Image

നടിയെ ആക്രമിച്ച കേസിലെ വിചാരണയ്‌ക്ക്‌ സ്റ്റേ ഇല്ല; ദിലീപിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി

Published on 17 January, 2020
നടിയെ ആക്രമിച്ച കേസിലെ വിചാരണയ്‌ക്ക്‌ സ്റ്റേ ഇല്ല; ദിലീപിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച  കേസിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ നടന്‍ ദിലീപ്‌ സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീംകോടതി. കേസില്‍ നടന്‍ ദിലീപിനെ വിചാരണ ചെയ്യുന്നതു സ്റ്റേ ചെയ്യാനാകില്ലെന്ന്‌ കോടതി വിശദീകരിച്ചു. 

നടന്റെ ഹര്‍ജിയിലാണു കോടതി ഉത്തരവ്‌. പ്രധാന തെളിവായ ദൃശ്യങ്ങള്‍ ചണ്ഡീഗഡിലെ കേന്ദ്ര ഫൊറന്‍സിക്‌ ലാബില്‍ പരിശോധിച്ചു റിപ്പോര്‍ട്ട്‌ വരുന്നതുവരെ ക്രോസ്‌ വിസ്‌താരം പാടില്ല. മൂന്നാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ നല്‍കണമെന്നും കോടതി വ്യക്തമാക്കി.

ദിലീപ്‌ നല്‍കിയ ക്വട്ടേഷന്‍ അനുസരിച്ച്‌ നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ്‌ കേസ്‌. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ ചണ്ഡീഗഡിലെ കേന്ദ്ര ഫൊറന്‍സിക്‌ ലാബിലേക്കു കഴിഞ്ഞദിവസമാണ്‌ പരിശോധനയ്‌ക്ക്‌ അയച്ചത്‌.

 ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന ദിലീപിന്റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു നടപടി. കേസിലെ ഒമ്‌ബതാം പ്രതിയാണു ദിലീപ്‌. കോടതി പരിശോധിച്ച മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ തനിപ്പകര്‍പ്പാണു പരിശോധനയ്‌ക്ക്‌ അയച്ചത്‌.

ഇതേ ദൃശ്യങ്ങളുടെ പകര്‍പ്പ്‌ ആവശ്യപ്പെട്ടു ദിലീപ്‌ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. എന്നാല്‍ വിചാരണക്കോടതി ജഡ്‌ജിയുടെ സാന്നിധ്യത്തില്‍ അടച്ചിട്ട കോടതി മുറിയില്‍ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പ്രതിഭാഗത്തെ സുപ്രീംകോടതി അനുവദിച്ചിരുന്നു. 

ഇത്തരം പരിശോധനകളുടെ ചെലവു പ്രതിഭാഗം വഹിക്കണം. കേന്ദ്ര ഫൊറന്‍സിക്‌ ലാബിന്റെ പരിശോധനാ റിപ്പോര്‍ട്ട്‌ വിചാരണയുടെ ഈ ഘട്ടത്തില്‍ തെളിവായി സ്വീകരിക്കില്ലെങ്കിലും സാക്ഷികളെ ക്രോസ്‌ വിസ്‌താരം ചെയ്യാനായി ഉപയോഗിക്കാന്‍ കഴിയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക