുണ്ടായിരുന്ന മത്സ്യങ്ങളെ കൂടി ഒന്നിച്ചു പിടിച്ചത്. ഇനി റിസര്‍വോയറില്‍ പാണ്ടിക്കടവ് ഭാഗത്ത് പെന്‍കള്‍ച്ചര്‍കെട്ടി മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തണം. ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും സംഘം പ്രസിഡന്റ് ചന്ദ്രന്‍ അറിയിച്ചു. ജില്ലയിലെ തന്നെ റിസര്‍വോയറുകളില്‍ പെന്‍കള്‍ച്ചര്‍ കെട്ടിമത്സ്യം വളര്‍ത്തുന്നത് മംഗലംഡാമില്‍ മാത്രമാണ്. മുന്‍ ഫിഷറീസ് സബ് ഇന്‍സ്പെക്ടര്‍ ഇ.കെ.രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ഈ പ്രവര്‍ത്തനങ്ങളെല്ലാം കൂടുതല്‍ ലാഭകരമായി നടന്നിരുന്നത്. മലമ്പുഴയില്‍നിന്നും മറ്റും മത്സ്യക്കുഞ്ഞുങ്ങളുടെ സ്പോണ്‍ വാങ്ങിക്കൊണ്ടുവന്ന് അത് ഡാമിലെ തന്നെ മത്സ്യക്കുളങ്ങളില്‍ നിക്ഷേപിക്കും. ഈ മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് ഒരു സെന്റിമീറ്റര്‍ വലിപ്പമാകുമ്പോഴാണ് ഇവയെ പിടിച്ചു പാണ്ടിക്കടവില്‍ ഉണ്ടാക്കുന്ന താത്കാലിക പെന്‍കള്‍ച്ചറിലേക്ക് മാറ്റുക.. മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് പത്തുസെന്റിമീറ്റര്‍ വലിപ്പമായാല്‍ പെന്‍കള്‍ച്ചര്‍ പൊളിച്ച് മത്സ്യങ്ങളെ റിസര്‍വോയറിലേക്ക് വിടും. ജില്ലയില്‍ മീങ്കര, ചുള്ളിയാര്‍, പോത്തുണ്ടി, കാഞ്ഞിരപ്പുഴ, വാളയാര്‍, മലമ്പുഴ, മംഗലംഡാം എന്നീ റിസര്‍വോയറുകളിലാണ് മത്സ്യം വളര്‍ത്താന്‍ പദ്ധതിയുള്ളത്. മറ്റു റിസര്‍വോയര്‍ സംഘങ്ങളില്‍നിന്നും വ്യത്യസ്തമായി പട്ടികജാതി-വര്‍ഗ വിഭാഗക്കാരാണ് മംഗലംഡാമിലെ സംഘത്തിലുള്ളത്. ഈ വര്‍ഷത്തേതുള്‍പ്പെടെയുള്ള അരകോടിയില്‍പരം രൂപയുടെ നീക്കിയിരിപ്പും സംഘത്തിനുണ്ട്.മംഗലംഡാം കേന്ദ്രീകരിച്ച് മോഡേണ്‍ അഗ്രികള്‍ച്ചര്‍ ഫാം ആരംഭിക്കുന്നതിനും സംഘത്തിന് ആലോചനയുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക