Image

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച വീട്ടമ്മ ബസിടിച്ച് മരിച്ചു

Published on 22 January, 2020
ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച വീട്ടമ്മ ബസിടിച്ച് മരിച്ചു
തിരുവനന്തപുരം: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ അമിത വേഗതയിലെത്തിയ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് തെറിച്ചുവീണ വീട്ടമ്മയുടെ തലയിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി ദാരുണാന്ത്യം.

ഇന്നലെ രാവിലെ 11.30 ഓടെ മലയിന്‍കീഴ് ഇലക്ട്രിസിറ്റി ഓഫീസിന് മുന്നിലാണ് അപകടം. മച്ചേല്‍ കോവിലുവിള രാംനിവാസില്‍ റിട്ട.എസ്.ഐ പ്രഭാകരന്‍നായരുടെ (പ്രസന്നന്‍) ഭാര്യ രജനി രാജഗോപാലാണ് (50) മരിച്ചത്.

കാട്ടാക്കട നിന്ന് മലയിന്‍കീഴിലേക്ക് ബൈക്കില്‍ വരികയായിരുന്നു പ്രഭാകരന്‍നായരും രജനിയും. ഇതേസമയം കാട്ടാക്കട നിന്നു തിരുവനന്തപുരത്തേക്കുള്ള ഓര്‍ഡിനറി ബസ് ഇവരുടെ ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബൈക്കിന്റെ ഹാന്‍ഡില്‍ ബസില്‍ തട്ടി. ഇതോടെ ബൈക്കിന്റെ നിയന്ത്രണം വിട്ട്

പ്രഭാകരന്‍ നായര്‍ റോഡിന് ഇടതുഭാഗത്തും രജനി ബസിന്റെ അടിയിലും വീണു. രജനിയുടെ തലയിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി തത്ക്ഷണം മരിച്ചു. പ്രഭാകരന്‍നായര്‍ക്ക് കാലിനും വയറ്റിലും പരിക്കേറ്റ് മലയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി ശാന്തികവാടത്തില്‍ സംസ്കരിച്ചു. ഇവര്‍ക്ക് മക്കളില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക