ഗർഭിണിയോ? ഇങ്ങോട്ടു പോരേണ്ടാ ! (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)
EMALAYALEE SPECIAL
24-Jan-2020
EMALAYALEE SPECIAL
24-Jan-2020

അമേരിക്കയിലോട്ട് വയറും വീർപ്പിച്ചു വന്നാൽ "കടക്കു
പുറത്ത് " എന്ന് പറയുന്ന പുതിയ നിയമം ഇന്ന് പാസ്സാക്കിയത്, ടൂറിസ്റ്റുകൾ
എന്ന വ്യാജേന അമേരിക്കയിൽ കടന്നു കൂടാൻ ശ്രമിക്കുന്നവരുടെ അവസ്സാനത്തെ
ശ്രമത്തിനും കടിഞ്ഞാൺ ഇട്ടുകൊണ്ടായിരുന്നു. ബുദ്ധിമതികളായ പലരും ഈ തന്ത്രം
പ്രയോഗിച്ചു അമേരിക്കയിൽ കടന്നുകൂടിയത്, ഇപ്പോഴാണത്രെ ഉന്നത തലങ്ങളിൽ
ശ്രദ്ധയിൽ പെട്ടതെന്ന് അനുമാനിക്കാം .
ഗർഭിണികളെ
ലോകത്തിൽ എവിടെയും സസ്നേഹം കരുതുകയും പരിചരിച്ചു മുൻഗണന നൽകിയും
ആദരിച്ചിരുന്നുവെന്നത് ഇന്നും സത്യം തന്നെ. പക്ഷെ ആ ലൂപ്‌ഹോളിൽ
കുല്സിതബുദ്ധികൾ കണ്ടുപിടിച്ച അവസ്സാനത്തെ അഭ്യാസ്സമായിരുന്നു ബേർത്ത്
ടൂറിസം . ഗർഭിണിയാക്കി അവസ്സാനത്തെ മാസം ടൂറിസ്ററ് എന്ന പേരിൽ വെറും
മൂന്നു മാസത്തേക്കു അമേരിക്കയിലേക്ക് ഒരു ടൂറിസ്ററ് വിസാ സംഘടിപ്പിക്കുക,
വയറും താങ്ങിപ്പിടിച്ചുകൊണ്ടു ഒരു ഫ്‌ളൈറ്റ് പിടിച്ചു നേരെ അമേരിക്കയിൽ
എവിടെയെങ്കിലും വന്നിറങ്ങുക. ഒട്ടും താമസിക്കാതെ പ്രസവിക്കുക, ആ കുട്ടിക്ക്
അമേരിക്കൻ പൗരത്വം ആര്ജിക്കുക. ഇത്രയും ലളിതമായി പൗരത്വം ലഭിക്കുന്ന ഈ
മാർഗ്ഗം ഇതുവരെ ഉപയോഗിച്ച് മിടുക്കരായവർ ഭാഗ്യവാന്മാർ! ( എവിടെയും ലൂപ്‌ഹോൾ
തപ്പിയെടുക്കുന്ന മലയാളി എന്തേ ഈ ലൂപ്‌ഹോൾ കണ്ടറിഞ്ഞില്ല മുന്നമേ !).
മറ്റു
രാജ്യങ്ങളിൽ പോയി അവിടെ പ്രസവം നടത്തി, കുട്ടികൾക്ക് ആ രാജ്യത്തിന്റെ
പൗരത്വം നേടുകയും തദ്വാരാ അവിടുത്തെ ആനുകൂല്യങ്ങൾ നേടുകയും മറ്റു
കുടുംബാംഗങ്ങൾക്കും ആരാജ്യത്ത് കടന്നു കൂടുന്നതിനുമുള്ള അവസ്സരങ്ങൾ
ഉണ്ടാക്കുകയും ചെയ്യുന്ന പരിപാടിയാണ് ബേർത്ത് ടൂറിസ്സം എന്നറിയപ്പെടുന്നത് .
ഇന്ത്യപോലെയുള്ള ജനസാന്ദ്രതയുള്ള രാജ്യങ്ങളിൽ പണ്ടേ ഈ പരിപാടികൾ
നിരോധിച്ചിരിക്കുകയാണ് . (ഇന്ത്യയിൽ ഉള്ളവർക്ക് തന്നെ പൗരത്വം
കിട്ടണമെങ്കിൽ ആയിരം കടമ്പകൾ കടക്കണം. അപ്പോഴാണ് ഇപ്പോൾ വന്നിറങ്ങിയവന് !)
ബെർത്ത്
ടൂറിസം എന്ന പേരിൽ നടന്ന ഈ തട്ടിപ്പിന് അവസാന ആണി അടിച്ചുകൊണ്ടു ട്രമ്പ്
നടപ്പാക്കിയ നിയമം തികച്ചും ശ്‌ളാഘനീയം തന്നെ. കാരണം എത്രയോ വര്ഷങ്ങളായി
പല കാറ്റഗറികളിലായി അപേക്ഷയും സമർപ്പിച്ചു കാത്തിരിക്കുന്ന വിദേശീയർ
ലക്ഷങ്ങളുണ്ട് . രണ്ടാമതായി ഒരു ബാക്ക്ഗ്രൗണ്ട് ചെക്കുമില്ലാതെ ഇവിടെ
ബർത്ത് ടൂറിസത്തിൽ വന്നുപെട്ടവരിൽ ഭീകരവാദികളുടെ അംശം ഇല്ലെന്നും ആരൂ കണ്ടു
?. വലിയ തോതിലല്ലെങ്കിലും ഒരു നിയമത്തിലൂടെ സ്ഥാപിതമായത് ഒരു നേട്ടം
തന്നെ. അല്ലെങ്കിൽ ആ അമേരിക്കൻ കുട്ടിയുടെ പേരിൽ നിയമപരമെങ്കിലും, ഒരു
കുടുബം ഇവിടെ നുഴഞ്ഞു കയറിയതുപോലെ തോന്നിപ്പോകും. ഇനിമുതൽ ഈ ടൂറിസം കളി
ഇവിടെ നടപ്പില്ല. ഇന്നുമുതൽ കൂടുതൽ ദേശീയ സുരക്ഷയുടെ പേരിൽ,
വിദേശപൗരത്വമുള്ള ഗർഭിണികൾക്ക് അമേരിക്കയിലേക്ക് ടൂറിസ്ററ് വിസാ
ലഭിക്കയില്ലെന്ന് സാരം.
"
ഇവിടുത്തെ കഠിനശ്രമത്തിലോടെ നികുതിദായകർ നേടിത്തന്ന നികുതിപ്പണം ,
അന്യായമാർഗ്ഗങ്ങളിലൂടെയും ബെർത്ത് ടൂറിസ്സത്തിലൂടെയും ഇവിടെ
കയറിപ്പറ്റിയവരുടെ ക്ഷേമത്തിനായി ഒഴുക്കിക്കളയാൻ ആഗ്രഹിക്കുന്നില്ല,
അമേരിക്കൻ പൗരത്വത്തിന്റെ മാഹാത്മ്യവും വിലയും നാം പരിരക്ഷിക്കേണ്ടതുണ്ട്
" എന്നാണ് വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാം ഇതോടൊപ്പം
പ്രസ്താവിച്ചതും ശ്രദ്ധേയമാണ് .അമേരിക്കൻ ഭരണഘടനയുടെ പതിനാലാം അമെൻഡ്മെന്റ്
പ്രകാരം ഇവിടെ പിറന്നുവീഴുന്ന ഏവർക്കും അമേരിക്കൻ പൗരത്വം ലഭിക്കും എന്ന
മുൻ നിയമത്തിനാണ് ഇപ്പോൾ പ്രസിഡന്റ് ട്രമ്പ് പരിഷ്ക്കാരം
വരുത്തിയിരിക്കുന്നത് .
പ്രസവിക്കാൻ
മാത്രമായി അമേരിക്കയിലേക്ക് വരുന്നത് വിനോദവുമല്ല, വിനോദസഞ്ചാരവുമല്ല
എന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ടുതന്നെയാണ് ട്രമ്പ് ഈ നിയമമാറ്റത്തിന്
അംഗീകാരം നൽകിയത് .
ട്രമ്പ് ഒപ്പിട്ട് പേനാ
മാറ്റുന്നതിനുമുമ്പുതന്നെ പ്രതിഷേധം വന്നുകഴിഞ്ഞു. " ട്രമ്പ് കുടുംബങ്ങളെ
വേർപെടുത്തി ശിഥിലീകരിക്കുന്ന പരിപാടികൾ തുടർന്നുകൊണ്ടേയിരിക്കുന്നു.
ഗര്ഭിണിയെന്ന പേരിൽ വിവേചനം കാണിച്ചുകൊണ്ട് ഈ രാജ്യത്തേക്ക് വരുന്നവരെ
തടയുന്നതുകൊണ്ടു, അവരുടെ പ്രിയപ്പെട്ടവരെ വന്നു കാണുന്നതിനുള്ള അവകാശം കൂടി
നമ്മൾ നിഷേധിക്കുകയാണ് " ഇങ്ങനെ ആയിരുന്നു യുണൈറ്റഡ് വീ ഡ്രീം എന്നപേരിൽ
അറിയപ്പെടുന്ന കുടിയേറ്റ ഗ്രൂപ്പിന്റെ ഡയറക്ടറായ ആഡ്രിയാൻ റെയ്‌ന
പ്രതികരിച്ചത് .
പ്രസവിക്കാൻ
മാത്രമായി എത്ര ടൂറിസ്റ്റുകൾ അമേരിക്കയിലോട്ടു വരുന്നു എന്ന കൃത്യമായ
കണക്കില്ലെങ്കിലും ; ഏകദേശം 33,000 കുട്ടികൾ അമേരിക്കയിൽ 2016-17 കളിലെ ഒരു
വർഷക്കാലത്ത് ഇവിടെ ജന്മമെടുത്ത് പൗരത്വം നേടിയെന്നു കണക്കുകൾ
വെളിവാക്കുന്നു.
റഷ്യയിൽനിന്നും ഫ്ലോറിഡായിലേക്കു
$20,000 മുതൽ $84,700 മുടക്കിയാൽ, യാത്രാച്ചിലവും മെഡിക്കലും
താമസസൗകര്യവും ഒരുക്കിത്തരുന്ന ബർത്ത് ടൂറിസം പാക്കേജുകൾ
ഉണ്ടായിരുന്നുവെന്ന് കേട്ടാൽ, ഇത് നിസ്സാര ബിസിനസ് അല്ലെന്നു
ബോധ്യമാവുമല്ലോ. ഇങ്ങനെ വരുന്ന ടൂറിസ്റ്റുകളുടെ ഗർഭലക്ഷണങ്ങൾ ഒളിപ്പിച്ചു
വിസാ അപേക്ഷകൾ സമർപ്പിക്കുന്നതിനും, നിർദ്ധനർക്കുള്ള പ്രസവ ആനുകൂല്യങ്ങൾ
നേടുന്നതിനും സഹായിക്കുന്ന ഏജൻസികൾ വരെ ഫ്ലോറിഡാ , ലോസ് ഏഞ്ചൽസ് തുടങ്ങിയ
സിറ്റികളിൽ വൻ ബിസിനസ്സുകൾ നടത്തിവരുന്നതായും ബോധ്യപ്പെട്ടതിനാൽ
ആയിരിക്കുമല്ലോ , ട്രമ്പ് ഗര്ഭിണികളോട് ഈ കൊടുംകൈ ചെയ്യാൻ പ്രേരിതൻ ആയത്
.
യാത്രാച്ചിലവും ആശുപത്രിചിലവുകളും ഇവിടെ
താത്കാലികമായ താമസ്സചിലവുകളും വഹിച്ചുകൊള്ളാമെന്നും അതിനുള്ള രേഖകളും
സമർപ്പിച്ചാൽ , മെഡിക്കൽ ചികിത്സയ്ക്കായി ഗർഭിണികൾക്കും ടൂറിസ്റ്റു വിസാ
ലഭിക്കാൻ സാധ്യത ഉണ്ടാവുമോ എന്ന സംശയം, ഈ നിയമപരിഷ്കരണത്തിന്റെ പൂർണ്ണ
വിവരങ്ങൾ പുറത്തുവരുമ്പോഴേ വ്യക്തമാകൂ.
ഈ
അടുത്ത കാലത്ത് മിഡോരി നിഷിധ എന്ന 25 വയസ്സുകാരിയായ ജാപ്പനീസ് വനിതയെ
അമേരിക്കൻ പ്രദേശമായ സൈപ്പനിലേക്കുള്ള വിമാന യാത്രക്ക് മുൻപ് , പ്രെഗ്നൻസി
ടെസ്റ്റിന് വിധേയയാക്കി എന്ന വാർത്ത ലോകശ്രദ്ധ ആകര്ഷിച്ചതായിരുന്നു.
യൂറോപ്പ് മുതൽ പലരാജ്ജ്യങ്ങളിലേക്കും ഗർഭിണികൾക്ക് പ്രവേശനം നൽകുന്നതിൽ
നിയന്ത്രണങ്ങൾ നിലവിൽ വന്നിട്ടുണ്ട് .


Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments