Image

കൊറോണ: മരണം 41; ആയിരത്തിലേറെ വൈറസ് ബാധിതര്‍, ഹോങ്കോങ്ങില്‍ അടിയന്തരാവസ്ഥ

Published on 25 January, 2020
കൊറോണ: മരണം 41; ആയിരത്തിലേറെ വൈറസ് ബാധിതര്‍, ഹോങ്കോങ്ങില്‍ അടിയന്തരാവസ്ഥ
ബെയ്ജിങ്: ലോകത്തെ ഭീതിയിലാഴ്ത്തി മാരകമായ കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു. ഫ്രാന്‍സിലും ആസ്‌ട്രേലിയയിലുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. ശനിയാഴ്ച മാത്രം 13 പേരാണ് മരിച്ചത്. ചൈനയിലെ 1287 പേരുള്‍പ്പെടെ 12 രാജ്യങ്ങളിലായി 1321 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗം സംശയിക്കുന്ന 1965 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ഇതാദ്യമായി വൈദ്യമേഖലയില്‍നിന്ന് ഒരു മരണം ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാന്‍ നഗരമുള്‍പ്പെടുന്ന ഹുബെയി പ്രവിശ്യയിലെ സിന്‍ഹുവ ആശുപത്രിയിലെ ഡോ. ലിയങ് വുഡോങ് (62) ആണ് മരിച്ചത്. വുഹാനിലെ ജിന്‍യിന്‍റന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കും മുമ്പ് കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തിന് രോഗം ബാധിച്ചത്. വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട ആദ്യ കൊറോണ വൈറസിനെ ആരോഗ്യ വിദഗ്ധര്‍ കണ്ടെത്തിയതായി ചൈനീസ് രോഗ പ്രതിരോധ കേന്ദ്രം അധികൃതര്‍ അറിയിച്ചു.

കൊറോണ വൈറസ് ഭീതിയില്‍ വുഹാനിലെ ആശുപത്രികളെല്ലാം ജനങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യം നേരിടാന്‍ ആരോഗ്യ വിഭാഗത്തെ സഹായിക്കുന്നതിനായി സൈനിക ആരോഗ്യ പ്രവര്‍ത്തകരെ രംഗത്തിറക്കിയിട്ടുണ്ട്. 1000 കിടക്കകളുള്ള ആശുപത്രിക്ക് പുറമെ 1300 കിടക്കകളുള്ള മറ്റൊരു ആശുപത്രിയുടെ നിര്‍മാണവും വുഹാനില്‍ തുടങ്ങിയിട്ടുണ്ട്.

വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഹോങ്കോങ്ങില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ ചാന്ദ്ര പുതുവര്‍ഷാഘോഷങ്ങളും റദ്ദാക്കിയതായി ഹോങ്കോങ് ഭരണാധികാരി കാരി ലാം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ചൈനയില്‍ നിന്ന് ഹോങ്കോങ്ങിലെത്തുന്ന എല്ലാവരും ആരോഗ്യ പ്രസ്താവനയില്‍ ഒപ്പുവെക്കണമെന്നും നിര്‍ദേശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക