Image

വിഎസ് പക്ഷ നേതാക്കളെ നിരീക്ഷിക്കാന്‍ പാര്‍ട്ടി അനുഭാവികളായ പോലീസുകാര്‍

Published on 16 May, 2012
വിഎസ് പക്ഷ നേതാക്കളെ നിരീക്ഷിക്കാന്‍ പാര്‍ട്ടി അനുഭാവികളായ പോലീസുകാര്‍
തിരുവനന്തപുരം: സിപിഎം വിഭാഗീയതയില്‍ പോലീസ് സഖാക്കളും സജീവം. വിഎസ് പക്ഷ നേതാക്കളേയും അവരോട് അടുപ്പമുള്ള പ്രധാന പ്രവര്‍ത്തകരേയും നിരീക്ഷിക്കാന്‍ സിപിഎം ഔദ്യോഗിക വിഭാഗം പാര്‍ട്ടി അനുഭാവികളായ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. തിരുവനന്തപുരം, എറണാകുളം, കൊല്ലം ജില്ലയിലെ പ്രധാന വിഎസ് പക്ഷ നേതാക്കള്‍ ഇപ്പോള്‍ പോലീസ് സഖാക്കളുടെ നിരീക്ഷണ വലയത്തിലാണ്. 

ഔദ്യോഗികപക്ഷത്തെ രണ്ട് പ്രമുഖരായ നേതാക്കളുടെ സാന്നിധ്യത്തില്‍ തലസ്ഥാനത്തെ ഒരു സിപിഎം നേതാവിന്റെ വസതിയില്‍ വച്ചാണ് പോലീസ് സഖാക്കളുടെ യോഗം ചേര്‍ന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ നടത്തിയ വിവാദ പത്രസമ്മേളനത്തിന്റെ പേരില്‍ വിഎസിനെതിരെ പാര്‍ട്ടി നടപടിയെടുത്താല്‍ അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന ശ്രുതി പടര്‍ന്ന സാഹചര്യത്തില്‍ വിഎസിന്റെ നീക്കങ്ങളെ ഔദ്യോഗികപക്ഷം വളരെ കരുതലോടെയാണ് വീക്ഷിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്‍ോണ്‍മെന്‍്‌റ് ഹൗസും ഔദ്യോഗികപക്ഷത്തിന്റെ നിരീക്ഷണത്തിലാണ്. വിഎസിനെ കാണാനെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാന്‍ സ്ഥലത്തെ ചില പ്രാദേശിക നേതാക്കള്‍ക്കൊപ്പം പോലീസ് സഖാക്കളും രംഗത്തുണ്ട്. 

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ അന്വേഷണ വിവരങ്ങള്‍ വിഎസിന് കൃത്യമായി ലഭിക്കുന്നുണെ്ടന്നിരിക്കെ അദ്ദേഹത്തെ കാണാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ കണെ്ടത്താനാണ് കന്‍ോണ്‍മെന്റ് ഹൗസ് പരിസരത്ത് ഇവരെ ചുമതലപ്പെടുത്തിയിരിക്കുന്നത്. പേരൂര്‍ക്കടഎസ്എപി ക്യാമ്പിലെ രണ്ട് പോലീസ് സഖാക്കള്‍ക്കാണ് ഇവിടത്തെ ചുമതല. ഇന്നലെ മുതല്‍ ഇവര്‍ ദൗത്യം ഏറ്റെടുക്കുകയും ചെയ്തു. എറണാകുളത്തേയും കൊല്ലത്തേയും വിഎസ് പക്ഷ നേതാക്കളാണ് അധികവും രഹസ്യ പോലീസിന്റെ നിരീക്ഷണത്തില്‍പെട്ടിട്ടുള്ളത്. 

വിഎസ് പാര്‍ട്ടി വിട്ടാല്‍ അദ്ദേഹത്തോടൊപ്പം ആദ്യം അണിചേരുന്നത് ഇവിടത്തെ നേതാക്കളാകും എന്ന സംശയത്തിലാണ് നിരീക്ഷണം. കൊല്ലത്ത് ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റും എറണാകുളത്ത് മുന്‍മന്ത്രിയടക്കം 8 ജില്ലാ നേതാക്കളുമാണ് ചാരവലയത്തില്‍ പെട്ടിട്ടുള്ളത്. തലസ്ഥാനത്ത് ചില സിഐടിയു നേതാക്കളെ ചുറ്റിപ്പറ്റിയാണ് പോലീസ് സഖാക്കളുടെ അന്വേഷണം. നിരിക്ഷണ സേനയില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ എസ്എപി ക്യാംപിലെ ഒരു പോലീസ് നേതാവിന്റെ കോര്‍ട്ടേഴ്‌സില്‍ രാത്രി ഒത്തുചേരുകയും അവിടെ നിന്നാണ് വിവരങ്ങള്‍ നേതാക്കള്‍ക്ക് കൈമാറുകയും ചെയ്യുന്നത്. ഫോണിലൂടെ നല്‍കാന്‍ കഴിയാത്ത വിവരങ്ങളാണെങ്കില്‍ നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ആഫീസില്‍ രഹസ്യമായി എത്തിക്കാനും വേണ്ട സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 

പഴയ സഖാവായ ഒരു വ്യവസായിയുടെ ആഢംബര കാറിലാണ് പോലീസ് സഖാക്കളുടെ സഞ്ചാരം. ഈ വാഹനം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നെയ്യാറ്റിന്‍കരയില്‍ രാത്രി 9 മണിക്ക് ശേഷം എത്താറുണ്ട്. ഈ വാഹനത്തിന്റെ വരവിനെച്ചൊല്ലി ചില നേതാക്കള്‍ തമ്മില്‍ ഇന്നലെ ഉരസലുമുണ്ടായി. 
പോലീസ് സേനയ്ക്ക് തന്നെ അവമതിപ്പുണ്ടാക്കുന്ന ഇത്തരം പോലീസ് സഖാക്കളുടെ വിവരം ചില വിഎസ് പക്ഷ പോലീസ് സഖാക്കള്‍ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെ ധരിപ്പിച്ചതായും അറിയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക